Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

നയ്‌റോബി സര്‍വകലാശാലയില്‍ 2016 ജൂലൈ 11നു പ്രധാനമന്ത്രി നടത്തിയ പ്രസംഗം.

നയ്‌റോബി സര്‍വകലാശാലയില്‍ 2016 ജൂലൈ 11നു പ്രധാനമന്ത്രി നടത്തിയ പ്രസംഗം.


നയ്‌റോബി സര്‍വകലാശാല ചാന്‍സലര്‍ ഡോ. വിജൂ രത്തന്‍സീ, നയ്‌റോബി സര്‍വകലാശാല വൈസ് ചാന്‍സലര്‍ പ്രഫ. പീറ്റര്‍ എംബിതീ, സര്‍വകലാശാലാ സെനറ്റംഗങ്ങളേ, വിശിഷ്ടരായ പ്രഫസര്‍മാരേ, പ്രിയപ്പെട്ട വിദ്യാര്‍ഥികളേ,

നിങ്ങള്‍ക്കു സുഖമല്ലേ?

ഓജസ്സുറ്റ ഈ ചുറ്റുപാട് എന്നെ സന്തോഷിപ്പിക്കുന്നു.

കെനിയയിലെ ഏറ്റവും ബുദ്ധിശാലികള്‍ക്കൊപ്പം നില്‍ക്കുന്നതും എന്നെ ആഹ്ലാദിപ്പിക്കുന്നു.

നിങ്ങള്‍ ഈ നാടിന്റെ അഭിമാനമാണെന്നു മാത്രമല്ല, നാളെയുടെ ആഫ്രിക്കയെ പ്രതിനിധാനം ചെയ്യുകയും ചെയ്യുന്നു. നിങ്ങളുടെ പ്രതീക്ഷകളും ലക്ഷ്യങ്ങളും പ്രവൃത്തിയും ഈ രാഷ്ട്രത്തിന്റെ ദിശയെയും ഭാവിയെയും നിര്‍ണയിക്കുന്നു. മാത്രമല്ല; നിങ്ങള്‍ ഈ വന്‍കരയുടെ അഭിവൃദ്ധിയിലേക്കുള്ള കുതിപ്പിനെ നയിക്കുക കൂടി ചെയ്യും. കെനിയയിലെ അത്യുത്സാഹികളായ യുവതലമുറയെ ഇന്ത്യയിലെ 80 കോടി യുവാക്കളുടെ ഊഷ്മളമായ സൗഹൃദം ഞാന്‍ അറിയിക്കുന്നു.

തീര്‍ച്ചയായും, ആ യുവാക്കളുടെ ഗണത്തില്‍ ഞാനും ഉള്‍പ്പെടും.

നോക്കൂ സുഹൃത്തുക്കളേ, രാഷ്ട്രനിര്‍മാണത്തിന്റെ കാര്യത്തിലായാലും കെനിയ പോലുള്ള സുഹൃദ് രാഷ്ട്രങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിലായാലും 20 വയസ്സുള്ള ഒരു യുവാവിനു തുല്യമായ ആവേശം എന്റെ ഹൃദയത്തില്‍ നിറയും.

പ്രിയപ്പെട്ട വിദ്യാര്‍ഥികളേ,

കീര്‍ത്തികേട്ട വിദ്യാഭ്യാസ സ്ഥാപനമാണു നയ്‌റോബി സര്‍വകലാശാല. ആഫ്രിക്കയില്‍ മാത്രമല്ല, ലോകമെമ്പാടും ആദരിക്കപ്പെടുന്നതും പ്രശസ്തിയേറിയതുമായ വിദ്യാകേന്ദ്രമാണിത്.

നിങ്ങളുടെ യുവത്വമാര്‍ന്നതും ആകാംക്ഷ നിറഞ്ഞതും ബുദ്ധിയുള്ളതുമായ മുഖങ്ങള്‍ കാണുമ്പോള്‍ എനിക്കു തിരിച്ചറിയാന്‍ സാധിക്കുന്നു, എന്തുകൊണ്ടാണ് ഈ സ്ഥാപനം കീര്‍ത്തി കേട്ടതായതെന്ന്. എത്രയോ തലമുറ രാഷ്ട്രീയ നേതാക്കളും എന്‍ജിനീയര്‍മാരും ശാസ്ത്രജ്ഞരും സാമൂഹ്യപ്രവര്‍ത്തകരും കലാകാരന്‍മാരും ഈ പഠനകേന്ദ്രത്തില്‍ പിറവിയെടുത്തവരാണ്.

ഈ സ്ഥാപനം നിങ്ങളുടെ രാജ്യത്തിനു പ്രശസ്തിയും ആദരവും നേടിത്തന്നു. കെനിയയുടെ യുവത്വത്തെ രൂപപ്പെടുത്തുന്ന കര്‍മം അതു തുടര്‍ന്നുകൊണ്ടേയിരിക്കുകയുമാണ്.

രണ്ടു വികസ്വര രാഷ്ട്രങ്ങളെന്ന നിലയില്‍ ഇന്ത്യക്കും കെനിയയ്ക്കുമുള്ള സദൃശമായ ചരിത്രവും സമാനമായ അനുഭവങ്ങളും പ്രദര്‍ശിപ്പിക്കാനും ഈ സര്‍വകലാശാലയ്ക്കു സാധിക്കുന്നു.

ഈ ഓഡിറ്റോറിയത്തില്‍ പ്രവേശിക്കുന്നതിനു മുമ്പ് 60 വര്‍ഷം മുമ്പ് ഇവിടെ സ്ഥാപിക്കപ്പെട്ട മഹാത്മാ ഗാന്ധിയുടെ പ്രതിമയില്‍ ഞാന്‍ ആദരാഞ്ജലിയര്‍പ്പിച്ചിരുന്നു. മഹാത്മാഗാന്ധിയും ഈ സര്‍വകലാശാലയും തമ്മിലുള്ള ബന്ധം മഹത്തായ രണ്ടു രാഷ്ട്രങ്ങള്‍ തമ്മില്‍ മുന്‍കാലം മുതല്‍ക്കു നിലനിന്ന പങ്കാളിത്തത്തിന് ഉദാഹരണമാണ്.

രാഷ്ട്രത്തിന്റെ വളര്‍ച്ചയ്ക്കായി ശക്തമായ വിദ്യാഭ്യാസ സംവിധാനം ഉണ്ടായിരിക്കണമെന്ന ഇരു രാഷ്ട്രങ്ങളിലെയും സമൂഹങ്ങളുടെ മൂല്യബോധത്തിന്റെ പ്രതിധ്വനി കൂടിയാണത്.

പുരാതനമായ ഒരു ഇന്ത്യന്‍ ചൊല്ലുണ്ട്: വ്യായേ ക്രാതേ ഇവാ നിത്യം, വിദ്യാധന്‍ സര്‍വ ധന്‍ പ്രധാനം.
ഇതിന്റെ അര്‍ഥം, കൊടുക്കുമ്പോള്‍ വര്‍ധിക്കുന്ന ധനമാണു വിജ്ഞാനമെന്നും അതാണ് ഏറ്റവും മഹത്തായ സമ്പാദ്യമെന്നും ആണ്.

ഒരു സ്വാഹിലി പഴഞ്ചൊല്ല് നിങ്ങള്‍ക്കും ഉള്ളതായി എനിക്കറിയാന്‍ സാധിച്ചു: ‘പെസ, കമ മതുമിസി യാകെ, ഹുയ്ഷ; കുജിഫുന്‍സ, കമ മതുമിസി യാകെ, ഹ്വോഗെസെക’. ഇതിന്റെ അര്‍ഥം ഇതാണ്:

ഉപയോഗിച്ചുകൊണ്ടിരുന്നാല്‍ പണം തീരും. എന്നാല്‍ അറിവാകട്ടെ, ഉപയോഗിച്ചുകൊണ്ടിരുന്നാല്‍ വര്‍ധിക്കുകയാണു ചെയ്യുക.

സുഹൃത്തുക്കളേ,

പൗരാണികമായ വന്‍കരയിലെ യുവത്വമാര്‍ന്ന ഒരു രാഷ്ട്രമാണ് കെനിയ. യുവത്വം തുടിക്കുന്ന ഈ രാഷ്ട്രം പല കാര്യങ്ങളിലും അഭിമാനപൂര്‍വം ഒന്നാം സ്ഥാനത്തു നിലകൊള്ളുന്നു.

പ്രശസ്ത പരിസ്ഥിതി പ്രവര്‍ത്തകയായ കെനിയക്കാരി വാംഗരി മാതയ് ആണ് സമാധാനത്തിനുള്ള നോബല്‍ സമ്മാനം ലഭിച്ച ആദ്യ ആഫ്രിക്കന്‍ വനിത.

അവര്‍ ഈ സര്‍വകലാശാലയിലെ വിദ്യാര്‍ഥിനി ആയിരുന്നു.

ഓസ്‌കര്‍ അവാര്‍ഡ് നേടിയ ആഫ്രിക്കയിലെ ആദ്യ വ്യക്തി കെനിയയിലെ ലൂപിത ന്യോംഗോ ആണ്.
നമുക്കെല്ലാം അറിയുന്നതുപോലെ ലോകത്താകമാനമുള്ള മാരത്തണ്‍ ഓട്ടങ്ങളില്‍ കെനിയന്‍ താരങ്ങള്‍ക്കാണു മേല്‍ക്കൈ.

കെനിയ കാലാവസ്ഥയുടെ കാര്യത്തില്‍ ഏറ്റവും പ്രാധാന്യമേറിയ കാര്യങ്ങള്‍ക്കൊപ്പം സാങ്കേതികവിദ്യയ്ക്കും പുതുമ അടിസ്ഥാനമാക്കിയുള്ള വളര്‍ച്ചയ്ക്കും പ്രാധാന്യം കല്‍പിക്കുന്നു.

പൂര്‍വ ആഫ്രിക്കന്‍ മേഖലയിലെ പ്രധാന സാമ്പത്തിക, ഗതാഗത കേന്ദ്രവുമാണ് കെനിയ. 2007ല്‍ എം-പെസ കണ്ടുപിടിക്കപ്പെട്ടത് ഈ രാഷ്ട്രത്തിലാണ്.

ഈ ആശയം കൊടുങ്കാറ്റിന്റെ വേഗത്തില്‍ ലോകം ഏറ്റെടുത്തു. ഇത് ആഗോളതലത്തില്‍ തന്നെ മൊബൈല്‍ സാമ്പത്തിക സേവനം വളര്‍ത്തുന്നതിനു നേതൃത്വം നല്‍കി- കെനിയയില്‍ മാത്രമല്ല, ലോകമൊട്ടുക്കും. സാമ്പത്തിക സംവിധാനത്തില്‍നിന്നു പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടിരുന്നവര്‍ എം-പെസയിലൂടെ മുഖ്യധാരയിലേക്കു നയിക്കപ്പെടുകയും ശാക്തീകരിക്കപ്പെടുകയും ചെയ്തുകൊണ്ടിരിക്കുകയാണ്.
ഇന്ത്യയിലും ഇതിന്റെ ഒരു പതിപ്പ് ഇപ്പോഴുണ്ട്.

പ്രിയപ്പെട്ട വിദ്യാര്‍ഥികളേ,

ഇപ്പോള്‍ കെനിയയും ഇന്ത്യയും പുരോഗതി പ്രാപിച്ചുകൊണ്ടിരിക്കുന്ന ജനാധിപത്യരാഷ്ട്രങ്ങളാണ്. സമാധാനവും ജനങ്ങളുടെ അഭിവൃദ്ധിയും കാംക്ഷിക്കുന്ന രണ്ടു രാഷ്ട്രങ്ങളാണു നമ്മുടേത്.

നാം തമ്മിലുള്ള ബന്ധമാകട്ടെ ഏറെക്കാലമായുള്ളതാണ്.

നൂറ്റാണ്ടുകളായി, വാണിജ്യത്തിന്റെയും സംസ്‌കാരത്തിന്റെയും വ്യാപാരത്തിന്റെയും പാരമ്പര്യത്തിന്റെയും ആശയങ്ങളുടെയും ആദര്‍ശങ്ങളുടെയും വിശ്വാസങ്ങളുടെയും മൂല്യങ്ങളുടെയും കണ്ണികള്‍ ഇരു രാഷ്ട്രങ്ങളിലെയും സമൂഹങ്ങളെ പരസ്പരം ബന്ധപ്പെടുത്തിയിട്ടുണ്ട്.

ഇക്കാര്യത്തില്‍ ഇന്ത്യാ മഹാസമുദ്രം ഇരു ജനതയ്ക്കും ഇടയില്‍ ഒരു ‘പാല’മായി വര്‍ത്തിച്ചിട്ടുണ്ട്.

കെനിയയില്‍ 42 ഗോത്രവര്‍ഗക്കാരുണ്ടെന്നും ഇന്ത്യന്‍ വംശജരെ നാല്‍പ്പത്തി മൂന്നാം ഗോത്രവര്‍ഗക്കാരെന്നാണു വിളിക്കുന്നതെന്നും മനസ്സിലാക്കാന്‍ സാധിച്ചു.

നിങ്ങളുടെ സമൂഹത്തിനുള്ള സമ്പന്നമായ ഘടനയ്ക്കു സമാനമായി ഊര്‍ജസ്വലമായ വൈജാത്യം ആഘോഷിക്കുന്ന ദീര്‍ഘകാല പാരമ്പര്യം ഇന്ത്യക്കുമുണ്ട്.

ജനാധിപത്യത്തിനും സ്വാതന്ത്ര്യത്തിനും തുല്യതയ്ക്കും ഒപ്പം വൈജാത്യവും ആധുനിക ഇന്ത്യയുടെ ഒരു പ്രധാന സത്തയാണ്.

സുഹൃത്തുക്കളേ,

ഇന്ത്യയില്‍നിന്ന് എത്തി ഇവിടെ കഴിയുന്നവരുമായി ഇന്നലെ വൈകിട്ട് പ്രസിഡന്റ് കെന്യാറ്റയും ഞാനും അവിസ്മരണീയമായ ഒരു കൂടിക്കാഴ്ച നടത്തിയിരുന്നു. എത്രയോ ദശാബ്ദങ്ങള്‍ക്കു മുമ്പ് കെനിയ സ്വന്തം വീടാക്കി മാറ്റിയവരാണ് അവര്‍.

കെനിയയോട് അവര്‍ക്കുള്ള സ്‌നേഹവും കൂറും പരമപ്രധാനമാണ്. നാം തമ്മിലുള്ള ബന്ധത്തെ പ്രോല്‍സാഹിപ്പിക്കുന്ന ഒരു പ്രധാന രാസത്വരകമാണ് അവര്‍.

ജനങ്ങള്‍ തമ്മില്‍ അടുത്തിടപഴകുന്നത് ആധുനിക കാലത്തും നാം തമ്മില്‍ നല്ല പങ്കാളിത്തം ഉറപ്പാക്കുന്നതിനുള്ള അടിത്തറയാണ്.

സുഹൃത്തുക്കളേ,

ഇന്ത്യയും ആഫ്രിക്കയും ചേര്‍ന്ന് ലോകത്താകമാനമുള്ള മനുഷ്യരുടെ മൂന്നിലൊന്നിനെ ഉള്‍ക്കൊള്ളുന്നു എന്നതു മറക്കരുത്. ഇതിനു വിരുദ്ധമായി മറ്റുള്ളവര്‍ പറയുമായിരിക്കാം; നമ്മെ താഴേക്കു വലിച്ചിടാന്‍ ശ്രമിക്കുന്ന പലരുമുണ്ടാവാം; എന്നാല്‍, പരസ്പരബന്ധിതമായ ലോകത്തില്‍ നാം ഒരര്‍ഥത്തിലും ന്യൂനപക്ഷമല്ലെന്ന വസ്തുത തിരിച്ചറിയണം.

നമുക്കു ദീര്‍ഘകാല പങ്കാളിത്തം കെട്ടിപ്പടുക്കേണ്ടതുണ്ട്.

അതു പഴയകാല മാതൃകകളെയോ രീതികളെയോ അടിസ്ഥാനപ്പെടുത്തി നിലകൊള്ളുന്നതാകരുത്.

അതു ജനങ്ങളെ കേന്ദ്രീകരിച്ചുള്ളതും ശാക്തീകരിക്കാന്‍ ഉദ്ദേശിച്ചുള്ളതും ആയിരിക്കണം.

ഓരോരുത്തരുടെയും സാമ്പത്തിക വളര്‍ച്ച പങ്കുവെക്കാന്‍ സാധിക്കുന്നതായിരിക്കണം.

ഇരുപത്തി ഒന്നാം നൂറ്റാണ്ടിലെ അവസരങ്ങള്‍ കൈയെത്തിപ്പിടിക്കാന്‍ പ്രാപ്തിയുള്ളതായിരിക്കണം.

നമ്മുടെ സമൂഹം സുരക്ഷിതമാക്കുന്നതിനുള്ള ശ്രമങ്ങള്‍ക്കു നേരെ ഉയരുന്ന വെല്ലുവിളികളോടു പ്രതികരിക്കാന്‍ സാധിക്കണം.

എല്ലാറ്റിനുമുപരി, മേഖലാതലത്തിലും ലോകത്താകമാനവുമുള്ള വികസ്വര രാഷ്ട്രങ്ങളുടെ കാര്യത്തിലും പൊതുനന്മയെന്ന ലക്ഷ്യം മുന്‍നിര്‍ത്തി ഉള്ളതായിരിക്കണം.

ആഫ്രിക്കയുമായിഇരുപത്തി ഒന്നാം നൂറ്റാണ്ടില്‍ നിലനിര്‍ത്താന്‍ ആഗ്രഹിക്കുന്ന ബന്ധത്തെക്കുറിച്ചുള്ള കാഴ്ചപ്പാടിന്റെ നിര്‍ണായക ഘടകമാണ് കെനിയയുമായുള്ള പങ്കാളിത്തം.

സുഹൃത്തുക്കളേ,

വളര്‍ച്ച നേടുന്ന ആഫ്രിക്കന്‍ സമ്പദ്‌വ്യവസ്ഥകളില്‍ എറ്റവും നല്ല പ്രകടനം കാഴ്ച വെക്കുന്ന രാജ്യങ്ങളില്‍ ഒന്നാണു കെനിയ.

കരുത്തുറ്റ പാരമ്പര്യമുള്ള രാഷ്ട്രമാണു നിങ്ങളുടേത്.

എത്രയോ അവസരങ്ങള്‍ ഉള്ള നാടാണു നിങ്ങളുടേത്.

ഇന്ത്യാ മഹാ സമുദ്രത്തിന് അക്കരെ, 7.6 ശതമാനം വാര്‍ഷിക വളര്‍ച്ചാ നിരക്കുമായി ഇന്ത്യയില്‍ സാമ്പത്തിക വിപ്ലവം തന്നെ ഉണ്ടായിക്കൊണ്ടിരിക്കുകയാണ്.

നാം നേരിടുന്ന വെല്ലുവിളികളുടെ ആഴവും തീവ്രതയും പരിഗണിക്കുമ്പോള്‍ ഉയര്‍ന്ന സാമ്പത്തിക വളര്‍ച്ചാ നിരക്ക് നിലനിര്‍ത്തുക മാത്രമാണു നമ്മുടെ മുന്നിലുള്ള പോംവഴി.

ഒരുമിച്ചു പ്രവര്‍ത്തിക്കാവുന്ന അവസരങ്ങള്‍ നിറഞ്ഞ ഒരു ലോകമാണ് ഇതു നമുക്കു മുന്നില്‍ തുറന്നിടുന്നത്. അതു കേവലം രാഷ്ട്രീയരംഗത്തല്ല; സാമ്പത്തിക, സാമൂഹിക, വികസന രംഗങ്ങളില്‍ കൂടിയാണ്.

എത്രയോ തലങ്ങളില്‍ കൂടിയാണ്.

മുമ്പെങ്ങുമുണ്ടായിട്ടില്ലാത്ത വിധം നാം തമ്മില്‍ ഇപ്പോള്‍ വ്യാപാരം നടക്കുന്നുണ്ട്.

കെനിയയില്‍ ഇന്ത്യന്‍ കമ്പനികള്‍ക്കുള്ള ഗണ്യമായ സാന്നിധ്യം നിമിത്തം നമ്മുടെ നിക്ഷേപസൗഹൃദം ശക്തവും വൈജാത്യം നിറഞ്ഞതും ഊര്‍ജസ്വലവുമാണ്.

ഇത് ഇരു രാഷ്ട്രങ്ങളിലും യുവാക്കള്‍ക്കു തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നു. അങ്ങോട്ടുമിങ്ങോട്ടും ഉള്ള ചരക്ക്, മൂലധന ഒഴുക്ക് വര്‍ധിക്കുന്ന സാഹചര്യത്തില്‍ വിവിധ മേഖലകളിലെ ഉല്‍പാദനം വര്‍ധിപ്പിക്കുന്നതിനു വഴികള്‍ തേടണം.

ഇതു കേവലം കെനിയയ്ക്കും ഇന്ത്യക്കും വേണ്ടിയല്ല, ആഫ്രിക്കയ്ക്കും മറ്റു മേഖലകള്‍ക്കും വേണ്ടിയാണ്.

ആരോഗ്യസംരക്ഷണമാണു പെട്ടെന്ന് ഓര്‍മ വരുന്നത്.

ഈ മേഖലയില്‍ ഇന്ത്യക്കുള്ള വൈദഗ്ധ്യം കെനിയയില്‍ സംവിധാനങ്ങളും സ്ഥാപനങ്ങളും ശേഷിയും കെട്ടിപ്പടുക്കാന്‍ സഹായകമാകും. വിദഗ്ധ ചികില്‍സാ നൈപുണ്യ മേഖലയിലെ സഹകരണം കെനിയയിലെ യുവാക്കള്‍ക്കു വളരെ ഗുണകരമാകും.

മരുന്നുല്‍പാദന രംഗത്തെ ബന്ധം മെച്ചപ്പെടുത്തുക വഴി ഔഷധമേഖലയില്‍ വര്‍ധിച്ചുവരുന്ന സഹകരണം കൂടുതല്‍ ശക്തിപ്പെടുത്താന്‍ സാധിക്കും. അതുവഴി കെനിയയ്ക്ക് ആരോഗ്യമേഖലയിലുള്ള ആവശ്യങ്ങള്‍ നിറവേറ്റാന്‍ സാധിക്കും.

്അതിനപ്പുറം, ഈ മേഖലയില്‍ത്തന്നെ ആരോഗ്യ സംരക്ഷണത്തിന് ആവശ്യമായ കാര്യങ്ങള്‍ നടപ്പാക്കാന്‍ സാധിക്കും.

കെനിയയുടെ ഭാവി ഇവിടത്തെ യുവാക്കളുടെ കൈകളിലാണ്.

സമാനമാണ് ഇന്ത്യയിലെയും സ്ഥിതി. ഭാവിയിലേക്കുള്ള ഇന്ത്യയുടെ പ്രയാണത്തിന് ഊര്‍ജം പകരുന്നത് 80 കോടി വരുന്ന യുവാക്കളാണെന്ന് അറിയണം.

അവരെ ഉദ്ദേശിച്ച്, 2022 ആകുമ്പോഴേക്കും 50 കോടി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ ദേശീയതല പ്രചരണം നടത്തിവരികയാണ്.

യുവാക്കള്‍ക്കു നെപുണ്യപരിശീലനവും വിദ്യാഭ്യാസവും പകര്‍ന്നുനല്‍കാതെ ഈ നേട്ടം കൈവരിക്കാന്‍ സാധിക്കില്ലല്ലോ.

‘സ്‌കില്‍ ഇന്ത്യ’, ‘സ്റ്റാര്‍ട്ട് അപ്’ എന്നീ പദ്ധതികള്‍ യഥാക്രമം തൊഴിലവസരം സൃഷ്ടിക്കാനും സംരംഭകത്വം പ്രോല്‍സാഹിപ്പിക്കാനുമുള്ള പദ്ധതികളാണ്.

ഞങ്ങളുടെ ശേഷിയും അനുഭവജ്ഞാനവും കഴിവുകളും കെനിയയിലെ സുഹൃത്തുക്കള്‍ക്കായി പങ്കുവെക്കാന്‍ ഞങ്ങള്‍ക്കു സന്തോഷമേ ഉള്ളൂ.
സ്ഥാപനങ്ങള്‍ കെട്ടിപ്പടുക്കുന്നതിലും ശേഷി വര്‍ധിപ്പിക്കുന്നതിലും, വിശേഷിച്ച് വിദ്യാഭ്യാസ രംഗത്ത്, നമുക്കിടയില്‍ ദൃഢമായ സഹകരണമുണ്ട്.

എന്നാല്‍ അതു പോരാ.

സഹകരണം ടെലികോം, കൃഷി, ഊര്‍ജം, വിവരസാങ്കേതികവിദ്യ തുടങ്ങിയ മേഖലകളിലേക്കു വ്യാപിപ്പിക്കുകയാണ് ഇപ്പോഴത്തെ ആവശ്യം.

നമ്മുടെ സമ്പദ്‌വ്യവസ്ഥകളെ ആധുനികവല്‍ക്കരിക്കുകയും ഉത്തേജിപ്പിക്കുകയും മാത്രമല്ല, തൊഴില്‍നൈപുണ്യം നേടിയ യുവാക്കള്‍ക്കു തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്ന മേഖലകളില്‍ സഹകരിക്കുകയും ചെയ്യേണ്ടത് അനിവാര്യമാണ്.

വികസന കാര്യത്തില്‍ നമ്മുടെ പ്രശ്‌നങ്ങള്‍ സമാനമല്ല.

ചെലവു കുറഞ്ഞ സാങ്കേതികവിദ്യ ലഭ്യമാക്കാനുള്ള ശേഷി പരസ്പരം ലഭ്യമാക്കാന്‍ നമുക്കു സാധിക്കും.
ചെറിയ രീതിയില്‍ പരീക്ഷിക്കപ്പെട്ട ആശയം സമൂഹത്തില്‍നിന്നു മാറ്റിനിര്‍ത്തപ്പെട്ടവരുടെ ജീവിതങ്ങള്‍ മെച്ചമാര്‍ന്നതാക്കാന്‍ എങ്ങനെ സഹായകമാകുമെന്ന് എം-പെസ കാണിച്ചുതന്നു.

നമ്മുടെ സമ്പദ്‌വ്യവസ്ഥകള്‍ വളരുകയും പങ്കാളിത്തം സജീവമാകുകയും ചെയ്യുമ്പോള്‍ പരിസ്ഥിതിക്കു കോട്ടം തട്ടുന്നില്ലെന്ന് ഉറപ്പുവരുത്തേണ്ട ഉത്തരവാദിത്തം നമുക്കുണ്ട്.

നമുക്കുള്ള പൊതുമൂല്യം ഭൂമാതാവിനോടുള്ള ആദരവാണ്.

നോബല്‍ സമ്മാനജേത്രി വാംഗരി മാതൈ ഇതു ഭംഗിയായി കുറിച്ചിട്ടുണ്ട്.

അവര്‍ പറഞ്ഞതു ഞാന്‍ ഉദ്ധരിക്കാം: ‘പരിസ്ഥിതിയെ നശിപ്പിക്കാത്ത വികസനം വേണം നാം പ്രോല്‍സാഹിപ്പിക്കാന്‍.’

ഹരിതാഭമായ ആഫ്രിക്കക്കായി പങ്കാളിത്തം ഉറപ്പാക്കാനായി പ്രകൃതിയുമായി ഇഴുകിച്ചേര്‍ന്നു ജീവിക്കുകയെന്ന നമ്മുടെ പൊതുപാരമ്പര്യം വളരെ സഹായകമാണ്.

ഈ പങ്കാളിത്തം കൂടുതല്‍ സാമ്പത്തിക അവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യും.

രാജ്യാന്തര സൗരോര്‍ജ സഖ്യം കെട്ടിപ്പടുക്കുന്നതിന് ഇന്ത്യയെ സത്യത്തില്‍ പ്രേരിപ്പിച്ച പ്രധാന ഘടകം നമ്മുടെ പരിസ്ഥിതി സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയാണ്.

എല്ലാ കാലത്തും പുനരുപയോഗിക്കാവുന്ന ഊര്‍ജസ്രോതസ്സായി സൂര്യനെ ഉപയോഗപ്പെടുത്തുകയാണു ലക്ഷ്യം.

120 രാഷ്ട്രങ്ങള്‍ പങ്കാളികളായുള്ള ഈ സഖ്യം കെനിയയുമായുള്ള ബന്ധത്തിലും പുതു സാധ്യതകള്‍ തുറന്നിടുന്നു.

അതുപോലെ തന്നെ, ഇന്ത്യയുടെ പുരാതന സംസ്‌കാരത്തില്‍ പെടുന്ന യോഗ പ്രകൃതിയോടു താദാത്മ്യം പ്രാപിച്ചുകൊണ്ടുള്ള സമഗ്ര ജീവിതത്തെ പ്രതിനിധാനം ചെയ്യുന്നു.

രാജ്യാന്തര യോഗ ദിനമായ ജൂണ്‍ 19ന് നെയ്‌റോബി സര്‍വകലാശാലയില്‍ നടന്ന ആഘോഷത്തില്‍ ഏഴായിരത്തിലേറെ യോഗ പ്രചാരകര്‍ പങ്കെടുത്തു എന്നറിയുന്നതില്‍ എനിക്കു സന്തോഷമുണ്ട്.

സുഹൃത്തുക്കളേ,

സാമ്പത്തിക ലക്ഷ്യം നേടിയെടുക്കുന്നതിനായുള്ള ഉറച്ച കാല്‍വെയ്പുകള്‍ക്കു തീര്‍ച്ചയായും പ്രാധാന്യം കല്‍പിക്കണം.

പക്ഷേ, ജനങ്ങളുടെ സുരക്ഷയ്ക്കു നേരെ കണ്ണടയ്ക്കാന്‍ സാധിക്കില്ല താനും.

നമ്മുടെ സമൂഹങ്ങളും ജനങ്ങളും സുരക്ഷിതരാണെങ്കില്‍ സാമ്പത്തിക അഭിവൃദ്ധിയും സാമൂഹിക വികസനവും കൂടുതല്‍ അര്‍ഥവത്താകും.

കഴിഞ്ഞ ഒക്ടോബറില്‍ ഡെല്‍ഹിയില്‍വെച്ചു പ്രസിഡന്റ് ഉഹുറു പറഞ്ഞതുപോലെ തീവ്രവാദമെന്നത് ‘അതിരുകളില്ലാത്തതും മതമില്ലാത്തതും വംശമില്ലാത്തതും മൂല്യമില്ലാത്തതുമായ ഒരു വിപത്താണ്’.
ശത്രുതയുടെയും ഹിംസയുടെയും പ്രചാരകര്‍ നമ്മുടെ സമൂഹത്തിന്റെ സുരക്ഷയെ ഭീഷണിപ്പെടുത്തുന്ന ലോകത്തിലാണു നാം ജീവിക്കുന്നതെന്നതില്‍ സംശയമില്ല.

തീവ്ര ആശയങ്ങള്‍ പ്രചരിപ്പിക്കുന്നവരെ കരുതിയിരിക്കാന്‍ ആഫ്രിക്കന്‍ സമൂഹത്തിലെ അംഗങ്ങള്‍ എന്ന നിലയിലും കെനിയയിലെ ജീവസ്സുറ്റ പൗരന്‍മാരെന്ന നിലയിലും നിങ്ങള്‍ക്കു സാധിക്കണം.

തീവ്രവാദത്തിനു തണലേകുകയും അതിനെ രാഷ്ട്രീയ ആയുധമായി ഉപയോഗപ്പെടുത്തുകയും ചെയ്യുന്നവരെ അപലപിക്കാന്‍ തയ്യാറാകുകയും വേണം.

തീവ്രവാദ ആശയങ്ങള്‍ക്കു മറുമരുന്നു കണ്ടെത്തുന്നതില്‍ യുവാക്കള്‍ക്കു പ്രധാനപ്പെട്ട പങ്കു വഹിക്കാന്‍ സാധിക്കും.

കുട്ടികളേ,

സമുദ്രമാര്‍ഗം വ്യാപാരം നടത്തുന്ന രാഷ്ട്രങ്ങളായതിനാലും ഇന്ത്യന്‍ ഓഷ്യന്‍ റിം അസോസിയേഷന്‍ അംഗങ്ങളായതിനാലും കടല്‍മാര്‍ഗം ഉണ്ടാകാനിടയുള്ള ഭീഷണികളെ നമുക്കു തടയേണ്ടതുണ്ട്.

കടല്‍മാര്‍ഗമുള്ള വ്യാപാരത്തിനു കടല്‍ക്കൊള്ള ഭീഷണി ഉയര്‍ത്തുന്നില്ലെന്നും എല്ലാവര്‍ക്കും കടല്‍മാര്‍ഗം സഞ്ചരിക്കാനുള്ള സ്വാതന്ത്ര്യമുണ്ടെന്നും ഉറപ്പു വരുത്തുകയും വേണം.

കെനിയയിലേക്കുള്ള വഴിയില്‍ ഞാന്‍ മൊസാംബിക്കും ദക്ഷിണാഫ്രിക്കയും ടാന്‍സാനിയയും സന്ദര്‍ശിച്ചിരുന്നു.

സഹസ്രാബ്ദങ്ങളായി ആഫ്രിക്കയുടെ കിഴക്കന്‍ തീര പ്രദേശങ്ങള്‍ക്ക് ഇന്ത്യയുമായി നല്ല നാവികബന്ധമുണ്ട്.

എന്നാല്‍ ഇന്ന് അതേ കിഴക്കന്‍ തീരം സങ്കീര്‍ണമായ സുരക്ഷാ വെല്ലുവിളികള്‍ നേരിടുകയാണ്.

നാവിക മേഖലയുടെയും തീരപ്രദേശത്തിന്റെയും സുരക്ഷ ഉറപ്പാക്കാന്‍ ഇരു രാഷ്ട്രങ്ങള്‍ തമ്മിലുള്ള ബന്ധം കൂടുതല്‍ മെച്ചപ്പെടുത്തേണ്ടതുണ്ട്.

പ്രിയപ്പെട്ട വിദ്യാര്‍ഥികളേ,

ഇതു പരസ്പര ആശ്രിതത്വത്തിന്റെ കാലഘട്ടമാണ്.

സാധ്യതകള്‍ വര്‍ധിക്കുകയും വെല്ലുവിളികള്‍ സങ്കീര്‍ണമായിത്തീരുകയും ചെയ്യുന്ന ഇന്നത്തെ ലോകത്തിന്റെ ഭാവി രൂപപ്പെടുത്തേണ്ടതു നിങ്ങളാണ്.

ഈ മഹത്തായ രാജ്യത്തിന്റെ ഭാവിയും രൂപപ്പെടുത്തേണ്ടതു നിങ്ങള്‍ തന്നെ.

അഭിവൃദ്ധിയുള്ള കെനിയയും കരുത്തുറ്റ ആഫ്രിക്കയുമാണു നിങ്ങളുടെ ഭാവി നിര്‍ണയിക്കുക.
അതു നിങ്ങളില്‍നിന്ന് ആരും തട്ടിയെടുക്കാതിരിക്കട്ടെ.

ലക്ഷ്യപ്രാപ്തിക്കായി പ്രവര്‍ത്തിക്കുമ്പോള്‍ രാഷ്ട്രനിര്‍മാണം ഒരിക്കലും പൂര്‍ത്തിയാകാത്ത പ്രവര്‍ത്തനം ആണെന്നോര്‍ക്കണം.

നിങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ മറ്റുള്ളവരെ വലിയ ലക്ഷ്യത്തിലേക്കും വലിയ സ്വപ്‌നങ്ങളിലേക്കും കൂടുതല്‍ കാര്യങ്ങള്‍ ചെയ്യുന്നതിലേക്കും നയിക്കട്ടെ.

ഐക്യത്തോടെ കഠിനാധ്വാനം ചെയ്യുക, അധ്വാനത്തിന്റെ ഫലം തീര്‍ച്ചയായും ലഭിക്കും എന്നര്‍ഥം വരുന്ന ‘യൂനിറ്റാറ്റ് എറ്റ് ലബോര്‍’ എന്ന നിങ്ങളുടെ ആപ്തവാക്യം തന്നെ എല്ലാം വ്യക്തമാക്കുന്നുണ്ട്.

ലക്ഷ്യത്തിലേക്കു നിങ്ങള്‍ നടന്നടുക്കുന്ന ഘട്ടത്തില്‍ വിശ്വസിക്കാവുന്ന പങ്കാളിയാണ് ഇന്ത്യയെന്നു നിങ്ങള്‍ തിരിച്ചറിയും.

നിങ്ങളുടെ വിജയത്തില്‍ ആഹ്ലാദിക്കുകയും എപ്പോഴും സഹായഹസ്തവുമായി ഒപ്പം നില്‍ക്കുകയും ആവശ്യമുള്ളപ്പോഴൊക്കെ കൂടെ നില്‍ക്കുകയും ചെയ്യുന്ന പങ്കാളി.

നിങ്ങളോടു സംസാരിക്കാന്‍ സാധിച്ചത് ഒരു അംഗീകാരമാണ്.

എനിക്ക് നെയ്‌റോബി സര്‍വകലാശാലയോടും അധ്യാപകരോടും കെനിയയുടെ ഭാവി നിര്‍ണയിക്കേണ്ട വിദ്യാര്‍ഥികളോടും നന്ദിയുണ്ട്.

അസന്തേ സന. നമസ്‌കാരം.

വളരെ നന്ദി.