കേന്ദ്രഭരണ പ്രദേശമായ ദാദ്ര & നഗർ ഹവേലി, ദാമൻ & ദിയു വിൽ വൈദ്യുതി വിതരണ ബിസിനസ്സ് സ്വകാര്യവത്കരിക്കുന്നതിനും, ഓഹരി വിൽപ്പനയ്ക്കും മറ്റുമായി ഒരു പ്രത്യേക കമ്പനി (സ്പെഷ്യൽ പർപ്പസ് വെഹിക്കിൾ) രൂപീകരിക്കുന്നതിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭാ യോഗം അംഗീകാരം നൽകി. പുതുതായി രൂപീകരിച്ച കമ്പനിയുടെ ഓഹരികൾ ഏറ്റവും ഉയർന്ന ലേലക്കാരന് നൽകുകയും ജീവനക്കാരുടെ ബാധ്യതകൾ നിറവേറ്റുന്നതിനായി ട്രസ്റ്റ്കൾ രൂപീകരിക്കുകയും ചെയ്യും.
ഈ സ്വകാര്യവൽക്കരണ പ്രക്രിയ, ദാദ്ര & നഗർ ഹവേലി, ദാമൻ & ദിയു എന്നിവിടങ്ങളിലെ 1.45 ലക്ഷത്തിലധികം ഉപഭോക്താക്കൾക്ക് മെച്ചപ്പെട്ട സേവനങ്ങൾ, പ്രവർത്തന മെച്ചപ്പെടുത്തലുകൾ, വിതരണത്തിലെ പ്രവർത്തനപരമായ കാര്യക്ഷമത എന്നിവയും രാജ്യത്തുടനീളമുള്ള മറ്റ് യൂട്ടിലിറ്റികളുടെ അനുകരണത്തിന് ഒരു മാതൃക നൽകുകയും ചെയ്യും. ഇത് മത്സരം വർദ്ധിപ്പിക്കുന്നതിനും വൈദ്യുതി വ്യവസായത്തെ ശക്തിപ്പെടുത്തുന്നതിനും ഇടയാക്കും, കൂടാതെ കുടിശ്ശിക വീണ്ടെടുക്കുന്നതിനും ഇത് വഴിയൊരുക്കും .
ഘടനാപരമായ പരിഷ്കാരങ്ങളിലൂടെ ഇന്ത്യയെ സ്വയം പര്യാപ്തമാക്കുന്നതിനായി 2020 മെയ് മാസത്തിൽ ഇന്ത്യാ ഗവൺമെന്റ് ‘ആത്മനിർഭർ ഭാരത് അഭിയാൻ’ പ്രഖ്യാപിച്ചിരുന്നു. വൈദ്യുതി വിതരണത്തിൽ സ്വകാര്യ മേഖലയുടെ കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിന്, വൈദ്യുതി വിതരണ യൂട്ടിലിറ്റികളുടെ സ്വകാര്യവൽക്കരണത്തിലൂടെ കേന്ദ്രഭരണ പ്രദേശങ്ങളിലെ വൈദ്യുതി വിതരണവും ചില്ലറ വിതരണവും പരിഷ്കരിക്കുക എന്നതായിരുന്നു ഇതിൽ ആസൂത്രണം ചെയ്ത പ്രധാന നടപടികളിലൊന്ന്.
ഒരൊറ്റ വിതരണ കമ്പനി, അതായത് ഡി എൻ എച് -ഡി ഡി പവർ ഡിസ്ട്രിബ്യൂഷൻ കോർപ്പറേഷൻ ലിമിറ്റഡ് ഗവണ്മെന്റിന്റെ പൂർണ്ണ ഉടമസ്ഥതയിലുള്ള ഒരു കമ്പനിയായി സംയോജിപ്പിക്കപ്പെടും, കൂടാതെ പുതുതായി രൂപീകരിച്ച കമ്പനിയിലേക്ക് കൈമാറ്റം ചെയ്യപ്പെടുന്ന ഉദ്യോഗസ്ഥരുടെ ആനുകൂല്യങ്ങൾ നിയന്ത്രിക്കുന്നതിന് ട്രസ്റ്റ് (കൾ) രൂപീകരിക്കും. പുതുതായി രൂപീകരിച്ച കമ്പനിയിലേക്കുള്ള ആസ്തികൾ, ബാധ്യതകൾ, ഉദ്യോഗസ്ഥർ തുടങ്ങിയവയുടെ കൈമാറ്റം ദാദ്ര ആൻഡ് നഗർ ഹവേലി, ദാമൻ ദിയു ഇലക്ട്രിസിറ്റി (പുനഃസംഘടനയും പരിഷ്കാരങ്ങളും) ട്രാൻസ്ഫർ സ്കീം, 2020 പ്രകാരമായിരിക്കും.