Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

തമിഴ്‌നാട്ടിലെ ചെന്നൈയിൽ പ്രധാനമന്ത്രി വിവിധ പദ്ധതികൾക്ക് തറക്കല്ലിടുകയും രാജ്യത്തിന് സമർപ്പിക്കുകയും ചെയ്തു

തമിഴ്‌നാട്ടിലെ ചെന്നൈയിൽ പ്രധാനമന്ത്രി വിവിധ പദ്ധതികൾക്ക് തറക്കല്ലിടുകയും രാജ്യത്തിന് സമർപ്പിക്കുകയും ചെയ്തു


പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് തമിഴ്‌നാട്ടിലെ ചെന്നൈയിലെ ആൽസ്ട്രോം ക്രിക്കറ്റ് മൈതാനത്ത് വിവിധ പദ്ധതികൾക്കു തറക്കല്ലിടുകയും രാജ്യത്തിന് സമർപ്പിക്കുകയും ചെയ്തു. നേരത്തെ, ചെന്നൈ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പുതിയ സംയോജിത ടെർമിനൽ കെട്ടിടം (ഘട്ടം-1) ഉദ്ഘാടനം ചെയ്ത പ്രധാനമന്ത്രി ചെന്നൈ-കോയമ്പത്തൂർ വന്ദേ ഭാരത് എക്സ്‌പ്രസ് ചെന്നൈയിൽ ഫ്ലാഗ് ഓഫ് ചെയ്യുകയും ചെയ്തു.

തമിഴ്‌നാട് ചരിത്രത്തിന്റെയും പൈതൃകത്തിന്റെയും നാടാണെന്നും, ഭാഷയുടെയും സാഹിത്യത്തിന്റെയും നാടാണെന്നും സമ്മേളനത്തെ അഭിസംബോധന ചെയ്യവേ പ്രധാനമന്ത്രി പറഞ്ഞു. നമ്മുടെ സ്വാതന്ത്ര്യസമരസേനാനികളിൽ പലരും തമിഴ്‌നാട്ടിൽ നിന്നുള്ളവരാണെന്ന് ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി, സംസ്ഥാനം ദേശസ്നേഹത്തിന്റെയും ദേശീയ ബോധത്തിന്റെയും കേന്ദ്രമാണെന്നും വ്യക്തമാക്കി. തമിഴ്‌നാടിന്റെ പുതുവർഷം അടുത്തുവരുന്നതായി സൂചിപ്പിച്ച പ്രധാനമന്ത്രി, പുതിയ ഊർജത്തിന്റെയും പ്രതീക്ഷയുടെയും അഭിലാഷങ്ങളുടെയും പുതിയ തുടക്കങ്ങളുടെയും സമയമാണിതെന്നും പറഞ്ഞു. “പല പുതിയ അടിസ്ഥാനസൗകര്യ പദ്ധതികളും ഇന്ന് മുതൽ ജനങ്ങൾക്കു പ്രയോജനപ്രദമാകും. ചിലത് അവയുടെ തുടക്കത്തിന് സാക്ഷ്യം വഹിക്കും” – റെയിൽവേ, റോഡുകൾ, വ്യോമപാതകൾ എന്നിവയുമായി ബന്ധപ്പെട്ട പുതിയ പദ്ധതികൾ പുതുവത്സരാഘോഷങ്ങൾക്കു മാറ്റുകൂട്ടുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.

വേഗതയും തോതും കൊണ്ടു നയിക്കപ്പെടുന്ന അടിസ്ഥാനസൗകര്യവിപ്ലവത്തിനാണ് ഇന്ത്യ സാക്ഷ്യം വഹിക്കുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു. അടിസ്ഥാനസൗകര്യ വികസനത്തിനായി ഈ വർഷത്തെ ബജറ്റിൽ 10 ലക്ഷം കോടി രൂപ വകയിരുത്തിയിട്ടുണ്ട്. ഇത് 2014 ലെ ബജറ്റിനേക്കാൾ അഞ്ച് മടങ്ങ് വർധനയാണ്. അതേസമയം റെയിൽ അടിസ്ഥാനസൗകര്യ വികസനത്തിനുള്ള ധനവിഹിതം റെക്കോർഡ് ഉയരത്തിലാണെന്നും അദ്ദേഹം പറഞ്ഞു. 2014 മുതൽ പ്രതിവർഷം കൂട്ടിച്ചേർക്കപ്പെടുന്ന ദേശീയ പാതകളുടെ ദൈർഘ്യം ഇരട്ടിയായി വർധിച്ചതായും റെയിൽ പാതകളുടെ വൈദ്യുതവൽക്കരണം പ്രതിവർഷം 600 പാത എന്ന നിലയിൽ നിന്ന് 4000 പാതയായി വർധിച്ചതായും വിമാനത്താവളങ്ങളുടെ എണ്ണം 74ൽ നിന്ന് ഏകദേശം 150 ആയി വർധിച്ചതായും പ്രധാനമന്ത്രി പറഞ്ഞു. വ്യാപാരത്തിനു ഗുണകരമായ തമിഴ്‌നാടിന്റെ വിശാലമായ തീരപ്രദേശത്തെക്കുറിച്ചു പരാമർശിക്കവേ, തുറമുഖങ്ങളുടെ ശേഷി വർധിപ്പിക്കൽ 2014 മുതൽ ഇരട്ടിയാക്കിയതായി പ്രധാനമന്ത്രി അറിയിച്ചു.

രാജ്യത്തെ സാമൂഹിക – ഡിജിറ്റൽ അടിസ്ഥാനസൗകര്യങ്ങളെക്കുറിച്ചും പരാമർശിച്ച പ്രധാനമന്ത്രി, 2014ന് മുമ്പ് രാജ്യത്ത് മെഡിക്കൽ കോളേജുകളുടെ എണ്ണം 380 ആയിരുന്നത് ഇപ്പോൾ 660 ആയി വർധിച്ചിട്ടുണ്ടെന്നു ചൂണ്ടിക്കാട്ടി. കഴിഞ്ഞ ഒമ്പത് വർഷത്തിനിടയിൽ, രാജ്യം നിർമിച്ച മൊബൈൽ ആപ്പുകളുടെ എണ്ണം മൂന്നിരട്ടിയായി. ഡിജിറ്റൽ ഇടപാടുകളിൽ ലോകത്ത് ഒന്നാം സ്ഥാനത്തെത്തി. മൊബൈൽ ഡാറ്റ ലോകത്തിലെ ഏറ്റവും ചെലവുകുറഞ്ഞ നിരക്കിൽ ലഭിക്കുന്ന നാടുകളിലൊന്നായി മാറി. കൂടാതെ ഏകദേശം 2 ലക്ഷം ഗ്രാമപഞ്ചായത്തുകളെ കൂട്ടിയിണക്കി 6 ലക്ഷത്തിലധികം കിലോമീറ്റർ ഒപ്റ്റിക് ഫൈബർ സ്ഥാപിച്ചു. “ഇന്ന്, ഇന്ത്യയിൽ നഗരത്തിലെ ഉപയോക്താക്കളേക്കാൾ കൂടുതൽ ഇന്റർനെറ്റ് ഉപയോക്താക്കളുണ്ട്” –  അദ്ദേഹം കൂട്ടിച്ചേർത്തു.

തൊഴിൽ സംസ്കാരത്തിലും കാഴ്ചപ്പാടിലും വന്ന മാറ്റങ്ങളുടെ ഫലമാണ് ഗുണപരമായ മാറ്റങ്ങളെന്ന് പ്രധാനമന്ത്രി പറഞ്ഞു. നേരത്തെ അടിസ്ഥാനസൗകര്യ വികസന പദ്ധതികൾ കാലതാമസം വരുത്തിയിരുന്നെങ്കിൽ ഇപ്പോൾ എത്തിക്കൽ എന്നാണ് അർഥമാക്കുന്നതെന്നും കാലതാമസത്തിൽ നിന്ന് വിതരണത്തിലേക്കുള്ള ഈ യാത്ര തൊഴിൽ സംസ്കാരത്തിന്റെ ഫലമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നിർദിഷ്ട സമയപരിധിക്ക് മുമ്പുതന്നെ ഫലം കൈവരിക്കുന്നതിനായി പ്രവർത്തിക്കുമ്പോൾ, നികുതിദായകർ അടയ്ക്കുന്ന ഓരോ രൂപയ്ക്കും ഗവൺമെന്റ് ഉത്തരവാദികളാണെന്നു പ്രധാനമന്ത്രി വ്യക്തമാക്കി. മുൻ ഗവൺമെന്റുകളിൽ നിന്നുള്ള കാഴ്ചപ്പാടിലെ വ്യത്യാസത്തിലേക്ക് വെളിച്ചം വീശിയ പ്രധാനമന്ത്രി, അടിസ്ഥാന സൗകര്യങ്ങളെ കോൺക്രീറ്റും ഇഷ്ടികയും സിമന്റുമായി മാത്രമല്ല, മറിച്ച് അഭിലാഷങ്ങളെ നേട്ടവുമായും, ജനങ്ങളെ സാധ്യതകളുമായും, സ്വപ്നങ്ങളെ യാഥാർഥ്യവുമായും കൂട്ടിയിണക്കുന്ന മാനുഷിക മുഖത്തോടെയാണ് കാണുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു.

ഇന്നത്തെ പദ്ധതികളിൽ നിന്നുള്ള ഉദാഹരണങ്ങൾ ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി, റോഡ്‌ പദ്ധതികളിലൊന്ന് വിരുദുനഗറിലെയും തെങ്കാശിയിലെയും പരുത്തി കർഷകരെ മറ്റ് വിപണികളുമായി ബന്ധിപ്പിക്കുന്നതായും, ചെന്നൈയ്ക്കും കോയമ്പത്തൂരിനും ഇടയിലുള്ള വന്ദേ ഭാരത് എക്സ്‌‌പ്രസ് ചെറുകിട വ്യവസായങ്ങളെ ഉപഭോക്താക്കളുമായി ബന്ധിപ്പിക്കുന്നതായും, ചെന്നൈ വിമാനത്താവളത്തിന്റെ പുതിയ ടെർമിനൽ ലോകത്തെ തമിഴ്‌നാട്ടിലേക്കു കൊണ്ടുവരുന്നതായും പറഞ്ഞു. ഇതു യുവാക്കൾക്ക് പുതിയ വരുമാന സാധ്യതകൾ സൃഷ്ടിക്കുന്ന നിക്ഷേപങ്ങൾ കൊണ്ടുവരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. “വേഗത കൈവരിക്കുന്നത് വാഹനങ്ങൾ മാത്രമല്ല, ജനങ്ങളുടെ സ്വപ്നങ്ങളും സംരഭകത്വ മനോഭാവവും വേഗത കൈവരിക്കുന്നു. സമ്പദ്‌വ്യവസ്ഥയ്ക്ക് ഉത്തേജനം ലഭിക്കുന്നു” – ഓരോ അടിസ്ഥാനസൗകര്യ പദ്ധതിയും കോടിക്കണക്കിന് കുടുംബങ്ങളുടെ ജീവിതം മാറ്റിമറിക്കുന്നുവെന്നു പ്രധാനമന്ത്രി പറഞ്ഞു.

“തമിഴ്‌നാടിന്റെ വികസനത്തിന് ഗവൺമെന്റ് വലിയ മുൻഗണന നൽകുന്നു” – ഈ വർഷത്തെ ബജറ്റിൽ റെയിൽ അടിസ്ഥാനസൗകര്യ വികസനത്തിനായി സംസ്ഥാനത്തിന് എക്കാലത്തെയും ഉയർന്ന തുകയായ 6000 കോടി രൂപ അനുവദിച്ചിട്ടുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. 2009-2014 കാലയളവിൽ പ്രതിവർഷം അനുവദിച്ച ശരാശരി തുക 900 കോടിയിൽ താഴെ മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 2004നും 2014 നും ഇടയിൽ തമിഴ്‌നാട്ടിൽ കൂട്ടിച്ചേർത്ത ദേശീയ പാതകളുടെ നീളം ഏകദേശം 800 കിലോമീറ്ററായിരുന്നു. എന്നാൽ 2014 നും 2023 നും ഇടയിൽ ഏകദേശം 2000 കിലോമീറ്റർ ദേശീയ പാതകൾ കൂട്ടിച്ചേർത്തുവെന്നു പ്രധാനമന്ത്രി പറഞ്ഞു. തമിഴ്‌നാട്ടിലെ ദേശീയ പാതകളുടെ വികസനത്തിലും പരിപാലനത്തിലുമുള്ള നിക്ഷേപത്തെക്കുറിച്ച് പരാമർശിച്ച പ്രധാനമന്ത്രി, തമിഴ്‌നാട്ടിൽ 2014-15ൽ ഏകദേശം 1200 കോടി രൂപ ചെലവഴിച്ചപ്പോൾ 2022-23ൽ ഇത് 6 മടങ്ങ് വർധിച്ച് 8200 കോടി രൂപയായി ഉയർന്നുവെന്ന് ചൂണ്ടിക്കാട്ടി.

കഴിഞ്ഞ കുറച്ച് വർഷങ്ങളായി തമിഴ്‌നാട്ടിൽ നടന്ന നിരവധി പ്രധാന പദ്ധതികളെക്കുറിച്ചു പറഞ്ഞ പ്രധാനമന്ത്രി, ഇന്ത്യയുടെ സുരക്ഷ ശക്തിപ്പെടുത്തുന്ന പ്രതിരോധ വ്യവസായ ഇടനാഴി, പിഎം മിത്ര മെഗാ ടെക്സ്‌റ്റൈൽ പാർക്കുകൾ, ബംഗളൂരു-ചെന്നൈ അതിവേഗപാതയുടെ തറക്കല്ലിടൽ എന്നിവയുടെ ഉദാഹരണം ചൂണ്ടിക്കാട്ടി. ചെന്നൈക്കു സമീപം ബഹുതല ലോജിസ്റ്റിക്സ് പാർക്കിന്റെ നിർമാണം നടക്കുന്നുണ്ടെന്നും മാമല്ലപുരം മുതൽ കന്യാകുമാരി വരെയുള്ള കിഴക്കൻ തീര റോഡു മുഴുവൻ ഭാരത്മാല പദ്ധതിക്കു കീഴിൽ മെച്ചപ്പെടുത്തുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ചെന്നൈ, മധുര, കോയമ്പത്തൂർ എന്നീ മൂന്ന് പ്രധാന നഗരങ്ങൾക്ക്, ഉദ്ഘാടനം ചെയ്യുകയോ ആരംഭിക്കുകയോ ചെയ്യുന്ന പദ്ധതികളിൽ നിന്നു നേരിട്ട് പ്രയോജനം ലഭിക്കുന്നുണ്ടെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ചെന്നൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഉദ്ഘാടനം ചെയ്ത പുതിയ സംയോജിത ടെർമിനൽ കെട്ടിടം വർധിച്ചുവരുന്ന യാത്രക്കാരുടെ ആവശ്യം നിറവേറ്റുമെന്നും പറഞ്ഞു. വിമാനത്താവളത്തിന്റെ രൂപകൽപ്പന തമിഴ് സംസ്കാരത്തിന്റെ സൗന്ദര്യം പ്രതിഫലിപ്പിക്കുന്നതാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. “മേൽക്കൂരയോ തറയോ മച്ചോ ചുവർചിത്രങ്ങളോ ഏതുമാകട്ടെ, അവയുടെ ഓരോന്നിന്റെയും രൂപകൽപ്പന തമിഴ്‌നാടിന്റെ ചില വശങ്ങളെ ഓർമിപ്പിക്കുന്നു.” വിമാനത്താവളത്തിൽ പാരമ്പര്യം തിളങ്ങുമ്പോഴും, അത് സുസ്ഥിരതയുടെ ആധുനിക ആവശ്യങ്ങൾക്കായി നിർമിച്ചതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പരിസ്ഥിതിസൗഹൃദ സാമഗ്രികൾ ഉപയോഗിച്ചാണ് ഇത് നിർമിച്ചിരിക്കുന്നതെന്നും എൽഇഡി പ്രകാശസംവിധാനം, സൗരോർജം തുടങ്ങിയ നിരവധി ഹരിതസാങ്കേതികവിദ്യകൾ ഉപയോഗിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പുതുതായി ഫ്ലാഗ് ഓഫ് ചെയ്ത ചെന്നൈ-കോയമ്പത്തൂർ വന്ദേ ഭാരത് എക്സ്‌പ്രസിനെക്കുറിച്ചു പരാമർശിച്ച അദ്ദേഹം, മഹാനായ വി ഒ ചിദംബരം പിള്ളയുടെ നാട്ടിൽ ‘മെയ്ഡ് ഇൻ ഇന്ത്യ’യുടെ ഈ അഭിമാനം സ്വാഭാവികമാണെന്നും പറഞ്ഞു.

തുണിവ്യവസായ മേഖലയുടെ കാര്യത്ത‌ിലായാലും, എംഎസ്എംഇകളുടെ കാര്യത്തിലായാലും, വ്യവസായങ്ങളുടെ കാര്യത്തിലായാലും കോയമ്പത്തൂർ വ്യാവസായിക ശക്തികേന്ദ്രമാണെന്നു ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി, ആധുനിക സമ്പർക്കസൗകര്യങ്ങൾ ജനങ്ങളുടെ ഉൽപ്പാദനക്ഷമത വർധിപ്പിക്കുമെന്ന് വ്യക്തമാക്കി. വന്ദേ ഭാരത് എക്സ്‌പ്രസ് കാരണം ചെന്നൈയ്ക്കും കോയമ്പത്തൂരിനും ഇടയിലുള്ള യാത്ര ഏകദേശം 6 മണിക്കൂർ മാത്രമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. സേലം, ഈറോഡ്, തിരുപ്പൂർ തുടങ്ങിയ തുണി‌വ്യവസായ- വ്യാവസായിക കേന്ദ്രങ്ങൾക്കും ഇത് ഗുണം ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മധുരയുടെ കാര്യം പരാമർശിച്ച പ്രധാനമന്ത്രി, ഈ നഗരം തമിഴ്‌നാടിന്റെ സാംസ്കാരിക തലസ്ഥാനമാണെന്നും ലോകത്തിലെ ഏറ്റവും പുരാതന നഗരങ്ങളിലൊന്നാണെന്നും  പറഞ്ഞു. ഇന്നത്തെ പദ്ധതികൾ ഈ പുരാതന നഗരത്തിന്റെ ആധുനിക അടിസ്ഥാനസൗകര്യങ്ങൾക്ക് ഉത്തേജനം പകരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പ്രസംഗം ഉപസംഹരിക്കവേ, ഇന്ത്യയുടെ വളർച്ചായന്ത്രങ്ങളിലൊന്നാണ് തമിഴ്‌നാട് എന്ന് പ്രധാനമന്ത്രി ആവർത്തിച്ചു. “മികച്ച നിലവാരമുള്ള അടിസ്ഥാന സൗകര്യങ്ങൾ ഇവിടെ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമ്പോൾ, വരുമാനം ഉയരുകയും തമിഴ്‌നാട് വളരുകയും ചെയ്യും. തമിഴ്‌നാട് വളരുമ്പോൾ ഇന്ത്യയും വളരും”- പ്രധാനമന്ത്രി പറഞ്ഞു.

തമിഴ്‌നാട് ഗവർണർ ശ്രീ ആർ എൻ രവി, മുഖ്യമന്ത്രി ശ്രീ എം കെ സ്റ്റാലിൻ, കേന്ദ്ര റെയിൽവേ മന്ത്രി ശ്രീ അശ്വിനി വൈഷ്ണവ്, കേന്ദ്ര വ്യോമയാന മന്ത്രി ശ്രീ ജ്യോതിരാദിത്യ സിന്ധ്യ, കേന്ദ്ര മത്സ്യബന്ധന – മൃഗസംരക്ഷണ – ക്ഷീരവികസന – വാർത്താവിതരണ പ്രക്ഷേപണ സഹമന്ത്രി ശ്രീ എൽ മുരുകൻ, ശ്രീപെരുമ്പത്തൂരിൽ നിന്നുള്ള പാർലമെന്റ് അംഗം ശ്രീ ടി ആർ ബാലു, തമിഴ്‌നാട് മന്ത്രിമാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

 

പശ്ചാത്തലം

തമിഴ്‌നാട്ടിൽ ഏകദേശം 3700 കോടി രൂപയുടെ റോഡ് പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും പ്രധാനമന്ത്രി നിര്‍വഹിച്ചു. മധുര നഗരത്തിലെ 7.3 കിലോമീറ്റര്‍ നീളമുള്ള എലവേറ്റഡ് ഇടനാഴിയും ദേശീയ പാത 785-ലെ 24.4 കിലോമീറ്റര്‍ നീളമുള്ള നാലുവരിപ്പാതയും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. ദേശീയ പാത-744ന്റെ റോഡ് പദ്ധതികളുടെ നിര്‍മ്മാണത്തിനുള്ള തറക്കല്ലിടലും പ്രധാനമന്ത്രി നിര്‍വഹിച്ചു. 2400 കോടിയിലധികം രൂപയുടെ ഈ പദ്ധതി തമിഴ്‌നാടും കേരളവും തമ്മിലുള്ള അന്തര്‍സംസ്ഥാന സമ്പർക്കസൗകര്യം വർധിപ്പിക്കുകയും മധുര മീനാക്ഷി ക്ഷേത്രം, ശ്രീവില്ലിപുത്തൂരിലെ ആണ്ടാള്‍ ക്ഷേത്രം, കേരളത്തിലെ ശബരിമല എന്നിവിടങ്ങളില്‍ ദര്‍ശനത്തിനെത്തുന്ന തീർഥാടകര്‍ക്ക് സൗകര്യപ്രദമായ യാത്ര ഉറപ്പാക്കുകയും ചെയ്യും.

തിരുത്തുറൈപൂണ്ടിക്കും അഗസ്ത്യംപള്ളിക്കും ഇടയില്‍ 294 കോടി രൂപ ചെലവില്‍ പൂര്‍ത്തിയാക്കിയ ഗേജ് പരിവര്‍ത്തനം ചെയ്ത 37 കിലോമീറ്റര്‍ ഭാഗത്തിന്റെ ഉദ്ഘാടനവും പ്രധാനമന്ത്രി നിര്‍വഹിച്ചു. ഇത് നാഗപട്ടണം ജില്ലയിലെ അഗസ്ത്യംപള്ളിയില്‍ നിന്നുള്ള ഭക്ഷ്യയോഗ്യവും വ്യാവസായികവുമായ ഉപ്പ് നീക്കത്തിന് ഗുണം ചെയ്യും.

താംബരത്തിനും സെങ്കോട്ടയ്ക്കും ഇടയിലുള്ള എക്സ്‌പ്രസ് സര്‍വീസും പ്രധാനമന്ത്രി ഫ്‌ളാഗ് ഓഫ് ചെയ്തു. കോയമ്പത്തൂര്‍, തിരുവാരൂര്‍, നാഗപട്ടണം ജില്ലകളിലെ യാത്രക്കാര്‍ക്ക് പ്രയോജനപ്പെടുന്ന തിരുത്തുറൈപൂണ്ടി-അഗസ്ത്യംപള്ളി ഡെമു സര്‍വീസും അദ്ദേഹം ഫ്‌ളാഗ് ഓഫ് ചെയ്തു.

 

-ND-