Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഡിജിറ്റല്‍ ഇന്ത്യ ഗുണഭോക്താക്കളുമായുള്ള ആശയവിനിമയ വേളയില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗം


കഴിഞ്ഞ കുറച്ചു ദിവസങ്ങള്‍ക്കു മുമ്പ് ഗവണ്‍മെന്റിന്റെ വിവിധ പദ്ധതികളുടെ ഗുണഭോക്താക്കളുമായി സംവദിക്കാനും അവരെ കേള്‍ക്കാനു എനിക്ക് അവസരം ലഭിച്ചു. അതെനിക്കൊരു മനോഹരമായ അനുഭവമായി. ഫയലുകള്‍ക്കപ്പുറം ഒരു ജീവിതമുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നു. ഈ പദ്ധതികളിലെ ഗുണഭോക്താക്കളുടെ ജീവിതത്തെ സ്വാധീനിച്ച മാറ്റങ്ങളും അനുഭവങ്ങളും കേട്ടപ്പോള്‍ എന്റെ ഉള്ളില്‍ എന്തെന്നില്ലാത്ത സംതൃപ്തി അനുഭവപ്പെട്ടു. നിങ്ങള്‍ എന്റെ പ്രവര്‍ത്തനങ്ങളില്‍ പുതിയ ഒരു ഊര്‍ജ്ജം പ്രതിഷ്ഠിച്ചിരിക്കുന്നു. ഇന്നിപ്പോള്‍ ഡിജിറ്റല്‍ ഇന്ത്യയുടെ കുറേ ഗുണഭോക്താക്കളുമായി ആശയവിനിമയം നടത്താന്‍ എനിക്ക് അവസരം ലഭിച്ചിരിക്കുന്നു.

ഇന്നത്തെ പരിപാടിയില്‍ പൊതു സേവന കേന്ദ്രത്തിലൂടെ രാജ്യമെമ്പാടുമുള്ള ഏകദേശം മൂന്ന് ലക്ഷം ആളുകളുമായി ആശയവിനിമയം സാധിക്കുമെന്നാണ് എന്നോട് പറഞ്ഞത്. ഗ്രാമതലത്തിലെ സംരംഭകരാണ് ഈ സിഎസ്‌സികള്‍ അഥവാ പൊതു സേവന കേന്ദ്രങ്ങള്‍ നടത്തുന്നത്. ആ സേവനം ആസ്വദിക്കുന്ന പൗരന്മാരെല്ലാം ഇവിടെ സന്നിഹിതരായിരിക്കുന്നു. അതിനു പുറമേ നാഷണല്‍ ഇന്‍ഫോമാറ്റിക് സെന്റര്‍ വഴിയുള്ള ഡിജിറ്റല്‍ ഇന്ത്യ ഗുണഭോക്താക്കളും ഇവിടെ എത്തിച്ചേര്‍ന്നിട്ടുണ്ട്. ദേശീയ വിജ്ഞാന ശൃംഖല ( national knowledge network – nkn)യുമായി ബന്ധപ്പെട്ട 1600ല്‍ അധികം വിദ്യാഭ്യാസ സ്ഥാപനങ്ങളും അവിടുത്തെ വിദ്യാര്‍ത്ഥികളും ഗവേഷകരും ശാസ്ത്രജ്ഞരും പ്രൊഫസര്‍മാരും എത്തിയിരിക്കുന്നു. ഗവണ്‍മെന്റ് പദ്ധതികള്‍ തയ്യാറാക്കുന്നതില്‍ സഹകരിക്കുന്ന രാജ്യമെമ്പാടുമുള്ള ബിപിഒകളിലെ ബിപിഒ ജീവനക്കാരും നമുക്കൊപ്പമുണ്ട്. എല്ലാത്തിനുമുപരിയായി, മൊബൈല്‍ അടിസ്ഥാനസൗകര്യ യൂണിറ്റുകളിലെ തൊഴിലാളികളപം നമ്മളുമായി സംവദിക്കുകയും അവരുടെ യൂണിറ്റുകള്‍ കാണിക്കുകയും ചെയ്തു.

mygov സന്നദ്ധ പ്രവര്‍ത്തകരായ ലക്ഷക്കണക്കിനാളുകള്‍ നമുക്കൊപ്പം ചേര്‍ന്നു. ഒരൊറ്റ വിഷയത്തില്‍ 50 ലക്ഷത്തിലധികം ആളുകളുമായി സംസാരിക്കുന്ന സവിശേഷമായ ഒരു ആശയവിനിമയമാണ് ഇതെന്ന് ഞാന്‍ വിശ്വസിക്കുന്നു. ജനങ്ങളുടെ അനുഭവങ്ങള്‍ കേള്‍ക്കാനു അവരുമായി സംവദിക്കാനുമുള്ള ഒരേയൊരു മനോഹര സന്ദര്‍ഭമാകും ഇത്.

രാജ്യത്തെ സാധാരണക്കാരെയും പാവപ്പെട്ടവരെയും കര്‍ഷകരെയും യുവജനങ്ങളെയും ഗ്രാമങ്ങളെയും ശാക്തീകരിക്കുകയും ചേര്‍ത്തുവയ്ക്കുകയും മാത്രമാണ് ഡിജിറ്റല്‍ ഇന്ത്യ തുടങ്ങിയതിന്റെ ലക്ഷ്യം. കഴിഞ്ഞ നാല് വര്‍ഷം ഈ ഏകലക്ഷ്യത്തിലേക്ക് നാം ഊന്നല്‍ നല്‍കുകയും, ഗ്രാമങ്ങളെ ഒപ്റ്റിക്കല്‍ ഫൈബര്‍ ശൃംഖലയില്‍ പരസ്പരം ബന്ധിപ്പിക്കുകയും, കോടിക്കണക്കിനാളുകളെ ഡിജിറ്റല്‍ സാക്ഷരരാക്കുകയും, മൊബൈല്‍ ഫോണുകള്‍ വഴി ഗവണ്‍മെന്റ് സേവനങ്ങള്‍ ജനങ്ങളുടെ പടിവാതില്‍ക്കല്‍ എത്തിക്കുകയും രാജ്യത്ത് ഇലക്ട്രോണിക് ഉല്‍പ്പാദനം വികസിപ്പിക്കുകയും , സ്റ്റാര്‍ട്ടപ്പുകള്‍ തുടങ്ങുന്നതിനും, വിദൂര ദേശങ്ങളില്‍ ബിപിഒകള്‍ തുറക്കുന്നതിനുള്ള പ്രചാരണ പരിപാടികളോ പ്രോല്‍സാഹനമോ നല്‍കുന്നതിന് ഡിജിറ്റല്‍ ശാക്തീകരണത്തിന്റെ എല്ലാ സാധ്യതകളും വിനിയോഗിച്ചു. ഇതുപോലെ നിരവധി സംരംഭങ്ങളുണ്ട്. ഇന്നിപ്പോള്‍ പെന്‍ഷന്‍ വാങ്ങുന്നതിന് മുതിര്‍ന്ന ആളുകള്‍ അവരുടെ രേഖകള്‍ കാണിക്കാന്‍ ദീര്‍ഘയാത്ര നടത്തേണ്ടതില്ല. അവര്‍ക്ക് എളുപ്പത്തില്‍ സ്വന്തം ഗ്രാമത്തിലെ ഈ പൊതുസേവന കേന്ദ്രങ്ങളില്‍ പോയി കാര്യങ്ങള്‍ ചെയ്യാം. കര്‍ഷകര്‍ക്ക് കാലാവസ്ഥാ സ്ഥിതിയും വിളവെടുപ്പും മണ്ണും ഉള്‍പ്പെടെ ആവശ്യമായ വിവരങ്ങള്‍ മാത്രമല്ല രാജ്യമെമ്പാടുമുള്ള അവരുടെ ഉല്‍പ്പാദനവും ഡിജിറ്റല്‍ ഇന്ത്യ വിപണിയിലൂടെ അതായത് ഇ-നാം (e-nam) മുഖേന മൊബൈല്‍ ഫോണുകളുടെയോ പൊതുസേവന കേന്ദ്രങ്ങളുടെയോ സഹായത്തോടെ ലഭിക്കും.

ഇന്ന് ഗ്രാമങ്ങളിലെ വിദ്യാര്‍ത്ഥികള്‍ അവരുടെ സ്‌കൂളുകളിലോ കോളേജുകളിലോ ലഭിക്കുന്ന പുസ്തകങ്ങളില്‍ മാത്രം പരിമിതപ്പെടുന്നില്ല. അവര്‍ക്ക് ഇപ്പോള്‍ ഡിജിറ്റല്‍ ലൈബ്രറി മുഖേന ലക്ഷക്കണക്കിന് ഓണ്‍ലൈന്‍ പുസ്തകങ്ങള്‍ ലഭ്യമാണ്. അവര്‍ തങ്ങളുടെ സ്‌കോളര്‍ഷിപ്പുകള്‍ക്ക് സ്‌കൂള്‍ സംവിധാനത്തെ ഇനി ആശ്രയിക്കേണ്ടതില്ല. സ്‌കോളര്‍ഷിപ്പുകള്‍ നേരിട്ട് അവരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നിക്ഷേപിക്കുന്നു. സാങ്കേതികവിദ്യയുടെയും ആശയവിനിമയത്തിന്റെയും വിപ്ലവത്തിലൂടെയാണ് ഇതെല്ലാം സാധ്യമാകുന്നത്. കുറച്ച് വര്‍ഷങ്ങള്‍ക്കു മുമ്പുവരെ ചെറുപട്ടണങ്ങളിലോ ഗ്രാമങ്ങളിലോ ജീവിക്കുന്നവര്‍ക്ക് റെയില്‍വേ സ്‌റ്റേഷനില്‍ മണക്കൂറുകളോളം വരി നില്‍ക്കാതെ ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനേക്കുറിച്ചോ അല്ലെങ്കില്‍ മണിക്കൂറുകള്‍ പാഴാക്കാതെ പാചക വാതകം ലഭിക്കുന്നതിനേക്കുറിച്ചോ സങ്കല്‍പ്പിക്കാന്‍ സാധിക്കുമായിരുന്നില്ല. വൈദ്യുതി ബില്ലും വെള്ളക്കരവും നികുതികളും ഗവണ്‍മെന്റ് ഓഫീസുകളില്‍ നേരിട്ട് എത്താതെ അടയ്ക്കാനാകുമായിരുന്നില്ല. എന്നാല്‍ ഇന്ന് ഈ കാര്യങ്ങളെല്ലാം ഒറ്റ ക്ലിക്കുകൊണ്ട് സാധ്യമാണ്. ഇതൊക്കെ ഏതെങ്കിലും ഒരു വിഭാഗം ആളുകള്‍ക്കു മാത്രമല്ല എല്ലാവര്‍ക്കും ലഭ്യമാണ്. എല്ലാ പൗരന്മാര്‍ക്കും അവരുടെ വീടിനോടടുത്ത് പരമാവധി സേവനങ്ങള്‍ രാജ്യവ്യാപകമായി പൊതു സേവന കേന്ദ്രങ്ങള്‍ ഉറപ്പാക്കുന്നു.

നാളിതുവരെ ഏകദേശം മൂന്നു ലക്ഷം പൊതു സേവന കേന്ദ്രങ്ങള്‍ രാജ്യവ്യാപകമായി തുറന്നു. ഈ വന്‍തോതിലുള്ള ഡിജിറ്റല്‍ സേവന കേന്ദ്രങ്ങള്‍ ഒരുലക്ഷത്തി എണ്‍പത്തിമൂവായിരം ഗ്രാമപഞ്ചായത്തുകളില്‍ വ്യാപിച്ചു. ഇന്നിപ്പോള്‍ ലക്ഷക്കണക്കിന് യുവജനങ്ങള്‍ ഗ്രാമതലത്തിലെ സംരംഭകരായി പ്രവര്‍ത്തിക്കുന്നു; അതില്‍ 52000 പേര്‍ സ്ത്രീകളാണ് എന്നത് ഹൃദയത്തില്‍ തൊടുന്ന അനുഭവമാണ്.
ഈ കേന്ദ്രങ്ങള്‍ പത്തു ലക്ഷത്തിലധികം ജോലികള്‍ നല്‍കുന്നു. മൊത്തത്തില്‍ ഈ കേന്ദ്രങ്ങള്‍ ശാക്തീകരണ സ്രോതസ്സുകള്‍ മാത്രമല്ല വിദ്യാഭ്യാസം, സംരംഭകത്വം തൊഴില്‍ എന്നിവ പ്രോല്‍സാഹിപ്പിക്കുകയും ചെയ്യുന്നു.

60 ലക്ഷം സന്നദ്ധപ്രവര്‍ത്തകരാണ് ഇന്ന് mygov വേദിയുമായി ബന്ധപ്പെട്ടിരിക്കുന്നത്. ഒരു തരത്തില്‍ ഇതൊരു പൗരകേന്ദ്രീകൃത ഗവണ്‍മെന്റാണ്. നിര്‍ദേശങ്ങളും ആശയങ്ങളും നല്‍കുന്നതിനു പുറമേ യുവജനങ്ങള്‍ വന്‍തോതില്‍ സന്നദ്ധപ്രവര്‍ത്തനങ്ങളുമായും പങ്കു ചേരുന്നു.

വിവിധ മന്ത്രാലയങ്ങള്‍ക്കുള്ള പൗരന്മാരുടെ വ്യത്യസ്ഥ അഭിപ്രായങ്ങള്‍ എത്തിക്കുകയും അവയുടെ സാധ്യമായ നടപ്പാക്കലിനു വേണ്ടി പ്രവര്‍ത്തിക്കുകയും യുവജനങ്ങളെ പരസ്പരം ബന്ധിപ്പിക്കുകയും ചെയ്യുന്ന കരുത്തുറ്റ വേദിയായി mygov മാറിക്കൊണ്ടിരിക്കുന്നു. ജനങ്ങള്‍ നല്‍കിയ നിരവധി സ്വയംസന്നദ്ധ സംഭാവനകള്‍ക്ക് നിങ്ങളുടെ മുന്നില്‍ നിശ്ചയമായും ഞാന്‍ തെളിവുകള്‍ നല്‍കാം. ഇങ്ങനെ സന്നദ്ധപ്രവര്‍ത്തകര്‍ നല്‍കുന്ന അഭിപ്രായങ്ങളും നിര്‍ദേശങ്ങളും എല്ലാ വര്‍ഷത്തെയും ബഡ്ജറ്റില്‍ കേന്ദ്ര ഗവണ്‍മെന്റ് ഉള്‍പ്പെടുത്താറുണ്ട്. ശുചിത്വഭാരത ദൗത്യം, ജന്‍ധന്‍ യോജന, ഡിജിറ്റല്‍ ഇന്ത്യ തുടങ്ങി വ്യത്യസ്ഥ പദ്ധതികളുടെ ലോഗോകളും ടാഗ് ലൈനുകളും mygov മുഖേന ജനങ്ങള്‍ നല്‍കിയ നിര്‍ദേശങ്ങളില്‍ നിന്നാണ് തെരഞ്ഞെടുത്തത്. ഇതിനു വേണ്ടി ഗവണ്‍മെന്റ് പ്രത്യേകം സമയം ചെലവഴിച്ചില്ല. ആളുകളില്‍ നിന്നു വിവരങ്ങള്‍ ശേഖരിച്ച് മുന്നോട്ടു പോകുന്ന പൊതുജന പങ്കാളിത്തമുള്ള വേദിയായാണ് ഗവണ്‍മെന്റ് ഇത് സജ്ജീകരിച്ചിട്ടുള്ളത്.

‘മനസ്സ് പറയുന്നത്’ എന്ന പരിപാടിക്കു വേണ്ടി എല്ലാ മാസവും രാജ്യത്തിന്റെ എല്ലാ മുക്കുമൂലകളില്‍ നിന്നുമുള്ളവര്‍ നിര്‍ദേശങ്ങളും പ്രചോദനാത്മകമായ കഥകളും ഈ mygov വേദി മുഖേന അയച്ചു തരുന്നു. ഇന്ന് ഡിജിറ്റല്‍ ഇന്ത്യ കോടിക്കണക്കിന് ആളുകളുടെ ജീവിതങ്ങളെ മാറ്റിയിരിക്കുകയാണ്. ഡിജിറ്റല്‍ ഇന്ത്യ നാല് ‘ഇ’കള്‍ പൂര്‍ത്തീകരിച്ചിരിക്കുന്നു. എജ്യുക്കേഷന്‍ ( വിദ്യാഭ്യാസം), എംപ്ലോയ്‌മെന്റ് ( തൊഴില്‍), എന്റര്‍പ്രണര്‍ഷിപ്പ് ( സംരംഭകത്വം), എംപവര്‍മെന്റ് ( ശാക്തീകരണം). ഡിജിറ്റല്‍ ഇന്ത്യ സാധാരണക്കാരുടെ ജീവിതം മെച്ചപ്പെടുത്തുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. ഈ പ്രതീക്ഷയോടെ നിങ്ങള്‍ക്കെല്ലാം ഞാന്‍ നന്ദി പറയുന്നു. നിങ്ങളോട് എനിക്കൊരു അഭ്യര്‍ത്ഥനയുണ്ട്. പൊതുസേവന കേന്ദ്രങ്ങളിലെ ജീവനക്കാരില്‍ നിന്ന് എനിക്ക് വലിയ പ്രതീക്ഷകളാണുള്ളത്. അവര്‍ എന്നെ ശ്രദ്ധിക്കുന്നു. അവരെ എനിക്ക് സ്‌ക്രീനില്‍ കാണാന്‍ കഴിയും. പൊതുസേവന കേന്ദ്രങ്ങളിലെ ജീവനക്കാര്‍ കൈകളുയര്‍ത്താമോ? നിങ്ങള്‍ എനിക്കൊരു ഉപകാരം ചെയ്യാമോ? ദയവായി കൈകള്‍ ഉയര്‍ത്തുകയും എനിക്ക് ഒരു ഉപകാരം ചെയ്യാമോ എന്ന് പറയുകയും ചെയ്യൂ. ഇതിനര്‍ത്ഥം ബിപിഒ ജീവനക്കാരോട് ഞാന്‍ ഇതേ കാര്യം ആവശ്യപ്പെടുന്നില്ല എന്നല്ല.

നിങ്ങളോട് പറയാന്‍ എന്നെ അനുവദിക്കൂ. ജൂണ്‍ 20 രാവിലെ ഒമ്പതര എന്ന സമയം രേഖപ്പെടുത്തി വയ്ക്കാന്‍ നിങ്ങളെല്ലാവരോടും ഞാന്‍ ആവശ്യപ്പെടുന്നു, അന്നു ഞാന്‍ കര്‍ഷകരുമായി സംവദിക്കുന്നതാണ്. അന്ന് ഞാനെന്റെ കര്‍ഷക സഹോദരീ സഹോദരന്മാരുമായി സംസാരിക്കും. നിങ്ങളെന്നെ സഹായിക്കുമോ? പത്തിരുപത് ആളുകള്‍ പൊതുസേവന കേന്ദ്രങ്ങളില്‍ എത്തുന്നതുപോലെ ജൂണ്‍ 20നു ഈ കേന്ദ്രങ്ങളിലെത്തുന്ന അമ്പതോ നൂറോ ആളുകളെയും സഹായിക്കാമോ? ഞാന്‍ അവരോട് സംസാരിക്കാന്‍ ആഗ്രഹിക്കുന്നു. ഈ ദൗത്യം നിര്‍വഹിക്കാന്‍ സന്നദ്ധരാണോ എന്ന് അറിയിച്ച് ദയവായി കൈകള്‍ ഉയര്‍ത്തൂ. നമുക്ക് കര്‍ഷകരോടു സംസാരിക്കാം, അവരുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാം.

ഇത് നിങ്ങളുടെ പൊതുസേവന കേന്ദ്രത്തെ ശക്തമാക്കും. ഈ മൂന്നു ലക്ഷം കേന്ദ്രങ്ങളിലൂടെ രാജ്യത്തിന്റെ പ്രധാനമന്ത്രി നേരിട്ട് അദ്ദേഹത്തിന്റെ ചിന്തകള്‍ ഗ്രാമങ്ങളുമായി പങ്കുവയ്ക്കുന്നു. ഉദാഹരണത്തിന്, രോഗപ്രതിരോധ മരുന്നു കൊടുക്കുന്നതിനു മുമ്പ് ജനങ്ങളുമായി സംസാരിക്കണം എന്ന് എനിക്ക് പറയാനാകും. ഇത് പ്രതിരോധ പ്രചരണപരിപാടിയ്ക്ക് വലിയ പ്രോല്‍സാഹനം നല്‍കും. ടെലിവിഷനുകളിലൂടെ ജനങ്ങളെ വിവരങ്ങള്‍ അറിയിക്കുന്നതിനേക്കാള്‍ പലമടങ്ങ് കരുത്തുറ്റതാണ് ഈ രീതി. 20നു രാവിലെ ഒമ്പതരയ്ക്ക് നിങ്ങളുടെ പൊതുസേവന കേന്ദ്രത്തില്‍ 50- 100 കര്‍ഷക സഹോദരീ സഹോദരന്മാരെ എത്തിക്കണം എന്ന് ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു. കാര്‍ഷിക മേഖലയിലെ മാറ്റങ്ങളെക്കുറിച്ചും പദ്ധതികളുടെ ഗുണഫലം എങ്ങനെ ഒരു ഗ്രാമീണനു പോലും ലഭ്യമാകും എന്നും ഞാന്‍ അവരോടു സംസാരിക്കും. അവരുടെ അനുഭവങ്ങള്‍ കേള്‍ക്കാന്‍ എനിക്കും താല്‍പര്യമുണ്ട്.

സുഹൃത്തുക്കളേ,

ഇതെനിക്ക് ആഹ്ലാദകരമായ ഒരു അനുഭവമായിരുന്നു. രാജ്യത്തെ തുടച്ചു വെടിപ്പാക്കുന്ന മാറ്റം നിങ്ങളെക്കൊണ്ടും നിങ്ങളുടെ വിരല്‍ത്തുമ്പുകളിലുമാണ്.
പരിഷ്‌കരണം, തൃപ്തികരമായ പ്രവര്‍ത്തനം, പരിവര്‍ത്തനം എന്നിവയിലൂടെ വികസനവും പുരോഗതിയും നടപ്പാക്കാന്‍ ഗവണ്‍മെന്റ് പ്രതിജ്ഞാബദ്ധമാണ്. ഒരിക്കല്‍ക്കൂടി നിങ്ങള്‍ക്കെല്ലാം എന്റെ ആശംസകള്‍. വളരെ നന്ദി.

നമസ്‌തേ!