Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

നിതി ആയോഗ് ഗവേണിങ് കൗണ്‍സിലിന്റെ അഞ്ചാമതു യോഗത്തിന്റെ തുടക്കത്തില്‍ പ്രധാനമന്ത്രി ചൂണ്ടിക്കാട്ടിയ കാര്യങ്ങള്‍


ന്യൂഡെല്‍ഹി രാഷ്ട്രപതി ഭവന്‍ സാംസ്‌കാരിക കേന്ദ്രത്തില്‍ നടന്ന നിതി ആയോഗിന്റെ അഞ്ചാമതു ഗവേണിങ് കൗണ്‍സില്‍ യോഗത്തില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ആമുഖഭാഷണം നിര്‍വഹിച്ചു.
ജമ്മു കശ്മീര്‍ ഗവര്‍ണറെയും മുഖ്യമന്ത്രിമാരെയും ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപ് ലെഫ്റ്റനന്റ് ഗവര്‍ണറെയും മറ്റു പ്രതിനിധികളെയും സ്വാഗതം ചെയ്ത പ്രധാനമന്ത്രി, എല്ലാവര്‍ക്കുമൊപ്പം, എല്ലാവര്‍ക്കും വികാസം, എല്ലാവരുടെയും വിശ്വാസം എന്ന മന്ത്രം യാഥാര്‍ഥ്യമാക്കുന്നതില്‍ നിതി ആയോഗിനു പ്രധാന പങ്കുണ്ടെന്ന് ആവര്‍ത്തിച്ചു.
പ്രധാനമന്ത്രി, അടുത്തിടെ നടന്ന പൊതു തെരഞ്ഞെടുപ്പിനെ ഏറ്റവും വലിയ ജനാധിപത്യ പ്രവര്‍ത്തനമെന്നു വിശേഷിപ്പിക്കുകയും ഇനിയുള്ള നാളുകള്‍ എല്ലാവരും ചേര്‍ന്ന് ഇന്ത്യയുടെ വികസനത്തിനായി പ്രവര്‍ത്തിക്കേണ്ട കാലമാണെന്ന് ഓര്‍മിപ്പിക്കുകയും ചെയ്തു. ദാരിദ്ര്യം, തൊഴിലില്ലായ്മ, വരള്‍ച്ച, വെള്ളപ്പൊക്കം, മലിനീകരണം, ദാരിദ്ര്യം, അക്രമം എന്നിവയ്‌ക്കെതിരെ ഒന്നിച്ചു പൊരുതേണ്ടതിനെക്കുറിച്ച് അദ്ദേഹം വിശദീകരിച്ചു.
ഈ വേദിയിലുള്ള എല്ലാവരുടെയും ലക്ഷ്യം 2022 ആകുമ്പോഴേക്കും പുതിയ ഇന്ത്യ യാഥാര്‍ഥ്യമാകുക എന്നതാണെന്നു ശ്രീ. മോദി പറഞ്ഞു. കേന്ദ്രത്തിനും സംസ്ഥാനങ്ങള്‍ക്കും ഒരുമിച്ചുള്ള പ്രവര്‍ത്തനത്തിലൂടെ എന്തു ചെയ്യാന്‍ സാധിക്കുമെന്നതിനു തെളിവാണു സ്വച്ഛ് ഭാരത് അഭിയാനും പി.എം. ആവാസ് യോജനയും എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ശാക്തീകരണവും സുഗമമായ ജീവിതവും ഓരോ ഇന്ത്യക്കാരനും അനുഭവപ്പെടണമെന്നു പ്രധാനമന്ത്രി ഓര്‍മിപ്പിച്ചു. മഹാത്മാ ഗാന്ധിയുടെ 150ാം ജന്മവാര്‍ഷികത്തോടനുബന്ധിച്ച് ആസൂത്രണം ചെയ്ത പദ്ധതികള്‍ ഒക്ടോബര്‍ രണ്ടിനകം പൂര്‍ത്തിയാക്കണമെന്നും സ്വാതന്ത്ര്യത്തിന്റെ 75ാം വാര്‍ഷികമായ 2022 ലക്ഷ്യംവെച്ചുള്ള പദ്ധതികള്‍ ഉടന്‍ ആരംഭിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഹ്രസ്വകാല, ദീര്‍ഘകാല ലക്ഷ്യങ്ങള്‍ നേടുന്നതിനു കൂട്ടുത്തരവാദിത്തം പുലര്‍ത്തുന്നതിനു പ്രാധാന്യം കല്‍പിക്കണമെന്നു പ്രധാനമന്ത്രി വ്യക്തമാക്കി.
2014 ആകുമ്പോഴേക്കും ഇന്ത്യയെ അന്‍പതിനായിരം കോടി ഡോളര്‍ മൂല്യമുള്ള സമ്പദ്‌വ്യവസ്ഥയാക്കി മാറ്റുക എന്നതു ശ്രമകരമാണെന്നും എന്നാല്‍ യാഥാര്‍ഥ്യമാക്കാന്‍ സാധിക്കുന്ന ഒന്നാണ് അതെന്നും അദ്ദേഹം പറഞ്ഞു. തങ്ങള്‍ക്ക് അനുയോജ്യമായ മേഖല കണ്ടെത്താന്‍ സംസ്ഥാനങ്ങള്‍ക്കു സാധിക്കണമെന്നും മൊത്തം ആഭ്യന്തര ഉല്‍പാദനം വര്‍ധിപ്പിക്കാനുള്ള ശ്രമം ജില്ലാതലങ്ങളില്‍നിന്നു തന്നെ ആരംഭിക്കണമെന്നും ശ്രീ. മോദി പറഞ്ഞു.
വികസ്വര രാജ്യങ്ങളുടെ പുരോഗതിയില്‍ കയറ്റുമതി മേഖല പ്രധാനമാണെന്നും പ്രതിശീര്‍ഷ വരുമാനം വര്‍ധിപ്പിക്കുന്നതിനായി കേന്ദ്രവും സംസ്ഥാനങ്ങളും കയറ്റുമതി വര്‍ധിപ്പിക്കാനായി യത്‌നിക്കണമെന്നും പ്രധാനമന്ത്രി നിര്‍ദേശിച്ചു. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ ഉള്‍പ്പെടെ ഏറെ സംസ്ഥാനങ്ങളില്‍ ഉപയോഗിക്കാതെ കിടക്കുന്ന കയറ്റുമതിസാധ്യതകള്‍ ഏറെയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സംസ്ഥാനങ്ങള്‍ കയറ്റുമതിക്കു പ്രാമുഖ്യം വര്‍ധിപ്പിച്ചാല്‍ വരുമാനവും തൊഴിലവസരവും വര്‍ധിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
വരള്‍ച്ച നേരിടാന്‍ ഫലപ്രദമായ നടപടികള്‍ കൈക്കൊള്ളണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഓരോ തുള്ളി ജലത്തില്‍നിന്നും കൂടുതല്‍ വിളവ് എന്ന ആശയം പ്രോത്സാഹിപ്പിക്കപ്പെടണമെന്നു പ്രധാനമന്ത്രി വ്യക്തമാക്കി.
2022 ആകുമ്പോഴേക്കും കര്‍ഷകരുടെ വരുമാനം ഇരട്ടിപ്പിക്കുന്നതിനുള്ള കേന്ദ്ര ഗവണ്‍മെന്റിന്റെ പ്രതിബദ്ധത ആവര്‍ത്തിച്ച ശ്രീ. മോദി, ഇതിനായി മല്‍സ്യബന്ധനം, മൃഗസംരക്ഷണം, പുഷ്പകൃഷി, പഴങ്ങള്‍, പച്ചക്കറി എന്നിവയ്ക്ക് ഊന്നല്‍ നല്‍കണമെന്നു ചൂണ്ടിക്കാട്ടി. കര്‍ഷകര്‍ക്കായുള്ള പി.എം.-കിസാന്‍-കിസാന്‍ സമ്മാന്‍ നിധി തുടങ്ങിയ പദ്ധതികളുടെ ഗുണം നിശ്ചിത സമയത്തിനകം ഗുണഭോക്താക്കള്‍ക്കു ലഭിക്കണമെന്ന് അദ്ദേഹം വ്യക്തമാക്കി. കാര്‍ഷികരംഗത്തു ഘടനാപരമായ പരിഷ്‌കാരം ആവശ്യമാണെന്നു ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി, വിപണന സാധ്യതകള്‍ വര്‍ധിപ്പിക്കുന്നതിനായി കമ്പനി നിക്ഷേപം വര്‍ധിപ്പിക്കേണ്ടതിന്റെയും ചരക്കുനീക്കം മെച്ചപ്പെടുത്തേണ്ടതിന്റെയും ആവശ്യകത ഉയര്‍ത്തിക്കാട്ടി. ഭക്ഷ്യധാന്യോല്‍പാദനത്തേക്കാള്‍ വേഗം ഭക്ഷ്യ സംസ്‌കരണ രംഗം വികസിക്കണമെന്ന് അദ്ദേഹം പറഞ്ഞു.
വികസനം കാംക്ഷിക്കുന്ന ജില്ലകളെക്കുറിച്ചു പരാമര്‍ശിക്കവേ, സദ്ഭരണത്തിനായിരിക്കണം ഊന്നല്‍ നല്‍കുന്നതെന്നു പ്രധാനമന്ത്രി പറഞ്ഞു. ഭരണം മെച്ചപ്പെട്ടത് ഇത്തരം ജില്ലകളില്‍ പലതിന്റെയും സ്ഥിതി മെച്ചപ്പെടുന്നതിനു സഹായകമായെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പുതുമയാര്‍ന്ന ചിന്തകളും നൂതന രീതിയില്‍ സേവനം ലഭ്യമാക്കുന്നതും മെച്ചപ്പെട്ട ഫലം പ്രദാനം ചെയ്തിട്ടുണ്ടെന്ന് ഇത്തരം ചില ജില്ലകളിലെ ഉദാഹരണങ്ങള്‍ ചൂണ്ടിക്കാട്ടിക്കൊണ്ടു പ്രധാനമന്ത്രി വിശദീകരിച്ചു.
വികസനം കാംക്ഷിക്കുന്ന ജില്ലകളില്‍ ചിലതു നക്‌സല്‍ ആക്രമണ ബാധിതമാണെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു. നക്‌സല്‍ ആക്രമണത്തിനെതിരെയുള്ള പോരാട്ടം വിജയത്തിന്റെ വഴിയിലാണെന്നു പ്രധാനമന്ത്രി പറഞ്ഞു. അതിവേഗത്തിലും സമീകൃതമായും വികസനമുന്നേറ്റം യാഥാര്‍ഥ്യമാക്കുന്നതോടൊപ്പം അക്രമത്തെ ശക്തമായി നേരിടുകയും ചെയ്യുമെന്നു ശ്രീ. മോദി വെളിപ്പെടുത്തി.
ആരോഗ്യ രംഗത്തെക്കുറിച്ചു പരാമര്‍ശിക്കവേ, 2022 ആകുമ്പോഴേക്കും ലക്ഷ്യങ്ങള്‍ നേടിയെടുക്കേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു. 2025 ആകുമ്പോഴേക്കും ക്ഷയരോഗം ഇല്ലാതാക്കുക എന്ന ലക്ഷ്യം അദ്ദേഹം ആവര്‍ത്തിച്ചു. ആയുഷ്മാന്‍ ഭാരതിനു കീഴില്‍ പി.എം.ജെ.എ.വൈ. നടപ്പാക്കിയിട്ടില്ലാത്ത സംസ്ഥാനങ്ങള്‍ പരമാവധി വേഗം അതിനായി തയ്യാറാകണമെന്നു പ്രധാനമന്ത്രി ആഹ്വാനം ചെയ്തു. ഓരോ തീരുമാനത്തിന്റെയും അടിസ്ഥാനം ആരോഗ്യവും ക്ഷേമവും ആയിരിക്കണമെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു.
പ്രവര്‍ത്തനവും സുതാര്യതയും ഫലവും പ്രകടമാകുന്ന ഭരണ സംവിധാനത്തിലേക്കാണു നാം നടന്നടുക്കുന്നതെന്നു പ്രധാനമന്ത്രി പറഞ്ഞു. പദ്ധതികളും തീരുമാനങ്ങളും യഥാവിധി നടപ്പാക്കുക എന്നതു പ്രധാനമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രവര്‍ത്തനക്ഷമവും ജനങ്ങളുടെ വിശ്വാസ്യത നേടിയെടുത്തതുമായ ഗവണ്‍മെന്റ് സംവിധാനം യാഥാര്‍ഥ്യമാക്കാന്‍ യത്‌നിക്കണമെന്ന് എല്ലാ നിതി ആയോഗ് ഗവേണിങ് കൗണ്‍സില്‍ അംഗങ്ങളോടും പ്രധാനമന്ത്രി ആഹ്വാനം ചെയ്തു.

***