Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

തമിഴ്നാട്ടിലെ തൂത്തുക്കുടിയില്‍ 17,300 കോടി രൂപയിലധികം വരുന്ന വിവിധ വികസന പദ്ധതികള്‍ക്ക് പ്രധാനമന്ത്രി തറക്കല്ലിടുകയും രാജ്യത്തിന് സമര്‍പ്പിക്കുകയും ചെയ്തു

തമിഴ്നാട്ടിലെ തൂത്തുക്കുടിയില്‍ 17,300 കോടി രൂപയിലധികം വരുന്ന വിവിധ വികസന പദ്ധതികള്‍ക്ക് പ്രധാനമന്ത്രി തറക്കല്ലിടുകയും രാജ്യത്തിന് സമര്‍പ്പിക്കുകയും ചെയ്തു


പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് തമിഴ്നാട്ടിലെ തൂത്തുക്കുടിയില്‍ 17,300 കോടിയിലധികം രൂപയുടെ ഒന്നിലധികം വികസന പദ്ധതികള്‍ക്ക് തറക്കല്ലിടുകയും രാജ്യത്തിന് സമര്‍പ്പിക്കുകയും ചെയ്തു. വി. ഒ. ചിദംബരനാര്‍ തുറമുഖത്ത് ഔട്ടര്‍ ഹാര്‍ബര്‍ കണ്ടെയ്നര്‍ ടെര്‍മിനലിന്റെ തറക്കല്ലിടല്‍ പ്രധാനമന്ത്രി നിര്‍വഹിച്ചു. ഹരിത് നൗക പദ്ധതിയുടെ കീഴില്‍ ഇന്ത്യയിലെ ആദ്യത്തെ തദ്ദേശീയമായ ഗ്രീന്‍ ഹൈഡ്രജന്‍ ഇന്ധന സെല്‍ ഉള്‍നാടന്‍ ജലപാത കപ്പലും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. 10 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി 75 വിളക്കുമാടങ്ങളില്‍ അദ്ദേഹം ടൂറിസ്റ്റ് സൗകര്യങ്ങള്‍ സമര്‍പ്പിച്ചു. വഞ്ചി മണിയച്ചി-തിരുനെല്‍വേലി സെക്ഷന്‍, മേലപ്പാളയം-ആറല്‍വയ്മൊളി സെക്ഷന്‍ എന്നീ ഭാഗങ്ങൾ ഉള്‍പ്പെടെ വഞ്ചി മണിയച്ചി – നാഗര്‍കോവില്‍ റെയില്‍ പാത ഇരട്ടിപ്പിക്കുന്നതിനുള്ള റെയില്‍ പദ്ധതികളും അദ്ദേഹം രാജ്യത്തിന് സമര്‍പ്പിച്ചു. ഏകദേശം 4,586 കോടി രൂപ ചെലവില്‍ വികസിപ്പിച്ച നാല് റോഡ് പദ്ധതികള്‍ പ്രധാനമന്ത്രി തമിഴ്നാട്ടില്‍ സമര്‍പ്പിച്ചു.

വികസിത ഇന്ത്യയുടെ റോഡ് മാപ്പിലേക്ക് ഒന്നിലധികം വികസന പദ്ധതികള്‍ക്ക് ഉദ്ഘാടനവും തറക്കല്ലിടലും നടക്കുമ്പോള്‍ തൂത്തുക്കുടിയില്‍ തമിഴ്നാട് പുരോഗതിയുടെ പുതിയ അധ്യായം രചിക്കുകയാണെന്ന് സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. ഇന്നത്തെ വികസന പദ്ധതികളില്‍ ഏക് ഭാരത് ശ്രേഷ്ഠ ഭാരതത്തിന്റെ ആശയത്തിന് സാക്ഷ്യം വഹിക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു. പദ്ധതികള്‍ തൂത്തുക്കുടിയിലാണെങ്കിലും, ഇന്ത്യയിലുടനീളമുള്ള ഒന്നിലധികം സ്ഥലങ്ങളിലെ വികസനത്തിന് അത് ആക്കം കൂട്ടുമെന്ന് പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു.

വികസിത് ഭാരതിന്റെ യാത്രയും അതില്‍ തമിഴ്‌നാടിന്റെ പങ്കും പ്രധാനമന്ത്രി ആവര്‍ത്തിച്ചു. 2 വര്‍ഷം മുൻപത്തെ സന്ദർശനവേളയിൽ ചിദംബരനാര്‍ തുറമുഖത്തിന്റെ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനുള്ള നിരവധി പദ്ധതികള്‍ ഫ്‌ളാഗ് ഓഫ് ചെയ്തത് അദ്ദേഹം അനുസ്മരിച്ചു. “ആ ഉറപ്പ് ഇന്ന് നിറവേറ്റപ്പെടുകയാണ്” പ്രധാനമന്ത്രി പറഞ്ഞു. ചിദംബരനാര്‍ തുറമുഖത്ത് ഔട്ടര്‍ ഹാര്‍ബര്‍ കണ്ടെയ്നര്‍ ടെര്‍മിനലിന്റെ തറക്കല്ലിടല്‍ സംബന്ധിച്ച് സംസാരിക്കവെ, ഈ പദ്ധതിക്ക് 7,000 കോടി രൂപയുടെ നിക്ഷേപം ഉണ്ടാകുമെന്ന് പ്രധാനമന്ത്രി അറിയിച്ചു. 900 കോടി രൂപയുടെ പദ്ധതികള്‍ ഇന്ന് സമര്‍പ്പിക്കുകയും 13 തുറമുഖങ്ങളില്‍ 2500 കോടി രൂപയുടെ പദ്ധതികള്‍ ആരംഭിക്കുകയും ചെയ്തു. ഈ പദ്ധതികള്‍ തമിഴ്‌നാടിന് ഗുണം ചെയ്യുമെന്നും സംസ്ഥാനത്ത് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നും അദ്ദേഹം പറഞ്ഞു. 

ഇന്നത്തെ സര്‍ക്കാര്‍ കൊണ്ടുവരുന്ന വികസന പദ്ധതികള്‍ ജനങ്ങളുടെ ആവശ്യങ്ങളാണെന്നും മുന്‍ സര്‍ക്കാരുകള്‍ ഒരിക്കലും അവ ശ്രദ്ധിച്ചില്ലെന്നും പ്രധാനമന്ത്രി ഓര്‍മിപ്പിച്ചു. ‘ഞാന്‍ തമിഴ്‌നാട്ടില്‍ വന്നത് ഈ നാടിന്റെ സേവനത്തിനും അതിന്റെ വിധി മാറ്റിയെഴുതാനുമാണ്’, പ്രധാനമന്ത്രി പറഞ്ഞു.

ഹരിത് നൗക സംരംഭത്തിന് കീഴിലുള്ള ഇന്ത്യയിലെ ആദ്യത്തെ ഹൈഡ്രജന്‍ ഇന്ധന സെല്‍ ഉള്‍നാടന്‍ ജലപാത കപ്പലിനെക്കുറിച്ച് സംസാരിക്കവെ, തമിഴ്നാട്ടിലെ ജനങ്ങൾക്ക് കാശിയുടെ പേരിലുള്ള സമ്മാനമാണിതെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു. കാശി തമിഴ് സംഗമത്തില്‍ തമിഴ്‌നാട്ടിലെ ജനങ്ങളുടെ ആവേശവും സ്‌നേഹവും താന്‍ കണ്ടതായി അദ്ദേഹം പറഞ്ഞു. വി. ഒ. ചിദംബരനാര്‍ തുറമുഖത്തെ രാജ്യത്തെ ആദ്യത്തെ ഗ്രീന്‍ ഹൈഡ്രജന്‍ ഹബ് തുറമുഖമാക്കാന്‍ ലക്ഷ്യമിട്ടുള്ള മറ്റ് വിവിധ പദ്ധതികള്‍ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. ഈ പദ്ധതികളില്‍ കടല്‍വെള്ളത്തില്‍ നിന്ന് ഉപ്പ് മാറ്റി ശുദ്ധജലം ഉണ്ടാക്കുന്ന പ്ലാന്റ്, ഹൈഡ്രജന്‍ ഉത്പാദനം, ബങ്കറിംഗ് സൗകര്യം എന്നിവ ഉള്‍പ്പെടുന്നു. “ലോകം ഇന്ന് പര്യവേക്ഷണം ചെയ്യുന്ന ബദലുകളുടെ കാര്യത്തില്‍ തമിഴ്നാട് ഒരുപാട് മുന്നോട്ട് പോകും” അദ്ദേഹം പറഞ്ഞു.

ഇന്നത്തെ റെയില്‍, റോഡ് വികസന പദ്ധതികളും പ്രധാനമന്ത്രി എടുത്തുപറഞ്ഞു. റെയില്‍ പാതകളുടെ വൈദ്യുതീകരണവും ഇരട്ടിപ്പിക്കലും തെക്കന്‍ തമിഴ്നാടും കേരളവും തമ്മിലുള്ള ബന്ധം കൂടുതല്‍ മെച്ചപ്പെടുത്തുമെന്നും തിരുനെല്‍വേലി, നാഗര്‍കോവില്‍ സെക്ടറുകളിലെ തിരക്ക് കുറയ്ക്കുമെന്നും പറഞ്ഞു. 4,000 കോടിയിലധികം രൂപയുടെ തമിഴ്നാട്ടിലെ റോഡ്വേകളുടെ നവീകരണത്തിനായുള്ള നാല് പ്രധാന പദ്ധതികളെക്കുറിച്ചും അദ്ദേഹം ഇന്ന് പരാമര്‍ശിച്ചു, ഇത് കണക്റ്റിവിറ്റിക്ക് ഉത്തേജനം നല്‍കുമെന്നും യാത്രാ സമയം കുറയ്ക്കുകയും സംസ്ഥാനത്ത് വ്യാപാരവും വിനോദസഞ്ചാരവും പ്രോത്സാഹിപ്പിക്കുകയും ചെയ്യുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.

നവ ഇന്ത്യയുടെ സമ്പൂര്‍ണ്ണ സര്‍ക്കാര്‍ സമീപനത്തെ പരാമര്‍ശിച്ചുകൊണ്ട്, തമിഴ്നാട്ടില്‍ മികച്ച കണക്റ്റിവിറ്റിയും മികച്ച അവസരങ്ങളും സൃഷ്ടിക്കാന്‍ റോഡ്വേ, ഹൈവേ, ജലപാത വകുപ്പുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. അതിനാല്‍, റെയില്‍വേ, റോഡുകള്‍, സമുദ്ര പദ്ധതികള്‍ എന്നിവ ഒരുമിച്ച് ആരംഭിക്കുന്നു. മള്‍ട്ടി മോഡല്‍ സമീപനം സംസ്ഥാനത്തിന്റെ വികസനത്തിന് പുതിയ ആക്കം നല്‍കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.

മന്‍ കി ബാത്തിന്റെ ഒരു എപ്പിസോഡിനിടെ രാജ്യത്തെ പ്രധാന ലൈറ്റ് ഹൗസുകളെ വിനോദസഞ്ചാര കേന്ദ്രങ്ങളാക്കി വികസിപ്പിക്കാൻ താൻ നൽകിയ നിര്‍ദ്ദേശം പ്രധാനമന്ത്രി അനുസ്മരിക്കുകയും 10 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി 75 ലൈറ്റ് ഹൗസുകളില്‍ ടൂറിസ്റ്റ് സൗകര്യങ്ങള്‍ സമര്‍പ്പിക്കുന്നതില്‍ അഭിമാനിക്കുന്നതായും പറഞ്ഞു. “75 സ്ഥലങ്ങളില്‍ ഒരേസമയം വികസനം, ഇത് പുതിയ ഇന്ത്യയാണ്,” പ്രധാനമന്ത്രി പറഞ്ഞു. ഈ 75 സ്ഥലങ്ങളും വരും കാലങ്ങളില്‍ വലിയ വിനോദസഞ്ചാര കേന്ദ്രങ്ങളായി മാറുമെന്ന് പ്രധാനമന്ത്രി മോദി അഭിപ്രായപ്പെട്ടു.

കഴിഞ്ഞ 10 വര്‍ഷത്തിനിടെ തമിഴ്നാട്ടില്‍ 1300 കിലോമീറ്റര്‍ നീളമുള്ള റെയില്‍ പദ്ധതികള്‍ നടപ്പാക്കിയതായി കേന്ദ്രസര്‍ക്കാരിന്റെ സംരംഭങ്ങള്‍ എടുത്തു പറഞ്ഞു കൊണ്ട് പ്രധാനമന്ത്രി അറിയിച്ചു. 2000 കിലോമീറ്റര്‍ റെയില്‍വേ വൈദ്യുതീകരണം, മേല്‍പ്പാലവും അടിപ്പാതയും സൃഷ്ടിക്കല്‍, നിരവധി റെയില്‍വേ സ്റ്റേഷനുകളുടെ നവീകരണം എന്നിവ നടത്തി. ലോകോത്തര യാത്രാനുഭവം പ്രദാനം ചെയ്യുന്ന 5 വന്ദേ ഭാരത് ട്രെയിനുകള്‍ സംസ്ഥാനത്ത് ഓടുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. തമിഴ്നാട്ടിലെ റോഡ് ഇന്‍ഫ്രാസ്ട്രക്ചറില്‍ 1.5 ലക്ഷം കോടി രൂപയാണ് സര്‍ക്കാര്‍ നിക്ഷേപിക്കുന്നത്. “കണക്റ്റിവിറ്റി മെച്ചപ്പെടുത്താനുള്ള കേന്ദ്രസര്‍ക്കാരിന്റെ ശ്രമങ്ങള്‍ ജീവിത സൗകര്യം വര്‍ധിപ്പിക്കുന്നു,” അദ്ദേഹം പറഞ്ഞു.

പതിറ്റാണ്ടുകളായി ഇന്ത്യയുടെ ജലപാതകളിലും സമുദ്രമേഖലയിലുമുള്ള വലിയ പ്രതീക്ഷകള്‍ക്ക് അടിവരയിട്ട പ്രധാനമന്ത്രി, ഈ മേഖലകള്‍ ഇന്ന് വികസിത് ഭാരതിന്റെ അടിത്തറയായി മാറുകയാണെന്നും ദക്ഷിണേന്ത്യയ്ക്കൊപ്പം തമിഴ്നാടും ഇതിന്റെ ഏറ്റവും വലിയ ഗുണഭോക്താക്കളാണെന്നും പറഞ്ഞു. തമിഴ്നാട്ടിലെ മൂന്ന് പ്രധാന തുറമുഖങ്ങളെയും 12-ലധികം ചെറുകിട തുറമുഖങ്ങളെയും പ്രധാനമന്ത്രി ഉയര്‍ത്തിക്കാട്ടുകയും എല്ലാ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്കുമുള്ള സാധ്യതകള്‍ അടിവരയിടുകയും ചെയ്തു. കഴിഞ്ഞ ദശകത്തില്‍ വി.ഒ. ചിദംബരനാര്‍ തുറമുഖത്തെ ഗതാഗതത്തിന്റെ 35 ശതമാനം വളര്‍ച്ചയെ കുറിച്ച് അറിയിച്ചുകൊണ്ട്, ”സമുദ്രമേഖലയുടെ വികസനം എന്നാല്‍ തമിഴ്നാട് പോലൊരു സംസ്ഥാനത്തിന്റെ വികസനമാണ്”, എന്ന് പ്രധാനമന്ത്രി പറഞ്ഞു. കഴിഞ്ഞ വര്‍ഷം 38 ദശലക്ഷം ടണ്‍ കൈകാര്യം ചെയ്ത തുറമുഖം 11 ശതമാനം വാര്‍ഷിക വളര്‍ച്ച രേഖപ്പെടുത്തി. ”രാജ്യത്തെ മറ്റ് പ്രധാന തുറമുഖങ്ങളിലും സമാനമായ ഫലങ്ങള്‍ കാണാന്‍ കഴിയും,” സാഗര്‍മാല പോലുള്ള പദ്ധതികള്‍ ഇതില്‍ വഹിച്ച പങ്കിനെക്കുറിച്ചും പ്രധാനമന്ത്രി മോദി കൂട്ടിച്ചേര്‍ത്തു.

ജലപാതകളിലും സമുദ്രമേഖലയിലും ഇന്ത്യ പുതിയ റെക്കോര്‍ഡുകള്‍ സൃഷ്ടിക്കുകയാണെന്ന് പ്രധാനമന്ത്രി ഉറപ്പിച്ചു പറഞ്ഞു. ലോജിസ്റ്റിക്സ് പെര്‍ഫോമന്‍സ് ഇന്‍ഡക്സില്‍ ഇന്ത്യയുടെ 38-ാം റാങ്കിലേക്കുള്ള കുതിച്ചുചാട്ടവും ഒരു ദശാബ്ദത്തിനുള്ളില്‍ പോര്‍ട്ട് കപ്പാസിറ്റി ഇരട്ടിയായതായും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇക്കാലയളവില്‍ ദേശീയ ജലപാതകളില്‍ എട്ട് മടങ്ങ് വര്‍ധനയുണ്ടായിട്ടുണ്ടെന്നും സമുദ്രയാത്രക്കാര്‍ ഇരട്ടിയായപ്പോള്‍ ക്രൂയിസ് യാത്രക്കാരുടെ എണ്ണം നാലിരട്ടി വര്‍ധിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഈ മുന്നേറ്റങ്ങള്‍ തമിഴ്നാടിനും നമ്മുടെ യുവാക്കള്‍ക്കും ഗുണം ചെയ്യും, അദ്ദേഹം പറഞ്ഞു. ‘തമിഴ്‌നാട് വികസനത്തിന്റെ പാതയില്‍ മുന്നോട്ട് പോകുമെന്ന് എനിക്ക് ബോധ്യമുണ്ട്, മൂന്നാം തവണയും സേവനം ചെയ്യാന്‍ രാജ്യം ഞങ്ങള്‍ക്ക് അവസരം നല്‍കുമ്പോള്‍ ഞാന്‍ നിങ്ങളെ പുതിയ ആവേശത്തോടെ സേവിക്കുമെന്ന് ഞാന്‍ നിങ്ങള്‍ക്ക് ഉറപ്പ് നല്‍കുന്നു.’

തന്റെ ഇപ്പോഴത്തെ സന്ദര്‍ശന വേളയില്‍ തമിഴ്നാട്ടിലെ വിവിധ പ്രദേശങ്ങളിലെ ജനങ്ങളുടെ സ്നേഹം, വാത്സല്യം, ഉത്സാഹം, അനുഗ്രഹം എന്നിവയെക്കുറിച്ച് സംസാരിച്ച പ്രധാനമന്ത്രി, സര്‍ക്കാരിന്റെ പ്രതിബദ്ധത എടുത്തുപറയുകയും ജനങ്ങളുടെ എല്ലാ സ്നേഹവും സംസ്ഥാനത്തിന്റെ വികസനവുമായി പൊരുത്തപ്പെടുത്തുമെന്നും പറഞ്ഞു.

എല്ലാവരോടും അവരുടെ ഫോണ്‍ ലൈറ്റുകള്‍ ഓണാക്കാനും തമിഴ്‌നാടും ഇന്ത്യാ ഗവണ്‍മെന്റും വികസനത്തിന്റെ ഉത്സവം ആഘോഷിക്കുകയാണെന്ന് സൂചിപ്പിക്കാനും പ്രധാനമന്ത്രി തന്റെ പ്രസംഗം ഉപസംഹരിക്കവേ ആവശ്യപ്പെട്ടു.

തമിഴ്‌നാട് ഗവര്‍ണര്‍ ശ്രീ ആര്‍ എന്‍ രവി, കേന്ദ്ര തുറമുഖ, ഷിപ്പിംഗ്, ജലപാത മന്ത്രി ശ്രീ സര്‍ബാനന്ദ സോനോവാള്‍, കേന്ദ്ര സഹമന്ത്രി ഡോ എല്‍ മുരുകന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

പശ്ചാത്തലം

വി. ഒ. ചിദംബരനാര്‍ തുറമുഖത്ത് ഔട്ടര്‍ ഹാര്‍ബര്‍ കണ്ടെയ്നര്‍ ടെര്‍മിനലിന്റെ തറക്കല്ലിടല്‍ പ്രധാനമന്ത്രി നിര്‍വഹിച്ചു. ഈ കണ്ടെയ്നര്‍ ടെര്‍മിനല്‍ വി.ഒ. ചിദംബരനാര്‍ തുറമുഖത്തെ കിഴക്കന്‍ തീരത്തിന്റെ ട്രാന്‍സ്ഷിപ്പ്മെന്റ് ഹബ്ബാക്കി മാറ്റുന്നതിനുള്ള ഒരു ചുവടുവയ്പ്പാണ്. ഇന്ത്യയുടെ നീണ്ട തീരപ്രദേശവും അനുകൂലമായ ഭൂമിശാസ്ത്രപരമായ സ്ഥാനവും പ്രയോജനപ്പെടുത്താനും ആഗോള വ്യാപാര രംഗത്ത് ഇന്ത്യയുടെ മത്സരശേഷി ശക്തിപ്പെടുത്താനും പദ്ധതി ലക്ഷ്യമിടുന്നു. പ്രധാന അടിസ്ഥാന സൗകര്യ പദ്ധതി മേഖലയില്‍ തൊഴിലവസരങ്ങളും സാമ്പത്തിക വളര്‍ച്ചയും സൃഷ്ടിക്കും. വി.ഒ.ചിദംബരനാര്‍ തുറമുഖത്തെ രാജ്യത്തെ ആദ്യത്തെ ഗ്രീന്‍ ഹൈഡ്രജന്‍ ഹബ് തുറമുഖമാക്കാന്‍ ലക്ഷ്യമിട്ടുള്ള മറ്റ് വിവിധ പദ്ധതികള്‍ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. ഈ പദ്ധതികളില്‍ ഒരു കടല്‍ജലത്തില്‍ നിന്ന് ശുദ്ധജലം ഉണ്ടാക്കുന്ന പ്ലാന്റ്, ഹൈഡ്രജന്‍ ഉത്പാദനം, ബങ്കറിംഗ് സൗകര്യം തുടങ്ങിയവ ഉള്‍പ്പെടുന്നു.

ഹരിത് നൗക പദ്ധതിയുടെ കീഴില്‍ ഇന്ത്യയിലെ ആദ്യത്തെ തദ്ദേശീയമായ ഗ്രീന്‍ ഹൈഡ്രജന്‍ ഇന്ധന സെല്‍ ഉള്‍നാടന്‍ ജലപാത കപ്പലും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. കപ്പല്‍ നിര്‍മ്മിക്കുന്നത് കൊച്ചിന്‍ ഷിപ്പ്യാര്‍ഡാണ്. ഇത് ശുദ്ധമായ ഊര്‍ജ്ജ പരിഹാരങ്ങള്‍ സ്വീകരിക്കുന്നതിനും രാജ്യത്തിന്റെ നെറ്റ്-സീറോ പ്രതിബദ്ധതയുമായി യോജിപ്പിക്കുന്നതിന് വഴികാട്ടിയാകുന്ന ചുവടുവെപ്പാണ്.  10 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി 75 ലൈറ്റ് ഹൗസുകളിലെ വിനോദസഞ്ചാര സൗകര്യങ്ങളും പ്രധാനമന്ത്രി സമര്‍പ്പിച്ചു.

വഞ്ചി മണിയച്ചി-തിരുനെല്‍വേലി സെക്ഷന്‍, മേലപ്പാളയം-ആറല്‍വായ്മൊഴി സെക്ഷന്‍ എന്നിവയുള്‍പ്പെടെ വഞ്ചി മണിയച്ചി-നാഗര്‍കോവില്‍ റെയില്‍ പാത ഇരട്ടിപ്പിക്കുന്നതിനുള്ള പദ്ധതികള്‍ പരിപാടിയില്‍ പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിച്ചു. ഏകദേശം 1,477 കോടി രൂപ ചെലവില്‍ വികസിപ്പിച്ച ഈ ഇരട്ടിപ്പിക്കല്‍ പദ്ധതി കന്യാകുമാരി, നാഗര്‍കോവില്‍, തിരുനെല്‍വേലി എന്നിവിടങ്ങളില്‍ നിന്ന് ചെന്നൈയിലേക്ക് പോകുന്ന ട്രെയിനുകളുടെ യാത്രാസമയം കുറയ്ക്കാന്‍ സഹായിക്കും.

ഏകദേശം 4,586 കോടി രൂപ ചെലവില്‍ വികസിപ്പിച്ച നാല് റോഡ് പദ്ധതികള്‍ പ്രധാനമന്ത്രി തമിഴ്നാട്ടില്‍ സമര്‍പ്പിച്ചു. ഈ പദ്ധതികളില്‍ എന്‍എച്ച്-844-ലെ ജിറ്റണ്ടഹള്ളി-ധര്‍മ്മപുരി സെക്ഷന്റെ നാലുവരിപ്പാത, എന്‍എച്ച്-81-ലെ മീന്‍സുരുട്ടി-ചിദംബരം ഭാഗത്തിന്റെ തോളില്‍ പാകിയ രണ്ടുവരിപ്പാത, എന്‍എച്ച്-83-ലെ ഒഡന്‍ഛത്രം-മടത്തുകുളം ഭാഗത്തിന്റെ നാലുവരിപ്പാത, കൂടാതെ NH-83 ന്റെ നാഗപട്ടണം-തഞ്ചാവൂര്‍ സെക്ഷന്റെ നടപ്പാതയുള്ള രണ്ട്-വരിപ്പാത. കണക്ടിവിറ്റി മെച്ചപ്പെടുത്തുക, യാത്രാ സമയം കുറയ്ക്കുക, സാമൂഹിക-സാമ്പത്തിക വളര്‍ച്ച വര്‍ദ്ധിപ്പിക്കുക, മേഖലയിലെ തീര്‍ഥാടന സന്ദര്‍ശനങ്ങള്‍ സുഗമമാക്കുക എന്നിവയാണ് ഈ പദ്ധതികള്‍ ലക്ഷ്യമിടുന്നത്.

 

***

–SK–