Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

നാലാമത് ആഗോള പുനരുപയോ ഊര്‍ജ്ജ നിക്ഷേപകസംഗമവും പ്രദര്‍ശനവും(ഗ്ലോബല്‍ റിന്യൂവബിള്‍ എനര്‍ജി ഇന്‍വെസ്‌റ്റേഴ്‌സ് മീറ്റും എക്‌സ്‌പോയും -റീ-ഇന്‍വെസ്റ്റ്) ഗുജറാത്തിലെ ഗാന്ധിനഗറില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു

നാലാമത് ആഗോള പുനരുപയോ ഊര്‍ജ്ജ നിക്ഷേപകസംഗമവും പ്രദര്‍ശനവും(ഗ്ലോബല്‍ റിന്യൂവബിള്‍ എനര്‍ജി ഇന്‍വെസ്‌റ്റേഴ്‌സ് മീറ്റും എക്‌സ്‌പോയും -റീ-ഇന്‍വെസ്റ്റ്) ഗുജറാത്തിലെ ഗാന്ധിനഗറില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു


ഗുജറാത്ത് ഗാന്ധിനഗറിലെ മഹാത്മാ മന്ദിറില്‍ നാലാമത് ആഗോള പുനരുപയോഗ ഉര്‍ജ്ജ നിക്ഷേപക സംഗമവും പ്രദര്‍ശനവും (ഗ്ലോബല്‍ റിന്യൂവബിള്‍ എനര്‍ജി ഇന്‍വെസേ്റ്റഴ്സ് മീറ്റും എക്സ്പോയും -റീ-ഇന്‍വെസ്റ്റ് ) പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഉദ്ഘാടനം ചെയ്തു. മൂന്നുദിവസത്തെ ഉച്ചകോടിയില്‍ ഇന്ത്യയുടെ ഫോസില്‍ ഇതര ഇന്ധനങ്ങളുടെ സ്ഥാപിത ശേഷി 200 ജിഗാവാട്ടിലധികം (ജി.ഡബ്ല്യു) എന്ന ശ്രദ്ധേയമായ നേട്ടത്തിലെത്തുന്നതിനുണ്ടായ സുപ്രധാന സംഭാവനകളെ ആദരിക്കും. പൊതു-സ്വകാര്യ മേഖലയിലെ കമ്പനികള്‍, സ്റ്റാര്‍ട്ടപ്പുകള്‍, പ്രമുഖ വ്യവസായ സ്ഥാപനങ്ങള്‍ എന്നിവരില്‍ നിന്നുള്ള അത്യാധുനിക നൂതനാശയങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന പ്രദര്‍ശനമേള ശ്രീ മോദി വീക്ഷിക്കുകയും ചെയ്തു.

സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് റീ-ഇന്‍വെസ്റ്റ് ഉച്ചകോടിയുടെ നാലാം പതിപ്പിലേക്ക് എല്ലാ വിശിഷ്ടാതിഥികളെയും സ്വാഗതം ചെയ്ത പ്രധാനമന്ത്രി, ഊര്‍ജ്ജം, സാങ്കേതികവിദ്യ, നയങ്ങള്‍ എന്നിവയുടെ ഭാവിയെക്കുറിച്ച് അടുത്ത മൂന്ന് ദിവസങ്ങളില്‍ ഗൗരവമായ ചര്‍ച്ചകള്‍ നടക്കുമെന്ന ആത്മവിശ്വാസം പ്രകടിപ്പിക്കുകയും ചെയ്തു. ഈ സമ്മേളനത്തില്‍ നിന്നുള്ള ചര്‍ച്ചകളും പഠനങ്ങളും മുഴുവന്‍ മനുഷ്യരാശിക്കും പ്രയോജനപ്പെടുമെന്ന് ശ്രീ മോദി പറഞ്ഞു. വിജയകരമായ ചര്‍ച്ചകള്‍ക്ക് അദ്ദേഹം ആശംസകളും അറിയിച്ചു.

അറുപത് വര്‍ഷത്തിന് ശേഷം റെക്കോര്‍ഡിട്ടുകൊണ്ട് മൂന്നാം തവണയും അതേ ഗവണ്‍മെന്റിനെ തന്നെ തെരഞ്ഞെടുത്തുകൊണ്ട് ഇന്ത്യന്‍ ജനത നല്‍കിയ അധികാരപത്രത്തിന് പ്രധാനമന്ത്രി അടിവരയിട്ടു. ”മൂന്നാം തവണയും ഗവണ്‍മെന്റിനെ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടതിന് പിന്നിലെ കാരണം ഇന്ത്യയുടെ അഭിലാഷങ്ങളാണ് ”, ശ്രീ മോദി അഭിപ്രായപ്പെട്ടു. ഈ മൂന്നാമത്തെ അവസരത്തില്‍ തങ്ങളുടെ അഭിലാഷങ്ങള്‍ പുതിയ ഉയരങ്ങളില്‍ എത്തുമെന്ന 140 കോടി പൗരന്മാരുടെയും യുവജനങ്ങളുടെയും സ്ത്രീകളുടെയും പ്രതീക്ഷയും ആത്മവിശ്വാസവും അദ്ദേഹം ഉയര്‍ത്തിക്കാട്ടി. ഈ ഗവണ്‍മെന്റിന്റെ മൂന്നാം ഊഴത്തില്‍ മാന്യമായ ജീവിതം ഉറപ്പാക്കുമെന്ന് പാവപ്പെട്ടവരും ദളിതരും ദരിദ്രരും വിശ്വസിക്കുന്നുവെന്നതിനും പ്രധാനമന്ത്രി അടിവരയിട്ടു. ഇന്ത്യയെ ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ്വ്യവസ്ഥയാക്കാനുള്ള ദൃഢനിശ്ചയത്തോടെ ഇന്ത്യയിലെ 140 കോടി പൗരന്മാരും പ്രവര്‍ത്തിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഇന്നത്തെ പരിപാടി ഒറ്റപ്പെട്ട ഒന്നല്ലെന്നും 2047-ഓടെ ഇന്ത്യയെ വികസിത രാഷ്ട്രമാക്കാനുള്ള വലിയ കാഴ്ചപ്പാടിന്റെയും ദൗത്യത്തിന്റെയും കര്‍മപദ്ധതിയുടെയും ഭാഗമാണെന്നതും ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി, അധികാരത്തിലേറിയ ആദ്യ 100 ദിവസങ്ങള്‍ക്കുള്ളില്‍ ഗവണ്‍മെന്റ് കൈക്കൊണ്ട തീരുമാനങ്ങള്‍ ഉയര്‍ത്തിക്കാട്ടുകയും ചെയ്തു.

”ഗവണ്‍മെന്റിന്റെ ആദ്യ 100 ദിവസത്തെ പ്രവര്‍ത്തനങ്ങള്‍ അതിന്റെ മുന്‍ഗണനകളെ ഉയര്‍ത്തിക്കാട്ടുകയും വേഗതയുടെയും തോതിന്റെയും പ്രതിഫലനം നല്‍കുകയും ചെയ്യുന്നു”, ഇന്ത്യയുടെ അതിവേഗ വികസനത്തിന് ആവശ്യമായ എല്ലാ മേഖലകള്‍ക്കും ഊന്നല്‍ നല്‍കിയിട്ടുണ്ടെന്ന് അഭിപ്രായപ്പെട്ടുകൊണ്ട് പ്രധാനമന്ത്രി മോദി പറഞ്ഞു. ഈ 100 ദിവസങ്ങള്‍ക്കുള്ളില്‍ രാജ്യത്തിന്റെ ഭൗതികവും സാമൂഹികവുമായ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിന് നിരവധി തീരുമാനങ്ങള്‍ കൈക്കൊണ്ടതായും പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യ ഏഴു കോടി ഭവനങ്ങള്‍ നിര്‍മ്മിക്കാനുള്ള പാതയിലാണെന്ന് അറിയിച്ച പ്രധാനമന്ത്രി അത് പല രാജ്യങ്ങളിലേയും ജനസംഖ്യയെക്കാള്‍ അധികമാണെന്ന് അഭിപ്രായപ്പെട്ടുകൊണ്ട് കഴിഞ്ഞ രണ്ടു ഊഴങ്ങളിലായി 4 കോടി വീടുകള്‍ ജനങ്ങള്‍ക്ക് കൈമാറിയത് ചൂണ്ടിക്കാട്ടുകയും ചെയ്തു. 12 പുതിയ വ്യാവസായിക നഗരങ്ങള്‍ സൃഷ്ടിക്കാനുള്ള തീരുമാനം, 8 അതിവേഗ റോഡ് ഇടനാഴി പദ്ധതികള്‍ക്കുള്ള അംഗീകാരം, 15-ലധികം അര്‍ദ്ധ അതിവേഗ വന്ദേ ഭാരത് ട്രെയിനുകള്‍ ആരംഭിക്കുന്നത്, ഗവേഷണം പ്രോത്സാഹിപ്പിക്കുന്നതിന് ഒരു ത്രില്യണിന്റെ ഗവേഷണ ഫണ്ട് രൂപീകരിക്കല്‍, ഇ-മൊബിലിറ്റി വര്‍ദ്ധിപ്പിക്കുന്നതിനുള്ള വിവിധ മുന്‍കൈകളുടെ പ്രഖ്യാപനം, ഉയര്‍ന്ന പ്രവര്‍ത്തനക്ഷമതയുള്ള ബയോ നിര്‍മ്മാണം പ്രോത്സാഹിപ്പിക്കല്‍, ബയോ ഇ3 നയത്തിന് അംഗീകാരം നല്‍കിയത് തുടങ്ങി കൈക്കൊണ്ട തീരുമാനങ്ങളും അദ്ദേഹം തുടര്‍ന്ന് വിശദീകരിച്ചു.

കഴിഞ്ഞ 100 ദിവസങ്ങളില്‍ ഹരിത ഊര്‍ജ മേഖലയിലുണ്ടായ സംഭവവികാസങ്ങളിലേക്ക് വെളിച്ചം വീശിയ പ്രധാനമന്ത്രി, ഓഫ്ഷോര്‍ വിന്‍ഡ് എനര്‍ജി പദ്ധതികള്‍ക്കായി 7000 കോടി രൂപയിലധികം മൂല്യമുള്ള വയബിലിറ്റി ഗ്യാപ്പ് ഫണ്ടിംഗ് പദ്ധതിക്ക് തുടക്കം കുറിച്ചതിനെക്കുറിച്ച് പരാമര്‍ശിക്കുകയും ചെയ്തു. വരും കാലങ്ങളില്‍ 12,000 കോടി രൂപ മുതല്‍മുടക്കില്‍ 31,000 മെഗാവാട്ട് ജലവൈദ്യുതി ഉല്‍പ്പാദിപ്പിക്കാനാണ് ഇന്ത്യ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയുടെ വൈവിദ്ധ്യം, വ്യാപ്തി, ശേഷി, സാധ്യതകള്‍, പ്രകടനം എന്നിവയെല്ലാം സവിശേഷമാണെന്നും ഇവ ആഗോള പ്രായോഗികതകള്‍ക്കായി ഇന്ത്യന്‍ പരിഹാരങ്ങള്‍ക്ക് വഴിയൊരുക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ”ഇന്ത്യ മാത്രമല്ല, ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ ഏറ്റവും മികച്ച പന്തയം വയ്ക്കാന്‍ കഴിയുന്നത് ഇന്ത്യയിലാണെന്ന് ലോകം മുഴുവന്‍ വിശ്വസിക്കുന്നു”, പ്രധാനമന്ത്രി പ്രഘോഷിച്ചു. കഴിഞ്ഞ ഒരു മാസത്തിനിടെ ഇന്ത്യ ആതിഥേയത്വം വഹിച്ച ആഗോള പരിപാടികള്‍ വിവരിച്ച പ്രധാനമന്ത്രി, ഈ മാസം ആദ്യം ഗ്ലോബല്‍ ഫിന്‍ടെക് ഫെസ്റ്റ് സംഘടിപ്പിച്ചു, ലോകമെമ്പാടുമുള്ള ആളുകള്‍ പ്രഥമ അന്താരാഷ്ട്ര സോളാര്‍ ഫെസ്റ്റിവല്‍ , ഗ്ലോബല്‍ സെമികണ്ടക്ടര്‍ ഉച്ചകോടി എന്നിവയില്‍ പങ്കെടുത്തു, ഏഷ്യ പസഫിക് സിവില്‍ വ്യോമയാന മന്ത്രിമാരുടെ രണ്ടാമത്തെ കോണ്‍ഫറന്‍സിനും ഇന്ത്യ ആതിഥേയത്വം വഹിച്ചിരുന്നു, ഇപ്പോള്‍ ഇന്ന് ഹരിത ഊര്‍ജ്ജ (ഗ്രീന്‍ എനര്‍ജി) സമ്മേളനത്തിനും ഇന്ത്യ ആതിഥേയത്വം വഹിക്കുന്നു.

ധവള വിപ്ലവം, മധുരം (തേന്‍) വിപ്ലവം, സൗരോര്‍ജ്ജ വിപ്ലവം എന്നിവയ്ക്ക് തുടക്കം കുറിച്ച ഗുജറാത്ത് ഇപ്പോള്‍ നാലാമത് ആഗോള പുനരുപയോഗ ഊര്‍ജ്ജ നിക്ഷേപക സംഗമവും പ്രദര്‍ശനവും (ഗ്ലോബല്‍ റിന്യൂവബിള്‍ എനര്‍ജി ഇന്‍വെസേ്റ്റഴ്സ് മീറ്റും എക്സ്പോയും) സംഘടിപ്പിക്കുവെന്നത് സന്തോഷകരമായ യാദൃശ്ചികതയാണെന്നും ശ്രീ മോദി അഭിപ്രായപ്പെട്ടു. ”സ്വന്തമായി സൗരോര്‍ജ്ജ നയമുണ്ടായ ഇന്ത്യയിലെ ആദ്യത്തെ സംസ്ഥാനമാണ് ഗുജറാത്ത്”, പ്രധാനമന്ത്രി എടുത്തുപറഞ്ഞു. സരോര്‍ജ്ജത്തിലെ ദേശീയ നയങ്ങള്‍ പോലും ഇതിനെ പിന്തുടര്‍ന്നാണ് ഉണ്ടായതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കാലാവസ്ഥയുമായി ബന്ധപ്പെട്ട ഒരു മന്ത്രാലയം രൂപീകരിച്ച ലോകമെമ്പാടുമുള്ള മുന്‍നിരക്കാരില്‍ ഒന്നാണ് ഗുജറാത്തെന്ന് ശ്രീ മോദി കൂട്ടിച്ചേര്‍ത്തു. ലോകം ചിന്തിക്കുക പോലും ചെയ്യാത്ത സമയത്താണ് ഗുജറാത്ത് സൗരോര്‍ജ്ജ പ്ലാന്റുകള്‍ സ്ഥാപിക്കാന്‍ തുടങ്ങിയതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കാലാവസ്ഥാ വെല്ലുവിളി എന്ന വിഷയം ഉയര്‍ന്നു പോലും വരാത്ത സമയത്ത് ലോകത്തെ ജാഗ്രതപ്പെടുത്തിയ മുന്‍നിരക്കാരനായ മഹാത്മാഗാന്ധിയുടെ പേരിലാണ് ഇതിന് പേരിട്ടിരിക്കുന്നതെന്ന് മഹാത്മാ മന്ദിര്‍ എന്ന് വേദിയുടെ പേര് ചൂണ്ടിക്കാണിച്ചുകൊണ്ട്, ശ്രീ മോദി അഭിപ്രായപ്പെട്ടു. ”നമ്മുടെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ ആവശ്യമായ വിഭവങ്ങള്‍ ഭൂമിയിലുണ്ട്, എന്നാല്‍ നമ്മുടെ അത്യാഗ്രഹം തൃപ്തിപ്പെടുത്താനല്ല”

മഹാത്മാവിനെ ഉദ്ധരിച്ചുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യയുടെ മഹത്തായ പാരമ്പര്യത്തില്‍ നിന്ന് ഉയര്‍ന്നുവന്നതാണ് മഹാത്മാഗാന്ധിയുടെ ഈ ദര്‍ശനമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഹരിതഭാവി, നെറ്റ് സീറോ തുടങ്ങിയ വാക്കുകള്‍ വെറും ആലങ്കാരിക പദങ്ങളല്ലെന്നും അത് കേന്ദ്രത്തിന്റെയും ഇന്ത്യയിലെ എല്ലാ സംസ്ഥാന ഗവണ്‍മെന്റുകളുടെയും ആവശ്യങ്ങളും പ്രതിബദ്ധതകളുമാണെന്നും ശ്രീ മോദി അഭിപ്രായപ്പെട്ടു.

ഈ പ്രതിബദ്ധതകളില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ ഒരു വികസ്വര സമ്പദ്വ്യവസ്ഥ എന്ന നിലയില്‍, സാധുവായ ഒഴികഴിവുകള്‍ ഇന്ത്യയ്ക്ക് ഉണ്ടെങ്കിലും ആ പാത തെരഞ്ഞെടുത്തില്ലെന്നതിനും പ്രധാനമന്ത്രി അടിവരയിട്ടു. ” ഇന്നത്തെ ഇന്ത്യ ഇന്നിന് വേണ്ടി മാത്രമല്ല, അടുത്ത ആയിരം വര്‍ഷത്തേക്ക് ഒരു അടിത്തറ തയ്യാറാക്കുകയാണ് ” എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മുകളില്‍ എത്തുക മാത്രമല്ല മുകളില്‍ നിലനില്‍ക്കാന്‍ നമ്മെത്തന്നെ സജ്ജരാക്കുക എന്നതാണ് ഇന്ത്യയുടെ ലക്ഷ്യമെന്നതിനും ശ്രീ മോദി അടിവരയിട്ടു. 2047-ഓടെ വികസിത രാഷ്ട്രമായി മാറുന്നതിന് വേണ്ടിയുള്ള ഊര്‍ജ ആവശ്യങ്ങളെക്കുറിച്ചും  ഇന്ത്യക്ക് നന്നായി അറിയാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എണ്ണ-വാതക ശേഖരം കുറഞ്ഞുവരുന്നതിനാല്‍ സൗരോര്‍ജ്ജം, പവനോര്‍ജ്ജം, ആണവ, ജലവൈദ്യുതി തുടങ്ങിയ പുനരുപയോഗ സാദ്ധ്യതകളുടെ അടിസ്ഥാനത്തില്‍ ഭാവി കെട്ടിപ്പടുക്കാന്‍ ഇന്ത്യ തീരുമാനിച്ചതായും ശ്രീ മോദി ഓര്‍മ്മിപ്പിച്ചു.

 

പാരീസില്‍ നിശ്ചയിച്ച കാലാവസ്ഥാ പ്രതിബദ്ധത കൈവരിക്കുന്ന ആദ്യത്തെ ജി 20 രാജ്യമാണ് ഇന്ത്യയെന്ന് പറഞ്ഞ പ്രധാനമന്ത്രി, അതും സമയപരിധിക്ക് 9 വര്‍ഷം മുന്‍പ് എന്നും ചൂണ്ടിക്കാട്ടി. 2030ഓടെ 500 ജിഗാവാട്ട് പുനരുപയോഗ ഊര്‍ജ്ജം എന്ന ലക്ഷ്യം കൈവരിക്കാനുള്ള രാജ്യത്തിന്റെ ലക്ഷ്യങ്ങളെ കുറിച്ച് വിശദീകരിച്ച ശ്രീ മോദി, ഹരിത പരിവര്‍ത്തനത്തെ ഗവണ്‍മെന്റ് ജനകീയ പ്രസ്ഥാനമാക്കി മാറ്റിയെന്നും പറഞ്ഞു. എല്ലാ കുടുംബങ്ങള്‍ക്കും പുരപ്പുറ സൗരോര്‍ജ്ജ സംവിധാനം സജ്ജീകരിക്കുന്നതിന് ഗവണ്‍മെന്റ് ധനസഹായം നല്‍കുകയും സ്ഥാപിക്കുന്നതിന് സഹായിക്കുകയും ചെയ്യുന്ന പുരപ്പുറ സൗരോര്‍ജ്ജത്തിനായുള്ള ഇന്ത്യയുടെ സവിശേഷമായ പദ്ധതിയായ ‘പ്രധാനമന്ത്രി സൂര്യ ഘര്‍ സൗജന്യ വൈദ്യുതി പദ്ധതി’യെക്കുറിച്ച് പഠിക്കാനും അദ്ദേഹം നിര്‍ദ്ദേശിച്ചു. ഈ പദ്ധതിയിലൂടെ ഇന്ത്യയിലെ ഓരോ കുടുംബവും വൈദ്യുതി ഉല്‍പ്പാദകരായി മാറുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഒരു കോടി 30 ലക്ഷത്തിലധികം കുടുംബങ്ങള്‍ പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും ഇതുവരെ 3.25 ലക്ഷം വീടുകളില്‍ ഇവ സ്ഥാപിക്കുന്ന ജോലികള്‍ പൂര്‍ത്തിയായിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

പ്രധാനമന്ത്രി സൂര്യ ഘര്‍ സൗജന്യ വൈദ്യുതി പദ്ധതിയുടെ നേട്ടങ്ങളിലേക്ക് ശ്രദ്ധക്ഷണിച്ച പ്രധാനമന്ത്രി ഒരു മാസം 250 യൂണിറ്റ് വൈദ്യുതി ഉപയോഗിക്കുന്ന ഒരു ചെറിയ കുടുംബം 100 യൂണിറ്റ് വൈദ്യുതി ഉല്‍പ്പാദിപ്പിക്കുകയും അത് ഗ്രിഡിലേക്ക് തിരികെ വില്‍ക്കുകയും ചെയ്യുന്നതിലൂടെ പ്രതിവര്‍ഷം ഏകദേശം 25,000 രൂപ ലാഭിക്കുമെന്നും വിശദീകരിച്ചു. ”ഒരു വര്‍ഷത്തില്‍. വൈദ്യുതി ബില്ലില്‍ ജനങ്ങള്‍ക്ക് ഏകദേശം 25,000 രൂപയുടെ നേട്ടം ലഭിക്കും”, ലാഭിക്കുന്ന പണം സമ്പാദിക്കുന്ന പണമാണെന്ന് ചൂണ്ടിക്കാട്ടികൊണ്ട് പ്രധാനമന്ത്രി മോദി പറഞ്ഞു. ലാഭിക്കുന്ന പണം 20 വര്‍ഷത്തേക്ക് പബ്ലിക് പ്രൊവിഡന്റ് ഫണ്ടില്‍ നിക്ഷേപിച്ചാല്‍, കാലാവധി ‘ കഴിയുമ്പോള്‍ 10 ലക്ഷം രൂപയലിധകം മുഴുവന്‍ തുകയായി ലഭിക്കും, ഇത് കുട്ടികളുടെ വിദ്യാഭ്യാസത്തിനും വിവാഹത്തിനും ഉപയോഗിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പ്രധാനമന്ത്രി സുര്യ ഘര്‍ പദ്ധതി 20 ലക്ഷത്തോളം തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചുകൊണ്ട് തൊഴിലവസരങ്ങളുടെയും പരിസ്ഥിതി സംരക്ഷണത്തിന്റെയും മാദ്ധ്യമമായി മാറുകയാണെന്നും ശ്രീ മോദി കൂട്ടിച്ചേര്‍ത്തു. ഈ പദ്ധതിക്ക് കീഴില്‍ 3 ലക്ഷം യുവജനങ്ങളെ നൈപുണ്യമുള്ള തൊഴിലാളികളായി തയ്യാറാക്കാനാണ് ഗവണ്‍മെന്റ് ലക്ഷ്യമിടുന്നതെന്ന് പ്രധാനമന്ത്രി മോദി അറിയിച്ചു. ഇവരില്‍ ഒരു ലക്ഷം യുവാക്കള്‍ സോളാര്‍ പി.വി ടെക്‌നീഷ്യന്‍മാരാകും. ”ഉല്‍പ്പാദിപ്പിക്കപ്പെടുന്ന ഓരോ 3 കിലോവാട്ട് സൗരോര്‍ജ്ജ വൈദ്യുതിയും 50-60 ടണ്‍ കാര്‍ബണ്‍ ഡൈ ഓക്സൈഡിന്റെ പുറന്തള്ളല്‍ തടയും”, കാലാവസ്ഥാ വ്യതിയാനത്തിനെതിരെ പോരാടുന്നതില്‍ ഓരോ കുടുംബത്തിന്റെയും സംഭാവനകള്‍ ചൂണ്ടിക്കാട്ടികൊണ്ട് അദ്ദേഹം പറഞ്ഞു.

”ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ചരിത്രം എഴുതപ്പെടുമ്പോള്‍ ഇന്ത്യയുടെ സൗരോര്‍ജ്ജവിപ്ലവം സുവര്‍ണ ലിപികളില്‍ ആലേഖനം ചെയ്യപ്പെടും”, ശ്രീ മോദി പറഞ്ഞു. നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഒരു സൂര്യക്ഷേത്രം സ്ഥിതി ചെയ്യുന്ന മൊധേരയെ ഇന്ത്യയിലെ ആദ്യത്തെ സൗരഗ്രാമമായി ഉയര്‍ത്തിക്കാട്ടിയ ശ്രീ മോദി, ഇന്ന് ഗ്രാമത്തിന്റെ എല്ലാ ആവശ്യങ്ങളും നിറവേറ്റപ്പെടുന്നത് സൗരോര്‍ജ്ജം കൊണ്ടാണെന്നും ചൂണ്ടിക്കാട്ടി. രാജ്യത്തുടനീളം ഇത്തരത്തിലുള്ള നിരവധി ഗ്രാമങ്ങളെ സൗരോര്‍ജ്ജ ഗ്രാമങ്ങളാക്കി മാറ്റാനുള്ള  കൂട്ടായ പ്രവര്‍ത്തനം ഇന്ന് നടക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സൂര്യവംശിയായ ശ്രീരാമന്റെ ജന്മസ്ഥലമായ അയോദ്ധ്യാ നഗരത്തെക്കുറിച്ച് സംസാരിച്ച ശ്രീ മോദി, ഇതിനെ ഒരു പ്രചോദനമെന്ന നിലയില്‍ സ്വീകരിച്ചുകൊണ്ട് അയോദ്ധ്യയെ മാതൃകാ സൗരോര്‍ജ്ജ നഗരമാക്കാനാണ് ഗവണ്‍മെന്റ് ലക്ഷ്യമിടുന്നതെന്നും അറിയിച്ചു. അയോധ്യയിലെ ഓരോ വീടും എല്ലാ ഓഫീസുകളും എല്ലാ സേവനങ്ങളും സൗരോര്‍ജ്ജം ഉപയോഗിച്ച് ഊര്‍ജ്ജിതമാക്കാനാണ് ശ്രമമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സൗരോര്‍ജ്ജ തെരുവ് വിളക്കുകള്‍, സൗരോര്‍ജ്ജ ഇന്റര്‍സെക്ഷന്‍സ് ( കവലകള്‍), സൗരോര്‍ജ്ജ ബോട്ടുകള്‍, സൗരോര്‍ജ്ജ വാട്ടര്‍ എ.ടി.എമ്മുകള്‍, സൗരോര്‍ജ്ജ കെട്ടിടങ്ങള്‍ എന്നിവ കാണാന്‍ കഴിയുന്ന അയോദ്ധ്യയില്‍ നിരവധി സൗകര്യങ്ങളും വീടുകളും സൗരോര്‍ജ്ജത്താല്‍ ഊര്‍ജ്ജിതമാക്കിയതില്‍ ശ്രീ മോദി, സന്തോഷം പ്രകടിപ്പിക്കുകയും ചെയ്തു. സമാനമായ രീതിയില്‍ സൗരോര്‍ജ്ജ നഗരങ്ങളായി വികസിപ്പിക്കാന്‍ ഇന്ത്യയില്‍ ഇത്തരത്തിലുള്ള 17 നഗരങ്ങളെ ഗവണ്‍മെന്റ് കണ്ടെത്തിയിട്ടുണ്ടെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. കൃഷിയിടങ്ങളും പാടങ്ങളും സൗരോര്‍ജ്ജ ഉല്‍പാദനത്തിന്റെ മാദ്ധ്യമമാക്കുന്നതിന് പദ്ധതിയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജലസേചനത്തിനായി സൗരോര്‍ജ്ജ പമ്പുകളും ചെറിയ സൗരോര്‍ജ്ജ പ്ലാന്റുകളും സ്ഥാപിക്കാന്‍ ഇന്ന് കര്‍ഷകരെ സഹായിക്കുന്നുണ്ടെന്നും അദ്ദേഹം എടുത്തുപറഞ്ഞു.

പുനരുപയോഗ ഊര്‍ജവുമായി ബന്ധപ്പെട്ട എല്ലാ മേഖലകളിലും ഇന്ത്യ വളരെ വേഗത്തിലും തോതിലും പ്രവര്‍ത്തിക്കുന്നുവെന്നതിനും ശ്രീ മോദി അടിവരയിട്ടു. കഴിഞ്ഞ ദശകത്തില്‍, മുന്‍കാലങ്ങളെ അപേക്ഷിച്ച് ആണവോര്‍ജ്ജത്തില്‍ നിന്ന് ഇന്ത്യ 35 ശതമാനം കൂടുതല്‍ വൈദ്യുതി ഉല്‍പ്പാദിപ്പിച്ചിട്ടുണ്ടെന്നും ഹരിത ഹൈഡ്രജന്‍ മേഖലയില്‍ ആഗോള നേതാവാകാനാണ് ഇന്ത്യ ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഈ ദിശയില്‍ ഏകദേശം ഇരുപതിനായിരം കോടി രൂപയുടെ ഹരിത ഹൈഡ്രജന്‍ ദൗത്യം (ഗ്രീന്‍ ഹൈഡ്രജന്‍ മിഷന്‍) ആരംഭിക്കുന്നതിലും ശ്രീ മോദി അടിവരയിട്ടു. മാലിന്യത്തില്‍ നിന്ന് ഊര്‍ജ്ജം (വേസ്റ്റ് ടു എനര്‍ജി) എന്ന ഒരു വലിയ പ്രവര്‍ത്തനം ഇന്ത്യയില്‍ നടക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നിര്‍ണായക ധാതുക്കളുമായി ബന്ധപ്പെട്ട വെല്ലുവിളികളെ നേരിടാന്‍ സ്വീകരിച്ച നടപടികള്‍ ഉയര്‍ത്തിക്കാട്ടിയ ശ്രീ മോദി, പുനരുപയോഗത്തിനും പുനര്‍ ചാക്രീരണത്തിനുമായി ബന്ധപ്പെട്ട മെച്ചപ്പെട്ട സാങ്കേതികവിദ്യ വികസിപ്പിക്കുന്നതിന് സ്റ്റാര്‍ട്ടപ്പുകള്‍ക്ക് വായ്പ നല്‍കുന്നതിനൊപ്പം ഒരു ചാക്രിക സമീപനവും ഗവണ്‍മെന്റ് പ്രോത്സാഹിപ്പിക്കുന്നുണ്ടെന്നും പറഞ്ഞു.

”ജന അനുകൂല ഗ്രഹ തത്വങ്ങളോട് ഗവണ്‍മെന്റ് പ്രതിജ്ഞാബദ്ധമാണ്”, മിഷന്‍ ലൈഫ്, അതായത് പരിസ്ഥിതിക്കായുള്ള ജീവിതശൈലി എന്ന ഇന്ത്യയുടെ കാഴ്ചപ്പാട് ഉയര്‍ത്തിക്കാട്ടികൊണ്ട് പ്രധാനമന്ത്രി മോദി പറഞ്ഞു. ഇന്ത്യയുടെ അന്താരാഷ്ട്ര സൗരോര്‍ജ്ജ കൂട്ടായ്മ (ഇന്റര്‍നാഷണല്‍ സോളാര്‍ അലയന്‍സ്), ഹരിതപരിവര്‍ത്തനത്തില്‍ ശ്രദ്ധകേന്ദ്രീകരിച്ചുകൊണ്ട് ഇന്ത്യയുടെ ജി-20 അധ്യക്ഷകാലത്ത് സമാരംഭിച്ച ആഗോള ജൈവ ഇന്ധന സഖ്യം തുടങ്ങിയ കാര്യങ്ങളും അദ്ദേഹം പരാമര്‍ശിച്ചു. ”ഈ ദശാബ്ദത്തിന്റെ അവസാനത്തോടെ റെയില്‍വേയില്‍ നെറ്റ് സീറോ കൊണ്ടുവരിക എന്ന ലക്ഷ്യമാണ് ഇന്ത്യ കൈക്കൊണ്ടിട്ടുള്ളത്”, 2025 ഓടെ പെട്രോളില്‍ 20 ശതമാനം എഥനോള്‍ കലര്‍ത്തുക എന്ന ലക്ഷ്യം കൈവരിക്കാന്‍ ഇന്ത്യ തീരുമാനിച്ചിട്ടുണ്ടെന്നും  അദ്ദേഹം പറഞ്ഞു. ഓരോ ഗ്രാമങ്ങളിലും നിര്‍മ്മിച്ച ആയിരക്കണക്കിന് അമൃത് സരോവറുകളെ ജലസംരക്ഷണത്തിനായി ഉപയോഗിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ‘ഏക് പേട് മാ കെ നാം’   സംരംഭത്തില്‍ എല്ലാവരും പങ്കുചേരാന്‍ അഭ്യര്‍ത്ഥിക്കുകയും ചെയ്തു.

ഇന്ത്യയില്‍ വര്‍ദ്ധിച്ചുവരുന്ന പുനരുപയോ ഊര്‍ജ്ജ ആവശ്യകത ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി, ഈ ആവശ്യം നിറവേറ്റുന്നതിനായി ഗവണ്‍മെന്റ് പുതിയ നയങ്ങള്‍ ആവിഷ്‌കരിക്കുകയും എല്ലാ വിധത്തിലും പിന്തുണ നല്‍കുന്നുണ്ടെന്നതിനും അടിവരയിടുകയും ചെയ്തു. ഊര്‍ജ ഉല്‍പ്പാദനത്തില്‍ മാത്രമല്ല, ഉല്‍പ്പാദന മേഖലയിലും നിക്ഷേപകര്‍ക്ക് ബൃഹത്തായ അവസരങ്ങളുണ്ടെന്ന് പ്രസംഗം ഉപസംഹരിച്ചുകൊണ്ട് പ്രധാനമന്ത്രി ഉയര്‍ത്തിക്കാട്ടികൊണ്ട. ”ഇന്ത്യ സമ്പൂര്‍ണ്ണമായും മെയ്ഡ് ഇന്‍ ഇന്ത്യ പരിഹാരങ്ങള്‍ക്കായി പരിശ്രമിക്കുകയും നിരവധി സാദ്ധ്യതകള്‍ സൃഷ്ടിക്കുകയും ചെയ്യുന്നു. യഥാര്‍ത്ഥത്തില്‍ വിപുലീകരണത്തിന്റെയും മികച്ച വരുമാനത്തിന്റെയും ഉറപ്പാണ് ഇന്ത്യ”, ഇന്ത്യയുടെ ഹരിത പരിവര്‍ത്തനത്തിലേക്ക് നിക്ഷേപങ്ങള്‍ ക്ഷണിച്ചുകൊണ്ട് ശ്രീ മോദി ഉപസംഹരിച്ചു.

ഗുജറാത്ത് ഗവര്‍ണര്‍ ആചാര്യ ദേവവ്രത്, ഗുജറാത്ത് മുഖ്യമന്ത്രി ശ്രീ ഭൂപേന്ദ്ര പട്ടേല്‍, കേന്ദ്ര നവപുനരുപയോഗ ഊര്‍ജ്ജ മന്ത്രി ശ്രീ പ്രഹ്ലാദ് ജോഷി, ആന്ധ്രാപ്രദേശ്, രാജസ്ഥാന്‍, മദ്ധ്യപ്രദേശ്, ഛത്തീസ്ഗഡ്, ഗോവ മുഖ്യമന്ത്രിമാര്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.

പശ്ചാത്തലം
പുനരുപയോഗ ഊര്‍ജ്ജ ഉല്‍പ്പാദനത്തിലും വിന്യാസത്തിലും ഇന്ത്യയുടെ ശ്രദ്ധേയമായ പുരോഗതി ഉയര്‍ത്തിക്കാട്ടുന്നതാണ് നാലാമത് ഗ്ലോബല്‍ റിന്യൂവബിള്‍ എനര്‍ജി ഇന്‍വെസ്റ്റേഴ്സ് മീറ്റും എക്സ്പോയും (റീ-ഇന്‍വെസ്റ്റ്). രണ്ടരദിവസം നീണ്ടുനില്‍ക്കുന്ന സമ്മേളനം ലോകമെമ്പാടുമുള്ള പ്രതിനിധികളെ ആകര്‍ഷിക്കുന്നു. മുഖ്യമന്ത്രിമാരുടെ പ്ലീനറി, സി.ഇ.ഒ വട്ടമേശ, നൂതനാശ ധനസഹായം, ഹരിത ഹൈഡ്രജന്‍, ഭാവി ഊര്‍ജ പരിഹാരങ്ങള്‍ എന്നിവയെക്കുറിച്ചുള്ള പ്രത്യേക ചര്‍ച്ചകള്‍ എന്നിവ ഉള്‍പ്പെടെയുള്ള സമഗ്രമായ പരിപാടികളില്‍ പങ്കാളികള്‍ ഏര്‍പ്പെടും. പങ്കാളിത്ത രാജ്യങ്ങളായി ജര്‍മ്മനി, ഓസ്ട്രേലിയ, ഡെന്‍മാര്‍ക്ക്, നോര്‍വേ എന്നീ രാജ്യങ്ങള്‍ പരിപാടിയില്‍ പങ്കെടുക്കുന്നുണ്ട് ആതിഥേയ സംസ്ഥാനമായ ഗുജറാത്ത്, ആന്ധ്രപ്രദേശ്, കര്‍ണാടക, മദ്ധ്യപ്രദേശ്, മഹാരാഷ്ട്ര, രാജസ്ഥാന്‍, തെലങ്കാന, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങള്‍ പങ്കാളിത്ത സംസ്ഥാനങ്ങളായും പങ്കെടുക്കുന്നു.

പൊതു-സ്വകാര്യ മേഖലയിലെ കമ്പനികള്‍, സ്റ്റാര്‍ട്ടപ്പുകള്‍, പ്രമുഖ വ്യവസായ സ്ഥാപനങ്ങള്‍ എന്നിവരില്‍ നിന്നുള്ള അത്യാധുനിക നൂതനാശയങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന ഒരു പ്രദര്‍ശനവും ഉണ്ടായിരിക്കും. സുസ്ഥിരമായ ഭാവിയ്ക്കുള്ള ഇന്ത്യയുടെ പ്രതിബദ്ധതയ്ക്ക് ഈ പ്രദര്‍ശനം അടിവരയിടും.