Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഡ്രഗ്‌സ് ആന്‍ഡ് കോസ്‌മെറ്റിക്‌സ് (അമെന്‍ഡ്‌മെന്റ്) ബില്‍ 2013 പിന്‍വലിക്കും


രാജ്യസഭയില്‍ 29-08-2013ല്‍ അവതരിപ്പിക്കപ്പെട്ട ഡ്രഗ്‌സ് ആന്‍ഡ് കോസ്‌മെറ്റിക്‌സ് (അമെന്‍ഡ്‌മെന്റ്) ബില്‍ 2013 പിന്‍വലിക്കാന്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്രമന്ത്രിസഭാ യോഗം തീരുമാനിച്ചു. ബില്‍ പരിശോധിച്ച പാര്‍ലമെന്റ് സ്റ്റാന്‍ഡിങ് കമ്മിറ്റി ബില്ലിലെ വ്യവസ്ഥകളില്‍ മാറ്റം വരുത്തുന്നതിനായി ഏറെ ശുപാര്‍ശകള്‍ മുന്നോട്ടുവെച്ചിരുന്നു.
ലോകത്തിലെ ഏറ്റവും വലിയ മരുന്നുല്‍പാദക രാഷ്ട്രങ്ങളിലൊന്നാണ് ഇന്ത്യ. രണ്ടു ലക്ഷം കോടി രൂപയിലേറെ മൂല്യം വരുന്ന ഔഷധങ്ങളാണു പ്രതിവര്‍ഷം ഉല്‍പാദിപ്പിക്കപ്പെടുന്നത്. ഇതില്‍ 55 ശതമാനത്തിലേറെ വികസിത രാഷ്ട്രങ്ങളിള്‍ ഉള്‍പ്പെടെ 200 രാഷ്ട്രങ്ങളിലേക്കു കയറ്റുമതി ചെയ്യപ്പെടുകയാണ്. പല രാജ്യങ്ങളിലെയും പൊതുജനാരോഗ്യ പ്രവര്‍ത്തനങ്ങളുടെ ചെലവ് പരമാവധി കുറയ്ക്കുന്നതില്‍ ഇന്ത്യ നിര്‍ണായക പങ്കാണു വഹിക്കുന്നത്.
മരുന്നുകള്‍, വൈദ്യോപകരണങ്ങള്‍, കൃത്രിമ ഗര്‍ഭധാരണത്തിനുള്ള ഉപകരണങ്ങള്‍, മൂലകോശം, പുനര്‍ജനക ശേഷിയുള്ള മരുന്നുകള്‍, ചികില്‍സാനിര്‍ണയം തുടങ്ങിയ ഉല്‍പന്നങ്ങളുടെ മേന്മയും സുരക്ഷയും ഫലവും വര്‍ധിപ്പിക്കുന്നതിനുള്ള നിയന്ത്രണ ചട്ടക്കൂട് ഡ്രഗ്‌സ് ആന്‍ഡ് കോസ്‌മെറ്റിക്‌സ് ആക്റ്റ്, 1940ല്‍ ഉണ്ട്.
പൊതുജനാരോഗ്യം നിലനിര്‍ത്തുന്നതില്‍ ഈ മേഖലയ്ക്കുള്ള പങ്കു പരിഗണിച്ച്, നിലവിലുള്ള നിയമം ഉപയോഗിച്ച് പുനര്‍ജനക ശേഷിയുള്ള മരുന്നുകള്‍, വൈദ്യോപകരണങ്ങള്‍, ചികില്‍സാനിര്‍ണയം തുടങ്ങിയവ നിയന്ത്രിക്കാന്‍ സാധിക്കില്ലെന്നു വിലയിരുത്തിയ മന്ത്രിസഭ, നിലവിലുള്ള നിയമത്തില്‍ ഭേദഗതി വരുത്തുന്നത് അനുയോജ്യമല്ലെന്നു വിലയിരുത്തുകയായിരുന്നു.
വിലയിലുണ്ടാകുന്ന നേട്ടവും ജനസംഖ്യാനുപാതികമായ നേട്ടവും വിവരസാങ്കേതികവിദ്യയിലുണ്ടായ നേട്ടവും ഉപയോഗപ്പെടുത്തുംവിധം ഇന്ത്യന്‍ ഔഷധനിര്‍മാണ മേഖല വളര്‍ച്ചയിലേക്കുള്ള പാതയിലാണ്. രാജ്യത്തിനകത്തെ ആവശ്യത്തിനുവേണ്ടി മാത്രമല്ല, ലോകത്തിന്റെ മറ്റു ഭാഗങ്ങളിലേക്കുകൂടി മരുന്ന് ഉല്‍പാദിപ്പിക്കുന്ന കേന്ദ്രമായിത്തീരുകയും നിക്ഷേപം ആകര്‍ഷിക്കാന്‍ സാധിക്കുന്ന മേഖലയായി ഔഷധനിര്‍മാണം പരിണമിക്കാനുള്ള സാധ്യത രാജ്യത്തിനുണ്ട്.
മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ ലക്ഷ്യം മുന്‍നിര്‍ത്തി ബിസിനസ് നടത്താനുള്ള എളുപ്പം, ഉല്‍പന്നങ്ങളുടെ മേന്‍മയും ഫലവും ഉയര്‍ത്തല്‍ എന്നീ കാര്യങ്ങളുടെ അടിസ്ഥാനത്തില്‍ നിലവിലുള്ള നിയമം സമഗ്ര പുനഃപരിശോധനയ്ക്കു വിധേയമാക്കാന്‍ തീരുമാനിച്ചു. ഇതനുസരിച്ച് ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം വൈദ്യോപകരണ രംഗം നിയന്ത്രണവിധേയമാക്കാന്‍ പ്രത്യേക ചട്ടങ്ങളുണ്ടാക്കാനും വൈദ്യോപകരണങ്ങളും മരുന്നുകളും സൗന്ദര്യവര്‍ധക വസ്തുക്കളും നിയന്ത്രണവിധേയമാക്കാന്‍ പ്രത്യേകം നിയമം നിര്‍മിക്കാനുമുള്ള പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. ഈ രംഗവുമായി ബന്ധപ്പെട്ട എല്ലാവരുമായി ചര്‍ച്ച നടത്തി വൈദ്യോപകരണ മേഖലയില്‍ നിയന്ത്രണം ഏര്‍പ്പെടുത്താനുള്ള കരടു ചട്ടത്തിനു രൂപം നല്‍കിക്കഴിഞ്ഞു.