Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ദാരിദ്ര്യത്തിന്റെ പ്രതിസന്ധികൾ തകർത്ത് പുതിയ മധ്യവർഗമായി മാറാൻ ഗവണ്മെന്റ് പദ്ധതികൾ രാജ്യത്തെ 13.5 കോടി ജനങ്ങളെ സഹായിച്ചു: പ്രധാനമന്ത്രി


2014-ൽ ലോകത്തെ പത്താമത്തെ വലിയ സമ്പദ്‌വ്യവസ്ഥ ആയിരുന്ന ഇന്ത്യ, ഇന്ന് 2023-ൽ അഞ്ചാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി ഉയർന്നെന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പറഞ്ഞു.  ചുവപ്പുകോട്ടയുടെ കൊത്തളങ്ങളിൽ നടന്ന 77-ാം സ്വാതന്ത്ര്യദിനാഘോഷത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. അഴിമതിക്കെതിരായ പോരാട്ടം, ഗവണ്മെന്റിന്റെ ആനുകൂല്യങ്ങൾ കൈമാറുന്നതിലുണ്ടാകുന്ന ചോർച്ച ഒഴിവാക്കൽ, കരുത്തുറ്റ സമ്പദ്ഘടന സൃഷ്ടിക്കൽ, പൊതുധനം പാവങ്ങളുടെ ക്ഷേമത്തിനായി ചെലവഴിക്കൽ എന്നിവയിലൂടെയാണ് ഈ നേട്ടം കൈവരിച്ചതെന്നും അദ്ദേഹം പറഞ്ഞു. “രാജ്യം സാമ്പത്തികമായി അഭിവൃദ്ധി പ്രാപിക്കുമ്പോൾ അതു ഖജനാവു നിറയ്ക്കുക മാത്രമല്ല ചെയ്യുന്നതെന്ന് ഇന്നു ഞാൻ രാജ്യത്തെ ജനങ്ങളോടു പറയാൻ ആഗ്രഹിക്കുന്നു; അത് പൗരന്മാരുടെയും രാജ്യത്തിന്റെയും ശേഷി വർധിപ്പിക്കുന്നു. രാജ്യത്തെ പൗരന്മാരുടെ ക്ഷേമത്തിനായി ഇത് സത്യസന്ധമായി ചെലവഴിക്കുമെന്ന് പ്രതിജ്ഞയെടുക്കുന്ന ഗവണ്മെന്റ് ഉണ്ടെങ്കിൽ മാത്രമേ അത്തരം അപൂർവ പുരോഗമന ഫലങ്ങൾ കൈവരിക്കാൻ സാധിക്കൂ”- അദ്ദേഹം പറഞ്ഞു.

കേന്ദ്രത്തിൽനിന്ന് സംസ്ഥാനങ്ങൾക്കുള്ള  ധനവിതരണം 30 ലക്ഷം കോടി രൂപയിൽനിന്ന് 100 ലക്ഷം കോടി രൂപയായി വർധിപ്പിച്ചു

കഴിഞ്ഞ 10 വർഷത്തെ പുരോഗതി ചൂണ്ടിക്കാട്ടി, പരിവർത്തനത്തിന്റെ കരുത്തുറ്റ കഥയാണ് കണക്കുകളിലൂടെ വ്യക്തമാകുന്നതെന്ന്,  പ്രധാനമന്ത്രി പറഞ്ഞു. ഈ മാറ്റം വളരെ വലുതാണെന്നും രാജ്യത്തിന്റെ വർധിതശേഷിയാണ് ഇതിലൂടെ വെളിവാകുന്നുവെന്നും വ്യക്തമാക്കിയ പ്രധാനമന്ത്രി, പത്തുവർഷം മുമ്പ് 30 ലക്ഷം കോടി രൂപയാണ് കേന്ദ്ര ഗവണ്മെന്റിൽ നിന്നും സംസ്ഥാനങ്ങളിലേക്ക് കൈമാറ്റം ചെയ്യപ്പെട്ടിരുന്നത് എന്ന് പറഞ്ഞു. കഴിഞ്ഞ 9 വർഷമായി ഇത് 100 ലക്ഷം കോടി രൂപ എന്ന നിലയിലേക്ക് വർധിച്ചതായും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. “മുൻപ് കേന്ദ്ര ഗവണ്മെന്റ് ട്രഷറിയിൽ നിന്നും 70,000 കോടി രൂപയാണ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ വികസനത്തിനായി വകയിരുത്തിയിരുന്നത്. എന്നാൽ ഇന്ന് അത് മൂന്നു ലക്ഷം കോടി രൂപയിലധികം ആണ്”.

നിർധനരുടെ വീട് നിർമാണ സഹായത്തിൽ നാല് മടങ്ങ് വർധന, യൂറിയ സബ്സിഡിയായി കർഷകർക്ക് 10 ലക്ഷം കോടി രൂപ

നേരത്തെ പാവപ്പെട്ടവരുടെ വീടുകൾ നിർമിക്കാൻ 90,000 കോടി രൂപ ചെലവഴിച്ചിരുന്നുവെന്ന് പ്രധാനമന്ത്രി രാജ്യത്തോട് പറഞ്ഞു. ഇന്ന് അത് 4 മടങ്ങ് വർധിക്കുകയും 4 ലക്ഷം കോടിയിലധികം രൂപ വീട് നിർമാണത്തിനായി ചെലവഴിക്കുകയും ചെയ്യുന്നു. ആഗോള വിപണിയിൽ 3000 രൂപ വരെ വില വരുന്ന യൂറിയ ബാഗുകൾ 300 രൂപയ്ക്കാണ് കർഷകർക്ക് നൽകുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു. “ആഗോള വിപണിയിൽ 3000 രൂപ വരെ വില വരുന്ന യൂറിയ ബാഗുകൾ 300 രൂപയ്ക്കാണ് നമ്മുടെ കർഷകർക്ക് നൽകുന്നത്. അങ്ങനെ 10 ലക്ഷം കോടി രൂപയാണ് യൂറിയ സബ്സിഡിയായി ഗവണ്മെന്റ് കർഷകർക്ക് നൽകുന്നത്.”

മുദ്രാ യോജന രാജ്യത്തെ 10 കോടിയോളം ജനങ്ങളെ തൊഴിൽദാതാക്കളാക്കി

രാജ്യത്തെ കോടിക്കണക്കിലധികം ജനങ്ങളെ സംരംഭകരാക്കാനും, അതുവഴി മറ്റുള്ളവർക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും മുദ്ര യോജനയിലൂടെ സാധിച്ചുവെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. “20 ലക്ഷം കോടി രൂപയിലധികം ബജറ്റുള്ള മുദ്ര യോജന, നമ്മുടെ രാജ്യത്തെ യുവജനങ്ങൾക്ക് സ്വയംതൊഴിൽ, വ്യവസായങ്ങൾ, സംരംഭങ്ങൾ എന്നിവയ്ക്ക് അവസരം നൽകിയിട്ടുണ്ട്. ഏതാണ്ട് 8 കോടി ജനങ്ങൾ പുതിയ സംരംഭങ്ങൾക്ക് തുടക്കമിട്ടിട്ടുണ്ട്. എന്നാൽ, എട്ടു കോടി ജനങ്ങൾ പുതിയ സംരംഭങ്ങൾക്ക് തുടക്കം കുറിച്ചു എന്ന് മാത്രമല്ല; ഓരോ സംരംഭകനും ഒന്നോ രണ്ടോ വ്യക്തികൾക്ക് തൊഴിലും നൽകി. രാജ്യത്തെ എട്ടു കോടി ജനങ്ങൾക്ക് പ്രയോജനം ലഭിച്ച മുദ്ര യോജനയിലൂടെ അധികമായി 8-10 കോടി പേർക്കു തൊഴിൽ നൽകുക എന്ന നേട്ടവും കരസ്ഥമാക്കാൻ സാധിച്ചു”. രാജ്യത്തെ വിവിധ സംരംഭങ്ങളെ കോവിഡ് മഹാമാരിയുടെ വേളയിൽ സഹായിക്കാൻ സാധിച്ചതായും, സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങൾ മുടങ്ങാതിരിക്കുന്നതിനായി 3.5 ലക്ഷം കോടി രൂപയുടെ ധനസഹായം നൽകിയതായും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. “ഒരു റാങ്ക് ഒരു പെൻഷൻ” പദ്ധതി ഇന്ത്യയുടെ ഖജനാവിൽ നിന്ന് 70,000 കോടി രൂപയുടെ നേട്ടം നമ്മുടെ സൈനികർക്ക് അവർക്കുള്ള ആദരമായി നൽകിയത് എങ്ങനെയെന്നും പ്രധാനമന്ത്രി അനുസ്മരിച്ചു. വിരമിച്ച സൈനികരുടെ കുടുംബങ്ങൾക്ക് ഈ പണം ലഭിച്ചു- അദ്ദേഹം പറഞ്ഞു.

ഇതെല്ലാം ചുരുക്കം ചില ഉദാഹരണങ്ങൾ മാത്രമാണെന്നും, രാജ്യത്തിന്റെ വികസനത്തിനായി, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ തൊഴിൽ സാധ്യതകൾ സൃഷ്ടിച്ച്, ഗണ്യമായ സംഭാവന നൽകിയ വേറെയും പദ്ധതികൾ ഉണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. മുൻവർഷങ്ങളെ അപേക്ഷിച്ച് വിവിധ മേഖലകളിൽ രാജ്യത്തിന്റെ ബജറ്റ് വിഹിതം വർധിച്ചതായും പ്രധാനമന്ത്രി ഓർമപ്പെടുത്തി.

“13.5 കോടി ജനങ്ങൾ ദാരിദ്ര്യത്തിന്റെ പ്രതിസന്ധികൾ തകർത്ത് മധ്യവർഗമെന്ന നിലയിലേക്കുയർന്നു”

ഈ ശ്രമങ്ങളുടെയെല്ലാം ഫലമായി, ഗവണ്മെന്റിന്റെ അഞ്ചു വർഷ കാലയളവിൽ തന്നെ, 13.5 കോടി ജനങ്ങൾ ദാരിദ്ര്യത്തിന്റെ ചങ്ങലയിൽനിന്ന് മോചനം നേടി പുതിയ മധ്യവർഗമെന്ന നിലയിലേക്കുയർന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. ജീവിതത്തിൽ ഇത്രയും സംതൃപ്തി നൽകുന്ന മറ്റൊന്നും തന്നെ ഇല്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. ഭവന നിർമാണ പദ്ധതികൾ, പ്രധാനമന്ത്രി സ്വനിധി പദ്ധതിയിലൂടെ വഴിയോര കച്ചവടക്കാർക്ക് 50,000 കോടി രൂപ വിതരണം തുടങ്ങിയ നിരവധി പദ്ധതികൾ ഈ 13.5 കോടി ജനങ്ങളെ ദാരിദ്ര്യത്തിന്റെ ബുദ്ധിമുട്ടിൽനിന്ന് കരകയറാൻ സഹായിച്ചിട്ടുണ്ട് എന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

ND