Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

തായ്‌ലൻഡിൽ നടന്ന സംവാദ് പരിപാടിയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പരാമർശങ്ങൾ

തായ്‌ലൻഡിൽ നടന്ന സംവാദ് പരിപാടിയിൽ  പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പരാമർശങ്ങൾ


തായ്‌ലൻഡിൽ സംഘടിപ്പിച്ച സംവാദ് പരിപാടിയെ ഇന്ന് വീഡിയോ സന്ദേശത്തിലൂടെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിസംബോധന ചെയ്തു. തായ്‌ലൻഡിലെ സംവാദിന്റെ പതിപ്പിൽ ഭാഗഭാക്കാകാൻ കഴിഞ്ഞതിൽ അഭിമാനമുണ്ടെന്ന് പറഞ്ഞ അദ്ദേഹം പരിപാടി സാധ്യമാക്കിത്തീർത്ത  ഇന്ത്യ, ജപ്പാൻ, തായ്‌ലൻഡ് എന്നിവിടങ്ങളിൽ നിന്നുള്ള വിശിഷ്ട സ്ഥാപനങ്ങളെയും വ്യക്തികളെയും അഭിനന്ദിച്ചു. പരിപാടിയിൽ പങ്കെടുത്ത എല്ലാവർക്കും അദ്ദേഹം ആശംസകൾ നേർന്നു.

2015-ൽ തന്റെ സുഹൃത്ത് ഷിൻസോ ആബെ യുമായുള്ള സംഭാഷണങ്ങളിൽ നിന്നാണ് സംവാദ് എന്ന ആശയം ഉരുത്തിരിഞ്ഞതെന്ന് തദവസരത്തിൽ പ്രധാനമന്ത്രി അനുസ്മരിച്ചു. അതിനുശേഷം, ചർച്ചകൾ സംവാദങ്ങൾ, ആഴത്തിലുള്ള ധാരണ എന്നിവ വളർത്തിയെടുക്കുന്നതിനായി സംവാദിന്റെ ആശയം വിവിധ രാജ്യങ്ങളിലൂടെ സഞ്ചരിച്ചുകൊണ്ടിരിക്കുന്നു.

സമ്പന്നമായ സംസ്കാരവും ചരിത്രവും പൈതൃകവുമുള്ള ഒരു രാജ്യമായ തായ്‌ലൻഡിൽ സംവാദിന്റെ  ഈ പതിപ്പ് നടക്കുന്നതിൽ സന്തോഷം പ്രകടിപ്പിച്ചുകൊണ്ട്, ഏഷ്യയുടെ പൊതുവായ ദാർശനികവും ആത്മീയവുമായ പാരമ്പര്യങ്ങളുടെ മനോഹരമായ ഉദാഹരണമായി തായ്‌ലൻഡ് നിലകൊള്ളുന്നുവെന്ന് ശ്രീ മോദി ഊന്നിപ്പറഞ്ഞു.

രണ്ടായിരം വർഷത്തിലേറെയായി ഇന്ത്യയും തായ്‌ലൻഡും പങ്കിടുന്ന ആഴമേറിയ സാംസ്കാരിക ബന്ധത്തിന് അടിവരയിട്ടുകൊണ്ട്, രാമായണവും രാമകീനും ഇരു രാജ്യങ്ങളെയും ബന്ധിപ്പിക്കുന്നതായും ഭഗവാൻ ബുദ്ധനോടുള്ള അവരുടെ പൊതുവായ ആദരവ് അവരെ പരസ്പരം ഒന്നിപ്പിക്കുന്നതായും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. കഴിഞ്ഞ വർഷം ഇന്ത്യ, ഭഗവാൻ ബുദ്ധന്റെ വിശുദ്ധ തിരുശേഷിപ്പുകൾ തായ്‌ലൻഡിലേക്ക് അയച്ചപ്പോൾ ദശലക്ഷക്കണക്കിന് ഭക്തർ ആദരമർപ്പിച്ചതായി അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്ത്യയും തായ്‌ലൻഡും തമ്മിലുള്ള ഒന്നിലധികം മേഖലകളിലെ ഊർജ്ജസ്വലമായ പങ്കാളിത്തത്തെ ശ്രീ മോദി എടുത്തുപറഞ്ഞുകൊണ്ട് ഇന്ത്യയുടെ ‘ആക്ട് ഈസ്റ്റ്’ നയവും തായ്‌ലൻഡിന്റെ ‘ആക്ട് വെസ്റ്റ്’ നയവും പരസ്പര പൂരകങ്ങളാണെന്നും അവ പുരോഗതിയും സമൃദ്ധിയും പ്രോത്സാഹിപ്പിക്കുമെന്നും പരാമർശിച്ചു. ഈ സമ്മേളനം ഇരു രാജ്യങ്ങളും തമ്മിലുള്ള സൗഹൃദ ബന്ധത്തിലെ മറ്റൊരു വിജയകരമായ അധ്യായമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

ഏഷ്യൻ നൂറ്റാണ്ടിനെ പ്രതിപാദിക്കുന്ന സംവാദിന്റെ പ്രമേയം ഉയർത്തിക്കാട്ടിക്കൊണ്ട്, ഏഷ്യൻ നൂറ്റാണ്ട് സാമ്പത്തിക മൂല്യത്തെക്കുറിച്ചു മാത്രമല്ല, സാമൂഹിക മൂല്യങ്ങളെക്കുറിച്ചും കൂടിയാണെന്ന് ഈ സമ്മേളനം വെളിവാക്കുന്നതായി ശ്രീ മോദി ചൂണ്ടിക്കാട്ടി. ഭഗവാൻ ബുദ്ധന്റെ ബോധനങ്ങൾക്ക് സമാധാനപരവും പുരോഗമനപരവുമായ ഒരു യുഗം സൃഷ്ടിക്കുന്നതിൽ ലോകത്തെ നയിക്കാൻ കഴിയുമെന്നും, മനുഷ്യ കേന്ദ്രീകൃതമായ ഒരു ഭാവിയിലേക്ക് നയിക്കാനുള്ള ശക്തി അദ്ദേഹത്തിന്റെ ജ്ഞാനത്തിനുണ്ടെന്നും പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു.

സംവാദിന്റെ പ്രധാന പ്രമേയമായ സംഘർഷ ഒഴിവാക്കൽ എന്നതിനെ പരാമർശിച്ചുകൊണ്ട്, സംഘർഷങ്ങൾ പലപ്പോഴും ഒരു വശം മാത്രം ശരിയെന്നും മറ്റുള്ളവ തെറ്റാണെന്നും വിശ്വസിക്കുന്നതിൽ നിന്നാണ് ഉണ്ടാകുന്നതെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. ഈ വിഷയത്തിൽ ഭഗവാൻ ബുദ്ധന്റെ ഉൾക്കാഴ്ച ഉദ്ധരിച്ചുകൊണ്ട്, ചില ആളുകൾ സ്വന്തം വീക്ഷണങ്ങളിൽ ഉറച്ചുനിൽക്കുകയും ഒരു വശം മാത്രം സത്യമായി കാണുകയും അതിനായി വാദിക്കുകയും ചെയ്യുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഒരേ വിഷയത്തിൽ ഒന്നിലധികം വീക്ഷണകോണുകൾ ഉണ്ടാകുമെന്ന്‌ അദ്ദേഹം ഊന്നിപ്പറഞ്ഞു. സത്യത്തെ വ്യത്യസ്ത കോണുകളിൽ നിന്ന് കാണാവുന്നതാണെന്ന കാര്യം  നാം അംഗീകരിക്കുമ്പോൾ വിവാദങ്ങൾ ഒഴിവാക്കാൻ കഴിയുമെന്ന് ഋഗ്വേദത്തെ ഉദ്ധരിച്ച് പ്രധാനമന്ത്രി പറഞ്ഞു.

മറ്റുള്ളവയെ അടിസ്ഥാനപരമായി വ്യത്യസ്തമായി കാണുക എന്ന സംഘർഷത്തിന്റെ മറ്റൊരു കാരണവും ശ്രീ മോദി എടുത്തുകാട്ടി. വൈജാത്യങ്ങൾ വിദൂരതയിലേക്ക് നയിക്കുമെന്നും അകലം പൊരുത്തക്കേടായി മാറുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇതിനെതിരെ, എല്ലാവരും വേദനയെയും മരണത്തെയും ഭയപ്പെടുന്നുവെന്ന് വ്യക്തമാക്കുന്ന ധമ്മപദത്തിലെ ഒരു ശ്ലോകം അദ്ദേഹം ഉദ്ധരിച്ചു. മറ്റുള്ളവരും നമ്മളെപ്പോലെ തന്നെയാണെന്ന് തിരിച്ചറിയുന്നതിലൂടെ, ഒരു ദോഷമോ അപകടമോ സംഭവിക്കുന്നില്ലെന്ന് നമുക്ക് ഉറപ്പാക്കാൻ കഴിയുമെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. ഈ വാക്കുകൾ പാലിച്ചാൽ സംഘർഷം ഒഴിവാക്കാനാകുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

“ലോകത്തിലെ പല പ്രശ്‌നങ്ങളും സന്തുലിതമായ സമീപനത്തേക്കാൾ തീവ്രമായ നിലപാടുകൾ സ്വീകരിക്കുന്നതിൽ നിന്നാണ് ഉണ്ടാകുന്നത്”, ശ്രീ മോദി പറഞ്ഞു. തീവ്രമായ വീക്ഷണങ്ങൾ സംഘർഷങ്ങളിലേക്കും, പാരിസ്ഥിതിക പ്രതിസന്ധികളിലേക്കും, സമ്മർദ്ദവുമായി ബന്ധപ്പെട്ട ആരോഗ്യ പ്രശ്‌നങ്ങളിലേക്കും പോലും നയിക്കുന്നുവെന്ന് അദ്ദേഹം എടുത്തുപറഞ്ഞു. മധ്യപാത പിന്തുടരാനും അതിരുകടന്നവ ഒഴിവാക്കാനും നമ്മെ പ്രേരിപ്പിച്ച ഭഗവാൻ ബുദ്ധന്റെ ഉദ്ബോധനങ്ങളിലാണ്  ഈ വെല്ലുവിളികൾക്കുള്ള പരിഹാരം ഉള്ളതെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. മിതത്വത്തിന്റെ തത്വം ഇന്നും പ്രസക്തമാണെന്നും അത് ആഗോള വെല്ലുവിളികളെ നേരിടുന്നതിൽ മാർഗനിർദേശം നൽകുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

സംഘർഷങ്ങൾ ഇന്ന് വ്യക്തികൾക്കും രാഷ്ട്രങ്ങൾക്കും അപ്പുറത്തേക്ക് വ്യാപിക്കുന്നുണ്ടെന്നും, മനുഷ്യരാശി പ്രകൃതിയുമായി കൂടുതൽ സംഘർഷത്തിലാണെന്നും പ്രധാനമന്ത്രി നിരീക്ഷിച്ചു. ഇത് നമ്മുടെ ഭൂമിയെ ഭീഷണിയാകുന്ന ഒരു പാരിസ്ഥിതിക പ്രതിസന്ധിയിലേക്ക് നയിച്ചിട്ടുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ധർമ്മ തത്വങ്ങളിൽ വേരൂന്നിയ ഏഷ്യയുടെ പങ്കിട്ട പാരമ്പര്യങ്ങളിലാണ് ഈ വെല്ലുവിളിക്കുള്ള ഉത്തരം ഉള്ളതെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. ഹിന്ദുമതം, ബുദ്ധമതം, ഷിന്റോയിസം, മറ്റ് ഏഷ്യൻ പാരമ്പര്യങ്ങൾ എന്നിവ പ്രകൃതിയുമായി ഇണങ്ങി ജീവിക്കാൻ നമ്മെ പഠിപ്പിക്കുന്നുവെന്ന് അദ്ദേഹം പരാമർശിച്ചു. പ്രകൃതിയിൽ നിന്ന് വേറിട്ടവരായിട്ടല്ല, മറിച്ച് അതിന്റെ ഭാഗമായിട്ടാണ് നാം നമ്മെ കാണേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. മഹാത്മാഗാന്ധിയുടെ ട്രസ്റ്റിഷിപ്പ് എന്ന ആശയം ശ്രീ മോദി ഉയർത്തിക്കാട്ടികൊണ്ട് നാം ഇന്ന് പുരോഗതിക്കായി പ്രകൃതിവിഭവങ്ങൾ ഉപയോഗിക്കുമ്പോൾ, ഭാവി തലമുറകളോടുള്ള നമ്മുടെ ഉത്തരവാദിത്തവും പരിഗണിക്കണമെന്ന് ഊന്നിപ്പറഞ്ഞു. വിഭവങ്ങൾ അത്യാഗ്രഹത്തിനല്ല, പോരോഗതിയ്ക്കാണ് ഉപയോഗിക്കുന്നതെന്ന് ഈ സമീപനം ഉറപ്പാക്കുന്നുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

ഒരുകാലത്ത് ബുദ്ധമത പഠനത്തിന്റെ മഹത് കേന്ദ്രമായിരുന്ന പശ്ചിമ ഇന്ത്യയിലെ ഒരു ചെറിയ പട്ടണമായ വാദ്‌നഗറിൽ നിന്നാണ് താൻ വരുന്നതെന്ന് ശ്രീ മോദി പറഞ്ഞു. ഭഗവാൻ ബുദ്ധൻ തന്റെ ആദ്യ ഉദ്‌ബോധനം നടത്തിയ പുണ്യസ്ഥലമായ സാരനാഥ് ഉൾപ്പെടുന്ന വാരാണസിയെയാണ് ഇന്ത്യൻ പാർലമെന്റിൽ അദ്ദേഹം പ്രതിനിധീകരിക്കുന്നത്. ഭഗവാൻ ബുദ്ധനുമായി ബന്ധപ്പെട്ട സ്ഥലങ്ങൾ തന്റെ യാത്രയെ രൂപപ്പെടുത്തിയത് സുന്ദരമായ യാദൃശ്ചികതയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

“ഭഗവാൻ ബുദ്ധനോടുള്ള നമ്മുടെ ആദരവ് ഇന്ത്യൻ ഗവണ്മെന്റിന്റെ നയങ്ങളിൽ പ്രതിഫലിക്കുന്നു”, പ്രധാനമന്ത്രി പറഞ്ഞു. ബുദ്ധ സർക്യൂട്ടിന്റെ ഭാഗമായി പ്രധാനപ്പെട്ട ബുദ്ധമത കേന്ദ്രങ്ങളെ ബന്ധിപ്പിക്കുന്നതിന് ടൂറിസം അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിച്ചിട്ടുണ്ടെന്ന് അദ്ദേഹം പരാമർശിച്ചു. ഈ സർക്യൂട്ടിനുള്ളിലെ യാത്ര സുഗമമാക്കുന്നതിനാണ് ‘ബുദ്ധ പൂർണിമ എക്സ്പ്രസ്’ എന്ന പ്രത്യേക ട്രെയിൻ ആരംഭിച്ചതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കുശിനഗർ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ഉദ്ഘാടനം അന്താരാഷ്ട്ര ബുദ്ധമത തീർത്ഥാടകർക്ക് പ്രയോജനപ്പെടുന്ന ചരിത്രപരമായ ഒരു ചുവടുവയ്പ്പാണെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. ബോധ് ഗയയുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനായി വിവിധ വികസന സംരംഭങ്ങളും പ്രഖ്യാപിച്ച അദ്ദേഹം ഭഗവാൻ ബുദ്ധന്റെ നാടായ ഇന്ത്യ സന്ദർശിക്കാൻ ലോകമെമ്പാടുമുള്ള തീർത്ഥാടകരെയും പണ്ഡിതന്മാരെയും സന്യാസിമാരെയും സ്നേഹപൂർവ്വം ക്ഷണിച്ചു.

നൂറ്റാണ്ടുകൾക്ക് മുമ്പ് സംഘർഷശക്തികളാൽ നശിപ്പിക്കപ്പെട്ട നളന്ദ മഹാവിഹാര, ചരിത്രത്തിലെ ഏറ്റവും മികച്ച സർവകലാശാലകളിൽ ഒന്നാണെന്ന് പരാമർശിച്ച പ്രധാനമന്ത്രി അതിനെ ഒരു പഠന കേന്ദ്രമായി പുനരുജ്ജീവിപ്പിച്ചുകൊണ്ട് ഇന്ത്യ പ്രതിരോധശേഷി പ്രകടമാക്കിയതായും ഭഗവാൻ ബുദ്ധന്റെ അനുഗ്രഹത്താൽ നളന്ദ സർവകലാശാല അതിന്റെ പഴയ പ്രതാപം വീണ്ടെടുക്കുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിക്കുകയും ചെയ്തു. ഭഗവാൻ ബുദ്ധൻ തന്റെ ഉദ്ബോധനങ്ങൾ നടത്തിയ ഭാഷയായ പാലിയെ ക്ലാസിക്കൽ ഭാഷയായി പ്രഖ്യാപിച്ചുകൊണ്ട് ആ ഭാഷയും സാഹിത്യവും സംരക്ഷിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും സ്വീകരിച്ച സുപ്രധാന നടപടികൾ  അദ്ദേഹം എടുത്തുപറഞ്ഞു. ബുദ്ധമത പണ്ഡിതരുടെ പ്രയോജനത്തിനായി ഡോക്യുമെന്റേഷനും ഡിജിറ്റലൈസേഷനും പ്രോത്സാഹിപ്പിക്കുന്നതിനും പുരാതന കൈയെഴുത്തുപ്രതികൾ തിരിച്ചറിയുന്നതിനും പട്ടികപ്പെടുത്തുന്നതിനുമുള്ള ഗ്യാൻ ഭാരതം ദൗത്യം ആരംഭിച്ചിട്ടുള്ളതും അദ്ദേഹം പരാമർശിച്ചു.

ഭഗവാൻ ബുദ്ധന്റെ സാരോപദേശങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനായി കഴിഞ്ഞ ദശകത്തിലെ നിരവധി രാജ്യങ്ങളുമായുള്ള സഹകരണം ശ്രീ മോദി എടുത്തുപറഞ്ഞു. ‘ഏഷ്യയെ ശക്തിപ്പെടുത്തുന്നതിൽ ബുദ്ധ ധർമ്മത്തിന്റെ പങ്ക്’ എന്ന വിഷയത്തിൽ ഇന്ത്യയിൽ അടുത്തിടെ നടന്ന പ്രഥമ  ഏഷ്യൻ ബുദ്ധമത ഉച്ചകോടിയെക്കുറിച്ചും, മുൻപ് ആദ്യത്തെ ആഗോള ബുദ്ധമത ഉച്ചകോടിക്ക് ഇന്ത്യ ആതിഥേയത്വം വഹിച്ചതിനെക്കുറിച്ചും അദ്ദേഹം ചൂണ്ടിക്കാട്ടി. നേപ്പാളിലെ ലുംബിനിയിൽ ഇന്ത്യ ഇന്റർനാഷണൽ സെന്റർ ഫോർ ബുദ്ധിസ്റ്റ് കൾച്ചർ & ഹെറിറ്റേജ് -ന് തറക്കല്ലിട്ടതിന്റെ ബഹുമതിയും, ലുംബിനി മ്യൂസിയത്തിന്റെ നിർമ്മാണത്തിനുള്ള ഇന്ത്യയുടെ സംഭാവനയും അദ്ദേഹം പരാമർശിച്ചു. കൂടാതെ, 108 വാല്യങ്ങളുള്ള മംഗോളിയൻ കാഞ്ചൂരിലെ ബുദ്ധഭഗവാന്റെ ‘സംക്ഷിപ്ത ഉത്തരവുകൾ’ മംഗോളിയയിലെ ആശ്രമങ്ങളിലേക്ക് പുനഃപ്രസിദ്ധീകരിച്ച് വിതരണം ചെയ്തതും അദ്ദേഹം ചൂണ്ടിക്കാട്ടി. പല രാജ്യങ്ങളിലെയും സ്മാരകങ്ങളുടെ സംരക്ഷണത്തിനുള്ള ഇന്ത്യയുടെ ശ്രമങ്ങൾ ഭഗവാൻ ബുദ്ധന്റെ പൈതൃകത്തോടുള്ള പ്രതിബദ്ധതയെ ശക്തിപ്പെടുത്തുന്നുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

വ്യത്യസ്ത മതനേതാക്കളെ ഒരുമിച്ച് കൊണ്ടുവരുന്ന മതപരമായ ഒരു വട്ടമേശ സമ്മേളനം സംഘടിപ്പിക്കുന്നത് പ്രോത്സാഹജനകമാണെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. കൂടുതൽ ഒത്തൊരുമയുള്ള ഒരു ലോകം രൂപപ്പെടുത്തുന്നതിനായി ഈ വേദിയിൽ നിന്ന് വിലപ്പെട്ട ഉൾക്കാഴ്ചകൾ ഉയർന്നുവരുമെന്ന് അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. സമ്മേളനത്തിന് ആതിഥേയത്വം വഹിച്ചതിൽ തായ്‌ലൻഡ് ജനതയ്ക്കും ഗവണ്മെന്റിനും  ശ്രീ മോദി നന്ദി പറഞ്ഞു. ഈ മഹത്തായ ദൗത്യം മുന്നോട്ട് കൊണ്ടുപോകാൻ ഒത്തുകൂടിയ എല്ലാ പങ്കാളികൾക്കും അദ്ദേഹം ആശംസകൾ നേർന്നു. സമാധാനത്തിന്റെയും പുരോഗതിയുടെയും സമൃദ്ധിയുടെയും ഒരു യുഗത്തിലേക്ക് ധർമ്മത്തിന്റെ വെളിച്ചം നമ്മെ തുടർന്നും നയിക്കുമെന്ന് പ്രത്യാശ പ്രകടിപ്പിച്ചുകൊണ്ടാണ് അദ്ദേഹം പ്രസംഗം ഉപസംഹരിച്ചത്.

 

***

SK