Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ഡോ: എം. കരുണാനിധിയുടെ വിയോഗത്തില്‍ മന്ത്രിസഭ അനുശോചിച്ചു


ചെൈന്നയിലെ കാവേരി ആശുപത്രിയില്‍ വച്ച് 2018 ഓഗസ്റ്റ് ഏഴിന് അന്തരിച്ച തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ഡോ. എം. കരുണാനിധിയുടെ ദേഹവിയോഗത്തില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്രമോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം അനുശോചനം രേഖപ്പെടുത്തി.
അദ്ദേഹത്തിനെ ഓര്‍മിച്ചുകൊണ്ട് മന്ത്രിസഭായോഗം രണ്ടുമിനുട്ട് മൗനം ആചരിക്കുകയും അനുശോചന പ്രമേയം പാസാക്കുകയും ചെയ്തു. പ്രമേയത്തിന്റെ വിശദാംശങ്ങള്‍ ചുവടെ:-
”ചെന്നൈയിലെ കാവേരി ആശുപത്രിയില്‍ വച്ച് 2018 ഓഗസ്റ്റ് 7ന് അന്തരിച്ച തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ഡോ: എം. കരുണാനിധിയുടെ ദേഹവിയോഗത്തില്‍ മന്ത്രിസഭായോഗം അഗാധമായ ദു:ഖം രേഖപ്പെടുത്തുന്നു. അദ്ദേഹത്തിന്റെ മരണത്തോടെ ആദരവോടെ ”കലൈജ്ഞര്‍” എന്നു വിളിച്ചിരു മുതിര്‍ന്നതും സമുന്നതനുമായ ഒരു നേതാവിനെയാണ് രാജ്യത്തിന് നഷ്ടപ്പെട്ടത്.
1924ല്‍ നാഗപട്ടണം ജില്ലയിലെ തിരുക്കുവളൈ ഗ്രാമത്തിലാണ് അദ്ദേഹം ജനിച്ചത്. തമിഴ്‌നാട് രാഷ്ട്രീയരംഗത്തെ ദീര്‍ഘകാല പ്രവര്‍ത്തനത്തിനിടയില്‍ പൊതുസമൂഹത്തിലും രാഷ്ട്രീയജീവിതത്തിലും അദ്ദേഹം നിരവധി സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. 33-ാമത്തെ വയസില്‍ 1957ല്‍ കുളിത്തലൈ സീറ്റില്‍ ജയിച്ചുകൊണ്ടാണ് അദ്ദേഹം തമിഴ്‌നാട് നിയമസഭയില്‍ എത്തിയത്. 1967ല്‍ അദ്ദേഹം തമിഴ്‌നാട് ഗവണ്‍മെന്റില്‍ മന്ത്രിയാകുകയും അതിനുശേഷം ആദ്യമായി 1969ല്‍ മുഖ്യമന്ത്രിപദത്തിലെത്തുകയും ചെയ്തു. അഞ്ചുതവണ തമിഴ്‌നാട് മുഖ്യമന്ത്രിസ്ഥാനം അദ്ദേഹം വഹിച്ചിട്ടുണ്ട്.
രാഷ്ട്രീയ പ്രവര്‍ത്തനത്തിനും ജീവിതത്തിനുമപ്പുറത്തായി അദ്ദേഹം തമിഴ്‌സിനിമാരംഗത്ത് വളരെ ജനാംഗീകാരമുള്ള ഒരു തിരക്കഥാകൃത്തുകൂടിയായിരുന്നു. ദ്രാവിഡപ്രസ്ഥാനത്തിന്റെ ആശയങ്ങള്‍ പ്രചരിപ്പിക്കുന്നതിന് അദ്ദേഹം ചലച്ചിത്രം എന്ന മാധ്യമത്തെ ഉപയോഗിച്ചു. അതോടൊപ്പം മറ്റ് എഴുത്തുകളിലൂടെയും പ്രസംഗത്തിലൂടെയും ഡോ: എം. കരുണാനിധി വളരെ പ്രശസ്തനുമാണ്. കവിത, തിരക്കഥകള്‍, നോവലുകള്‍, ജീവിതചരിത്രങ്ങള്‍, നാടകങ്ങള്‍, സംഭാഷണങ്ങള്‍, ചലച്ചിത്രഗാനങ്ങള്‍ തുടങ്ങിയവയിലൂടെ തമിഴ്‌സാഹിത്യത്തിന് അദ്ദേഹം നല്‍കിയ സംഭാവനകള്‍ വളരെ വിശാലവും അഗാധവുമാണ്.
അദ്ദേഹത്തിന്റെ മരണത്തോടെ തമിഴ്‌നാടിന് അവരുടെ ജനകീയനായ നേതാവിനെയാണ് നഷ്ടപ്പെട്ടത്.
ദുഃഖാര്‍ത്തരായ കുടുംബാംഗങ്ങള്‍ക്കും തമിഴ്‌നാടിലെ ജനങ്ങള്‍ക്കും ഗവമെന്റിന്റെയൂം രാജ്യത്തിന്റെയും ഭാഗത്തുനിന്നു മന്ത്രിസഭ ഹൃദയംഗമമായ അനുശോചന അറിയിക്കുന്നു.”