Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

നര്‍മദയുടെ ഉറവിടത്തിലുള്ള ക്ഷേത്രത്തില്‍ പ്രധാനമന്ത്രി പ്രാര്‍ഥിച്ചു; അമര്‍കണ്ടകില്‍ നമാമി നര്‍മദേ-നര്‍മദ സേവായാത്രയുടെ സമാപനച്ചടങ്ങില്‍ പ്രസംഗിച്ചു

നര്‍മദയുടെ ഉറവിടത്തിലുള്ള ക്ഷേത്രത്തില്‍ പ്രധാനമന്ത്രി പ്രാര്‍ഥിച്ചു; അമര്‍കണ്ടകില്‍ നമാമി നര്‍മദേ-നര്‍മദ സേവായാത്രയുടെ സമാപനച്ചടങ്ങില്‍ പ്രസംഗിച്ചു

നര്‍മദയുടെ ഉറവിടത്തിലുള്ള ക്ഷേത്രത്തില്‍ പ്രധാനമന്ത്രി പ്രാര്‍ഥിച്ചു; അമര്‍കണ്ടകില്‍ നമാമി നര്‍മദേ-നര്‍മദ സേവായാത്രയുടെ സമാപനച്ചടങ്ങില്‍ പ്രസംഗിച്ചു

നര്‍മദയുടെ ഉറവിടത്തിലുള്ള ക്ഷേത്രത്തില്‍ പ്രധാനമന്ത്രി പ്രാര്‍ഥിച്ചു; അമര്‍കണ്ടകില്‍ നമാമി നര്‍മദേ-നര്‍മദ സേവായാത്രയുടെ സമാപനച്ചടങ്ങില്‍ പ്രസംഗിച്ചു


നര്‍മദ നദിയുടെ ഉറവിടത്തിലുള്ള ക്ഷേത്രത്തില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി പ്രാര്‍ഥിച്ചു. മധ്യപ്രദേശിലെ അമര്‍കണ്ടകില്‍ നമാമി നര്‍മദേ-നര്‍മദ സേവായാത്രയുടെ സമാപനച്ചടങ്ങില്‍ അദ്ദേഹം പ്രസംഗിക്കുകയും ചെയ്തു.

ചടങ്ങില്‍ പ്രസംഗിച്ച സ്വാമി അവധേശാനന്ദ ജി പ്രധാനമന്ത്രിയെ ‘വികാസ അവതാരം’ ആയി വിശേഷിപ്പിക്കുകയും ജലസംരക്ഷണത്തിനായി ഏറെ ബോധവല്‍ക്കരണം ജനങ്ങള്‍ക്കിടയില്‍ സൃഷ്ടിക്കുന്നതിനു പ്രചോദനം പകരുന്നതില്‍ പ്രധാനമന്ത്രി വിജയിച്ചു എന്നു ചൂണ്ടിക്കാട്ടുകയും ചെയ്തു.

ജനപങ്കാളിത്തത്തിലൂടെ നര്‍മദയെ ലോകത്തിലെ ഏറ്റവും ശുചിയാര്‍ന്ന നദികളിലൊന്നാക്കി മാറ്റുമെന്നു ചടങ്ങില്‍ പ്രസംഗിച്ച മധ്യപ്രദേശ് മുഖ്യമന്ത്രി ശ്രീ. ശിവരാജ് സിങ് ചൗഹാന്‍ പ്രഖ്യാപിച്ചു. നര്‍മദാതീരത്തുള്ള സംസ്ഥാനത്തെ 18 നഗരങ്ങൡും ജലശുദ്ധീകരണ പ്ലാന്റുകള്‍ സ്ഥാപിക്കുമെന്ന് അദ്ദേഹം അറിയിച്ചു. ഈ മുന്നേറ്റം നര്‍മദയ്ക്കായി മാത്രമായി പരിമിതപ്പെടുത്തില്ലെന്നും മറ്റു നദികള്‍ കൂടി മലിനീകരണമുക്തമാക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
പ്രധാനമന്ത്രി ശ്രീ. മോദിയുടെ നേതൃത്വത്തില്‍ ഇന്ത്യ ഒരു വിശ്വഗുരുവായിത്തീരുമെന്ന് അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. കേന്ദ്ര ഗവണ്‍മെന്റ് രൂപീകൃതമായതിന്റെ മൂന്നാം വാര്‍ഷികം ആഘോഷിക്കാന്‍ ഒരുങ്ങുന്ന സാഹചര്യത്തില്‍ അദ്ദേഹം പ്രധാനമന്ത്രിയെ അഭിനന്ദിക്കുകയും ചെയ്തു.

നര്‍മദ ശുചിയാക്കുന്നതിനായുള്ള ദൗത്യപ്രവര്‍ത്തന പദ്ധതിയായ നര്‍മദ പ്രവാഹ് പ്രധാനമന്ത്രി പുറത്തിറക്കി.
ചടങ്ങിനു സാക്ഷ്യംവഹിക്കാനെത്തിയവരെ അഭിസംബോധന ചെയ്യവേ നര്‍മദ സേവാ യാത്രയില്‍ സംബന്ധിച്ചവരെ വണങ്ങുന്നുവെന്നും അവരുടെ പ്രയത്‌നം ഇന്ത്യയെയും ദരിദ്രരില്‍ ദരിദ്രരെയും സേവിക്കുകവഴി ഫലപ്രദമായീത്തീരുമെന്ന പ്രത്യാശ പ്രകടിപ്പിക്കുകയും ചെയ്തു.

നൂറ്റാണ്ടുകളായി ജീവന്‍ പകരുകയാണു നര്‍മദ നദിയെന്ന് ഓര്‍മിപ്പിച്ച പ്രധാനമന്ത്രി, അടുത്തിടെയായി ഈ നദി വല്ലാതെ ചൂഷണം ചെയ്യപ്പെടുകയാണെന്നും അതാണ് നര്‍മദ സേവാ യാത്ര അനിവാര്യമാക്കിത്തീര്‍ത്തതെന്നു ചൂണ്ടിക്കാട്ടുകയും ചെയ്തു. നമ്മുടെ നദികളെ സംരക്ഷിക്കുകയും നിലനിര്‍ത്തുകയും ചെയ്തില്ലെങ്കില്‍ നഷ്ടം മനുഷ്യനായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

150 ദിവസം നീളുന്ന നര്‍മദ സേവായാത്ര ആഗോളമാനദണ്ഡങ്ങള്‍ വെച്ചു നോക്കിയാല്‍പ്പോലും സവിശേഷമായ ഒന്നാണെന്നു പ്രധാനമന്ത്രി വ്യക്തമാക്കി. മഞ്ഞില്‍നിന്നല്ല, മറിച്ചു മരങ്ങളില്‍നിന്നാണു നര്‍മദ ഉദ്ഭവിക്കുന്നതെന്നും മധ്യപ്രദേശ് ഗവണ്‍മെന്റിന്റെ വിശാലമായ വൃക്ഷങ്ങള്‍ നടീല്‍ പദ്ധതി മാനവികതയ്ക്കായുള്ള മഹത്തായ സേവനമാണെന്നും അദ്ദേഹം പറഞ്ഞു.

നര്‍മദ സേവായാത്ര നടത്തിയതിനു മധ്യപ്രദേശ് ഗവണ്‍മെന്റിനോടും ജനങ്ങളോടുമുള്ള നര്‍മദ നേട്ടം പകരുന്ന ഗുജറാത്തിലെയും മഹാരാഷ്ട്രയിലെയും ജനങ്ങളുടെയും കര്‍ഷകരുടെയും നന്ദി പ്രധാനമന്ത്രി അറിയിച്ചു.
സ്വച്ഛ് ഭാരത് പദ്ധതി നടത്തിപ്പില്‍ ഏറ്റവും മുന്‍പന്തിയിലുള്ള രാജ്യത്തെ 100 നഗരങ്ങളില്‍ 22 എണ്ണം മധ്യപ്രദേശിലാണെന്നു ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി ഇക്കാര്യത്തിലുള്ള മെച്ചപ്പെട്ട പ്രകടനത്തിനു മധ്യപ്രദേശ് ഗവണ്‍മെന്റിനെ അഭിനന്ദിക്കുകയും ചെയ്തു.

സംസ്ഥാന ഗവണ്‍മെന്റ് തയ്യാറാക്കി അവതരിപ്പിച്ച നര്‍മദ സേവാ ദൗത്യ പദ്ധതി രേഖ ഭാവി മുന്നില്‍ക്കണ്ടു പ്രകൃതിവിഭവങ്ങളെ സംരക്ഷിക്കാനുള്ള കൃത്യമായ വീക്ഷണത്തോടുകൂടി രൂപപ്പെടുത്തിയതാണെന്നും അദ്ദേഹം പറഞ്ഞു.

കര്‍ഷകരുടെ വരുമാനം ഇരട്ടിപ്പിക്കാനുള്ള ദൃഢപ്രതിജ്ഞ കേന്ദ്ര ഗവണ്‍മെന്റ് കൈക്കൊണ്ടിട്ടുണ്ടെന്നും ഇതിനായുള്ള നല്ല മാര്‍ഗദര്‍ശന രേഖ മധ്യപ്രദേശ് ഗവണ്‍മെന്റ് തയ്യാറാക്കിയിട്ടുണ്ടെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. രാജ്യം 75-ാം വാര്‍ഷികം ആഘോഷിക്കുന്ന 2022 ആകുമ്പോഴേക്കും ക്രിയാത്മകമായ സംഭാവനകള്‍ രാജ്യത്തിനായി അര്‍പ്പിക്കാന്‍ അദ്ദേഹം ജനങ്ങളോട് ആഹ്വാനം ചെയ്തു.

സ്വാമി അവധേശാനന്ദയുടെ അഭിനന്ദനത്തിനും പ്രശംസാവാചകങ്ങള്‍ക്കും പ്രധാനമന്ത്രി നന്ദി അറിയിച്ചു.
ഉപസംഹാരമായി, നര്‍മദ നദി സംരക്ഷിക്കുന്നതിനായി സംഭാവനകള്‍ അര്‍പ്പിക്കാനും ത്യാഗം ചെയ്യാനും തയ്യാറാകണമെന്നു ജനങ്ങളോട് ആഹ്വാനംചെയ്ത പ്രധാനമന്ത്രി, യാത്ര അവസാനിച്ചെങ്കിലും യജ്ഞം ആരംഭിക്കുന്നതേ ഉള്ളൂ എന്ന് ഓര്‍മപ്പെടുത്തുകയും ചെയ്തു.