ദേശീയ ഗംഗാ കൗണ്‍സിലിന്റെ പ്രഥമ യോഗം പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ ചേര്‍ന്നു.
ഗംഗയും പോഷകനദികളും ഉള്‍പ്പെടെ ഗംഗാ നദീ തടത്തിന്റെ പുനരുജ്ജീവനവും ഒപ്പം ഈ പ്രദേശം മാലിന്യമുക്തമാക്കുകയും ചെയ്യുന്നതിന്റെ മേല്‍നോട്ടം കൗണ്‍സിലിനാണ്. ബന്ധപ്പെട്ട സംസ്ഥാനങ്ങളിലെ എല്ലാ വകുപ്പുകളിലും ബന്ധപ്പെട്ട കേന്ദ്ര മന്ത്രാലയങ്ങളിലും ‘ഗംഗാ കേന്ദ്രീകൃത’ പ്രവര്‍ത്തനം നടത്തേണ്ടതിന്റെ പ്രാധാന്യം ഊട്ടിയുറപ്പിക്കാന്‍ ഉദ്ദേശിച്ചുള്ളതാണ് കൗണ്‍സിലിന്റെ പ്രഥമ യോഗം.
കേന്ദ്ര ജലശക്തി, പരിസ്ഥിതി, കൃഷിയും ഗ്രാമവികസനവും, ആരോഗ്യം, നഗരവികസനം, ഊര്‍ജം, വിനോദസഞ്ചാരം, കപ്പല്‍ഗതാഗത വകുപ്പു മന്ത്രിമാരും ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ് മുഖ്യമന്ത്രിമാരും ബിഹാര്‍ ഉപമുഖ്യമന്ത്രിയും നിതി ആയോഗ് ഉപാധ്യക്ഷനും മുതിര്‍ന്ന ഉദ്യോഗസ്ഥരും ഇന്നത്തെ യോഗത്തില്‍ പങ്കെടുത്തു. പശ്ചിമ ബംഗാള്‍ സംസ്ഥാന പ്രതിനിധി പങ്കെടുത്തില്ല. തെരഞ്ഞെടുപ്പു നടക്കുന്നതിനാലും പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നതിനാലും ഝാര്‍ഖണ്ഡ് പ്രതിനിധികളും എത്തിയില്ല.
ജോലിയിലെ പുരോഗതി വിലയിരുത്തുകയും സ്വച്ഛത, അവിരളത, നിര്‍മലത എന്നിവയ്ക്ക് ഊന്നല്‍ നല്‍കി ഗംഗ ശുചിയാക്കുന്നതു സംബന്ധിച്ച വിവിധ കാര്യങ്ങള്‍ വിശദീകരിക്കുകയും ചെയ്യുന്നതിനിടെ ഉപഭൂഖണ്ഡത്തിലെ ഏറ്റവും വിശുദ്ധമായ നദിയാണു ഗംഗയെന്നും അതിനാല്‍ അതു പുനരുജ്ജീവിപ്പിക്കുന്നതു സഹകരണ ഫെഡറലിസത്തിന്റെ ഏറ്റവും തിളക്കമാര്‍ന്ന ഉദാഹരണമായിത്തീരണമെന്നും പ്രധാനമന്ത്രി വിശദീകരിച്ചു. ഗംഗ പുനരുജ്ജീവിപ്പിക്കുക എന്നതു രാജ്യത്തെ സംബന്ധിച്ചിടത്തോളം ദീര്‍ഘകാലമായി നേരിട്ടുവരുന്ന വെല്ലുവിളിയാണെന്ന് അദ്ദേഹം പറഞ്ഞു. 2014ല്‍ ഗവണ്‍മെന്റ് ‘നമാമി ഗംഗെ’യ്ക്കു തുടക്കമിട്ടശേഷം ഏറെ നേട്ടങ്ങള്‍ കൈവരിക്കാന്‍ സാധിച്ചതായി പ്രധാനമന്ത്രി വ്യക്തമാക്കി. ഇതു ഗവണ്‍മെന്റ് നടത്തിവരുന്ന വിവിധ പ്രവര്‍ത്തനങ്ങള്‍ സമഗ്രമാക്കാനുള്ള പദ്ധതിയാണ്. ഗംഗയില്‍ മാലിന്യം ഇല്ലാതാക്കുകയും നദിയെ സംരക്ഷിക്കുകയും പുനരുജ്ജീവിപ്പിക്കുകയുമാണു ലക്ഷ്യം. കടലാസു മില്ലുകള്‍ മാലിന്യം തള്ളുന്നത് ഇല്ലാതാക്കാന്‍ സാധിച്ചുവെന്നും തുകല്‍ഫാക്ടറികളില്‍നിന്നുള്ള മാലിന്യങ്ങള്‍ ഇല്ലാതാക്കാന്‍ സാധിച്ചുവെന്നും പ്രധാനമന്ത്രി പറഞ്ഞു. എന്നാല്‍, ഇനിയും ഏറെ കാര്യങ്ങള്‍ ചെയ്യാന്‍ ബാക്കിയുണ്ടെന്ന് ഓര്‍മിപ്പിക്കുകയും ചെയ്തു.
മതിയായത്ര വെള്ളം തടസ്സമില്ലാതെ ഒഴുകുന്നു എന്ന് ഉറപ്പുവരുത്താനായി 2015 മുതല്‍ 20 വരെയുള്ള വര്‍ഷങ്ങളിലേക്ക് ഗംഗ കടന്നുപോകുന്ന സംസ്ഥാനങ്ങള്‍ക്ക് 20,000 കോടി രൂപ നല്‍കാമെന്ന ഉറപ്പ് കേന്ദ്ര ഗവണ്‍മെന്റ് ഇതാദ്യമായി നല്‍കി. പുതിയ മാലിന്യ സംസ്‌കരണ പ്ലാന്റുകള്‍ സ്ഥാപിക്കുന്നതിനായി 7700 കോടി രൂപ ചെലവിട്ടുകഴിഞ്ഞു.
നിര്‍മല്‍ ഗംഗയുടെ ചട്ടക്കൂട് മെച്ചപ്പെടുത്തുന്നതിനായി ജനങ്ങളുടെ മതിയായ സഹകരണവും ദേശീയ നദികളുടെ തീരങ്ങളിലുള്ള പട്ടണങ്ങളിലെ നല്ല മാതൃകകള്‍ പ്രചരിപ്പിക്കുക വഴി കൂടുതല്‍ ബോധവല്‍ക്കരണം നടത്തുകയും വേണമെന്നതിനു പ്രധാനമന്ത്രി ഊന്നല്‍ നല്‍കി.
പദ്ധതികള്‍ ഫലപ്രദമായി നടപ്പാക്കുന്നതിനായി ഗുണകരമായ ചട്ടക്കൂടു ലഭ്യമാക്കുന്നതിനായി എല്ലാ ജില്ലകളിലെയും ഗംഗാ കമ്മിറ്റികളുടെ പ്രവര്‍ത്തന ക്ഷമത വര്‍ധിപ്പിക്കേണ്ടതുണ്ട്.
വ്യക്തികളില്‍നിന്നും എന്‍.ആര്‍.ഐകളില്‍നിന്നും കമ്പനികളില്‍നിന്നും ഗംഗാ പുനരുജ്ജീവന പദ്ധതികളിലേക്കു സഹായം ലഭ്യമാക്കുന്നതിനായി ഗവണ്‍മെന്റ് ക്ലീന്‍ ഗംഗ ഫണ്ടിനു രൂപം നല്‍കിയിട്ടുണ്ട്. ഇതിലേക്കു ബഹുമാനപ്പെട്ട പ്രധാനമന്ത്രി തന്നെ 16.53 കോടി രൂപ സംഭാവന ചെയ്തിട്ടുണ്ട്. 2014 മുതല്‍ തനിക്കു ലഭിച്ച സമ്മാനങ്ങള്‍ ലേലം ചെയ്തും സോള്‍ സമാധാന സമ്മാനത്തിനു ലഭിച്ച പ്രൈസ് മണി നീക്കിവെച്ചുമാണ് അദ്ദേഹം ഈ തുക കണ്ടെത്തിയത്.
നമാമി ഗംഗെ അര്‍ഥ ഗംഗയായി പരിണമിക്കുംവിധം ഗംഗയുമായി ബന്ധപ്പെട്ട സാമ്പത്തിക കാര്യങ്ങള്‍ക്ക് ഊന്നല്‍ നല്‍കി സുസ്ഥിരമായ വികസന മാതൃക സൃഷ്ടിക്കുന്നതിനെക്കുറിച്ചുള്ള സമഗ്ര ചിന്താപദ്ധതി ഉണ്ടാകണമെന്നു ശ്രീ. നരേന്ദ്ര മോദി ആഹ്വാനം ചെയ്തു. ഇതിന്റെ ഭാഗമായി ഗംഗാതീരത്ത് സീറോ ബഡ്ജറ്റ് കൃഷി, ഫലവൃക്ഷങ്ങള്‍ നട്ടുവളര്‍ത്തല്‍, സസ്യങ്ങളുടെ നഴ്‌സറികള്‍ എന്നിവ ഉള്‍പ്പെടെ സുസ്ഥിരമായ കാര്‍ഷിക രീതി പിന്‍തുടരാന്‍ കര്‍ഷകരെ പ്രോല്‍സാഹിപ്പിക്കണം. വനിതാ സ്വയംസഹായ സംഘങ്ങള്‍ക്കും പൂര്‍വ സൈനിക സംഘടനകള്‍ക്കും ഇത്തരം കാര്യങ്ങളില്‍ മുന്‍ഗണന നല്‍കണം. ഇതോടൊപ്പം ജല കായിക ഇനങ്ങള്‍ വികസിപ്പിക്കുന്നതിനും ക്യാംപ് സൈറ്റുകളും സൈക്‌ളിങ്ങിനും നടക്കാനുമുള്ള പാതകളും സൃഷ്ടിക്കുന്നതിനുമായി അടിസ്ഥാന സൗകര്യം ഒരുക്കുന്നത് നദീതടത്തില്‍ മതപരവും സാഹസികവുമായ വിനോദസഞ്ചാരത്തിനുള്ള ‘ഹൈബ്രിഡ്’ വിനോദസഞ്ചാര സാധ്യത ഉപയോഗപ്പെടുത്തുന്നതിനു സഹായകമാകും. ഇക്കോ-ടൂറിസവും ഗംഗാ വന്യമൃഗ സംരക്ഷണവും ക്രൂയിസ് വിനോദസഞ്ചാരവുമൊക്കെ പ്രോല്‍സാഹിപ്പിക്കുക വഴി ലഭിക്കുന്ന വരുമാനം ഗംഗ ശുചിയാക്കുന്നതിനു സുസ്ഥിരമായ സാമ്പത്തിക സ്രോതസ്സായിത്തീരും.
നമാമി ഗംഗെ, അര്‍ഥ ഗംഗ പദ്ധതികള്‍ക്കു കീഴിലെ വിവിധ പ്രവര്‍ത്തനങ്ങളുടെ പുരോഗതി നിതി ആയോഗിലെയും ജലശക്തി മന്ത്രാലയത്തിലെയും ഉദ്യോഗസ്ഥര്‍ക്കു നിത്യേന വിലയിരുത്താന്‍ സാധിക്കുംവിധം ഗ്രാമങ്ങളില്‍നിന്നും നഗരങ്ങളില്‍നിന്നുമുള്ള വിവരങ്ങള്‍ ലഭ്യമാകുന്ന ഡിജിറ്റല്‍ ഡാഷ് ബോര്‍ഡ് സ്ഥാപിക്കുന്നതിനു പ്രധാനമന്ത്രി നിര്‍ദേശം നല്‍കി. വികസനം കാംക്ഷിക്കുന്ന ജില്ലകളിലെന്നപോലെ ഗംഗാനദി കടന്നുപോകുന്ന ജില്ലകളിലും നമാമി ഗംഗെ പദ്ധതി പ്രവര്‍ത്തനം നിരീക്ഷിക്കപ്പെടണം.
യോഗത്തിനുമുന്‍പേ ഐതിഹാസിക സ്വാതന്ത്ര്യസമര സേനാനി ചന്ദ്രശേഖര്‍ ആസാദിനു പുഷ്പാഞ്ജലി അര്‍പ്പിച്ച പ്രധാനമന്ത്രി, ചന്ദ്രശേഖര്‍ ആസാദ് കാര്‍ഷിക സര്‍വകലാശാലയില്‍ നമാമി ഗംഗെ സംബന്ധിച്ച പ്രദര്‍ശനം കണ്ടു. പിന്നീട് അടല്‍ ഘട്ട് സന്ദര്‍ശിച്ച അദ്ദേഹം, ശിശമാവു നളയില്‍ ശുചീകരണം പൂര്‍ത്തിയാക്കിയതു നിരീക്ഷിച്ചു.
Today’s meeting of the National Ganga Council was an extremely fruitful one.
— Narendra Modi (@narendramodi) December 14, 2019
CMs, Ministers, top officials from various states attended and enriched proceedings with their insights. Our ‘Ganga-centric’ approach is ensuring positive results.https://t.co/WWCqatBPSg pic.twitter.com/yxnSQQbaBe