ന്യൂഡല്‍ഹി; 2024 ഓഗസ്റ്റ് 31
ശ്രീ രാജീവ് ഗൗബയുടെ സേവനകാലാവധി അവസാനിച്ചതിനെത്തുടര്‍ന്ന് ഡോ. ടി.വി. സോമനാഥന്‍ ഇന്ത്യാ ഗവണ്‍മെന്റിന്റെ പുതിയ കാബിനറ്റ് സെക്രട്ടറിയായി ഇന്ന് ചുമതലയേറ്റു. തമിഴ്നാട് കേഡറിലെ (1987 ബാച്ച്) ഐ.എ.എസ് ഉദ്യോഗസ്ഥനാണ് ഡോ. സോമനാഥന്‍. കൊല്‍ക്കത്ത സര്‍വകലാശാലയില്‍ നിന്ന് സാമ്പത്തിക ശാസ്ത്രത്തില്‍ അദ്ദേഹം പിഎച്ച്.ഡി നേടിയിട്ടുണ്ട്. ഹാര്‍വാര്‍ഡ് ബിസിനസ് സ്‌കൂളിന്റെ എക്സിക്യൂട്ടീവ് ഡെവലപ്മെന്റ് പ്രോഗ്രാമും പൂര്‍ത്തിയാക്കിയ അദ്ദേഹം ചാര്‍ട്ടേഡ് അക്കൗണ്ടന്റ്, കോസ്റ്റ് അക്കൗണ്ടന്റ്, കമ്പനി സെക്രട്ടറി എന്നീ നിലകളില്‍ പൂര്‍ണ യോഗ്യതയും നേടിയിട്ടുണ്ട്.
പ്രധാനമന്ത്രിയുടെ ഓഫീസിലെ ജോയിന്റ് സെക്രട്ടറി, അഡീഷണല്‍ സെക്രട്ടറി തുടങ്ങി ഡോ. സോമനാഥന്‍ കേന്ദ്രത്തില്‍ സുപ്രധാന ചുമതലകള്‍ വഹിച്ചിട്ടുണ്ട്. കോര്‍പ്പറേറ്റ് കാര്യ മന്ത്രാലയത്തില്‍ ജോയിന്റ് സെക്രട്ടറിയായും സേവനമനുഷ്ഠിച്ച അദ്ദേഹത്തെ വാഷിംഗ്ടണ്‍ ഡി.സിയിലെ ലോകബാങ്കില്‍ കോര്‍പ്പറേറ്റ് കാര്യ ഡയറക്ടറായി നിയോഗിക്കുകയും ചെയ്തിട്ടുണ്ട്. കാബിനറ്റ് സെക്രട്ടറിയായി ചുമതല ഏല്‍ക്കുന്നതിന് മുന്‍പ് ധനകാര്യ സെക്രട്ടറിയുടെയും എക്‌സ്‌പെന്‍ഡിച്ചര്‍ വകുപ്പ് സെക്രട്ടറിയുടെയും ചുമതലയാണ് അദ്ദേഹം വഹിച്ചിരുന്നത്.
ചെന്നൈ മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്ടര്‍, മുഖ്യമന്ത്രിയുടെ സെക്രട്ടറി, ജി.എസ്.ടി നടപ്പാക്കുന്ന സുപ്രധാനഘട്ടത്തില്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി വാണിജ്യ നികുതി കമ്മീഷണര്‍ തുടങ്ങി തമിഴ്നാട് സംസ്ഥാന ഗവണ്‍മെന്റില്‍ വിവിധ സുപ്രധാന പദവികളില്‍, ഡോ. സോമനാഥന്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. അച്ചടക്ക നടപടി കമ്മീഷണറായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. ചെന്നൈ മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡിന്റെ സ്ഥാപക മാനേജിംഗ് ഡയറക്ടര്‍ എന്ന നിലയില്‍, പദ്ധതിക്ക് വേണ്ടിയുള്ള ധനലഭ്യത കരാറില്‍ ഏര്‍പ്പെടുന്നതിന്റെയും ചെന്നൈ മെട്രോ റെയില്‍ പദ്ധതി നടപ്പിലാക്കുന്നതിനുള്ള പ്രാരംഭ ടെന്‍ഡറുകള്‍ നല്‍കുന്നതിന്റെയും ഉത്തരവാദിത്തം അദ്ദേഹത്തിനായിരുന്നു.
യംഗ് പ്രൊഫഷണല്‍സ് പ്രോഗ്രാമിലൂടെ ഫിനാന്‍ഷ്യല്‍ ഇക്കണോമിസ്റ്റും ഈസ്റ്റ് ഏഷ്യ പസഫിക് റീജിയണല്‍ വൈസ് പ്രസിഡന്‍സിയുമായി 1996-ല്‍ഡോ. സോമനാഥന്‍ വാഷിംഗ്ടണിലെ ലോകബാങ്കില്‍ ചേര്‍ന്നു, . ബജറ്റ് പോളിസി ഗ്രൂപ്പിന്റെ മാനേജരായി നിയമിതനായപ്പോള്‍ അദ്ദേഹം ബാങ്കിന്റെ ഏറ്റവും പ്രായം കുറഞ്ഞ സെക്ടര്‍ മാനേജര്‍മാരില്‍ ഒരാളായി. 2011-ല്‍ അദ്ദേഹത്തിന്റെ സേവനം ലോകബാങ്ക് തേടുകയും 2011 മുതല്‍ 2015 വരെ ഡയറക്ടറായി സേവനമനുഷ്ഠിക്കുകയും ചെയ്തു.
സാമ്പത്തിക ശാസ്ത്രം, ധനകാര്യം, പബ്ലിക് പോളിസി എന്നിവയെക്കുറിച്ച് ജേണലുകളിലും പത്രങ്ങളിലുമായി 80-ലധികം പ്രബന്ധങ്ങളും ലേഖനങ്ങളും ഡോ. സോമനാഥന്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്, അതകൂടാതെ മക്‌ഗ്രോ ഹില്‍, കേംബ്രിഡ്ജ്/ ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റി പ്രസ് പ്രസിദ്ധീകരിച്ച മൂന്ന് പുസ്തകങ്ങളുടെ രചയിതാവുമാണ്.
NS