Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഡോ.അംബേദ്ക്കര്‍ ദേശീയ സ്മാരകത്തിന് പ്രധാനമന്ത്രി തറക്കല്ലിട്ടു; കേന്ദ്രത്തിന്റെ സംവരണ നയത്തില്‍ യാതൊരു മാറ്റവും വരുത്തില്ലെന്ന് പ്രധാനമന്ത്രി

ഡോ.അംബേദ്ക്കര്‍ ദേശീയ സ്മാരകത്തിന് പ്രധാനമന്ത്രി തറക്കല്ലിട്ടു; കേന്ദ്രത്തിന്റെ സംവരണ നയത്തില്‍ യാതൊരു മാറ്റവും വരുത്തില്ലെന്ന് പ്രധാനമന്ത്രി


ഡോ.ബി.ആര്‍.അംബേദ്ക്കറുടെ മഹാപരിനിര്‍വ്വാണ്‍ സ്ഥലമായ ന്യൂഡല്‍ഹിയിലെ 26 ആലിപ്പൂര്‍ റോഡില്‍ നിര്‍മ്മിക്കുന്ന ഡോ.അംബേദ്ക്കര്‍ ദേശീയ സ്മാരകത്തിന് പ്രധാനമന്ത്രി തറക്കല്ലിട്ടു. വിജ്ഞാന്‍ ഭവനില്‍ നടന്ന ചടങ്ങില്‍ വച്ച് തറക്കല്ലിന്റെ ശിലാഫലകം പ്രധാനമന്ത്രി അനാവരണം ചെയ്തു. തുടര്‍ന്ന് ഡോ.അംബേദ്ക്കര്‍ സ്മാരക പ്രഭാഷണം നിര്‍വ്വഹിക്കവെ, സമൂഹത്തിലെ ദുര്‍ബല ജനവിഭാഗങ്ങളുടെ അവകാശങ്ങള്‍ കവരുന്ന തരത്തില്‍ കേന്ദ്ര ഗവണ്‍മെന്റിന്റെ സംവരണ നയത്തില്‍ യാതൊരു മാറ്റവും വരുത്തില്ലെന്ന് പ്രധാനമന്ത്രി അസന്നിഗ്ധമായി വ്യക്തമാക്കി.

ഇത് സംബന്ധിച്ച് നൂണ പ്രചാരണങ്ങള്‍ നടത്തുന്നവരെ അദ്ദേഹം ശക്തമായി അപലപിച്ചു. ശ്രീ. വാജ്‌പേയി പ്രധാനമന്ത്രി ആയിരുന്നപ്പോഴും ഇത്തരത്തിലുള്ള തെറ്റായ പ്രചാരണങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

ഡോ.അംബേദ്ക്കറുടെ സംഭാവനകളെ അനുസ്മരിച്ച് കൊണ്ട്, അംബേദ്ക്കര്‍ ദേശീയ സ്മാരകം ഡല്‍ഹിയുടെ മുഖമുദ്രയായ നിര്‍മ്മിതികളിലൊന്നായിരിക്കുമെന്നും, 2018 ഏപ്രില്‍ 14ന് അംബേദ്ക്കറുടെ ജന്മദിനത്തില്‍ താന്‍ തന്നെ അതിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കുമെന്നും ശ്രീ. നരേന്ദ്ര മോദി പറഞ്ഞു.

ഡോ.അംബേദ്ക്കറോടുള്ള ആദര സൂചകമായി ‘പഞ്ചതീര്‍ത്ഥ’ മെന്ന പേരില്‍ 5 സ്ഥലങ്ങള്‍ വികസിപ്പിച്ച് വരികയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.

അംബേദ്ക്കറുടെ ജന്മസ്ഥലമായ മോ, ബ്രിട്ടണിലെ വിദ്യാഭ്യാസ കാലത്ത് അദ്ദേഹം ലണ്ടനില്‍ താമസിച്ച സ്ഥലം, നാഗ്പൂരിലെ ദീക്ഷാഭൂമി, ദല്‍ഹിയിലെ മഹാ പരിനിര്‍വ്വാണ സ്ഥലം, മുംബെയിലെ ചൈതന്യഭൂമി എന്നിവ യാണ് ഈ സ്ഥലങ്ങള്‍. ഇതിന് പുറമെ ന്യൂഡല്‍ഹിയിലെ ജന്‍പഥില്‍ ഡോ.അംബേദ്ക്കര്‍ ഫൗണ്ടേഷന്റെ കെട്ടിടം നിര്‍മ്മിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

രാഷ്ട്രത്തോടുള്ള അംബേദ്ക്കറുടെ സംഭാവനകള്‍ വിവരിക്കവെ, സര്‍ദാര്‍ പട്ടേല്‍ രാജ്യത്തെ രാഷ്ട്രീയമായി ഏകോപിപ്പിച്ചപ്പോള്‍ ഡോ.അംബേദ്ക്കര്‍ ഭരണഘടനയിലൂടെ സാമൂഹികമായി അത് നിറവേറ്റുകയായിരുന്നുവെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. സ്ത്രീകളുടെ തുല്യാവകാശത്തിന് രാഷ്ട്രീയമായ കടുത്ത എതിര്‍പ്പ് നിലനിന്നിരുന്ന കാലഘട്ടത്തില്‍ പ്പോലും ഡോ.അംബേദ്ക്കര്‍ അതിനായി വാദിച്ചിരുന്നു. ദളിതര്‍ക്ക് വേണ്ടി മാത്രമോ ഇന്ത്യയ്ക്ക് വേണ്ടി മാത്രമോ ആയി ഡോ.അംബേദ്ക്കറുടെ സംഭാവനകളെ ചുരുക്കുന്നത് അനീതിയാണ്. ജോലി സമയം എട്ട് മണിക്കൂറാക്കി നിജപ്പെടുത്തിയത് ചൂണ്ടിക്കാട്ടവെ കേവലം ദളിതരായ തൊഴിലാളികള്‍ക്ക് വേണ്ടി മാത്രമല്ല, അനീതി നേരിട്ട എല്ലാവര്‍ക്കും വേണ്ടി ശബ്ദമുയര്‍ത്തിയ, അമേരിക്കയിലെ മാര്‍ട്ടിന്‍ ലൂഥര്‍ കിംഗിനെ പോലെ എല്ലാ തൊഴിലാളികളുടെയും വിമോചകനെന്ന ആഗോള സ്ഥാനമാണ് ഡോ. ബി.ആര്‍.അംബേദ്ക്കര്‍ക്കുള്ളതെന്ന് പ്രധാനമന്ത്രി പറഞ്ഞു.

ഇന്ത്യയുടെ നാവികശക്തി, ഉള്‍നാടന്‍ ജലപാതകള്‍ എന്നിവയുടെ വികസനം എന്ന ആശയം ആദ്യമായി ആവിഷ്‌കരിച്ചത് ഡോ.ബി.ആര്‍.അംബേദ്ക്കറായിരുന്നു. 2018 ഓടെ എല്ലാ ഗ്രാമങ്ങളിലും വൈദ്യുതി എത്തിക്കുമെന്ന ഗവണ്‍മെന്റിന്റെ പ്രതിജ്ഞ ഡോ.അംബേദ്ക്കറുടെ ആശയം നടപ്പിലാകുന്നതിലേയ്ക്കുള്ള ചുവട് വയ്പ്പാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.

ദളിത് സംരംഭകരുമായി അടുത്തിടെ താന്‍ നടത്തിയ കൂടിക്കാഴ്ചയെയും അവര്‍ മുന്നോട്ട് വച്ച നിര്‍ദ്ദേശങ്ങളെയും പ്രധാനമന്ത്രി അനുസ്മരിച്ചു. അടുത്തിടെ അവതരിപ്പിച്ച കേന്ദ്ര ബജറ്റില്‍ ഈ നിര്‍ദ്ദേശങ്ങളെല്ലാം നടപ്പിലാക്കിയതായി അദ്ദേഹം പറഞ്ഞു.

കര്‍ഷകര്‍ക്ക് സാധ്യമായ പരമാവധി വില കിട്ടാന്‍ ഉതകുന്ന ഇ-പ്ലാററ്‌ഫോമായ ദേശീയ കാര്‍ഷിക വിപണി ഇക്കൊല്ലം ഏപ്രില്‍ 14ന് ഉദ്ഘാടനം ചെയ്യുമെന്നും പ്രധാനമന്ത്രി അറിയിച്ചു.