തമിഴ്‌നാട്ടില്‍ എണ്ണ പ്രകൃതിവാതക മേഖലയിലെ പ്രധാന പദ്ധതികള്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി വീഡിയോ കോണ്‍ഫറന്‍സിലൂടെ രാജ്യത്തിനു സമര്‍പ്പിച്ചു. രാമനാഥപുരം -തൂത്തുക്കുടി പ്രകൃതി വാതക പൈപ്പ് ലൈന്‍, മണലിയിലെ ചെന്നൈ പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡിലെ ഗ്യാസോലിന്‍ ഡീ സള്‍ഫ്യൂറൈസേഷന്‍ യൂണിറ്റ് എന്നിവയാണ് അദ്ദേഹം രാജ്യത്തിന് സമര്‍പ്പിച്ചത്. നാഗപട്ടണത്ത് കാവേരി നദീതട എണ്ണശുദ്ധീകരണ ശാലയുടെ ശിലാസ്ഥാപനവും നിര്‍വഹിച്ചു. തമിഴ്‌നാട് ഗവര്‍ണര്‍ ശ്രീ. ബന്‍വാരി ലാല്‍ പുരോഹിത്, തമിഴ്‌നാട് മുഖ്യമന്ത്രി ശ്രീ. എടപ്പാടി കെ. പളനിസ്വാമി, കേന്ദ്ര പെട്രോളിയം പ്രകൃതിവാതക മന്ത്രി ശ്രീ. ധര്‍മ്മേന്ദ്ര പ്രധാന്‍ എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.
2019- 20ല്‍ ഉപയോഗത്തിനായി 85% എണ്ണ, 53% പ്രകൃതിവാതകം എന്നിവ ഇന്ത്യ ഇറക്കുമതി ചെയ്തതായി പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. നമ്മുടേത് പോലെ വൈവിധ്യവും പ്രതിഭാ ശേഷിയുള്ളതുമായ ഒരു രാജ്യത്ത് ഊര്‍ജ്ജത്തിനായി ഇറക്കുമതിയെ ആശ്രയിക്കേണ്ടതുണ്ടോ എന്ന് അദ്ദേഹം ചോദിച്ചു. ഈ വിഷയം നേരത്തെ ശ്രദ്ധിച്ചിരുന്നുവെങ്കില്‍ നമ്മുടെ മധ്യവര്‍ഗ്ഗ ജനതയ്ക്ക് ദുരിതമനുഭവിക്കേണ്ടി വരില്ലായിരുന്നു. ഇപ്പോള്‍ ഊര്‍ജ്ജ ആശ്രയത്വം കുറയ്ക്കുന്നതിന് ശുദ്ധവും ഹരിതവുമായ ഊര്‍ജ്ജ സ്രോതസ്സുകള്‍ക്കായി പ്രവര്‍ത്തിക്കേണ്ടത് നമ്മുടെ കൂട്ടായ ഉത്തരവാദിത്തം ആണെന്ന് പ്രധാനമന്ത്രി പറഞ്ഞു. മധ്യവര്‍ഗത്തിന്റെ ആശങ്കകള്‍ പരിഹരിക്കാന്‍ ഗവണ്‍മെന്റ് ഒപ്പം ഉള്ളതായും ശ്രീ നരേന്ദ്ര മോദി പറഞ്ഞു.
കര്‍ഷകരേയും ഉപഭോക്താക്കളേയും സഹായിക്കാനായി ഇന്ത്യ ഇപ്പോള്‍ എഥനോളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുണ്ട്. മേഖലയിലെ സൗരോര്‍ജം കൂടുതല്‍ പ്രയോജനപ്പെടുത്താന്‍ ശ്രമിക്കുന്നു. പൊതു ഗതാഗത സേവനം പ്രോത്സാഹിപ്പിക്കുകയും എല്‍ഇഡി പോലുള്ള ബദല്‍ മാര്‍ഗങ്ങള്‍ ഉപയോഗിക്കുന്നതും വഴി മധ്യവര്‍ഗ്ഗ ജനതയ്ക്ക് പണം ലാഭിക്കാന്‍ ആകുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
വര്‍ദ്ധിച്ചുവരുന്ന ഊര്‍ജ ആവശ്യങ്ങള്‍ നേരിടുന്നതിനായി ശ്രമിക്കുമ്പോള്‍ നമ്മുടെ ഊര്‍ജ്ജ ഇറക്കുമതി ആശ്രയത്വം കുറയ്ക്കുകയും ഇറക്കുമതി വിഭവങ്ങളുടെ വൈവിധ്യവല്‍ക്കരണവുമാണ് ചെയ്യുന്നത്. ഇതിനായി അടിസ്ഥാന ശേഷി വികസിപ്പിച്ചിട്ടുണ്ട്. എണ്ണശുദ്ധീകരണ മേഖലയില്‍ 2019 -20 ല്‍ ആഗോള തലത്തില്‍ ഇന്ത്യ നാലാം സ്ഥാനത്താണ്. 65.2 ദശലക്ഷം ടണ്‍ പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ കയറ്റുമതി ചെയ്തിട്ടുണ്ട്. ഭാവിയില്‍ ഇത് വര്‍ധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും പ്രധാനമന്ത്രി പറഞ്ഞു.
27 വിദേശരാജ്യങ്ങളിലായി ഇന്ത്യന്‍ എണ്ണ- പ്രകൃതിവാതക കമ്പനികള്‍ ഉണ്ടെന്നും ഇവയില്‍ രണ്ട് ലക്ഷത്തി എഴുപതിനായിരം കോടി രൂപ നിക്ഷേപം ഉള്ളതായും പ്രധാനമന്ത്രി അറിയിച്ചു.
ഒരു രാജ്യം ഒരു വാതക ഗ്രിഡ് വീക്ഷണത്തെപ്പറ്റി പറഞ്ഞ പ്രധാനമന്ത്രി, എണ്ണ -വാതക അടിസ്ഥാന സൗകര്യ മേഖലയില്‍ അഞ്ച് വര്‍ഷം കൊണ്ട് 7.5 ലക്ഷം കോടി രൂപ ചെലവിടാന്‍ ഉദ്ദേശിക്കുന്നതായി പറഞ്ഞു . 407 ജില്ലകളെ കൂടി ഉള്‍പ്പെടുത്തി സിറ്റി ഗ്യാസ് വിതരണശൃംഖല വിപുലപ്പെടുത്തും.
ഉപഭോക്തൃ കേന്ദ്രീകൃത പദ്ധതികളായ പഹല്‍, പിഎം ഉജ്ജ്വല യോജന എന്നിവ വീട്ടാവശ്യത്തിനുള്ള വാതകം ലഭ്യമാക്കുന്നതിന് സഹായിക്കുന്നു. തമിഴ്‌നാട്ടില്‍ 95 ശതമാനം എല്‍പിജി ഉപഭോക്താക്കളും പഹല്‍ പദ്ധതിയില്‍ ചേര്‍ന്നിട്ടുണ്ട്. 90 ശതമാനത്തിലധികം സജീവ ഉപഭോക്താക്കള്‍ക്ക് നേരിട്ട് സബ്‌സിഡി കൈമാറുന്നു. ഉജ്ജ്വല യോജനയുടെ കീഴില്‍ തമിഴ്‌നാട്ടില്‍ 32 ലക്ഷം ബിപിഎല്‍ കുടുംബങ്ങള്‍ക്ക് പുതിയ വാതക കണക്ഷന്‍ നല്‍കി. 31.6 ലക്ഷം കുടുംബങ്ങള്‍ പി എം ഗരീബ് കല്യാണ്‍ യോജന വഴിയുള്ള സൗജന്യ വാതക റീഫില്‍ ആനുകൂല്യം നേടിയതായും പ്രധാനമന്ത്രി പറഞ്ഞു.
ഉദ്ഘാടനം ചെയ്ത ഇന്ത്യന്‍ ഓയിലിന്റെ 143 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള രാമനാഥപുരം- തൂത്തുക്കുടി പൈപ്പ് ലൈന്‍, ഒ എന്‍ ജി സി എണ്ണപ്പാടങ്ങളില്‍ നിന്നുള്ള വാതകം എത്തിക്കാന്‍ സഹായിക്കും. 4500 കോടി രൂപ മുതല്‍ മുടക്കി വികസിപ്പിക്കുന്ന ബൃഹത്തായ പ്രകൃതി വാതക പൈപ്പ് ലൈന്‍ പദ്ധതിയുടെ ഭാഗമായാണിത്. എന്നോര്‍, തിരുവള്ളൂര്‍, ബംഗളൂരു, പുതുച്ചേരി, നാഗപട്ടണം, മധുര, തൂത്തുക്കുടി എന്നിവിടങ്ങളില്‍ ഇതിന്റെ പ്രയോജനം ലഭിക്കും.
ഈ വാതക പൈപ്പ് ലൈന്‍ പദ്ധതികള്‍ തമിഴ്‌നാട്ടില്‍ 10 ജില്ലകളിലായി 5000 കോടി രൂപ നിക്ഷേപത്തില്‍ വികസിപ്പിച്ചു വരുന്ന സിറ്റി ഗ്യാസ് പദ്ധതികള്‍ക്ക് സഹായകരമാകും. ഒ എന്‍ ജി സി യില്‍ നിന്നുള്ള വാതകം ഇനി തൂത്തുകുടി സതേണ്‍ പെട്രോകെമിക്കല്‍സ് ഇന്‍ഡസ്ട്രീസ് കോര്‍പ് ലിമിറ്റഡിന് നല്‍കും. വളം നിര്‍മ്മിക്കുന്നതിന് കുറഞ്ഞ വിലയ്ക്ക് വാതകം ഫീഡ് സ്റ്റോക് രൂപത്തില്‍ നല്‍കും. സംഭരണ ആവശ്യമില്ലാതെ ഫീഡ് സ്റ്റോക്ക് ഇനി നിരന്തരം ലഭ്യമാകും. ഇത് പ്രതിവര്‍ഷം 70 മുതല്‍ 95 കോടി രൂപ വരെ ഉത്പാദന ചെലവ് കുറയ്ക്കും എന്ന് പ്രതീക്ഷിക്കുന്നു. ഇത് ആത്യന്തികമായി വളത്തിന്റെ ഉല്‍പ്പാദന ചെലവ് കുറയ്ക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു .
നമ്മുടെ ഊര്‍ജ്ജ ശ്രേണിയിലെ വാതക വിഹിതം നിലവിലെ 6.3 ശതമാനത്തില്‍ നിന്ന് 15 ശതമാനമായി വര്‍ധിപ്പിക്കാന്‍ പദ്ധതി ഉള്ളതായും പ്രധാനമന്ത്രി പറഞ്ഞു.
പ്രാദേശിക പട്ടണങ്ങള്‍ക്ക് ലഭിക്കുന്ന നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ പ്രധാനമന്ത്രി, നാഗപട്ടണത്തെ പുതിയ റിഫൈനറി, 80 ശതമാനവും പ്രാദേശിക ഉല്‍പ്പന്നങ്ങളും സേവനങ്ങളും പ്രയോജനപ്പെടുത്തുമെന്നും അറിയിച്ചു. മേഖലയിലെ ഗതാഗത സൗകര്യം, പെട്രോകെമിക്കല്‍ വ്യവസായങ്ങള്‍, അനുബന്ധ ചെറുകിട വ്യവസായങ്ങള്‍ എന്നിവയുടെ പ്രോത്സാഹനത്തിന് റിഫൈനറി സഹായിക്കും. പുനരുപയോഗ ഊര്‍ജ്ജ സ്രോതസ്സുകളില്‍ നിന്നുള്ള വിഹിതം വര്‍ധിപ്പിക്കാനുള്ള ശ്രമങ്ങള്‍ ഊന്നിപ്പറഞ്ഞ പ്രധാനമന്ത്രി, 2030ഓടെ 40% ഊര്‍ജ്ജവും ഹരിത ഊര്‍ജ്ജ സ്രോതസ്സുകളില്‍ നിന്ന് ഉത്പാദിപ്പിക്കാനാകുമെന്ന് പറഞ്ഞു. ഉദ്ഘാടനം ചെയ്ത മണലി റിഫൈനറിയിലെ സിപിസിഎല്ലിന്റെ പുതിയ ഗ്യാസോലിന്‍ ഡി സല്‍ഫ്യുറൈസെഷന്‍ യൂണിറ്റ് ഹരിത ഭാവിക്കായുള്ള മറ്റൊരു ചുവടുവെപ്പ് ആണെന്നും ശ്രീ മോദി പറഞ്ഞു.
കഴിഞ്ഞ ആറു വര്‍ഷമായി തമിഴ്‌നാട്ടില്‍ എണ്ണ- പ്രകൃതിവാതക മേഖലയില്‍ അമ്പതിനായിരം കോടി രൂപയുടെ പദ്ധതികള്‍ക്ക് അനുമതി നല്‍കിയിട്ടുണ്ട്. ഇതേകാലയളവില്‍ 2014 മുന്‍പ് അനുമതി നല്‍കിയ 9100 കോടി രൂപയുടെ പദ്ധതികള്‍ പൂര്‍ത്തിയാക്കി. കൂടാതെ എണ്ണ പൈപ്പ് ലൈന്‍ രംഗത്ത് 4300 കോടിയുടെ പദ്ധതികളും ഉണ്ട്. രാജ്യത്തിന്റെ സുസ്ഥിര വികസനത്തിനായുള്ള നയങ്ങളുടെയും സംരംഭങ്ങളുടെയും സംയുക്തഫലമാണ് തമിഴ്‌നാട്ടിലെ എല്ലാ പദ്ധതികളെന്നും പ്രധാനമന്ത്രി പറഞ്ഞു.
Inaugurating important projects relating to Aatmanirbharta in the energy sector. https://t.co/wEW11egO7j
— Narendra Modi (@narendramodi) February 17, 2021