നിതി ആയോഗ് ഭരണസമിതിയുടെ നാലാമതു യോഗത്തിന്റെ സമാപനച്ചടങ്ങില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി പ്രസംഗിച്ചു.
വിവിധ മുഖ്യമന്ത്രിമാര്‍ സൃഷ്ടിപരമായ ചര്‍ച്ചകള്‍ നടത്താനും അഭിപ്രായങ്ങള്‍ മുന്നോട്ടുവെക്കാനു തയ്യാറായതിനെ സ്വാഗതം ചെയ്ത പ്രധാനമന്ത്രി, യോഗത്തില്‍ ഉയര്‍ന്ന അഭിപ്രായങ്ങളെല്ലാം തീരുമാനം കൈക്കൊള്ളുന്ന അവസരത്തില്‍ ഗൗരവപൂര്‍വം പരിഗണിക്കുമെന്നു വ്യക്തമാക്കി. സംസ്ഥാനങ്ങള്‍ ചൂണ്ടിക്കാട്ടിയ കാര്യങ്ങള്‍ സംബന്ധിച്ച തുടര്‍നടപടികള്‍ മൂന്നു മാസത്തിനകം പൂര്‍ത്തിയാക്കാന്‍ അദ്ദേഹം നിതി ആയോഗിനു നിര്‍ദേശം നല്‍കി.
നിതി ആയോഗ് വികസനം ആഗ്രഹിക്കുന്ന 115 ജില്ലകള്‍ കണ്ടെത്തിയതിനു സമാനമായി, വികസനം കാംക്ഷിക്കുന്ന ബ്ലോക്കുകളെ തെരഞ്ഞെടുക്കുന്ന വേളയില്‍ 20 ശതമാനം വരെ ബ്ലോക്കുകളെ നിര്‍ണയിക്കുന്നതിനു സംസ്ഥാനങ്ങള്‍ക്കു സ്വയം മാനദണ്ഡം നിശ്ചയിക്കാവുന്നതാണെന്നു പ്രധാനമന്ത്രി വെളിപ്പെടുത്തി.
മുഖ്യമന്ത്രിമാര്‍ ഉയര്‍ത്തിയ പരിസ്ഥിതിപ്രശ്‌നത്തെക്കുറിച്ചു പരാമര്‍ശിക്കവേ, ഗവണ്‍മെന്റ് കെട്ടിടങ്ങളിലും ഔദ്യോഗിക വസതികളിലും തെരുവുവിളക്കുകളിലും എല്‍.ഇ.ഡി. ബള്‍ബുകള്‍ ഉപയോഗിക്കണമെന്നു ശ്രീ. നരേന്ദ്ര മോദി ആഹ്വനം ചെയ്തു. ഈ മാറ്റം സമയബന്ധിതമായി നടപ്പാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ജലസംരക്ഷണം, കൃഷി എന്നീ മേഖലകളുമായും മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പു പദ്ധതി(എം.ജി.എന്‍.ആര്‍.ഇ.ജി.എ.)യുമായും ബന്ധപ്പെട്ടു പല മുഖ്യമന്ത്രിമാരും മുന്നോട്ടുവെച്ച നിര്‍ദേശങ്ങളെ പ്രധാനമന്ത്രി അഭിനന്ദിച്ചു.
വിതയ്ക്കുന്നതിനു മുന്‍പും വിളവെടുപ്പിനുശേഷവും ഉള്ള കാലയളവുകൂടി പരിഗണിച്ച് കൃഷിയെയും എം.ജി.എന്‍.ആര്‍.ഇ.ജി.എയും സംബന്ധിച്ചുള്ള ഏകീകൃത നയസമീപനത്തിനായി നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കുന്നതിനായി ഒരുമിച്ചു പ്രവര്‍ത്തിക്കാന്‍ മധ്യപ്രദേശ്, ബിഹാര്‍, സിക്കിം, ഗുജറാത്ത്, ഉത്തര്‍പ്രദേശ്, പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിമാരോട് അദ്ദേഹം അഭ്യര്‍ഥിച്ചു.
ഭരണനേട്ടങ്ങള്‍ അവര്‍ക്കുകൂടി ലഭിക്കുന്നുണ്ട് എന്ന് ഉറപ്പിക്കുന്നതിനായി ‘വരിനില്‍ക്കുന്നവരില്‍ അവസാനത്തെ വ്യക്തി’യെ തിരിച്ചറിയുക എന്നതു പ്രധാനമാണെന്നു പ്രധാനമന്ത്രി വ്യക്തമാക്കി. സാമൂഹിക നീതി ഭരണത്തിന്റെ ലക്ഷ്യങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം കാര്യങ്ങള്‍ക്കായി നല്ല ഏകോപനവും തുടര്‍ച്ചയായ നിരീക്ഷണവും അനിവാര്യമാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
2018 ഓഗസ്റ്റ് 15 ആകുമ്പോഴേക്കും വികസനം കാംക്ഷിക്കുന്ന 115 ജില്ലകളിലെ 45,000 ഗ്രാമങ്ങളില്‍ക്കൂടി ഏഴു പ്രധാന പദ്ധതികള്‍ നടപ്പാക്കാനുള്ള കേന്ദ്ര ഗവണ്‍മെന്റിന്റെ പ്രതിബദ്ധത അദ്ദേഹം ഊന്നിപ്പറഞ്ഞു.
സബ്കാ സാഥ്, സബ്കാ വികാസ് എന്ന കേന്ദ്ര ഗവണ്‍മെന്റിനെ നയിക്കുന്ന ആദര്‍ശത്തെക്കുറിച്ചു വിശദീകരിക്കവേ, കേന്ദ്ര ഗവണ്‍മെന്റിന്റെ പരിപാടികള്‍ ഏതെങ്കിലും ജനവിഭാഗങ്ങള്‍ക്കോ ഏതെങ്കിലും മേഖലകള്‍ക്കോ ആയി മാത്രം ഉദ്ദേശിച്ചുള്ളതല്ലെന്നും അവ വേര്‍തിരിവുകൂടാതെ, സമതുലിതമായി എല്ലാവര്‍ക്കും ലഭ്യമാകുന്നുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.
രാജ്യത്തെ എല്ലാ ഗ്രാമങ്ങളും വൈദ്യുതീകരിക്കപ്പെട്ടു കഴിഞ്ഞുവെന്നും സൗഭാഗ്യ യോജന പദ്ധതി പ്രകാരം നാലു കോടി വീടുകളില്‍ വൈദ്യുതി കണക്ഷന്‍ ലഭ്യമാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഗ്രാമീണ മേഖലയിലെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നാലു വര്‍ഷം മുന്‍പ് 40 ശതമാനമായിരുന്നത് 85 ശതമാനമായി ഉയര്‍ന്നു എന്നു പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ജന്‍ധന്‍ യോജനയിലൂടെ രാജ്യത്തെ മുഴുവന്‍ ജനങ്ങളെയും ബാങ്കിങ് സംവിധാനത്തിന്റെ ഭാഗമാക്കാന്‍ സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഉജ്വല യോജന പാചകവാതകം ലഭ്യമാക്കുന്നുവെന്നും മിഷന്‍ ഇന്ദ്രധനുഷിലൂടെ എല്ലായിടത്തും പ്രതിരോധ കുത്തിവെപ്പ് നടത്താന്‍ ഉദ്ദേശിക്കുന്നുവെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. 2022 ആകുമ്പോഴേക്കും എല്ലാവര്‍ക്കും വീട് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണു കേന്ദ്ര ഗവണ്‍മെന്റ് പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ദരിദ്രരുടെ ക്ഷേമത്തിനായുള്ള പദ്ധതികള്‍ പൂര്‍ണമായ തോതില്‍ നടപ്പാക്കുന്നതിനായി മുഖ്യമന്ത്രിമാര്‍ പ്രവര്‍ത്തിക്കണമെന്നു പ്രധാനമന്ത്രി ആഹ്വാനം ചെയ്തു.
ഇത്തരം ക്ഷേമപദ്ധതികള്‍ ജനങ്ങളുടെ സ്വഭാവരൂപീകരണത്തെയും സ്വാധീനിക്കുന്നുണ്ടെന്നു പ്രധാനമന്ത്രി പറഞ്ഞു. യൂറിയക്ക് വെപ്പെണ്ണ പുരട്ടുന്ന പദ്ധതി, ഉജ്വല യോജന, ജന്‍ ധന്‍ യോജന, റൂപേ ഡെബിറ്റ് കാര്‍ഡുകള്‍ എന്നിവ അദ്ദേഹം ചൂണ്ടിക്കാട്ടി. ഇത്തരം പദ്ധതികള്‍ എങ്ങനെയാണു ജനങ്ങളുടെ ജീവിതം മെച്ചമാര്‍ന്നതാക്കി മാറ്റുന്നതെന്നു ശ്രീ. നരേന്ദ്ര മോദി വിശദീകരിച്ചു.
സ്വച്ഛ് ഭാരത് പദ്ധതി ലോകം മുഴുവന്‍ ചര്‍ച്ച ചെയ്യപ്പെടുന്ന സാഹചര്യമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ നാലു വര്‍ഷത്തിനിടെ 7.7 കോടി ശൗചാലയങ്ങള്‍ നിര്‍മിക്കപ്പെട്ടു. മഹാത്മാ ഗാന്ധിയുടെ 150ാം ജന്മവാര്‍ഷികം ആഘോഷിക്കുന്ന 2019 ഒക്ടോബര്‍ രണ്ട് ആകുമ്പോഴേക്കും ശുചിത്വം സമ്പൂര്‍ണമാക്കാന്‍ യത്‌നിക്കണമെന്നു സംഗമത്തിനെത്തിയ എല്ലാവരോടും പ്രധാനമന്ത്രി അഭ്യര്‍ഥിച്ചു.
ജലസംരക്ഷണത്തിനും ജലോപയോഗം നിയന്ത്രിക്കുന്നതിനുമായി യുദ്ധകാലാടിസ്ഥാനത്തില്‍ ശ്രമങ്ങള്‍ ഉണ്ടാവണമെന്നു പ്രധാനമന്ത്രി അഭ്യര്‍ഥിച്ചു.
സമ്പദ്‌വ്യവസ്ഥയെക്കുറിച്ചു സംസാരിക്കവേ, ഇന്ത്യ വൈകാതെ അഞ്ചു ലക്ഷം കോടി ഡോളര്‍ സമ്പദ്‌വ്യവസ്ഥയായി വളരുമെന്നാണു ലോകം പ്രതീക്ഷിക്കുന്നതെന്ന് അദ്ദേഹം വെളിപ്പെടുത്തി. വിഹിതം നിര്‍ണയിക്കുന്നതിനായി ധനകാര്യ കമ്മിഷനു പ്രവര്‍ത്തന നേട്ടത്തിന്റെ അടിസ്ഥാനത്തില്‍ ചെലവു പുതുക്കി പുതിയ ആശയങ്ങള്‍ നല്‍കാന്‍ സംസ്ഥാനങ്ങള്‍ തയ്യാറാകണമെന്നു പ്രധാനമന്ത്രി ആവശ്യപ്പെട്ടു.
സംസ്ഥാനങ്ങള്‍ നിക്ഷേപക സംഗമങ്ങള്‍ സംഘടിപ്പിക്കുന്നതില്‍ അദ്ദേഹം ആഹ്ലാദം പ്രകടിപ്പിച്ചു. വികസനത്തിന് ഊന്നല്‍ നല്‍കാന്‍ സംസ്ഥാനങ്ങള്‍ തയ്യാറാകണമെന്ന് അഭ്യര്‍ഥിക്കുകയും ചെയ്തു. കച്ചവടം ചെയ്യുന്നത് എളുപ്പമാക്കാന്‍ സംസ്ഥാന ഗവണ്‍മെന്റുകള്‍ ശ്രദ്ധവെക്കണമെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. കച്ചവടം ചെയ്യുന്നത് എളുപ്പമാക്കുന്ന പ്രവര്‍ത്തനത്തിന് പ്രോല്‍സാഹനമേകാന്‍ എല്ലാ സംസ്ഥാനങ്ങളുടെയും യോഗം വിളിക്കാന്‍ നിതി ആയോഗിനോടു നിര്‍ദേശിക്കുകയും ചെയ്തു. സാധാരണക്കാരന്റെ ജീവിതം എളുപ്പമാക്കിത്തീര്‍ക്കലും ഇപ്പോഴത്തെ ആവശ്യങ്ങളില്‍ ഒന്നാണെന്നും ഇതിനായി സംസ്ഥാനങ്ങള്‍ പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കാര്‍ഷിക മേഖലയില്‍ കമ്പനികള്‍ നിക്ഷേപം നടത്തുന്നത് ഇന്ത്യയില്‍ വളരെ കുറവാണെന്നു പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. സംഭരണം, ചരക്കുനീക്കം, മൂല്യം വര്‍ധിപ്പിക്കല്‍, ഭക്ഷ്യസംസ്‌കരണം തുടങ്ങിയ മേഖലകളില്‍ കമ്പനിനിക്ഷേപങ്ങള്‍ പ്രോല്‍സാഹിപ്പിക്കാന്‍ ആവശ്യമായ നയങ്ങള്‍ സംസ്ഥാനങ്ങള്‍ രൂപീകരിക്കണമെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു.
വിജയകരമായി ലേലംചെയ്യപ്പെട്ട ഖനികളില്‍നിന്നു വൈകാതെ ഉല്‍പാദനം ആരംഭിക്കുന്ന സാഹചര്യമുണ്ടാവണം. ഇതിനായി സംസ്ഥാനങ്ങള്‍ നടപടി കൈക്കൊള്ളണമെന്നു പ്രധാനമന്ത്രി ആവശ്യപ്പെട്ടു. ജില്ലാ ധാതു ഫൗണ്ടേഷനുകള്‍ ദരിദ്രര്‍ക്കും ഗോത്രവര്‍ഗക്കാര്‍ക്കും ഏറെ സഹായകമാവുമെന്ന് അദ്ദേഹം വ്യക്തമാക്കി.
സാമ്പത്തിക നേട്ടം, വിഭവങ്ങളുടെ നല്ല രീതിയിലുളള വിനിയോഗം തുടങ്ങിയ കാര്യങ്ങള്‍ മുന്‍നിര്‍ത്തി ലോക്‌സഭയിലേക്കും വിധാന്‍ സഭകളിലേക്കും ഒരേസമയം തെരഞ്ഞെടുപ്പു നടത്തുന്നതിനെക്കുറിച്ചു വിശാലമായ സംവാദങ്ങളും ചര്‍ച്ചകളും ഉണ്ടാവണമെന്ന് അദ്ദേഹം അഭ്യര്‍ഥിച്ചു.
അവസാനമായി, അഭിപ്രായങ്ങള്‍ മുന്നോട്ടുവെച്ചതിനു മുഖ്യമന്ത്രിമാരെ ഒരിക്കല്‍ക്കൂടി പ്രധാനമന്ത്രി നന്ദി അറിയിച്ചു.