Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

‘ഡെസ്റ്റിനേഷന്‍ ഉത്തരാഖണ്ഡ്: നിക്ഷേപക ഉച്ചകോടി 2018’നെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു


ഡെറാഡൂണില്‍ ‘ഡെസ്റ്റിനേഷന്‍ ഉത്തരാഖണ്ഡ്: നിക്ഷേപക ഉച്ചകോടി 2018’നെ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അഭിസംബോധന ചെയ്തു. 
ഇന്ത്യ അതിവേഗം പുരോഗമിച്ചുകൊണ്ടിരിക്കുന്ന കാലമാണ് ഇതെന്ന് അദ്ദേഹം പറഞ്ഞു. വരുന്ന ദശാബ്ദങ്ങളില്‍ ഇന്ത്യ ലോകത്തിന്റെ തന്നെ വളര്‍ച്ചയുടെ ഒരു കേന്ദ്രമായിത്തീരുമെന്നു പൊതുവേ കരുതപ്പെടുന്നുണ്ടെന്നു പ്രധാനമന്ത്രി വ്യക്തമാക്കി. ഇന്ത്യയുടെ സാമ്പത്തിക പരിഷ്‌കരണത്തിന്റെ വേഗവും അളവും അഭൂതപൂര്‍വമാണെന്ന് അദ്ദേഹം പറഞ്ഞു. ബിസിനസ് ചെയ്യുന്നത് എളുപ്പമായുള്ള രാഷ്ട്രങ്ങളുടെ പട്ടികയില്‍ ഇന്ത്യയുടെ സ്ഥാനം 42 റാങ്ക് മുന്നിലേക്ക് ഉയര്‍ന്നു എന്നു പ്രധാനമന്ത്രി ഓര്‍മിപ്പിച്ചു. നികുതിപരിഷ്‌കരണത്തെക്കുറിച്ച് അദ്ദേഹം പരാമര്‍ശിച്ചു. ഇന്‍സോള്‍വന്‍സി ആന്‍ഡ് ബാങ്ക്‌റപ്റ്റ്‌സി കോഡ്, ബിസിനസ് ചെയ്യുന്നത് എളുപ്പമാക്കിത്തീര്‍ത്തുവെന്നും ശ്രീ. നരേന്ദ്ര മോദി പറഞ്ഞു. 
സ്വാതന്ത്ര്യലബ്ധി മുതല്‍ നടപ്പാക്കിയതില്‍ ഏറ്റവും വലിയ നികുതിപരിഷ്‌കാരം ജി.എസ്.ടി. നടപ്പാക്കലാണെന്നു പ്രധാനമന്ത്രി വെളിപ്പെടുത്തി. ഇതു രാജ്യത്തെ ഒറ്റ വിപണിയാക്കി മാറ്റുകയും നികുതിയുടെ അടിത്തറ വിപുലപ്പെടുത്തുകയും ചെയ്തു എന്നും അദ്ദേഹം പറഞ്ഞു. 
അടിസ്ഥാനസൗകര്യ മേഖല അതിവേഗം വികസിച്ചുവരികയാണെന്നു പ്രധാനമന്ത്രി വെളിപ്പെടുത്തി. റോഡ് നിര്‍മാണം, റെയില്‍പ്പാത നിര്‍മാണം, പുതിയ മെട്രോ സംവിധാനങ്ങള്‍, അതിവേഗ റയില്‍ പദ്ധതി, ചരക്ക് ഇടനാഴികള്‍ എന്നീ പ്രവൃത്തികള്‍ അതിവേഗം നടന്നുവരുന്നതിനെക്കുറിച്ച് അദ്ദേഹം പരാമര്‍ശിച്ചു. വ്യോമയാന രംഗത്തും ജനങ്ങള്‍ക്കു വീട്, ഊര്‍ജം, മാലിന്യമുക്തമായ ഇന്ധനം, ആരോഗ്യ-ബാങ്കിങ് സേവനങ്ങള്‍ എന്നിവ ലഭ്യമാക്കുന്നതിലും ഉണ്ടായിട്ടുള്ള പുരോഗതിയെക്കുറിച്ചു പ്രധാനമന്ത്രി വിശദീകരിച്ചു. അടുത്തിടെ ആരംഭിച്ച ആയുഷ്മാന്‍ ഭാരത് പദ്ധതി രണ്ടാം നിര, മൂന്നാം നിര നഗരങ്ങളിലുള്ള ആരോഗ്യരംഗത്തെ അടിസ്ഥാനസൗകര്യ വികസനത്തിന്റെ വേഗം വര്‍ധിപ്പിക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
പുതിയ ഇന്ത്യ നിക്ഷേപം നടത്തുന്നതിനുള്ള വലിയ കേന്ദ്രമാണെന്നും ‘ഡെസ്റ്റിനേഷന്‍ ഉത്തരാഖണ്ഡ്’ ഈ ആവേശത്തെ പ്രതിനിധാനം ചെയ്യുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. നിക്ഷേപകര്‍ക്കു സൗകര്യമൊരുക്കാന്‍ സംസ്ഥാനത്തു കൈക്കൊണ്ടുവരുന്ന നടപടിക്രമങ്ങളെക്കുറിച്ച് അദ്ദേഹം പരാമര്‍ശിച്ചു. എല്ലാ കാലാവസ്ഥയിലും ഉപയോഗ യോഗ്യമായ ചാര്‍ധാം റോഡ് പദ്ധതി, ഋഷികേശ്-കാണ്‍പ്രയാഗ് റെയില്‍വൈ ലൈന്‍ പദ്ധതി എന്നിവ ഉള്‍പ്പെടെ കണക്റ്റിവിറ്റി വര്‍ധിപ്പിക്കുന്നതിനായി സംസ്ഥാനത്തു നടപ്പാക്കിവരുന്ന പദ്ധതികളുടെ പുരോഗതി പ്രധാനമന്ത്രി പ്രസംഗത്തില്‍ വിശദീകരിച്ചു. വിനോദസഞ്ചാര മേഖലയില്‍ സംസ്ഥാനത്തിനുള്ള അനന്തമായ സാധ്യതകളെക്കുറിച്ച് അദ്ദേഹം പരാമര്‍ശിച്ചു. 
ഭക്ഷ്യസംസ്‌കരണം, പുനരുപയോഗിക്കാവുന്ന ഊര്‍ജം എന്നീ മേഖലകളില്‍ നടപ്പാക്കിവരുന്ന പദ്ധതികളെക്കുറിച്ചും ശ്രീ. നരേന്ദ്ര മോദി പറഞ്ഞു. ‘മെയ്ക്ക് ഇന്‍ ഇന്ത്യ’ പദ്ധതിയുടെ നേട്ടങ്ങളെക്കുറിച്ചും സൂചിപ്പിച്ചു.