Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഡോ.എ.പി.ജെ. അബ്ദുള്‍ കലാം സ്മാരകം നാളെ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും നാളെ (27-07-2017) രാവിലെ 11.30ന് രാമേശ്വരം പെയ് കരുംബുവില്‍ ഡോ.എ.പി.ജെ.അബ്ദുള്‍ കലാം സ്മാരകത്തിന്റെ ഉദ്ഘാടനം പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും. ഡി.ആര്‍.ഡി.ഒ. രൂപകല്‍പന ചെയ്തു നിര്‍മിച്ച സ്മാരകത്തില്‍ പ്രധാനമന്ത്രി ദേശീയപതാക ഉയര്‍ത്തും.


നാളെ (27-07-2017) രാവിലെ 11.30ന് രാമേശ്വരം പെയ് കരുംബുവില്‍ ഡോ.എ.പി.ജെ.അബ്ദുള്‍ കലാം സ്മാരകത്തിന്റെ ഉദ്ഘാടനം പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും. ഡി.ആര്‍.ഡി.ഒ. രൂപകല്‍പന ചെയ്തു നിര്‍മിച്ച സ്മാരകത്തില്‍ പ്രധാനമന്ത്രി ദേശീയപതാക ഉയര്‍ത്തും.
ഡോ. അബ്ദുള്‍ കലാമിന്റെ പ്രതിമ അനാച്ഛാദനം ചെയ്തു പുഷ്പാര്‍ച്ചന നടത്തിയശേഷം പ്രധാനമന്ത്രി മോദി ഡോ. കലാമിന്റെ കുടുംബാംഗങ്ങളുമായി കൂടിക്കാഴ്ച നടത്തും.
പിന്നീട്, വിവിധ സംസ്ഥാനങ്ങളിലൂടെ കടന്നുപോയി ഡോ. കലാമിന്റെ ജന്മശതാബ്ദിദിനമായ ഒക്ടോബര്‍ 15നു രാഷ്ട്രപതി ഭവനില്‍ എത്തിച്ചേരുന്ന ‘കലാം സന്ദേശ വാഹിനി’ പ്രദര്‍ശിനി ബസ് പ്രധാനമന്ത്രി ഫ്‌ളാഗ് ഓഫ് ചെയ്യും.
ഇതിനുശേഷം ശ്രീ. നരേന്ദ്ര മോദി മണ്ഡപത്തില്‍ നടക്കുന്ന പൊതുയോഗത്തില്‍ സംബന്ധിക്കും. ബ്ലൂ റെവല്യൂഷന്‍ പദ്ധതിപ്രകാരം ലോങ് ലൈനര്‍ ട്രോളര്‍ ഗുണഭോക്താക്കള്‍ക്കുള്ള അനുമതിപത്രം അദ്ദേഹം വിതരണം ചെയ്യും. തുടര്‍ന്ന്, അയോധ്യയില്‍നിന്നു രാമേശ്വരത്തേക്കുള്ള തീവണ്ടിയുടെ ഫ്‌ളാഗ് ഓഫ് വീഡിയോ കോണ്‍ഫറന്‍സിങ് വഴി നിര്‍വഹിക്കും. ഹരിതം രാമേശ്വരം പദ്ധതിയുടെ സംക്ഷിപ്ത രൂപം പ്രധാനമന്ത്രി പ്രകാശിപ്പിക്കും. മുകുന്ദരായര്‍ ചതുരം മുതല്‍ അരിചല്‍മുനൈ വരെയുള്ള, 9.5 കിലോമീറ്റര്‍ വരുന്ന എന്‍.എച്ച്.87നുള്ള ലിങ്ക് റോഡ് രാഷ്ട്രത്തിനു സമര്‍പ്പിക്കുന്ന ശിലാഫലകത്തിന്റെ അനാച്ഛാദനവും അദ്ദേഹം നിര്‍വഹിക്കും. പൊതുയോഗത്തില്‍ പ്രസംഗിച്ചുകൊണ്ടായിരിക്കും പ്രധാനമന്ത്രി സന്ദര്‍ശനത്തിനു വിരാമം കുറിക്കുന്നത്.

കലാം സ്മാരകത്തെക്കുറിച്ച്:

ഒരു വര്‍ഷംകൊണ്ടാണു കേന്ദ്രത്തിന്റെ നിര്‍മാണം ഡി.ആര്‍.ഡി.ഒ. പൂര്‍ത്തീകരിച്ചത്. നിരവധി ദേശീയ ചരിത്രസ്മാരകങ്ങളില്‍നിന്നു മാതൃക കൈക്കൊണ്ടാണു നിര്‍മാണം പൂര്‍ത്തീകരിച്ചിരിക്കുന്നത്. മുന്‍പിലെ പ്രവേശനകവാടം ഇന്ത്യാ ഗേറ്റിനു സമാനമാണ്; രണ്ടു താഴികക്കുടങ്ങള്‍ രാഷ്ട്രപതി ഭവനിലേതിനു സമാനവും.

കലാമിന്റെ കാലവും ജീവിതവും ചിത്രീകരിച്ചിരിക്കുന്ന നാലു പ്രധാന ഹാളുകള്‍ സ്മാരകത്തിലുണ്ട്. ഒന്നാമത്തെ ഹാളില്‍ അദ്ദേഹത്തിന്റെ ബാല്യവും രണ്ടാമത്തേതില്‍ രാഷ്ട്രപതിയായിരുന്ന കാലഘട്ടവും സംബന്ധിച്ച പ്രദര്‍ശനങ്ങളാണ് ഒരുക്കിയിട്ടുള്ളത്. രണ്ടാമത്തെ ഹാളില്‍ പാര്‍ലമെന്റിലും യു.എന്‍.കൗണ്‍സിലിലും ഡോ.കലാം നടത്തിയ പ്രസംഗങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. മൂന്നാമത്തെ ഹാളില്‍ ഐ.എസ്.ആര്‍.ഒ., ഡി.ആര്‍.ഡി.ഒ. സേവന കാലവും ഹാള്‍ നാലില്‍ രാഷ്ട്രപതിസ്ഥാനം ഒഴിഞ്ഞതുമുതല്‍ ഷില്ലോങ്ങില്‍ വെച്ചു മരണം സംഭവിക്കുന്നതു വരെയുള്ള കാലവും സംബന്ധിച്ചുള്ള പ്രദര്‍ശനങ്ങളാണ് ഉള്ളത്. ഡോ. കലാം ഉപയോഗിച്ചിരുന്ന രുദ്രവീണ, സു-30 എം.കെ.ഐ. വിമാനയാത്രാ വേളയില്‍ അദ്ദേഹം ധരിച്ചിരുന്ന ജി-സ്യൂട്ട്, അവാര്‍ഡുകള്‍ തുടങ്ങി വ്യക്തിജീവിതത്തിലെ ശേഖരങ്ങള്‍ പലതും പ്രത്യേകമായി പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. 12 ചുമരുകള്‍ ചുമര്‍ച്ചിത്രങ്ങളും പെയ്ന്റിങ്ങുകള്‍ക്കുമായി ഉപയോഗപ്പെടുത്തിയിരിക്കുന്നു.

ഡോ.കലാമിന്റെ വ്യക്തിത്വത്തില്‍ അന്തര്‍ലീനമായിരുന്ന ശാന്തിയുടെയും സാഹോദര്യത്തിന്റെയും സന്ദേശം പ്രതിഫലിപ്പിക്കുന്നതിനായി സ്മാരകഭൂമിയാകെ പുല്ലും ചെടികളുംവെച്ചു ഹരിതാഭമാക്കിയിട്ടുണ്ട്.

നിര്‍മാണസാമഗ്രികള്‍ ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍നിന്നു കപ്പലുകളിലാണു രാമേശ്വരത്ത് എത്തിച്ചത്. കൊത്തുപണികളുള്ള മുന്‍വാതില്‍ തഞ്ചാവൂരില്‍നിന്നുള്ളതാണ്. ജയ്‌സാല്‍മീറില്‍നിന്നും ആഗ്രയില്‍നിന്നും എത്തിച്ച കല്ലുകളാണു പതിച്ചിരിക്കുന്നത്. കല്‍ത്തൂണുകള്‍ ബംഗളുരുവില്‍നിന്നും മാര്‍ബിളുകള്‍ കര്‍ണാടകയുടെ വിവിധ ഭാഗങ്ങളില്‍നിന്നുമാണു ലഭ്യമാക്കിയത്. ഹൈദരാബാദ്, കൊല്‍ക്കത്തയിലെ ശാന്തിനികേതന്‍, ചൈന്നൈ തുടങ്ങിയ സ്ഥലങ്ങളില്‍നിന്നുള്ള ചുമര്‍ചിത്രങ്ങളും ഡോ.കലാം സ്മാരകത്തിലുണ്ട്.