Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഡിജിറ്റല്‍ പണമിടപാട് സംവിധാനമായ ഇ-റുപ്പിക്ക് പ്രധാനമന്ത്രി തുടക്കം കുറിച്ചു

ഡിജിറ്റല്‍ പണമിടപാട് സംവിധാനമായ  ഇ-റുപ്പിക്ക് പ്രധാനമന്ത്രി തുടക്കം കുറിച്ചു


പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി വ്യക്താധിഷ്ഠിത – ലക്ഷ്യാധിഷ്ഠിത ഡിജിറ്റല്‍ പണമിടപാട് സംവിധാനമായ ഇ-റുപ്പി വീഡിയോ കോണ്‍ഫറന്‍സ് മുഖേന ഉദ്ഘാടനം ചെയ്തു. ഡിജിറ്റല്‍ പണമിടപാട് പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായുള്ള ഇ-റുപ്പി,  പണരഹിത-സമ്പര്‍ക്കരഹിത ഇടപാട് രീതിയാണ്.

രാജ്യത്ത് ഡിജിറ്റല്‍ ഇടപാടുകളില്‍ ഡിബിടി കൂടുതല്‍ ഫലപ്രദമാക്കുന്നതില്‍ ഇ റുപ്പി വൗച്ചര്‍ വലിയ പങ്കുവഹിക്കുമെന്നും ഡിജിറ്റല്‍ ഭരണനിര്‍വഹണത്തില്‍ പുതിയ ദിശ തുറക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇത് പണം ലക്ഷ്യസ്ഥാനത്ത് എത്തുന്നത് എളുപ്പമാക്കുകയും സുതാര്യമാക്കുകയുംചെയ്യും. സാമ്പത്തിക ചോര്‍ച്ചകളില്ലാത്ത മാര്‍ഗമാണിതെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയില്‍ സാങ്കേതിക വിദ്യ ജനങ്ങളെ ബന്ധിപ്പിക്കുന്നത് എങ്ങനെയാണെന്നുള്ളതിന്റെ പ്രതീകമാണ് ഇ-റുപ്പിയെന്നും അദ്ദേഹം വ്യക്തമാക്കി. രാജ്യം സ്വാതന്ത്ര്യലബ്ധിയുടെ 75-ാം വാര്‍ഷികത്തിന്റെ ഭാഗമായി അമൃതമഹോത്സവം ആഘോഷിക്കുന്ന ഈ വേളയില്‍ ഭാവി ലക്ഷ്യമിടുന്ന പുതിയ സംരംഭം ഉദ്ഘാടനം ചെയ്യപ്പെടുന്നത് ആഹ്ലാദകരമാണെന്നും അദ്ദേഹം പറഞ്ഞു. 

ഗവണ്‍മെന്റിനെക്കൂടാതെ മറ്റേതെങ്കിലും സംഘടനകള്‍ ചികിത്സ, വിദ്യാഭ്യാസം, മറ്റ് പ്രവര്‍ത്തനങ്ങള്‍ എന്നിവയ്ക്കായി ആര്‍ക്കെങ്കിലും സഹായം നല്‍കാന്‍ ഉദ്ദേശിക്കുന്നുണ്ടെങ്കില്‍ പണത്തിന് പകരമായി അവര്‍ക്ക് ഇ-റുപ്പി വൗച്ചര്‍ ഉപയോഗിക്കാമെന്ന് അദ്ദേഹം വ്യക്തമാക്കി. ഇത് ലക്ഷ്യമിട്ട കാര്യത്തിന് വേണ്ടി പണം ഉപയോഗിക്കപ്പെട്ടുവെന്ന് ഉറപ്പാക്കുന്നതിന് സഹായിക്കും.

ഇ-റുപ്പി വ്യക്തികള്‍ക്കും ലക്ഷ്യങ്ങള്‍ക്കും ഉപയോഗിക്കാവുന്നതാണ്. സഹായമായോ ആനുകൂല്യ മായോ നല്‍കുന്ന തുക ലക്ഷ്യസ്ഥാനത്ത് എത്തിച്ചേരുന്നതായും ലക്ഷ്യമിട്ട കാര്യങ്ങള്‍ക്കായി ഉപയോഗിക്കപ്പെടുന്നുണ്ടെന്നും ഇ-റുപ്പി ഉറപ്പുവരുത്തും.

സാങ്കേതിക വിദ്യ ഒരുകാലത്ത് പണക്കാര്‍ക്ക് മാത്രം പ്രാപ്തമായിരുന്നെന്നും ഇന്ത്യ പോലെ പാവപ്പെട്ട രാജ്യങ്ങള്‍ക്ക് അതിന്റെ സാധ്യതകള്‍ ഉപയോഗിക്കാനുള്ള ഒരു സാഹചര്യവും ഉണ്ടായിരുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. ഈ ഗവണ്‍മെന്റ് സാങ്കേതിക വിദ്യയെ ഒരു ദൗത്യമായി ഏറ്റെടുത്തപ്പോള്‍ ചില രാഷ്്ട്രീയ കക്ഷികളും പ്രത്യേക വിഭാഗത്തിലുള്ള വിദഗ്ധരും അതിനെ ചോദ്യം ചെയ്തിരുന്നതായി പ്രധാനമന്ത്രി പറഞ്ഞു. ഇന്ന് രാജ്യം അത്തരത്തില്‍ ചിന്തിക്കുന്നവരെ തള്ളിക്കളഞ്ഞതായും അവര്‍ തെറ്റായിരുന്നെന്ന് തെളിയിച്ചതായും പറഞ്ഞു. ഇന്ന് രാജ്യത്തിന്റെ ചിന്ത വ്യത്യസ്തമാണ്, അത് ആധുനികമാണ്. ഇന്ന് നമ്മള്‍ സാങ്കേതിക വിദ്യ എന്നത് പാവങ്ങളെ സഹായിക്കാനും അവരുടെ പുരോഗതിയ്ക്കുമായാണ് ഉപയോഗിക്കുന്നത്.

സാങ്കേതിക വിദ്യ പണമിടപാടുകളില്‍ സുതാര്യതയും സമഗ്രതയും കൊണ്ടുവരികയും പുതിയ അവസരങ്ങള്‍ സൃഷ്ടിക്കുകയും അത് പാവപ്പെട്ടവര്‍ക്ക് പ്രാപ്തമാക്കുകയും ചെയ്യുന്നു. വര്‍ഷങ്ങളുടെ ശ്രമഫലമായി മൊബൈലും ആധാറുമായി ബന്ധിപ്പിക്കുന്ന ജാം സംവിധാനം സാധ്യമായതിന്റെ ചുവടുപിടിച്ചാണ് ഇന്ന് കാണുന്ന പുതിയ ഉല്‍പ്പന്നത്തിന്റെ പിറവിക്ക് കാരണമായതെന്ന് അദ്ദേഹം പറഞ്ഞു. ജാമിന്റെ ഗുണഫലങ്ങള്‍ ദൃശ്യമാകാന്‍ കുറച്ച് സമയം എടുത്തതായും ലോക്ഡൗണ്‍ കാലത്ത് മറ്റ് രാജ്യങ്ങള്‍ ജനങ്ങളെ സഹായിക്കാന്‍ ബുദ്ധിമുട്ടുമ്പോള്‍ നമുക്ക് രാജ്യത്തെ ജനങ്ങളെ സഹായിക്കാന്‍ കഴിഞ്ഞതായും അദ്ദേഹം പറഞ്ഞു. ഇന്ത്യയില്‍ ഡയറക്ട് ബെനിഫിറ്റ് ട്രാന്‍സ്ഫര്‍ വഴി 17.5 ലക്ഷം കോടി രൂപ ജനങ്ങളുടെ അക്കൗണ്ടിലേക്ക് കൈമാറിയതായി അദ്ദേഹം വ്യക്തമാക്കി. 300ലധികം സ്‌കീമുകള്‍ ഡിബിടി ഉപയോഗിക്കുന്നു. എല്‍പിജി, റേഷന്‍, ചികിത്സാ സഹായം, സ്‌കോളര്‍ഷിപ്പ്, പെന്‍ഷന്‍, വേതനം തുടങ്ങി നേരിട്ടോ അല്ലാതെയോ ഇന്ത്യയിലെ 90 കോടി ജനങ്ങള്‍ക്കും ഇതിന്റെ ഗുണം ലഭിക്കുന്നതായി അദ്ദേഹം വ്യക്തമാക്കി. പി എം കിസാന്‍ സമ്മാന്‍ നിധിക്ക് കീഴില്‍ 1,35,000 കോടി രൂപ രാജ്യത്തെ കര്‍ഷകരുടെ അക്കൗണ്ടിലേക്ക് നേരിട്ട് കൈമാറിയിട്ടുണ്ട്. ഇതേ രീതിയില്‍ ഗവണ്‍മെന്റ് നേരിട്ട് ഗോതമ്പ് വാങ്ങിയതിന് 85,000 കോടി രൂപ ചെലവഴിച്ചിട്ടുണ്ട്. ”തെറ്റായ ആളുകളിലേക്ക് 1,88,000 കോടി രൂപ എത്തിച്ചേരുന്നത് തടയാന്‍ കഴിഞ്ഞു എന്നതായിരുന്നു ഇതിന്റെയെല്ലാം ഏറ്റവും വലിയ നേട്ടം”-  അദ്ദേഹം വ്യക്തമാക്കി.

രാജ്യത്ത് ഡിജിറ്റല്‍ പണമിടപാട് വര്‍ധിച്ചത് പാവപ്പെട്ടവരേയും അശരണരേയും ചെറുകിട വ്യവസായം നടത്തുന്നവരേയും കര്‍ഷകരേയും ഗോത്രവിഭാഗങ്ങളേയും ശാക്തീകരിച്ചു. ജൂലൈ മാസം മാത്രം 6 ലക്ഷം കോടി രൂപയുടെ 300 കോടി യുപിഐ പണമിടപാടുകള്‍ നടന്നത് ഇതിന്റെ തെളിവാണെന്ന് അദ്ദേഹം പറഞ്ഞു.

സാങ്കേതിക വിദ്യ സ്വീകരിക്കുന്നതിലും നടപ്പിലാക്കുന്നതിലും ആര്‍ക്കും പിന്നിലല്ലെന്ന് ഇന്ത്യ ലോക രാജ്യങ്ങള്‍ക്ക് മുമ്പില്‍ തെളിയിക്കുകയാണ്. ആധുനികത നടപ്പിലാക്കുന്ന കാര്യത്തിലാകട്ടെ, സേവനവിതരണത്തില്‍ സാങ്കേതിക വിദ്യ ഉപയോഗിക്കുന്നതിലൂടെ ഇന്ത്യ ലോകത്തെ പ്രമുഖ രാജ്യങ്ങള്‍ക്കൊപ്പം മുന്‍പന്തിയിലാണുള്ളതെന്നും പ്രധാനമന്ത്രി പറഞ്ഞു.

പിഎം സ്വനിധി യോജന രാജ്യത്തെ ചെറു പട്ടണങ്ങളിലേയും വന്‍ നഗരങ്ങളിലേയുമടക്കം 23 ലക്ഷം വഴിയോരക്കച്ചവടക്കാര്‍ക്ക് സഹായം നല്‍കിയതായി പ്രധാനമന്ത്രി വ്യക്തമാക്കി. ഈ മഹാമാരിക്കാലത്ത് ഏകദേശം 2300 കോടി രൂപ അവര്‍ക്ക് വിതരണം ചെയ്തു.

ഡിജിറ്റല്‍ അടിസ്ഥാന സൗകര്യങ്ങള്‍ക്കും പണമിടപാടുകള്‍ക്കുമായി കഴിഞ്ഞ 6-7 വര്‍ഷം രാജ്യത്ത് നടന്ന പ്രവര്‍ത്തനങ്ങളെ ഇന്ന് ലോകം തിരിച്ചറിയുന്നതായി അദ്ദേഹം പറഞ്ഞു. വികസിത രാജ്യങ്ങളില്‍ പോലും ദൃശ്യമാകാത്ത ധനകാര്യ സാങ്കേതിക വിദ്യയുടെ അടിത്തറ ഇന്ത്യയില്‍ സൃഷ്ടിക്കപ്പെട്ടതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

******