Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ദേശീയ ഗ്രാമീണ കുടിവെള്ള പദ്ധതി തുടരുന്നതിനും പുനഃസംഘടിപ്പിക്കുന്നതിനും മന്ത്രിസഭയുടെ അനുമതി


ദേശീയ ഗ്രാമീണ കുടിവെള്ള പദ്ധതി തുടരുന്നതിനും ഗ്രാമീണ ജനതയ്ക്കു മെച്ചപ്പെട്ട സേവനം ഉറപ്പുവരുത്തുന്നതിനായി ഫലത്തെ അടിസ്ഥാനപ്പെടുത്തിയുള്ളതും മത്സരക്ഷമതയാര്‍ന്നതും പദ്ധതികളുടെ സ്വാശ്രയത്വത്തിന് കൂടുതല്‍ ഊന്നല്‍ നല്‍കി നല്ല വിധത്തില്‍ നിരീക്ഷണവിധേയമാക്കപ്പെടുന്നതുമായ രീതിയില്‍ പുനഃസംഘടിപ്പിക്കുന്നതിനും പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭ അനുമതി നല്‍കി.
പതിനാലാമതു ധനകാര്യ കമ്മീഷ(എഫ്.എഫ്.സി.)ന്റെ 2017-18 മുതല്‍ 2019-20 വരെയുള്ള കാലയളവിലേക്കായി പദ്ധതിക്കായി 23,050 കോടി രൂപ അനുവദിച്ചു. ഈ പദ്ധതി രാജ്യത്തെ ഗ്രാമീണ ജനതയെ ഉദ്ദേശിച്ചുള്ളതാണ്. പുനഃസംഘടിപ്പിക്കപ്പെടുന്നതിലൂടെ പദ്ധതി വഴക്കമാര്‍ന്നതും ഫലം ലക്ഷ്യംവെച്ചുള്ളതും മത്സരക്ഷമതയുള്ളതുമായി മാറുകയും പൈപ്പുകള്‍ വഴിയുള്ള സ്വാശ്രയത്വപൂര്‍ണമായ ജലവിതരണം വര്‍ധിപ്പിക്കുക എന്ന മന്ത്രാലയത്തിന്റെ ലക്ഷ്യപ്രാപ്തി ഉറപ്പുവരുത്തുന്നതിനു ഉതകുന്നതായിത്തീരുകയും ചെയ്യും.

കൈക്കൊണ്ട തീരുമാനങ്ങളുടെ വിശദാംശങ്ങള്‍:
1. 2020 മാര്‍ച്ച് വരെ, അതായത് 14ാമതു ധനകാര്യ കമ്മീഷന്റെ കാലപരിധിവരെ, ദേശീയ ഗ്രാമീണ കുടിവെള്ള പദ്ധതി (എന്‍.ആര്‍.ഡി.ഡബ്ല്യു.പി.) തുടരും.
2. എന്‍.ആര്‍.ഡി.ഡബ്ല്യു.പി. പുനഃസംഘടിപ്പിക്കപ്പെടുന്നതോടെ ജപ്പാന്‍ ജ്വരബാധിത പ്രദേശങ്ങള്‍ക്കായി രണ്ടു ശതമാനം ഫണ്ട് മാറ്റിവെക്കപ്പെടും.
3. കുടിവെള്ള, ശുചിത്വ മന്ത്രാലയം എന്‍.ആര്‍.ഡി.ഡബ്ല്യു.പിക്കു കീഴില്‍ 2017 ഫെബ്രുവരിയില്‍ ആരംഭിച്ച ദേശീയ ജലമേന്മാ ഉപദൗത്യം (എന്‍.ഡബ്ല്യു.ക്യു.എസ്.എം.) വഴി, ആര്‍സെനിക്, ഫ്‌ളൂറൈഡ് ബാധിതമായ 28,000 ജനവാസമേഖലകളില്‍ അടിയന്തരമായി കുടിവെള്ളമെത്തിക്കുക എന്ന ദൗത്യം നിറവേറ്റും. കണക്കുകള്‍ പ്രകാരം, നാലു വര്‍ഷത്തേക്ക്, അതായത് 2021 മാര്‍ച്ച് വരെ, 12,500 കോടി രൂപം കേന്ദ്ര വിഹിതമായി ആവശ്യം വരും. എന്‍.ആര്‍.ഡി.ഡബ്ല്യു.പി. ഫണ്ടില്‍നിന്നാണ് ഈ തുക കണ്ടെത്തുക.
4. നിശ്ചയിക്കപ്പെട്ട പദ്ധതികള്‍ക്ക് രണ്ടാമതു ഗഡുവിന്റെ പകുതിത്തുകയോളം സംസ്ഥാന ഗവണ്‍മെന്റുകള്‍ നല്‍കും. ഇതു പിന്നീട് കേന്ദ്ര ഫണ്ടില്‍നിന്നു തിരിച്ചുനല്‍കും. ഒരു സാമ്പത്തിക വര്‍ഷത്തിലെ തുക നവംബര്‍ 30നകം നേടിയെടുക്കാന്‍ സാധിക്കാത്ത സംസ്ഥാനങ്ങള്‍ക്കുള്ള വിഹിതം പൊതുഫണ്ടാക്കി മാറ്റുകയും ഈ തുക നല്ല രീതിയില്‍ പദ്ധതിപ്രവര്‍ത്തനം മുന്നോട്ടുകൊണ്ടുപോകുന്ന സംസ്ഥാനങ്ങള്‍ക്കു കൈമാറുകയും ചെയ്യും. ഇന്ത്യാ ഗവണ്‍മെന്റ് വിഹിതം ഏതു സംസ്ഥാനങ്ങളാണോ പദ്ധതിക്കായി ആദ്യമാദ്യം നല്‍കുന്നത് ആ സംസ്ഥാനങ്ങള്‍ക്കായിരിക്കും അധികം വരുന്ന തുക വിതരണം ചെയ്യുന്നതില്‍ മുന്‍ഗണന നല്‍കുക.
5. രണ്ടാമതു ഗഡുവിന്റെ ബാക്കിത്തുക നിര്‍മാണം പൂര്‍ത്തിയാക്കപ്പെട്ട കുഴലുകളിലൂടെയുള്ള ജലവിതരണ പദ്ധതികളുടെ പ്രവര്‍ത്തനസ്ഥിതി വിലയിരുത്തിയ ശേഷമായിരിക്കും നല്‍കുക. മൂന്നാമതൊരു സ്ഥാപനമായിരിക്കും വിലയിരുത്തല്‍ നിര്‍വഹിക്കുന്നത്.
6. എഫ്.എഫ്.സി. കാലയളവ് 2017-18 മുതല്‍ 2019-20 വരെയ്ക്കായി പദ്ധതിക്ക് 23,050 കോടി രൂപ മന്ത്രിസഭ അനുവദിച്ചിട്ടുണ്ട്.
2021 മാര്‍ച്ച് ആകുമ്പോഴേക്കും ഗ്രാമീണ മേഖലയിലുള്ള എല്ലാ ആര്‍സെനിക്, ഫ്‌ളൂറൈഡ് ബാധിത ജനവാസകേന്ദ്രങ്ങളിലും ശുദ്ധമായ കുടിവെള്ളത്തിന്റെ വിതരണം സ്വാശ്രയാടിസ്ഥാനത്തില്‍ പ്രാവര്‍ത്തികമാക്കുക എന്നതാണ് എന്‍.ഡബ്ല്യു.ക്യു.എസ്.എമ്മിലൂടെ ലക്ഷ്യംവെക്കുന്നത്.
കുടിവെള്ള, ശുചിത്വ മന്ത്രാലയത്തിന്റെ സമഗ്ര മാനേജ്‌മെന്റ് ഇന്‍ഫര്‍മേഷന്‍ സംവിധാനം (ഐ.എം.ഐ.എസ്.) പ്രകാരം ഇന്ത്യയിലെ ഗ്രാമീണ ജനവാസകേന്ദ്രങ്ങളില്‍ 77 ശതമാനത്തിലും പ്രതിദിനം പ്രതീശീര്‍ഷം 40 ലിറ്റര്‍ എന്ന സമ്പൂര്‍ണ ജലലഭ്യതയും 56 ശതമാനം ഗ്രാമീണ ജനയതയ്ക്ക് ടാപ്പ് വെള്ളവും അതില്‍ 16.7 ശതമാനം പേര്‍ക്കു വീടുകളില്‍ ജല കണക്ഷനും ലഭ്യമാണ്.