Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

തൊഴിലധിഷ്ഠിത പരിശീലനത്തിനുള്ള ദേശീയ കൗണ്‍സില്‍ (എന്‍.സി.വി.ടി.), ദേശീയ നൈപുണ്യ വികസന ഏജന്‍സി (എന്‍.എസ്.ഡി.എ.) എന്നിവ ലയിപ്പിച്ച് ദേശീയ തൊഴിലധിഷ്ഠിത വിദ്യാഭ്യാസ, പരിശീലന കൗണ്‍സില്‍ (എന്‍.സി.വി.ഇ.ടി.) രൂപീകരിക്കുന്നതിനു മന്ത്രിസഭയുടെ അനുമതി


നിലവിലുള്ള നിയന്ത്രണ ഏജന്‍സികളായ തൊഴിലധിഷ്ഠിത പരിശീലനത്തിനുള്ള ദേശീയ കൗണ്‍സില്‍ (എന്‍.സി.വി.ടി.), ദേശീയ നൈപുണ്യ വികസന ഏജന്‍സി (എന്‍.എസ്.ഡി.എ.) എന്നിവ ലയിപ്പിച്ച് ദേശീയ തൊഴിലധിഷ്ഠിത വിദ്യാഭ്യാസ, പരിശീലന കൗണ്‍സില്‍ (എന്‍.സി.വി.ഇ.ടി.) രൂപീകരിക്കുന്നതിനു പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗം അനുമതി നല്‍കി.

വിശദാംശങ്ങള്‍:

ദീര്‍ഘകാല, ഹ്രസ്വകാല തൊഴിലധിഷ്ഠിത പഠനവും പരിശീലനവും നടക്കുന്ന സ്ഥാപനങ്ങളെ നിയന്ത്രിക്കുന്നതിനൊപ്പം അത്തരം സ്ഥാപനങ്ങളുടെ നടത്തിപ്പിനായുള്ള മാനദണ്ഡം രൂപീകരിക്കുകയും ചെയ്യുന്നത് എന്‍.സി.വി.ഇ.ടി. ആയിരിക്കും.
എന്‍.സി.വി.ഇ.ടിയുടെ പ്രാഥമിക ചുമതലകള്‍:

യോഗ്യതകള്‍ നല്‍കുന്ന സ്ഥാപനങ്ങള്‍ക്കും വിലയിരുത്തല്‍ നടത്തുന്ന സ്ഥാപനങ്ങള്‍ക്കും നൈപുണ്യസംബന്ധിയായ അറിവു പ്രദാനം ചെയ്യുന്നവര്‍ക്കും അംഗീകാരം നല്‍കലും അവയെ നിയന്ത്രിക്കലും.

യോഗ്യതകള്‍ നല്‍കുന്ന സ്ഥാപനങ്ങളും മേഖലാതല നൈപുണ്യ കൗണ്‍സിലു(എസ്.എസ്.സി.)കളും വികസിപ്പിച്ചെടുക്കുന്ന യോഗ്യതകള്‍ അംഗീകരിക്കല്‍

യോഗ്യതകള്‍ നല്‍കുന്ന സ്ഥാപനങ്ങളിലൂടെയും വിലയിരുത്തുന്ന ഏജന്‍സികളിലൂടെയും തൊഴിലധിഷ്ഠിത പരിശീലന കേന്ദ്രങ്ങളെ പരോക്ഷമായി നിയന്ത്രിക്കല്‍.
ഗവേഷണവും അറിവു വ്യാപിപ്പിക്കലും.

പരാതി പരിഹരിക്കല്‍.

ചെയര്‍പഴ്‌സണ്‍ നേതൃത്വം നല്‍കുന്ന കൗണ്‍സിലിന് എക്‌സിക്യൂട്ടീവ് മെംബര്‍മാരും ഇതര മെംബര്‍മാരും ഉണ്ടായിരിക്കും. രണ്ടു സ്ഥാപനങ്ങള്‍ ലയിപ്പിച്ചാണ് എന്‍.സി.വി.ഇ.ടി. രൂപീകരിക്കുന്നത് എന്നതിനാല്‍ ഇരു സ്ഥാപനങ്ങളുടെയും അടിസ്ഥാനസൗകര്യവും വിഭവങ്ങളും തന്നെയാണ് ഏറെയും ഉപയോഗപ്പെടുത്തുക. നല്ല രീതിയിലുള്ള നടത്തിപ്പ് ഉറപ്പാക്കാനായി ഏതാനും തസ്തികകള്‍കൂടി സൃഷ്ടിക്കും. ഫലപ്രദമായ നിയന്ത്രണം ഉറപ്പുവരുത്തുന്നതിന് ആവശ്യമായ ഏറ്റവും മികച്ച രീതി പിന്‍തുടരുക വഴി നിലവിലുള്ള നിയമങ്ങള്‍ക്കു വിധേയമായി ഫലപ്രദമായി പ്രവര്‍ത്തിക്കും.

നേട്ടങ്ങള്‍:

നൈപുണ്യമേഖലയില്‍ സ്വകാര്യ മൂലധനത്തെ ആകര്‍ഷിക്കുകയും തൊഴിലുടമകളുടെ പങ്കാളിത്തം വര്‍ധിപ്പിക്കുകയും വഴി പുതിയ സ്ഥാപനം തൊഴിലധിഷ്ഠിത വിദ്യാഭ്യാസവത്തിന്റെയും പരിശീലനത്തിന്റെയും വിശ്വാസ്യത വര്‍ധിപ്പിക്കുകയും നൈപുണ്യ വികസന പദ്ധതികളുടെ മേന്മയും കാലിക പ്രസക്തിയും മെച്ചപ്പെടുത്തുകയും ചെയ്യും. തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തെക്കുറിച്ചും നൈപുണ്യമുള്ള മനുഷ്യശക്തിയെക്കുറിച്ചും ഉള്ള പ്രതീക്ഷകള്‍ വര്‍ധിക്കുന്നതിനും അതോടൊപ്പം ഇന്ത്യയെ ലോകത്തിലെ മനുഷ്യശക്തിയുടെ തലസ്ഥാനമാക്കി മാറ്റുക എന്ന പ്രധാനമന്ത്രിയുടെ പദ്ധതി യാഥാര്‍ഥ്യമാക്കുന്നതിനും സഹായകമാകും.

ഇന്ത്യയിലെ നൈപുണ്യ പരിസ്ഥിതിയുടെ നിയന്ത്രണച്ചുമതലയുള്ള സ്ഥാപനമെന്ന നിലയില്‍ എന്‍.സി.വി.ഇ.ടിക്കു രാജ്യത്തെ തൊഴിലധിഷ്ഠിത പഠനത്തിലും പരിശീലനത്തിലും സ്വാധീനം ചെലുത്താന്‍ സാധിക്കും. നൈപുണ്യാധിഷ്ഠിത വിദ്യാഭ്യാസമെന്ന ആശയത്തെ കൂടുതല്‍ പ്രതീക്ഷകളോടെ സമീപിക്കുന്ന സാഹചര്യം സൃഷ്ടിക്കപ്പെടുകയും അതോടെ കൂടുതല്‍ വിദ്യാര്‍ഥികള്‍ നൈപുണ്യാധിഷ്ഠിത കോഴ്‌സുകള്‍ പഠിക്കാന്‍ മുന്നോട്ടുവരുന്ന സാഹചര്യമുണ്ടാവുകയും ചെയ്യും. വ്യവസായ, സേവന മേഖലകളില്‍ കൂടുതല്‍ മനുഷ്യശക്തി ലഭ്യമാകുന്നതിലൂടെ ബിസിനസ് ചെയ്യുന്നത് എളുപ്പമായിത്തീരും.

പശ്ചാത്തലം:

ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയില്‍ പ്രതിശീര്‍ഷ പങ്കു വര്‍ധിപ്പിക്കാന്‍ ഇവിടുത്തെ തൊഴിലെടുക്കാവുന്ന ജനത തൊഴില്‍നൈപുണ്യവും തൊഴിലിനെക്കുറിച്ച് അറിവും ഉള്ളവരായിത്തീരുകയും സാമ്പത്തിക വളര്‍ച്ചയില്‍ നിര്‍ണായകമായ പങ്കാളിത്തം വഹിക്കാന്‍ ശേഷിയുള്ളവരായി മാറുകയും വേണം. നേരത്തേ രാജ്യത്തെ നൈപുണ്യ പരിശീലന സംബന്ധിയായ ആവശ്യങ്ങള്‍ മുഴുവന്‍ നിറവേറ്റിയിരുന്നത് എന്‍.സി.വി.ടിക്കു കീഴിലുള്ള വ്യാവസായിക പരിശീലന കേന്ദ്ര(ഐ.ടി.ഐ.)ങ്ങളും മോഡുലാര്‍ എംപ്ലോയബിള്‍ സ്‌കീമും (എം.ഇ.എസ്.) വഴിയാണ്. രാജ്യത്തു വര്‍ധിച്ചുവരുന്ന നൈപുണ്യ വിഭവശേഷിയുടെ ആവശ്യകതയും അതോടൊപ്പം തൊഴിലെടുക്കാവുന്ന കൂടുതല്‍ പേര്‍ക്കു നൈപുണ്യപരിശീലനം ആവശ്യമാണെന്ന സ്ഥിതിയും സംജാതമായ സാഹചര്യത്തില്‍ നൈപുണ്യ പരിശീലനം വര്‍ധിപ്പിക്കുന്നതിനുള്ള പല വഴികളും ഗവണ്‍മെന്റ് തേടി. ഇതോടെ നല്ല ശതമാനം സ്വകാര്യ മേഖലയില്‍ ഉള്‍പ്പെടെ, പരിശീലന രംഗത്ത് അടിസ്ഥാന സൗകര്യം ഏറെ വികസിച്ചു. കുറഞ്ഞത് 20 മന്ത്രാലയങ്ങള്‍ അഥവാ വകുപ്പുകള്‍ എങ്കിലും നൈപുണ്യ വികസന പദ്ധതികള്‍ നടപ്പാക്കുന്നത് സ്വകാര്യമേഖലയിലെ പരിശീലകരെ ഉപയോഗപ്പെടുത്തിയാണ്.

നിയന്ത്രണ എജന്‍സിക്കു ഫലപ്രദമായി നിരീക്ഷിക്കാന്‍ സാധിക്കാതെ വന്നതോടെ പല തലങ്ങളിലും പല തരത്തിലും ഉള്ള സ്ഥാപനങ്ങള്‍ നടപ്പാക്കുന്ന പരിശീലന പദ്ധതികള്‍ വ്യാപകമായി. ഇത് തൊഴിലധിഷ്ഠിത പരിശീലനത്തെയും അതുവഴി രാജ്യത്തെ യുവാക്കളുടെ തൊഴില്‍വൈഭവത്തെയും പ്രതികൂലമായി ബാധിക്കുന്ന സ്ഥിതിയുണ്ടായി. ഗവണ്‍മെന്റിന്റെയും സ്വകാര്യമേഖലയുടെയും നൈപുണ്യ വികസന ശ്രമങ്ങളെ ഏകോപിപ്പിക്കാന്‍ ശ്രമമുണ്ടായത് 2013ല്‍ ദേശീയ നൈപുണ്യ വികസന ഏജന്‍സി (എന്‍എസ്.ഡി.എ.) രൂപീകൃതമായതോടെയാണ്. മേന്മയും മാനദണ്ഡവും പൊതുമേഖലയ്ക്ക് ഉതകുംവിധമാണെന്ന് ഉറപ്പുവരുത്തുന്നതിനായി ദേശീയ നൈപുണ്യ മേന്മാ ചട്ടക്കൂട് (എന്‍.എസ്.ക്യു.എഫ്.) നടപ്പാക്കുകയും നടത്തിക്കൊണ്ടുപോവുകയും ചെയ്യുക എന്നതായിരുന്നു എന്‍.എസ്.ഡി.എയുടെ പ്രാഥമിക ചുമതല.

എങ്കിലും ദീര്‍ഘകാല, ഹ്രസ്വകാല നൈപുണ്യാധിഷ്ഠിത പരിശീലനങ്ങള്‍ക്കു മേല്‍നോട്ടം വഹിക്കാന്‍ ഒരു നിയന്ത്രണ ഏജന്‍സി ആവശ്യമാണെന്ന ബോധ്യമുണ്ടായി. ഈ സാഹചര്യത്തില്‍ ഇതുവരെ എന്‍.സി.വി.ടിയും എന്‍.എസ്.ഡി.എയും ചെയ്തുവന്ന നിയന്ത്രണപരമായ ചുമതലകള്‍ നിറവേറ്റുന്നതിനായാണ് എന്‍.സി.വി.ഇ.ടി. വിഭാവനം ചെയ്തിരിക്കുന്നത്.

മേഖലാതല നൈപുണ്യ കൗണ്‍സിലുകള്‍ വഴി ദേശീയ നൈപുണ്യ വികസന കോര്‍പറേഷന്‍ നടത്തിവരുന്ന നിയന്ത്രണങ്ങളും ഇനി എന്‍.സി.വി.ഇ.ടി. നിര്‍വഹിക്കും.