Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ദേശീയ ചണ ഉല്‍പ്പാദന കോര്‍പ്പറേഷനും അതിന്റെ അനുബന്ധ സ്ഥാപനമായ ബേര്‍ഡ്‌സ് ജൂട്ട് ആന്റ് എക്‌പോര്‍ട്ട്‌സ് ലിമിറ്റഡും അടച്ചുപൂട്ടുന്നതിന് മന്ത്രിസഭയുടെ അംഗീകാരം


ദേശീയ ചണ ഉല്‍പ്പാദന (നാഷണല്‍ ജൂട്ട് മാനുഫാക്ചറേഴ്‌സ്- എന്‍.ജെ.എം.സി ) കോര്‍പ്പറേഷന്‍ ലിമിറ്റഡും അതിന്റെ ഉപസ്ഥാപനമായ ബേര്‍ഡ്‌സ് ജൂട്ട് ആന്റ് എക്‌പോര്‍ട്ട്‌സ് ലിമിറ്റഡും (ബി.ജെ.ഇ.എല്‍) അടച്ചുപൂട്ടുന്നതിന് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം അനുമതി നല്‍കി.

അടച്ചുപൂട്ടുന്നതിനുള്ള നടപടിക്രമങ്ങള്‍ :

1. സ്ഥാവര സ്വത്തുക്കളുടെയും ഇപ്പോഴത്തെ സ്വത്തുകളുടെയും നീക്കംചെയ്യല്‍ 2018 ജൂണ്‍ 14-നുള്ള കേന്ദ്ര പൊതുമേഖലാ സംരംഭങ്ങള്‍ക്കായുള്ള മന്ത്രാലയത്തിന്റെ (ഡി.പി.ഇ) മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ചാകണം. സ്വത്തുക്കള്‍ വിറ്റുകിട്ടുന്ന തുകയില്‍ നിന്നും കടങ്ങള്‍ തീര്‍ത്തശേഷമുള്ളത് പൊതുഖജനാവില്‍ നിക്ഷേപിക്കണം.

2. 2018 ജൂണ്‍ 14 -ലെ കേന്ദ്ര മാര്‍ഗ്ഗനിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തില്‍ സ്വത്തുക്കള്‍ നീക്കംചെയ്യുന്നതിന് ഒരു ലാന്‍ഡ് മാനേജ്‌മെന്റ് ഏജന്‍സി (എല്‍.എം.എ)യെ ചുമതലപ്പെടുത്തും. സ്വത്തുക്കള്‍ തീര്‍പ്പാക്കുന്നതിന് മുമ്പ് ഡി.പി.ഇയുടെ മാര്‍ഗ്ഗനിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തില്‍ സ്വത്തുക്കളുടെ ശരിയായ പരിശോധന നടത്തണമെന്ന് എല്‍.എം.എക്ക് നിര്‍ദ്ദേശം നല്‍കും.

3. ബി.ജെ.ഇ.എല്ലിന്റെ ഏതെങ്കിലും ഭൂമിയോ, കെട്ടിടമോ തങ്ങളുടേയോ, ഏതെങ്കിലും കേന്ദ്ര പൊതുമേഖലാ സ്ഥാപനത്തിനോ ഉപയോഗിക്കാന്‍ വേണമെന്ന ഒരു നിര്‍ദ്ദേശവും ടെക്‌സ്‌റ്റൈല്‍സ് മന്ത്രാലയം ഇതുവരെ നല്‍കിയിട്ടില്ല. വേണമെങ്കില്‍ അത് ലാന്‍ഡ് മാനേജ്‌മെന്റ് ഏജന്‍സിയെ മുന്‍കൂട്ടി അറിയിക്കണം.

ഗുണഫലങ്ങള്‍ :

നഷ്ടത്തിലായിരിക്കുന്ന ഈ രണ്ടു കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളും പ്രവര്‍ത്തിപ്പിക്കുന്നതിനും അവ നടത്തികൊണ്ടുപോകുന്നതിനും വര്‍ഷാവര്‍ഷം പൊതു ഖജനാവിന് ഉണ്ടാകുന്ന ചെലവ് കുറയ്ക്കുന്നതിന് ഇത് ഗുണകരമാകും. ഈ നിര്‍ദ്ദേശത്തിലൂടെ നഷ്ടമുണ്ടാക്കുന്ന കമ്പനികളെ അടച്ചുപൂട്ടുന്നതിനും അതിന്റെ വിലപ്പെട്ട സ്വത്തുക്കള്‍ ഉല്‍പ്പാദനാവശ്യങ്ങള്‍ക്കായോ, അല്ലെങ്കില്‍ വികസനപ്രവര്‍ത്തനങ്ങള്‍ക്ക് വിഭവങ്ങള്‍ കണ്ടെത്തുന്നതിനോ സഹായകരമാകും.

രണ്ടു കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളില്‍ നിന്നും ലഭിക്കുന്ന ഭൂമി പൊതു ആവശ്യത്തിനോ അല്ലെങ്കില്‍ സമൂഹത്തിന്റെ പൊതുവായ വികസനത്തിന് വേണ്ട മറ്റ് ഗവണ്‍മെന്റ് ആവശ്യങ്ങള്‍ക്കോ ഉപയോഗിക്കാം.

പശ്ചാത്തലം :

1. നിരവധി വര്‍ഷങ്ങളായി നഷ്ടമുണ്ടാക്കുന്ന സ്ഥാപനമാണ് എന്‍.ജെ.എം.സി, 1993-ല്‍ തന്നെ ബി.ഐ.എഫ്.ആറിന്റെ പരിഗണനയിലുമായിരുന്നു ഇത്. വിവിധ സംസ്ഥാന ഗവണ്‍മെന്റുകള്‍ ഭക്ഷ്യധാന്യം പാക്ക് ചെയ്യുന്നതിന് ഉപയോഗിച്ചിരുന്ന പരുക്കന്‍ ചാക്കുകളായിരുന്നു കമ്പനിയുടെ പ്രധാനപ്പെട്ട ഉല്‍പ്പന്നം. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി പരുക്കന്‍ ചാക്കുകള്‍ക്കുളള ആവശ്യങ്ങള്‍ ഇല്ലാതായികൊണ്ടിരിക്കുകയായിരുന്നു, ആ സാഹചര്യത്തില്‍ കമ്പനി ഇനി ഒരുകാരണവശാലും ലാഭകരമായി മുന്നോട്ടുകൊണ്ടുപോകാനാവില്ലെന്ന് കണ്ടെത്തിയിട്ടുണ്ട്.

2. കരാര്‍ എടുത്ത വ്യക്തി കാര്യക്ഷമമായി അത് നടപ്പാക്കാത്തതുകൊണ്ടും പ്രാദേശിക തൊഴിലാളികളുമായുള്ള പ്രശ്‌നങ്ങള്‍ മൂലവും എന്‍.ജെ.എം.സിയുടെ കീഴിലുള്ള ടിറ്റിഗ്രാമിലുള്ള കിന്നിസണ്‍ മില്‍, ഖാര്‍ദ്രായിലുള്ള ഖാദ്രാമില്‍, കത്തിഹാറിലുള്ള ആര്‍.ബി.എച്ച്.എം. മില്‍ എന്നിവയുടെ പുനരുദ്ധാരണ നിര്‍ദ്ദേശവും 2016 ഓസഗറ്റ് മുതല്‍ തടഞ്ഞുവച്ചിരിക്കുകയാണ്. (അവസാനമായി 2018 ഓഗസ്റ്റ് 31ന് കിന്നിസണ്‍ ജൂട്ട് മില്ലാണ് അടച്ചുപൂട്ടിയത്). പ്രവര്‍ത്തനം പുറംകരാര്‍ നല്‍കുന്നതിനായി ശ്രമിച്ച വ്യത്യസ്ത മാതൃകകളും വിജയകരമായിരുന്നില്ല. മുന്‍കാല പ്രകടനവും, വിപണിയുടെ അവസ്ഥയും, പ്ലാസ്റ്റിക്കില്‍ നിന്നുള്ള മത്സരവും, സ്വകാര്യ ചണമില്ലുകളുടെ ശേഷിയും വച്ചു നോക്കുമ്പോള്‍ എന്‍.ജെ.എം.സിയെ നിലവിലുള്ള പോരായ്മകള്‍ പരിഹരിച്ച് പ്രവര്‍ത്തനത്തിലേക്ക് കൊണ്ടുവരാനുളള ഒരു സാഹചര്യമല്ലയുള്ളത്. മാത്രമല്ല എന്‍.ജെ.എം.സിയുടെ ശമ്പളകണക്കില്‍ ഒരു ജീവനക്കാരനോ, പ്രവര്‍ത്തകനോ ഇല്ലതാനും. അതുകൊണ്ടാണ് അടച്ചുപൂട്ടല്‍.

3. എന്‍.ജെ.എം.സിയുടെ ഒരു ഉപകമ്പനിയായ ബി.ജെ.ഇ.എലും ബി.ഐ.എഫ്.ആറിന്റെ പരിഗണനയിലായിരുന്നു. പുനരുദ്ധാരണ പദ്ധതിയായിരുന്നു അവരുടെ പരിഗണനയിലുണ്ടായിരുന്നത്. പശ്ചിമബംഗാള്‍ ഗവണ്‍മെന്റും എ.എസ്.സിയിലേക്ക് മൂന്ന് വര്‍ഷത്തിന് ശേഷം നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട സംസ്ഥാന ഗവണ്‍മെന്റിന്റെ പ്രതിനിധികളും ഭൂമിയുടെ പരിവര്‍ത്തനത്തിനുള്ള കരാര്‍ അംഗീകരിക്കാത്തതുകൊണ്ട് കരട് പുനുരുദ്ധരാണ പദ്ധതി നടപ്പാക്കാനായില്ല. ബി.ജെ.ഇ.എല്ലിന് ഒരു ജീവനക്കാരുമില്ലെന്ന് മാത്രമല്ല, ഫാക്ടറി പ്രവര്‍ത്തനനിരതവുമല്ല. അതുകൊണ്ടുതന്നെ അടച്ചുപൂട്ടുന്നത് ഒരു പ്രത്യാഘാതവും ഉണ്ടാക്കില്ല.