ദേശീയ പോഷകാഹാര ദൗത്യം (നാഷണല്‍ ന്യൂട്രീഷന്‍ മിഷന്-എന്‍.എന്‍.എം) രൂപവല്‍ക്കരിക്കുന്നതിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയില്‍ ഇന്നലെ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം അനുമതി നല്കി. 2017-18 വര്‍ഷത്തില്‍ ആരംഭിക്കുന്ന ദൗത്യത്തിന് മൂന്നുവര്‍ഷത്തേക്ക് 9046.17 കോടി രൂപയുടെ ബജറ്റ് വിഹിതമാണ് നീക്കിവച്ചിട്ടുള്ളത്.
സവിശേഷതകള്‍ :
1. വിവിധ മന്ത്രാലയങ്ങളുടെ നേതൃത്വത്തില്‍ നടക്കുന്ന പോഷകാഹാര സംബന്ധിയായ പ്രവര്‍ത്തനങ്ങളില്‍ ഇടപെട്ട് വേണ്ട നിര്‍ദ്ദേശങ്ങള്‍ നല്‍കുക, ലക്ഷ്യം നിശ്ചയിക്കുക, നിരീക്ഷിക്കുക, മേല്‍നോട്ടം നടത്തുക തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ഒരു കേന്ദ്ര സംവിധാനമാണ് എന്‍.എന്‍.എം.
2. പ്രധാനനിര്ദ്ദേശങ്ങളില് താഴെപ്പറയുന്നവ ഉള്‍പ്പെടും :
– പോഷകാഹാരകുറവ് പരിഹരിക്കുന്നതിനുള്ള വിവിധ പദ്ധതികള്‍ക്ക് രൂപം നല്‍കുക.
– സംയോജിതമായ കരുത്തുറ്റ ഒരു സംവിധാനം കൊണ്ട് വരിക.
– വിവര സാങ്കേതിവിദ്യയുടെ സഹായത്തോടെ തല്‍സമയ നിരീക്ഷണ സംവിധാനം
– സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണപ്രദേശങ്ങള്‍ക്കും ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിന് വേണ്ട പ്രോത്സാഹന സഹായം നല്‍കുക.
– ഐ.ടി അധിഷ്ഠിത സമ്പ്രദായങ്ങള്‍ ഉപയോഗിക്കുന്നതിന് അങ്കണവാടി ജീവനക്കാര്‍ക്ക് വേണ്ട പ്രോത്സാഹനസഹായങ്ങള് നല്‍കുക.
– അങ്കണവാടി ജീവനക്കാര്‍ക്കിടയിലെ രജിസ്റ്റര്‍ ഉപയോഗം ഇല്ലാതാക്കുക.
– അങ്കണവാടി കേന്ദ്രങ്ങളില്‍ കുട്ടികളുടെ ഉയരം അളക്കുന്നത് ആരംഭിക്കുക.
– സാമൂഹിക ഓഡിറ്റ്.
– ബഹുജന പങ്കാളത്തിത്തോടെ പോഷകാഹാരം ലഭ്യമാക്കുന്നതിന് വേണ്ട വിവിധ കര്‍മ്മപദ്ധതികളോടെ പോഷകാഹാര വിഭവ കേന്ദ്രങ്ങള്‍ ആരംഭിക്കുക.
പ്രധാനപ്പെട്ട ഫലങ്ങള്‍
വളര്ച്ചാകുറവിന്റെ നിരക്ക് കുറയ്ക്കുക, ഒപ്പം പോഷകാഹാരകുറവ്, വിളര്‍ച്ച, കുട്ടികള്‍ ജനിക്കുമ്പോഴുള്ള ഭാരക്കുറവ് തുടങ്ങിയവ ഇല്ലാതാക്കുന്നതിനുള്ള ലക്ഷ്യങ്ങള്‍ നേടിയെടുക്കാന്‍ ഈ പരിപാടിയിലൂടെ പരിശ്രമിക്കുക. ഇത് കൂട്ടായ പ്രവര്‍ത്തനം സൃഷ്ടിക്കുകയും മികച്ച നിരീക്ഷണ സംവിധാനം ഉറപ്പാക്കുകയും സമയോചിതമായ പ്രവര്‍ത്തനത്തിന് വേണ്ട ജാഗ്രതാനിര്‍ദ്ദേശം നല്‍കുകയും ഒപ്പം സംസ്ഥാനങ്ങളേയൂം കേന്ദ്ര ഭരണപ്രദേശങ്ങളേയും ശരിയായ പ്രകടനത്തിന് പ്രോത്സാഹിപ്പിക്കുകയും, ഇവര്‍ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിന് വേണ്ട മാര്‍ഗ്ഗനിര്‍ദ്ദേശവും ബന്ധപ്പെട്ട മന്ത്രാലയങ്ങളുടെ നിരീക്ഷണം ഉറപ്പാക്കുകയും ചെയ്യും.
ആനുകൂല്യങ്ങളും പരിധിയും :
ഈ പരിപാടികൊണ്ട് പത്തുകോടിയിലധികം പേര്‍ക്ക് പ്രയോജനമുണ്ടാകും. എല്ലാ ജില്ലകളും സംസ്ഥാനങ്ങളും ഘട്ടംഘട്ടമായി ഇതില്‍ ഉള്‍പ്പെടും. അതായത് 2017-18ല്‍ 315 ജില്ലകളും, 2018-19ല്‍ 235 ജില്ലകളും 2019-2020ല്‍ ബാക്കിയുള്ള ജില്ലകളും പദ്ധതിയുടെ ഭാഗമാകും.
സാമ്പത്തിക വകയിരുത്തല്‍
2017-18 മുതല്‍ മൂന്നുവര്‍ഷത്തേക്ക് 9046.17 കോടി രൂപ പദ്ധതിക്കായി വിനിയോഗിക്കും. ഇതില്‍ 50 ശതമാനം ഗവണ്മെന്റിന്റെ ബജറ്റ് വിഹിതവും 50 ശതമാനം പുനര്‍ നിര്‍മ്മാണത്തിനും വികസനത്തിനുമായുള്ള ബാങ്ക് (ഐ.ഡി.ആര്.ഡി) അല്ലെങ്കില്‍ മള്‍ട്ടിലാറ്ററല്‍ ഡെവലപ്മെന്റ് ബാങ്ക് (എം.ഡി.ബി.) വിഹിതവുമായിരിക്കും. ഗവണ്മെന്റിന്റെ ബജറ്റ് വിഹിതം കേന്ദ്ര-സംസ്ഥാന/ കേന്ദ്ര ഭരണപ്രദേശ ഗവണ്മെന്റുകള് തമ്മില്‍ 60:40 അനുപാതത്തിലായിരിക്കും. വടക്ക് കിഴക്കന്‍, ഹിമായലന്‍ സംസ്ഥാനങ്ങള്‍ എന്നിവയില്‍ ഇത് 90:10 എന്ന അനുപാതത്തിലും, നിയമസഭകളില്ലാത്ത കേന്ദ്രഭരണപ്രദേശങ്ങളില്‍ ഇത് 100 ശതമാനവുമായിരിക്കും. അടുത്ത മൂന്നുവര്‍ഷത്തേക്ക് കേന്ദ്ര ഗവണ്മെന്റിന്റെ വിഹിതം 2849.54 കോടി രൂപയായിരിക്കും.
നടപ്പാക്കല്‍ തന്ത്രവും ലക്ഷ്യവും:
വളരെ കാര്യക്ഷമമായ നിരീക്ഷണത്തിലൂടെയും താഴേത്തട്ടുവരെ സംയോജിത കര്‍മ്മപദ്ധതിയുമാണ് ഇതിന്റെ നടപ്പാക്കല്‍ തന്ത്രം. 2017-18 മുതല്‍ 2019-20 വരെ മൂന്ന് ഘട്ടമായിട്ടായിരിക്കും ദേശീയ പോഷകാഹാര ദൗത്യം നടപ്പാകുന്നത്. വളര്‍ച്ചാമുരടിപ്പ്, പോഷകാഹാരകുറവ്, വിളര്‍ച്ച (ചെറുകുട്ടികളിലും സ്ത്രീകളിലും കൗമാരക്കാരായ പെണ്‍കുട്ടികളിലും) ഭാരംകുറഞ്ഞ കുട്ടികളെ പ്രസവിക്കല്‍ എന്നിവ പ്രതിവര്‍ഷം യഥാക്രമം 2%, 2%, 3%, 2% കുറയ്ക്കുകയുമാണ് ലക്ഷ്യം. വളര്‍ച്ചാമുരടിപ്പ് പ്രതിവര്‍ഷം രണ്ട് ശതമാനം കുറയ്ക്കുകയാണ് ലക്ഷ്യമാക്കുന്നതെങ്കിലും 2022ല്‍ (2022ലെ മിഷന് 25-ല്‍) എത്തുമ്പോള്‍ വളര്‍ച്ചാമുരടിപ്പ് 38.4 ശതമാനത്തില്‍ നിന്നും 25 ശതമാനമായി കുറയ്ക്കുകയെന്ന ലക്ഷ്യം കൈവരിക്കാനുള്ള പരിശ്രമമായിരിക്കും നടത്തുക.
പശ്ചാത്തലം :
കുട്ടികള്‍ (0-6 വയസുവരെ), ഗര്‍ഭിണികള്‍, മുലയൂട്ടുന്ന അമ്മമാര്‍ എന്നിവരുടെ പോഷകാഹാരാവസ്ഥയെ പ്രത്യക്ഷമായും പരോക്ഷമായും ബാധിക്കുന്ന നിരവധി പദ്ധതികളുണ്ട്. ഇതൊക്കെയുണ്ടെങ്കിലും പോഷകാഹാരകുറവും ബന്ധപ്പെട്ട പ്രശ്നങ്ങളും രാജ്യത്ത് കുടുതലുമാണ്. പദ്ധതികള്‍ക്ക് ഒരു പഞ്ഞവുമില്ലെങ്കിലും അവയൊക്കെ സംയോജിപ്പിച്ച് പൊതുലക്ഷ്യം നേടുന്നതിനുള്ള കൂട്ടായ പ്രവര്‍ത്തനമാണ് ഇല്ലാത്തത്. ദേശീയ പോഷകാരോഗ്യ ദൗത്യത്തിലൂടെ കരുത്തുറ്റതും സംയോജിതവുമായ ഒരു സംവിധാനവും മറ്റ് ഘടകങ്ങളും കൂടി വരുമ്പോള്‍ കൂട്ടായ പരിശ്രമം സൃഷ്ടിക്കാന്‍ കഴിയും.