Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഡിജിറ്റല്‍ ഇന്ത്യ പദ്ധതികളുടെ രാജ്യത്താകമാനമുള്ള ഗുണഭോക്താക്കളുമായി പ്രധാനമന്ത്രി വീഡിയോ ബ്രിഡ്ജിലൂടെ ആശയവിനിമയം നടത്തി


ഡിജിറ്റല്‍ ഇന്ത്യ പദ്ധതികളുടെ രാജ്യത്താകമാനമുള്ള ഗുണഭോക്താക്കളുമായി പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി വീഡിയോ ബ്രിഡ്ജിലൂടെ ആശയവിനിമയം നടത്തി. പൊതു സേവന കേന്ദ്രങ്ങള്‍, എന്‍.ഐ.സി. കേന്ദ്രങ്ങള്‍, ദേശീയ വിജ്ഞാന ശൃംഖല, ബി.പി.ഒ. യൂണിറ്റുകള്‍, മൊബൈല്‍ ഉല്‍പാദന കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ ഉള്ളവരും മൈ ഗവ് വോളന്റിയര്‍മാര്‍മാരും സംബന്ധിച്ചു.

ജീവിതത്തിന്റെ സമസ്ത മേഖലകളില്‍ ഉള്ളവരെ, വിശേഷിച്ച് ഗ്രാമപ്രദേശങ്ങളില്‍നിന്നുള്ളവരെ ഡിജിറ്റല്‍ കാര്യങ്ങളില്‍ ശാക്തീകരിക്കാന്‍ ഉദ്ദേശിച്ചുള്ളതാണു ഡിജിറ്റല്‍ ഇന്ത്യ പദ്ധതിയെന്നു പ്രധാനമന്ത്രി വ്യക്തമാക്കി. ഇതു പ്രാവര്‍ത്തികമാക്കുന്നതിനായി ഗ്രാമങ്ങളെ ഫൈബര്‍ ഒപ്റ്റിക്കിലൂടെ ബന്ധപ്പെടുത്തിയും പൗരന്മാര്‍ക്കു ഡിജിറ്റല്‍ വിഷയങ്ങളില്‍ വിദ്യാഭ്യാസം പകര്‍ന്നും മൊബൈല്‍ ഫോണുകളിലൂടെ സേവനം ലഭ്യമാക്കിയും ഇലക്ടോണിക് രംഗത്തെ ഉല്‍പാദനം പ്രോല്‍സാഹിപ്പിച്ചും സമഗ്ര നയമാണു ഗവണ്‍മെന്റ് പിന്‍തുടര്‍ന്നുവരുന്നതെന്നും അദ്ദേഹം പറഞ്ഞു.

സാങ്കേതികവിദ്യയെക്കുറിച്ചു സംസാരിക്കവേ, സാങ്കേതിക വിദ്യ ജീവിതം എളുപ്പമാക്കിത്തീര്‍ത്തു എന്നും സമൂഹത്തിലെ എല്ലാ വിഭാഗങ്ങള്‍ക്കും സാങ്കേതികവിദ്യയുടെ നേട്ടങ്ങള്‍ ലഭ്യമാക്കുകയാണു ഗവണ്‍മെന്റിന്റെ ലക്ഷ്യമെന്നും പ്രധാനമന്ത്രി വെളിപ്പെടുത്തി. ഭീം, ആപ്, റെയില്‍വേ ടിക്കറ്റുകളുടെ ഓണ്‍ലൈന്‍ ബുക്കിങ്, സ്‌കോളര്‍ഷിപ്പുകള്‍ ഇലക്ട്രോണിക് രീതിയില്‍ ലഭ്യമാക്കല്‍, മൊബൈല്‍ ഫോണുകള്‍ വഴി സേവനങ്ങള്‍ ലഭ്യമാക്കല്‍, പെന്‍ഷന്‍ ബാങ്ക് അക്കൗണ്ടുകളിലൂടെ ലഭ്യമാക്കല്‍ തുടങ്ങിയ ഓണ്‍ലൈന്‍ പണമിടപാടു സംവിധാനങ്ങള്‍ സാധാരണ ജനങ്ങളുടെ ഭാരം ലഘൂകരിച്ചിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

പൊതുസേവനകേന്ദ്ര(സി.എസ്.സി.)ങ്ങളുടെ പ്രാധാന്യത്തെക്കുറിച്ചു പരാമര്‍ശിക്കവേ അത്തരം കേന്ദ്രങ്ങള്‍ ഗ്രാമീണ ഇന്ത്യയില്‍ ഡിജിറ്റല്‍ സേവനം ലഭ്യമാക്കിവരികയാണെന്നു പ്രധാനമന്ത്രി പറഞ്ഞു. സി.എസ്.സികള്‍ ഗ്രാമതല സംരംഭകരെ (വി.എല്‍.ഇ.) വികസിപ്പിച്ചെടുക്കുന്നതില്‍ വിജയിക്കുകയും പത്തു ലക്ഷത്തിലേറെ പേര്‍ക്കു തൊഴിലവസരങ്ങള്‍ ലഭ്യമാക്കുകയും ചെയ്തു. 2.15 ഗ്രാമപഞ്ചായത്തുകളിലായി ഗവണ്‍മെന്റിന്റേത് ഉള്‍പ്പെടെയുള്ള സേവനങ്ങള്‍ ലഭ്യമാക്കുന്ന 2.92 ലക്ഷം സി.എസ്.സികള്‍ ഗ്രാമീണ ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഡിജിറ്റല്‍ പണമിടപാടുകള്‍ വര്‍ധിക്കുന്നത് മധ്യവര്‍ത്തികളെ ഇല്ലാതാക്കാന്‍ സഹായകമാണെന്ന് ആശയവിനിമയത്തിനിടെ ശ്രീ. നരേന്ദ്ര മോദി ചൂണ്ടിക്കാട്ടി. കഴിഞ്ഞ നാലു വര്‍ഷത്തിനിടെ ഡിജിറ്റല്‍ പണമിടപാടുകള്‍ ഗണ്യമായി വര്‍ധിച്ചുവെന്നും ഇത് ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയെ കൂടുതല്‍ ഡിജിറ്റല്‍വല്‍കൃതവും സുതാര്യവും ആക്കിത്തീര്‍ത്തുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പ്രധാനമന്ത്രി ഗ്രാമീണ ഡിജിറ്റല്‍ സാക്ഷരത

അഭിയാ(പി.എം.ജി.ഡി.ഐ.എസ്.എച്ച.എ.)നെക്കുറിച്ചു സംസാരിക്കവേ, പദ്ധതിയിലൂടെ 1.25 കോടി ജനങ്ങള്‍ക്കു ഡിജിറ്റല്‍ നൈപുണ്യവും പരിശീലനവും പകരാന്‍ സാധിച്ചിട്ടുണ്ടെന്നും ഇതില്‍ 70 ശതമാനത്തിലേറെ പേര്‍ പിന്നോക്ക ജാതിക്കാരും പിന്നോക്കവര്‍ഗക്കാരും മറ്റു പിന്നോക്ക ജാതിക്കാരുമാണെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. 20 മണിക്കൂര്‍ അടിസ്ഥാന കംപ്യൂട്ടര്‍ പരിശീലനത്തിലൂടെ ആറു കോടി ജനങ്ങള്‍ക്കു ഡിജിറ്റല്‍ നൈപുണ്യവും അടിസ്ഥാനപരമായ കംപ്യൂട്ടര്‍ പരിശീലനവും ലഭ്യമാക്കാനാണു പദ്ധതിയിലൂടെ ലക്ഷ്യംവെക്കുന്നത്.

ഡിജിറ്റല്‍ ഇന്ത്യ പുറംതൊഴില്‍ മേഖലയുടെ പരിഷ്‌കാരത്തിനും വഴിവെച്ചിട്ടുണ്ട്. നേരത്തേ ബി.പി.ഒ. സ്ഥാപനങ്ങള്‍ വന്‍കിട നഗരങ്ങളില്‍ മാത്രമായിരുന്നെങ്കില്‍ ഇപ്പോള്‍ ചെറിയ പട്ടണങ്ങളിലും ഗ്രാമങ്ങളിലും ഉണ്ട്. ഇതു കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ സഹായകമായി.

ഡിജിറ്റല്‍ ഇന്ത്യക്കു കീഴില്‍ ആരംഭിച്ച ഇന്ത്യ ബി.പി.ഒ. പ്രോല്‍സാഹന പദ്ധതിയും വടക്കുകിഴക്കന്‍ മേഖലയ്ക്കായി മാത്രമുള്ള ബി.പി.ഒ. പോല്‍സാഹന പദ്ധതിയും വടക്കുകിഴക്കന്‍ മേഖലയിലെയും ഗ്രാമപ്രദേശങ്ങളിലെയും രണ്ടു ലക്ഷത്തിലേറെ പേര്‍ക്കു പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും. ബി.പി.ഒ. യൂണിറ്റുകള്‍ രാജ്യത്താകമാനം പ്രവര്‍ത്തിക്കുന്നതിനാല്‍ യുവാക്കള്‍ക്കു വീടുകള്‍ക്ക് അരികില്‍ത്തന്നെ ജോലി കിട്ടുന്നുണ്ടെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

ഇലക്ട്രോണിക് ഉല്‍പന്ന നിര്‍മാണ യൂണിറ്റുകളിലെ ജീവനക്കാരുമായി സംവദിക്കവേ, കഴിഞ്ഞ നാലു വര്‍ഷത്തിനകം ഇലക്ട്രോണിക് ഉല്‍പന്നങ്ങള്‍ ഉല്‍പാദിപ്പിക്കുന്നതില്‍ ഏറെ നേട്ടം കൈവരിക്കാന്‍ ഇന്ത്യക്കു സാധിച്ചിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. ഇലക്ട്രോണിക് ഉല്‍പന്നങ്ങളുടെ ഉല്‍പാദനം പ്രോല്‍സാഹിപ്പിക്കുന്നതിനായി ഗവണ്‍മെന്റ് ഇലക്ട്രോണിക് മാനുഫാക്ചറിങ് ക്ലസ്റ്റര്‍ (ഇ.എം.സി.) പദ്ധതിക്കു തുടക്കമിട്ടുവെന്നും 15 സംസ്ഥാനങ്ങളിലായി 23 ഇ.എം.സികള്‍ ആരംഭിക്കാന്‍ സാധിച്ചുവെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. ഈ പദ്ധതിയിലൂടെ ആറു ലക്ഷത്തോളം പേര്‍ക്കു തൊഴില്‍ ലഭിക്കും. 2014ല്‍ കേവലം രണ്ടു മൊബൈല്‍ ഫോണ്‍ നിര്‍മാണ ഫാക്ടറികള്‍ ഉണ്ടായിരുന്ന സ്ഥാനത്ത് ഇപ്പോള്‍ അത്തരം 120 ഫാക്ടറികള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. പ്രത്യക്ഷമായും പരോക്ഷമായും നാലര ലക്ഷത്തോളം പൗരന്‍മാര്‍ക്കു തൊഴില്‍ ലഭ്യമാക്കാന്‍ ഈ യൂണിറ്റുകൡലൂടെ സാധിച്ചു.
കരുത്തുറ്റ ഡിജിറ്റല്‍ ഇന്ത്യ രൂപീകരിക്കുന്നതില്‍ ദേശീയ വിജ്ഞാന ശൃംഖല(എന്‍.കെ.എന്‍.)യ്ക്കുള്ള പ്രാധാന്യത്തെക്കുറിച്ചു പ്രധാനമന്ത്രി വിശദീകരിച്ചു. അഞ്ചു കോടിയോളം വിദ്യാര്‍ഥികള്‍ക്കും ഗവേഷകര്‍ക്കും വിദ്യാഭ്യാസ വിചക്ഷണന്‍മാര്‍ക്കും ഗവണ്‍മെന്റ് ഉദ്യോഗസ്ഥര്‍ക്കും കരുത്തുറ്റ വേദിയൊരുക്കാന്‍ എന്‍.കെ.എന്നിനു സാധിക്കുന്നുണ്ടെന്നും 1700 പ്രമുഖ ഗവേഷണ, വിദ്യാഭ്യാസ സ്ഥാപനങ്ങളെ പരസ്പരം ബന്ധിപ്പിക്കുക വഴിയാണിതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഈ ഗവണ്‍മെന്റ് രൂപീകരിച്ചു രണ്ടു മാസത്തിനകം പൗരന്‍മാര്‍ക്കു പ്രവര്‍ത്തിക്കാന്‍ വേദിയൊരുക്കുന്നതിനായി രൂപീകരിച്ച മൈഗവ് പ്ലാറ്റ്‌ഫോമിന്റെ വോളന്റിയര്‍മാരുമായും പ്രധാനമന്ത്രി സംവദിച്ചു. ആശയങ്ങളും അഭിപ്രായങ്ങളും നല്‍കുകയും വിവിധ സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും വഴി പുതിയ ഇന്ത്യ നിര്‍മിക്കുന്നതില്‍ വലിയ പങ്കു വഹിക്കുന്ന 60 ലക്ഷത്തിലേറെ വോളന്റിയര്‍മാരുണ്ട്. ഡിജിറ്റല്‍ ഇന്ത്യയിലൂടെ ‘നാല് ഇ’കള്‍- എജ്യുക്കേഷന്‍, എംപ്ലോയ്‌മെന്റ്, ഓണ്‍ട്രപ്രന്വര്‍ഷിപ്, എംപര്‍മെന്റ് എന്നിവ യാഥാര്‍ഥ്യമാക്കാന്‍ സാധിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

പ്രധാനമന്ത്രിയോടു സംവദിക്കവേ തങ്ങളുടെ ജീവിതങ്ങളെ മാറ്റിമറിക്കുന്നതില്‍ പദ്ധതികള്‍ എങ്ങനെ സഹായകമായി എന്നു വിവിധ ഡിജിറ്റല്‍ ഇന്ത്യ പദ്ധതികളുടെ ഗുണഭോക്താക്കള്‍ വിശദീകരിച്ചു. പൊതു സേവന കേന്ദ്രങ്ങള്‍ ഏതു വിധത്തിലാണു തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചുനല്‍കിയതെന്നും അവയിലൂടെ ലഭിക്കുന്ന സേവനങ്ങള്‍ ജീവിതം സുഖകരമാക്കുന്നതിന് എങ്ങനെ സഹായകമായെന്നും ഗുണഭോക്താക്കള്‍ വെളിപ്പെടുത്തി.