Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ദേശീയ ജന്തുരോഗ നിയന്ത്രണ പദ്ധതിയും ദേശീയ കൃത്രിമ ബീജാധാന പദ്ധതിയും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു


കന്നുകാലികളിലെ കുളമ്പുരോഗവും ബ്രൂസെല്ലോസിസും നിയന്ത്രിക്കാനും നിര്‍മാര്‍ജനം ചെയ്യാനുമുള്ള ദേശീയ ജന്തുരോഗ നിയന്ത്രണ പദ്ധതി (എന്‍.എ.സി.ഡി.പി.) മഥുരയില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു.

12,652 കോടിയുടെ പദ്ധതിക്കുള്ള മുഴുവന്‍ പണവും കേന്ദ്ര ഗവണ്‍മെന്റിന്റേതാണ്. രണ്ടു രോഗങ്ങളും കുറച്ചുകൊണ്ടുവരുന്നതിനായി രാജ്യത്തെ 60 കോടി കന്നുകാലികള്‍ക്കു പ്രതിരോധ കുത്തിവെപ്പു നല്‍കും.

ദേശീയ കൃത്രിമ ബീജാധാന പദ്ധതിയും പ്രതിരോധ കുത്തിവെപ്പ്, രോഗ പരിപാലനം, കൃത്രിമ ബീജാധാനം, ഉല്‍പാദനക്ഷമത എന്നീ വിഷയങ്ങളില്‍ രാജ്യത്തെ 687 ജില്ലകളിലെ കൃഷി വിജ്ഞാന കേന്ദ്രങ്ങളില്‍ നടത്തുന്ന ശില്‍പശാലയും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു.

ചടങ്ങിനെത്തിയ വലിയ ആള്‍ക്കൂട്ടത്തെ അഭിസംബോധന ചെയ്തുകൊണ്ടു പ്രധാനമന്ത്രി പറഞ്ഞു: ‘പരിസ്ഥിതിയും കന്നുകാലിയും എന്നും ഇന്ത്യയുടെ ധനചിന്തയുടെയും തത്വശാസ്ത്രത്തിന്റെയും കേന്ദ്ര സ്ഥാനത്തുണ്ട്. അതിനാല്‍ത്തന്നെ, സ്വച്ഛ് ഭാരതായാലും ജല്‍ ജീവന്‍ മിഷനായാലും കൃഷിയും മൃഗസംരക്ഷണവും പ്രോല്‍സാഹിപ്പിക്കുന്നതായാലും പ്രകൃതിയും സമ്പദ്‌വ്യവസ്ഥയും തമ്മിലുള്ള സന്തുലനം പാലിക്കാന്‍ നാം എപ്പോഴും ശ്രമിക്കാറുണ്ട്. ഇതാണു ശക്തമായ നവ ഇന്ത്യ നിര്‍മിക്കുന്നതിനു നമ്മെ പ്രാപ്തമാക്കുന്നത്.’

ഒറ്റത്തവണ മാത്രം ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്കിന്റെ ഉപയോഗം കുറച്ചുകൊണ്ടുവരുക എന്ന ലക്ഷ്യത്തോടെ സ്വച്ഛതാ ഹീ സേവ പദ്ധതിയും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു.

‘ഈ വര്‍ഷം ഒക്ടോബര്‍ രണ്ട് ആകുമ്പോഴേക്കും നമ്മുടെ വീടുകളും തൊഴിലിടങ്ങളും ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ഇല്ലാത്ത ഇടങ്ങളാക്കി മാറ്റാന്‍ നാം ശ്രമിക്കണം’.

‘എല്ലാ സ്വാശ്രയ സംഘങ്ങളോടും പൗരസമൂഹത്തോടും സര്‍ക്കാരിതര സംഘടനകളോടും യുവ സംഘടനകളോടും കോളജുകളോടും സ്‌കൂളുകളോടും എല്ലാ ഗവണ്‍മെന്റ്, സ്വകാര്യ സംഘടനകളോടും എല്ലാ വ്യക്തികളോടും ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്കിനെതിരെയുള്ള പ്രചരണത്തില്‍ പങ്കുചേരണമെന്ന് അഭ്യര്‍ഥിക്കുന്നു.’

‘പോളിത്തീന്‍ ബാഗുകള്‍ക്കു പകരമായി വിലകുറഞ്ഞതും എളുപ്പമേറിയതുമായ പകരം സംവിധാനത്തെക്കുറിച്ച് ആലോചിക്കണം. നമ്മുടെ സ്റ്റാര്‍ട്ടപ്പുകള്‍ വഴി പല പരിഹാരങ്ങളും കണ്ടെത്താന്‍ സാധിക്കും.’

കന്നുകാലികളുടെ ആരോഗ്യവും പോഷണവും ക്ഷീരകൃഷിയും സംബന്ധിച്ച പല പദ്ധതികളും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു.

‘കന്നുകാലി സംരക്ഷണത്തിനും അനുബന്ധ പ്രവര്‍ത്തനങ്ങള്‍ക്കും കര്‍ഷകരുടെ വരുമാനം വര്‍ധിപ്പിക്കുന്നതില്‍ ഏറെ സംഭാവനകള്‍ നല്‍കാന്‍ സാധിക്കും. മൃഗസംരക്ഷണം, മല്‍സ്യക്കൃഷി, തേനീച്ച വളര്‍ത്തല്‍ തുടങ്ങിയവ കൂടുതല്‍ ആദായകരമാണ്.’

‘കഴിഞ്ഞ അഞ്ചു വര്‍ഷമായി കൃഷിയോടും അനുബന്ധ പ്രവര്‍ത്തനങ്ങളോടും നാം പുതിയ സമീപനം പുലര്‍ത്തിവരികയാണ്. കന്നുകാലികളുടെയും ക്ഷീരോല്‍പന്നങ്ങളുടെയും മേന്‍മ വര്‍ധിപ്പിക്കാനും ഈ രംഗത്തു വൈവിധ്യവല്‍ക്കരണം സാധ്യമാക്കാനും ആവശ്യമായ നടപടികള്‍ നാം കൈക്കൊണ്ടിട്ടുണ്ട്.’

പച്ചിലത്തീറ്റയും പോഷകാഹാരവും കന്നുകാലികള്‍ക്കു സ്ഥിരമായി ലഭ്യമാക്കാന്‍ വഴി കണ്ടെത്തേണ്ടിയിരിക്കുന്നു’.

‘ക്ഷീരമേഖല ഇന്ത്യയില്‍ വികസിപ്പിക്കാന്‍ നൂതനാശയവും നൂതന സാങ്കേതിക വിദ്യയുമാണ് ഇപ്പോള്‍ ആവശ്യം. ‘സ്റ്റാര്‍ട്ടപ്പ് ബ്രാന്‍ഡ് ചാലഞ്ച്’ ആരംഭിച്ച സാഹചര്യത്തില്‍ ഇത്തരം നവീന ആശയങ്ങള്‍ ഗ്രാമപ്രദേശങ്ങളില്‍ ജന്‍മമെടുക്കുമെന്നു പ്രതീക്ഷിക്കാം.’

‘നിങ്ങളുടെ ആശയങ്ങള്‍ക്കു ഗൗരവം കല്‍പിക്കുമെന്നും അവ യാഥാര്‍ഥ്യമാക്കാന്‍ നിക്ഷേപം ലഭ്യമാക്കാന്‍ ഗൗരവമേറിയ നീക്കങ്ങള്‍ ഉണ്ടാകുമെന്നും യുവ സുഹൃത്തുക്കള്‍ക്ക് ഉറപ്പുനല്‍കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഇതു കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും.’