Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ദേശീയപാത 66ലെ കൊല്ലം ബൈപ്പാസ് ഉദ്ഘാടനച്ചടങ്ങില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗം

ദേശീയപാത 66ലെ കൊല്ലം ബൈപ്പാസ് ഉദ്ഘാടനച്ചടങ്ങില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗം

ദേശീയപാത 66ലെ കൊല്ലം ബൈപ്പാസ് ഉദ്ഘാടനച്ചടങ്ങില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗം

ദേശീയപാത 66ലെ കൊല്ലം ബൈപ്പാസ് ഉദ്ഘാടനച്ചടങ്ങില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗം


 

കേരളത്തിലെ സഹോദരീ സഹോദരന്മാരേ,

 

 ദൈവത്തിന്റെ സ്വന്തം നാട് സന്ദര്‍ശിക്കാനായത് അനുഗ്രഹമായി ഞാന്‍ കരുതുന്നു. കൊല്ലത്ത്, അഷ്ടമുടിക്കായലിന്റെ തീരത്ത്, കഴിഞ്ഞ വര്‍ഷമുണ്ടായ പ്രളയദുരിതങ്ങളെ അതിജീവിച്ചുകൊണ്ടിരിക്കുകയാണെന്ന് ഞാന്‍ മനസ്സിലാക്കുന്നു. എങ്കിലും കേരളത്തെ പുനര്‍ നിര്‍മിക്കാന്‍ നാം കഠിനാധ്വാനം ചെയ്‌തേ തീരൂ.

 

ജനജീവിതം എളുപ്പമാക്കുന്ന ഈ ബൈപ്പാസ് പൂര്‍ത്തീകരിച്ചതിന്റെ പേരില്‍ നിങ്ങളെ ഞാന്‍ അഭിനന്ദിക്കുന്നു. ജനജീവിതം അനായാസമാക്കുന്നതില്‍ എന്റെ ഗവണ്‍മെന്റ് പ്രതിജ്ഞാബദ്ധമാണ്. എല്ലാവര്‍ക്കും ഒപ്പം, എല്ലാവരുടെയും വികസനം എന്നതിലാണ് നാം വിശ്വസിക്കുന്നത്. ഈ പ്രതിബദ്ധതയോടെയാണ് 2015 ജനുവരിയില്‍ ഈ പദ്ധതിക്ക് എന്റെ ഗവണ്‍മെന്റ് അന്തിമ അനുമതി നല്‍കിയത്. സംസ്ഥാന ഗവണ്‍മെന്റിന്റെ സംഭാവനയോടെയും സഹകരണത്തോടെയും കാര്യക്ഷമമായി ഈ പദ്ധതി പൂര്‍ത്തിയാക്കാനായതില്‍ എനിക്ക് സന്തോഷമുണ്ട്. 2014 മേയില്‍ എന്റെ ഗവണ്‍മെന്റ് അധികാരമേറ്റതു മുതല്‍ കേരളത്തിലെ അടിസ്ഥാനസൗകര്യ വികസനത്തിനു ഞങ്ങള്‍ ഉയര്‍ന്ന മുന്‍ഗണനയാണ് നല്‍കുന്നത്. ഭാരത് മാലയ്ക്കു കീഴില്‍ മുംബൈ- കന്യാകുമാരി ഇടനാഴിക്കു വേണ്ടിയുള്ള ഒരു വിശദമായ പദ്ധതി രേഖ തയ്യാറായിക്കൊണ്ടിരിക്കുകയാണ്. അത്തരം നിരവധി പദ്ധതികള്‍ വികസനത്തിന്റെ വിവിധ ഘട്ടങ്ങളിലാണ്.

നമ്മുടെ രാജ്യത്ത്, വികസന പദ്ധതികള്‍ പ്രഖ്യാപിച്ചു കഴിഞ്ഞാല്‍പ്പിന്നെ വിവിധ കാരണങ്ങളാല്‍ ഇഴയുന്നതാണ് കണ്ടുവരുന്നത്. ചെലവും സമയവും നീളുമ്പോള്‍ വന്‍തോതില്‍ പൊതുപണം പാഴാകുന്നു. പൊതുപണം പാഴാക്കുന്ന ഈ സംസ്‌കാരം തുടരാന്‍ പാടില്ല എന്ന് ഞങ്ങള്‍ തീരുമാനിച്ചു. പ്രഗതിയിലൂടെ ഞങ്ങള്‍ പദ്ധതികള്‍ക്ക് വേഗത വര്‍ധിപ്പിക്കുകയും ഈ പ്രശ്‌നം മറികടക്കുകയും ചെയ്യുന്നു.

 

എല്ലാ മാസത്തിലെയും അവസാനത്തെ ബുധനാഴ്ച കേന്ദ്ര ഗവണ്‍മെന്റിലെ എല്ലാ സെക്രട്ടറിമാരുമായും എല്ലാ സംസ്ഥാനങ്ങളിലെയും ചീഫ് സെക്രട്ടറിമാരുമായും ഞാന്‍ വീഡിയോ കോണ്‍ഫറന്‍സിംഗ് മുഖേന കൂടിക്കാഴ്ച നടത്തി വൈകുന്ന പദ്ധതികള്‍ അവലോകനം ചെയ്യുന്നു.

 

ചില പദ്ധതികള്‍ ഇരുപതും മുപ്പതും വര്‍ഷമൊക്കെ പഴക്കമുള്ളതാണ് എന്നതും അനന്തമായി വൈകുകയും ചെയ്യുന്നത് എന്നെ അമ്പരപ്പിച്ചു. ഇങ്ങനെ പദ്ധതികള്‍ ദീര്‍ഘമായി വൈകിപ്പിച്ച് അതിന്റെ ഗുണം സാധാരണക്കാര്‍ക്ക് നിഷേധിക്കുന്നത് കുറ്റകൃത്യമാണ്. പന്ത്രണ്ട് ലക്ഷം കോടി രൂപയോളം മുതല്‍ മുടക്കു വരുന്ന 250ല്‍ അധികം പദ്ധതികള്‍ ഇതുവരെ ഞാന്‍ അവലോകനം ചെയ്തു.

 

സുഹൃത്തുക്കളെ, അടല്‍ജി വിശ്വസിച്ചിരുന്നത് ബന്ധിപ്പിക്കലിന്റെ ശക്തിയിലാണ്. ഞങ്ങള്‍ ആ വീക്ഷണമാണ് മുന്നോട്ടുകൊണ്ടുപോകുന്നത്. ദേശീയപാത മുതല്‍ ഗ്രാമീണറോഡുവരെ നിര്‍മ്മാണത്തിന്റെ വേഗത കഴിഞ്ഞ ഗവണ്‍മെന്റിന്റെ കാലത്തേതിനെക്കാള്‍ ഇരട്ടിയായി.

 

ഞങ്ങള്‍ ഗവണ്‍മെന്റ് രൂപീകരിക്കുമ്പോള്‍ ഗ്രാമീണ ജനവാസകേന്ദ്രങ്ങളെ 56% മാത്രമേ റോഡുമായി ബന്ധിപ്പിച്ചിരുന്നുള്ളു. ഇന്ന് 90%ലേറെ ഗ്രാമീണ ജനവാസകേന്ദ്രങ്ങള്‍ റോഡുമായി ബന്ധിപ്പിച്ചുകഴിഞ്ഞു. വളരെ വേഗം തന്നെ 100%ല്‍ തീര്‍ച്ചയായും എത്തുമെന്ന് എനിക്ക് ഉറപ്പുണ്ട്.

റോഡ് മേഖലപോലെത്തന്നെ എന്റെ ഗവണ്‍മെന്റ് റെയില്‍വേ, ജലഗതാഗത വ്യോമമേഖലകള്‍ക്കും മുന്‍ഗണന നല്‍കിയിട്ടുണ്ട്. വാരണാസി മുതല്‍ ഹാല്‍ദിയ വരെയുള്ള ദേശീയജലപാത ഇതിനകം തന്നെ ആരംഭിച്ചുകഴിഞ്ഞു. ഇത് വളരെ ശുദ്ധമായ ഒരു ഗതാഗതരീതി ഉറപ്പാക്കുകയും ഭാവിതലമുറകള്‍ക്ക് വേണ്ടി പരിസ്ഥിതി സംരക്ഷിക്കുകയും ചെയ്യും. കഴിഞ്ഞ നാലുവര്‍ഷം കൊണ്ട് പ്രാദേശിക വ്യോമബന്ധങ്ങള്‍ വളരെയധികം മെച്ചപ്പെട്ടു. പാതഇരട്ടിപ്പിക്കലിന്റെയും വൈദ്യുതീകരണത്തിന്റെയും പുതിയപാതകള്‍ ഇടുന്നതിനുമുള്ള പണികളുടെയും നിരക്ക് വലിയ മെച്ചപ്പെടലാണ് സൂചിപ്പിക്കുന്നത്. ഇതെല്ലാം തൊഴില്‍ സൃഷ്ടിക്കുന്നത് വര്‍ദ്ധിപ്പിക്കുന്നതിലേക്ക് നയിക്കുകയും ചെയ്യും.

 

നമ്മള്‍ റോഡുകളും പാലങ്ങളും നിര്‍മ്മിക്കുമ്പോള്‍ നമ്മള്‍ ഗ്രാമങ്ങളേയും നഗരങ്ങളേയും ബന്ധിപ്പിക്കുക മാത്രമല്ല. നമ്മള്‍ അഭിലാഷങ്ങളെ നേട്ടങ്ങളുമായും ശുഭപ്രതീക്ഷകളെ അവസരങ്ങളുമായും പ്രതീക്ഷകളെ സന്തോഷവുമായും ബന്ധിപ്പിക്കുകയാണ്.

 

എന്റെ ഓരോ രാജ്യവാസിയുടെയും വികസനത്തിന് ഞാന്‍ പ്രതിജ്ഞാബദ്ധമാണ്. നിരയിലെ (ക്യൂ) അവസാനവ്യക്തിക്കാണ് എന്റെ മുന്‍ഗണന. മത്സ്യമേഖലയ്ക്ക് 7,500 കോടി രൂപയുടെ പുതിയ ഫണ്ട് എന്റെ ഗവണ്‍മെന്റ് അനുവദിച്ചു.

 

ആയുഷ്മാന്‍ ഭാരത്തിന്റെ കീഴില്‍ പാവപ്പെട്ടവര്‍ക്ക് വേണ്ടി കുടുംബമൊന്നിന്  പണമില്ലാതെ അഞ്ചുലക്ഷം രൂപയുടെ പണരഹിത ആരോഗ്യ പരിരക്ഷ ഉറപ്പുനല്‍കുകയാണ്. എട്ടുലക്ഷത്തിലധികം രോഗികള്‍ ഈ പദ്ധതിയുടെ ഗുണഫലം ഇതിനകം അനുഭവിച്ചുകഴിഞ്ഞു. ഇതിനകം 1,100 കോടി രൂപ ഇതിന്റെ ഭാഗമായി ഗവണ്‍മെന്റ് അനുവദിച്ചുകഴിഞ്ഞു. കേരളത്തിലെ ജനങ്ങള്‍ക്ക് ഇതിന്റെ നേട്ടം ലഭിക്കുന്നതിനായി പദ്ധതി എത്രയും വേഗം നടപ്പാക്കാന്‍ ഞാന്‍ കേരള ഗവണ്‍മെന്റിനോട്  അഭ്യര്‍ത്ഥിക്കുകയാണ്.

 

കേരളത്തിന്റെ സാമ്പത്തികവികസനത്തിന്റെ മികവിന്റെ മുഖമുദ്രയും സംസ്ഥാന സമ്പദ്ഘടനയ്ക്ക് പ്രധാനപ്പെട്ട സംഭാവനനല്‍കുന്നതും ടൂറിസമാണ്. എന്റെ ഗവണ്‍മെന്റ് ടൂറിസം മേഖലയില്‍ വളരെ ശക്തമായി പ്രവര്‍ത്തിച്ചു. അതിന്റെ ഫലം മികച്ചതുമാണ്. വേള്‍ഡ് ട്രാവല്‍ ആന്റ് ടൂറിസം കൗണ്‍സിലിന്റെ 2018ലെ പവര്‍ റാങ്കിംഗ് റിപ്പോര്‍ട്ടില്‍ ഇന്ത്യയ്ക്ക് മൂന്നാംസ്ഥാനമാണ്. ഈ സുപ്രധാനമായ വികസനം രാജ്യത്തെ വിനോദസഞ്ചാരമേഖലയ്ക്കാകെ നല്ല ശകുനമാണ് കാണിക്കുന്നത്.

 

ലോക സാമ്പത്തിക ഫോറത്തിന്റെ വിനോദ സഞ്ചാര സൂചകത്തില്‍  ഇന്ത്യയുടെ റാങ്ക് 65-ാം സ്ഥാനത്തു നിന്ന് 40-ാം സ്ഥാനത്തേക്ക് ഉയര്‍ന്നു.

 

2013 ല്‍ 70 ലക്ഷം വിദേശ ടൂറിസ്റ്റുകളാണ് ഇന്ത്യയിലെത്തിയത്.  എന്നാല്‍ 2017 ല്‍ അത് ഒരു കോടിയായി. അതായത്  42 ശതമാനം വര്‍ധന! വിനോദസഞ്ചാര മേഖലയില്‍ 2013 ല്‍ ഇന്ത്യ നേടിയ  വിദേശ നാണയ മൂല്യം  18 ബില്യണ്‍ ഡോളറായിരുന്നു. എന്നാല്‍  2017 ല്‍  അത് 27 ബില്യണ്‍ ഡോളറാണ്. വളര്‍ച്ച 50 ശതമാനം. വിനോദ സഞ്ചാര മേഖലയില്‍ 2017 ലെ കണക്കു പ്രകാരം ലോകത്തിലെ ഏറ്റവും വളര്‍ച്ച പ്രാപിച്ചിട്ടുള്ള രാജ്യങ്ങളുടെ പട്ടികയില്‍  ഇന്ത്യയും ഉള്‍പ്പെട്ടിട്ടുണ്ട്.  വിനോദ സഞ്ചാര മേഖലയില്‍ 2016 ല്‍  ഇന്ത്യ  14 ശതമാനം  വളര്‍ച്ച കൈവരിച്ചപ്പോള്‍,  ലോക ശരാശരി  7 ശതമാനം മാത്രമായിരുന്നു.

 

ഇ-വിസ നടപ്പിലാക്കിയതു വഴി  ഇന്‍ന്ത്യന്‍ വിനോദ സഞ്ചാര മേഖലയില്‍ വലിയമാറ്റമാണ് വരാന്‍ പോകുന്നത്്്. ലോകമെമ്പാടുമുള്ള 166 രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് ഇപ്പോള്‍ ഈ സൗകര്യം ലഭ്യമാണ്.

 

മതകേന്ദ്രങ്ങള്‍ , പൈതൃകം എന്നീ വിഷയങ്ങള്‍ അടിസ്ഥാനമാക്കി  രണ്ടു പതാകാവാഹക പദ്ധതികളിലൂടെ വിനോദസഞ്ചാരികള്‍ക്കാവശ്യമായ അടിസ്ഥാന സൗകര്യങ്ങളാണ് എന്റെ ഗവണ്‍മെന്റ് ആരംഭിച്ചിരിക്കുന്നത്്. സ്വദേശ് ദര്‍ശന്‍ അഥവാ തീം അടിസ്ഥാനത്തിലുള്ള വിനോദസഞ്ചാര പര്യടനവും പ്രസാദും.

 

കേരളത്തിന്റെ ടൂറിസം സാധ്യതകളെ തിരിച്ചറിഞ്ഞ് സ്വദേശ് ദര്‍ശന്‍, പ്രസാദ്  പദ്ധതികള്‍ പ്രകാരം സംസ്ഥാനത്ത് 550 കോടി രൂപയുടെ 7 പദ്ധതികള്‍ക്ക് അംഗീകാരം നല്‍കിയിട്ടുണ്ട്.

 

ഇന്ന് തിരുവനന്തപുരം പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ഒരു പദ്ധതി ഞാന്‍ ഉദ്ഘാടനം ചെയ്യും

 

 ശ്രീ പത്മനാഭനില്‍ നിന്നും കേരളത്തിലെയും രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലെയും ജനങ്ങള്‍ക്കായി ഞാന്‍ അനുഗ്രഹത്തിനായി  പ്രാര്‍ത്ഥിക്കും.

 

 കൊല്ലം കണ്ടാല്‍ ഇല്ലം വേണ്ട എന്ന പഴഞ്ചൊല്ല്  ഞാന്‍ കേട്ടിട്ടുണ്ട്. അതായത്  കൊല്ലത്തു വന്നാല്‍ അയാള്‍ക്ക് ഒരിക്കലും ഗൃഹാതുരത അനുഭവപ്പെടില്ല എന്നാണ്. എനിക്കും അതേ അനുഭവമാണ്.

 

കൊല്ലത്തെയും , കേരളത്തിലെയും  ജനത എനിക്കു നല്കിയ വാത്സല്യത്തിനും സ്‌നേഹത്തിനും  ഞാന്‍ നന്ദി പറയുന്നു. വികസിതവും  ശക്തവുമായ ഒരു കേരളത്തിന് വേണ്ടി  ഞാന്‍ പ്രാര്‍ത്ഥിക്കുന്നു.

നന്ദി, നമസ്‌കാരം