Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ദക്ഷിണേഷ്യ ഉപഗ്രഹത്തിന്റെ വിക്ഷേപണത്തോടനുബന്ധിച്ചു നടത്തിയ ദക്ഷിണേഷ്യന്‍ രാഷ്ട്രത്തലവന്‍മാരുടെ വീഡിയോ കോണ്‍ഫറന്‍സിനു തുടക്കമിട്ടു പ്രധാനമന്ത്രി നടത്തിയ പ്രസ്താവന

ദക്ഷിണേഷ്യ ഉപഗ്രഹത്തിന്റെ വിക്ഷേപണത്തോടനുബന്ധിച്ചു നടത്തിയ ദക്ഷിണേഷ്യന്‍ രാഷ്ട്രത്തലവന്‍മാരുടെ വീഡിയോ കോണ്‍ഫറന്‍സിനു തുടക്കമിട്ടു പ്രധാനമന്ത്രി നടത്തിയ പ്രസ്താവന


ബഹുമാനപ്പെട്ട അഫ്ഗാനിസ്ഥാന്‍ പ്രസിഡന്റ് അഷ്‌റഫ് ഘനി,

ബഹുമാനപ്പെട്ട ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന,

ബഹുമാനപ്പെട്ട ഭൂട്ടാന്‍ പ്രധാനമന്ത്രി ഷെറിങ് തോബ്‌ഗേ,

ബഹുമാനപ്പെട്ട മാലിദ്വീപ് പ്രസിഡന്റ് അബ്ദുല്ല യാമീന്‍,

ബഹുമാനപ്പെട്ട നേപ്പാള്‍ പ്രധാനമന്ത്രി പുഷ്പ കമാല്‍ ദഹല്‍,

ബഹുമാനപ്പെട്ട പ്രസിഡന്റ് മൈത്രിപാല സിരിസേന,

മഹതികളേ, മഹാന്‍മാരേ,

നമസ്‌കാരം!

ബഹുമാനപ്പെട്ടവരേ,

ദക്ഷിണേഷ്യയെ സംബന്ധിച്ചിടത്തോളം ചരിത്രപരമായ ദിനമാണിന്ന്. സമാനതകളില്ലാത്ത ഒരു ദിനം. രണ്ടു വര്‍ഷം മുമ്പ് ഇന്ത്യ ഒരു വാഗ്ദാനം നല്‍കി. ബഹിരാകാശ സാങ്കേതികവിദ്യയില്‍ ഇന്ത്യക്കുള്ള മികവ് ദക്ഷിണേഷ്യയിലെ സഹോദരീസഹോദരന്മാരുടെ വളര്‍ച്ചയ്ക്കും അഭിവൃദ്ധിക്കുമായി ഉപയോഗപ്പെടുത്തും എന്നതായിരുന്നു അത്.

ദക്ഷിണേഷ്യ ഉപഗ്രഹത്തിന്റെ വിജയകരമായ വിക്ഷേപണം ഈ വാഗ്ദാനത്തിന്റെ പൂര്‍ത്തീകരണമാണ്. ഈ വിക്ഷേപണത്തോടെ നമുക്കിടയിലുള്ള പങ്കാളിത്തത്തെ പുതിയ ഉയരങ്ങളിലേക്ക് എത്തിക്കാനുള്ള യാത്രയ്ക്കു തുടക്കമിട്ടുകഴിഞ്ഞു .

ദക്ഷിണേഷ്യന്‍ സഹകരണത്തിന്റെ പ്രതീകമായി ആകാശത്തു നിലകൊള്ളുന്ന ഈ ഉപഗ്രഹത്തിന് ഈ മേഖലയിലെ 150 കോടിയിലേറെ പേരുടെ പ്രതീക്ഷകളും സാമ്പത്തിക പുരോഗതിയും യാഥാര്‍ഥ്യമാക്കാന്‍ സാധിക്കും. അതോടൊപ്പം നമുക്കിടയിലുള്ള അടുത്ത ബന്ധം ബഹിരാകാശത്തേക്കുകൂടി വ്യാപിപ്പിക്കാന്‍ സാധിക്കുകയും ചെയ്യും.

ബഹുമാനപ്പെട്ടവരേ,

ഈ വിക്ഷേപണം ആഘോഷിക്കാന്‍ എനിക്കൊപ്പം ചേര്‍ന്ന അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ്, ഭൂട്ടാന്‍, നേപ്പാള്‍, മാലിദ്വീപ്, ശ്രീലങ്ക എന്നിവിടങ്ങളിലെ രാഷ്ട്രനേതാക്കളോട് എനിക്ക് അങ്ങേയറ്റത്തെ കടപ്പാടുണ്ട്.

നിങ്ങളുടെ ഗവണ്‍മെന്റുകള്‍ കരുത്തുറ്റതും മൂല്യമേറിയതുമായ പിന്തുണ നല്‍കിയില്ലായിരുന്നുവെങ്കില്‍ ഈ പദ്ധതി യാഥാര്‍ഥ്യമാകുമായിരുന്നില്ല. നിങ്ങളുടെ സഹകരണത്തിനു ഞാന്‍ അങ്ങേയറ്റം കടപ്പെട്ടിരിക്കുന്നു. നാം ഒരുമിച്ചതു നമ്മുടെ ജനതയുടെ ആവശ്യങ്ങള്‍ക്കു മുന്‍ഗണന നല്‍കാനുള്ള നിശ്ചയദാര്‍ഢ്യത്തിന്റെ സൂചനയാണ്. പൗരജീവിതത്തെ സംബന്ധിച്ച പൊതുചിന്തകള്‍ സഹകരണത്തിനും സംഘര്‍ഷമില്ലായ്മയ്ക്കും വികസനത്തിനും നശീകരണ വിരുദ്ധതയ്ക്കും അഭിവൃദ്ധിക്കും ദാരിദ്ര്യത്തെ ഇല്ലായ്മ ചെയ്യാനും നമ്മെ ഒന്നിപ്പിക്കുമെന്നാണ് ഇതിലൂടെ വ്യക്തമാകുന്നത്.

ബഹുമാന്യരേ,

ദക്ഷിണേഷ്യയില്‍ ഇത്തരമൊരു പദ്ധതി ഇതാദ്യമാണ്. ഇതിലൂടെ അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ്, ഭൂട്ടാന്‍, മാലിദ്വീപ്, നേപ്പാള്‍, ശ്രീലങ്ക, ഇന്ത്യ എന്നീ രാഷ്ട്രങ്ങള്‍ക്കു ഫലപ്രദമായ ആശയവിനിമയം, മെച്ചപ്പെട്ട ഭരണവും ബാങ്കിങ്ങും ഗ്രാമപ്രദേശ വിദ്യാഭ്യാസവും, കൂടുതല്‍ വിശ്വസനീയമായ കാലാവസ്ഥാ പ്രവചനവും ഫലപ്രദമായ വിഭവഭൂപടം തയ്യാറാക്കലും, ടെലി-മെഡിസിന്‍ വഴി ജനങ്ങള്‍ക്ക് ഏറ്റവും മുന്‍പന്തിയിലുള്ള വൈദ്യസേവനം ലഭ്യമാക്കല്‍, പ്രകൃതിദുരന്തങ്ങളോട് അതിവേഗം പ്രതികരിക്കല്‍ എന്നീ നേട്ടങ്ങളുണ്ടാവും.

ബഹിരാകാശ സാങ്കേതികവിദ്യ നമ്മുടെ മേഖലയിലെ ജനങ്ങളുടെ ജീവിതത്തെ സ്പര്‍ശിക്കും.

പൊതുവായ സേവനത്തോടൊപ്പം ഓരോ രാഷ്ട്രത്തിനും ആവശ്യമായ സേവനവും ഉപഗ്രഹം ലഭ്യമാക്കും.

ഈ നേട്ടം സാധ്യമാക്കിയതിന് ഇന്ത്യയിലെ ബഹിരാകാശ ശാസ്ത്ര സമൂഹത്തെ, വിശേഷിച്ച് ഇന്ത്യന്‍ സ്‌പേസ് റിസര്‍ച്ച് ഓര്‍ഗനൈസേഷ(ഐ.എസ്.ആര്‍.ഒ.)നെ, ഞാന്‍ അഭിനന്ദിക്കുന്നു.

മേഖലയുടെ ആവശ്യകതയ്ക്കനുസരിച്ചു ദക്ഷിണേഷ്യ ഉപഗ്രഹം വികസിപ്പിക്കുന്നതിലും വീഴ്ച കൂടാതെ വിക്ഷേപിക്കുന്നതിലും മുന്‍പന്തിയില്‍ നിലകൊണ്ടത് ഐ.എസ്.ആര്‍.ഒ. സംഘമാണ്.

ബഹുമാനപ്പെട്ടവരേ,

ഗവണ്‍മെന്റുകളെന്ന നിലയില്‍ നമ്മുടെ ഏറ്റവും പ്രധാന ദൗത്യം ജനങ്ങള്‍ക്കു വളര്‍ച്ച, വികസനം, ശാന്തി എന്നിവ ഉറപ്പാക്കുകയാണ്.

നാം കൈകോര്‍ക്കുകയും വിജ്ഞാനത്തിന്റെയും സാങ്കേതികവിദ്യയുടെയും വളര്‍ച്ചയുടെയും ഫലങ്ങള്‍ പങ്കുവെക്കുകയും ചെയ്യുകവഴി വികസനത്തിന്റെയും അഭിവൃദ്ധിയുടെയും വേഗം കൂട്ടാന്‍ സാധിക്കുമെന്ന് എനിക്ക് ഉറപ്പാണ്.

സാന്നിധ്യത്തിന് നിങ്ങളോരോരുത്തരോടും നന്ദി പറയുന്നു. നമ്മുടെ പൊതു നേട്ടത്തിനു നിങ്ങളെ അഭിനന്ദിക്കുകയും ചെയ്യുന്നു!

നന്ദി; വളരെയധികം നന്ദി.