Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഡല്‍ഹി പ്രഗതി മൈതാനത്തു ഭാരത് ഡ്രോണ്‍ മഹോല്‍സവം ഉദ്ഘാടന ചടങ്ങില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗം

ഡല്‍ഹി പ്രഗതി മൈതാനത്തു ഭാരത് ഡ്രോണ്‍ മഹോല്‍സവം ഉദ്ഘാടന ചടങ്ങില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗം


കേന്ദ്രമന്ത്രിസഭയിലെ എന്റെ സഹപ്രവര്‍ത്തകരെ, ഭാരത് ഡ്രോണ്‍ മഹോത്സവത്തില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഒത്തുകൂടിയ അതിഥികളെ, ഇവിടെ സന്നിഹിതരായ മറ്റ് വിശിഷ്ട വ്യക്തികളെ, മഹതികളെ, മഹാന്‍മാരേ!

ഈ ഭാരത് ഡ്രോണ്‍ മഹോത്സവം സംഘടിപ്പിച്ചതിന് നിങ്ങളെ എല്ലാവരെയും ഞാന്‍ അഭിനന്ദിക്കുന്നു. എന്റെ മുന്നില്‍ ഇരിക്കുന്ന മുതിര്‍ന്ന ആള്‍ക്കാരെയെല്ലാം എനിക്ക് കാണാം. ഞാന്‍ വൈകിപ്പോയി. ഞാന്‍ വരാന്‍ വൈകിയതുകൊണ്ടല്ല. ഞാന്‍ കൃത്യസമയത്ത് ഇവിടെയെത്തി, പക്ഷേ ഡ്രോണുകളുടെ പ്രദര്‍ശനത്തില്‍ മുഴുകിയതിനാല്‍ എനിക്ക് സമയം പാലിക്കാന്‍ കഴിഞ്ഞില്ല. വൈകിയാണ് ഞാന്‍ ഇവിടെയെത്തിയത്.  എന്നിട്ടും പത്തു ശതമാനം പ്രദര്‍ശനങ്ങള്‍ കാണാന്‍ കഴിഞ്ഞില്ല, പക്ഷേ എനിക്കു വളരെയധികം മതിപ്പു തോന്നി. ഓരോ സ്റ്റാളിലും പോയി യുവാക്കളുടെ സൃഷ്ടികള്‍ കാണാനും അവരുടെ കഥകള്‍ കേള്‍ക്കാനും എനിക്ക് കൂടുതല്‍ സമയം ലഭിച്ചിരുന്നെങ്കില്‍ എന്ന് ആശിക്കുന്നു. എനിക്ക് എല്ലാ സ്റ്റാളുകളും സന്ദര്‍ശിക്കാന്‍ കഴിഞ്ഞില്ലെങ്കിലും നയരൂപീകരണത്തില്‍ പങ്കുവഹിക്കുന്ന എല്ലാ ഗവണ്‍മെന്റ് വകുപ്പുകളോടും വിവിധ തലങ്ങളിലുള്ള ഉദ്യോഗസ്ഥരോടും കുറഞ്ഞത് രണ്ട് മൂന്ന് മണിക്കൂറെങ്കിലും ഇവിടെ ചിലവഴിച്ച് ഓരോ കാര്യങ്ങളും മനസ്സിലാക്കാന്‍ ശ്രമിക്കണമെന്ന് ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു. അവരുടെ ഓഫീസുകളില്‍ ഉപയോഗിക്കാന്‍ കഴിയുന്ന നിരവധി സാങ്കേതികവിദ്യകള്‍ അവര്‍ക്ക് കണ്ടെത്താന്‍ കഴിയും. ഭരണത്തില്‍ നമുക്ക് സ്വീകരിക്കാവുന്ന ഇത്തരം നിരവധി പദ്ധതികളുണ്ട്. ഏതായാലും, വ്യത്യസ്ത സ്റ്റാളുകളിലെ യുവാക്കള്‍ തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ ഇന്ത്യയില്‍ നിര്‍മ്മിച്ചതാണെന്നും അവ തദ്ദേശീയമായി വികസിപ്പിച്ചതാണെന്നും അഭിമാനത്തോടെ അവകാശപ്പെടുന്നത് എനിക്ക് വളരെ സന്തോഷകരമായ ഒരു അനുഭവമായിരുന്നു.

സുഹൃത്തുക്കളെ,
നമ്മുടെ കര്‍ഷകര്‍, ഡ്രോണ്‍ എഞ്ചിനീയര്‍മാര്‍, സ്റ്റാര്‍ട്ടപ്പുകള്‍, രാജ്യത്തുടനീളമുള്ള വിവിധ കമ്പനികളുടെ തലവന്‍മാര്‍ എന്നിവരും ഈ മഹോത്സവത്തില്‍ പങ്കെടുക്കുന്നു. അടുത്ത രണ്ട് ദിവസങ്ങളില്‍ ആയിരക്കണക്കിന് ആളുകള്‍ ഇതിന്റെ ഭാഗമാകുമെന്ന് എനിക്ക് ഉറപ്പുണ്ട്. ഒരു പ്രദര്‍ശനത്തില്‍ യഥാര്‍ത്ഥത്തില്‍ അവരുടെ ബിസിനസ്സ് ഡ്രോണുകള്‍ ഉപയോഗിച്ച് നടത്തുന്നവരെ ഞാന്‍ കണ്ടു. കൃഷിയില്‍ ഡ്രോണ്‍ സാങ്കേതികവിദ്യ ഉപയോഗിക്കുന്ന നിരവധി യുവ കര്‍ഷകരെ കാണാനും എനിക്ക് ഭാഗ്യമുണ്ടായി. ഡ്രോണ്‍ സാങ്കേതികവിദ്യ പ്രോത്സാഹിപ്പിക്കുന്ന യുവ എഞ്ചിനീയര്‍മാരെയും ഞാന്‍ കണ്ടു. ഇന്ന് 150 ഡ്രോണ്‍ പൈലറ്റ് സര്‍ട്ടിഫിക്കറ്റുകളും ഇവിടെ നല്‍കിയിട്ടുണ്ട്. എല്ലാ ഡ്രോണ്‍ പൈലറ്റുമാര്‍ക്കും അതില്‍ പങ്കാളികളായ എല്ലാവര്‍ക്കും ഞാന്‍ ആശംസകള്‍ നേരുന്നു.

സുഹൃത്തുക്കളെ,
ഇന്ത്യയില്‍ ഡ്രോണ്‍ സാങ്കേതികവിദ്യയെക്കുറിച്ചുള്ള ആവേശം കാണുമ്പോള്‍ അതിശയകരമാണ്. ഇന്ത്യയിലെ ഡ്രോണ്‍ സേവനങ്ങളിലും ഡ്രോണ്‍ അധിഷ്ഠിത വ്യവസായങ്ങളിലുമുള്ള കുതിച്ചുചാട്ടത്തിന്റെ പ്രതിഫലനമാണ് ദൃശ്യമാകുന്ന ഊര്‍ജ്ജം. ഇന്ത്യയില്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനുള്ള വലിയ സാധ്യതകള്‍ ഇത് വെളിപ്പെടുത്തുന്നു. ഇന്ന്, ഇന്ത്യ അതിന്റെ സ്റ്റാര്‍ട്ടപ്പ് ശക്തിയുടെ പിന്‍ബലത്തില്‍ ലോകത്തെ ഡ്രോണ്‍ സാങ്കേതികവിദ്യയില്‍ മുന്‍പന്തിയിലേക്ക് അതിവേഗം നീങ്ങുകയാണ്.

സുഹൃത്തുക്കളെ,
ഈ ഉത്സവം സാങ്കേതികവിദ്യയുടെ ആഘോഷം മാത്രമല്ല, പുതിയ ഇന്ത്യയുടെ പുതിയ ഭരണത്തിന്റെയും പുതിയ പരീക്ഷണങ്ങളോടുള്ള അഭൂതപൂര്‍വമായ താല്‍പര്യം കൂടിയാണ്. ആകസ്മികമെങ്കിലും എട്ട് വര്‍ഷം മുമ്പ് ഞങ്ങള്‍ ഇന്ത്യയില്‍ സദ്ഭരണത്തിന്റെ പുതിയ മന്ത്രങ്ങള്‍ നടപ്പിലാക്കാന്‍ തുടങ്ങിയ സമയം ഇതായിരുന്നു. ഗവണ്‍മെന്റിന്റെ ഇടപെടല്‍ കുറവ്, പരമാവധി ഭരണം എന്ന പാത പിന്തുടര്‍ന്ന് ഞങ്ങള്‍ ജീവിതവും ബിസിനസ്സും സുഗമമാക്കുന്നതിനു മുന്‍ഗണന നല്‍കി. ‘സബ്കാ സാത്ത്, സബ്കാ വികാസ്’ എന്ന മന്ത്രം പിന്തുടര്‍ന്ന്, രാജ്യത്തെ ഓരോ പൗരനെയും എല്ലാ പ്രദേശങ്ങളെയും ഗവണ്‍മെന്റുമായി ബന്ധിപ്പിക്കുന്നതിനുള്ള പാത ഞങ്ങള്‍ തിരഞ്ഞെടുത്തു. ഞങ്ങള്‍ ആധുനിക സാങ്കേതികവിദ്യയെ ആശ്രയിക്കുകയും രാജ്യത്തെ സേവനങ്ങളുടെ ലഭ്യതക്കുറവും സേവനങ്ങള്‍ ലഭ്യമാക്കുന്നതും തമ്മിലുള്ള വിടവു നികത്തുന്നതിന് അതിനെ സംവിധാനത്തിന്റെ ഭാഗമാക്കുകയും ചെയ്തു. രാജ്യത്തെ വളരെ ചെറിയ ഒരു വിഭാഗത്തിന് സാങ്കേതിക വിദ്യ ലഭ്യമായിരുന്നു. സാങ്കേതികവിദ്യ സമ്പന്നര്‍ക്ക് മാത്രമുള്ളതാണെന്ന് അനുമാനിക്കപ്പെട്ടു. ഒരു സാധാരണ മനുഷ്യന്റെ ജീവിതത്തില്‍ അതിന് സ്ഥാനമില്ല. ആ ചിന്താഗതി മുഴുവനായും മാറ്റി, സാങ്കേതികവിദ്യ എല്ലാവര്‍ക്കും പ്രാപ്യമാക്കുന്നതിന് ഞങ്ങള്‍ നിരവധി നടപടികള്‍ കൈക്കൊണ്ടിട്ടുണ്ട്. ഞങ്ങള്‍ തുടര്‍നടപടികള്‍ സ്വീകരിക്കാന്‍ പോകുകയാണ്.

സുഹൃത്തുക്കളെ,
സാങ്കേതിക വിദ്യ ഒഴിവാക്കാനായി ചിലര്‍ ഭയം സൃഷ്ടിക്കാന്‍ ശ്രമിക്കുന്നത് നമ്മള്‍ പലപ്പോഴും കണ്ടിട്ടുണ്ട്. ‘പുതിയ സാങ്കേതിക വിദ്യ വന്നാല്‍ അതിലേക്കോ ഇതിലേക്കോ നയിക്കും’. ഒരു കാലത്ത് നഗരത്തിലാകെ ഒരു ക്ലോക്ക് ടവര്‍ ഉണ്ടായിരുന്നു എന്നത് സത്യമാണ്. ക്ലോക്ക് മുഴങ്ങുമ്പോള്‍ ഗ്രാമം സമയത്തെ ആശ്രയിച്ചിരുന്നു. എല്ലാ കൈത്തണ്ടയിലും ഒരു വാച്ച് ഉണ്ടായിരിക്കുമെന്ന് അപ്പോള്‍ ആരാണ് കരുതിയിരുന്നത്? മാറ്റം സംഭവിച്ചപ്പോള്‍ ജനങ്ങള്‍ അത് വിചിത്രമായി കണ്ടുകാണണം. തങ്ങളുടെ ഗ്രാമങ്ങളില്‍ ക്ലോക്ക് ടവര്‍ സ്ഥാപിക്കാന്‍ ആഗ്രഹിക്കുന്ന ചിലര്‍ ഇപ്പോഴും ഉണ്ടാകും. ഒരു ഘട്ടത്തില്‍ അത് ഉപയോഗപ്രദമായിരുന്നു. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍, അതിനനുസരിച്ച് നമ്മളും സംവിധാനങ്ങളും മാറേണ്ടതുണ്ട്. എങ്കില്‍ മാത്രമേ പുരോഗതി സാധ്യമാകൂ. കൊറോണ വാക്‌സിനേഷന്‍ ഡ്രൈവിന്റെ സമയത്തും ഞങ്ങള്‍ ഇത് അനുഭവിച്ചിട്ടുണ്ട്. മുന്‍ ഗവണ്‍മെന്റുകളുടെ കാലത്ത് സാങ്കേതിക വിദ്യ പ്രശ്‌നങ്ങളുടെ ഭാഗമാണെന്നു കണക്കാക്കുകയും അത് ദരിദ്രവിരുദ്ധമാണെന്ന് തെളിയിക്കാനുള്ള ശ്രമങ്ങള്‍ നടത്തുകയും ചെയ്തു. തല്‍ഫലമായി, 2014-ന് മുമ്പ് ഭരണത്തില്‍ സാങ്കേതിക വിദ്യയുടെ ഉപയോഗം സംബന്ധിച്ച് ഉദാസീനതയുടെ അന്തരീക്ഷം നിലനിന്നിരുന്നു. വിരലിലെണ്ണാവുന്ന ആളുകള്‍ മാത്രം സ്വന്തം താല്‍പ്പര്യത്തിനനുസരിച്ച് ഇത് സ്വീകരിച്ചിരുന്നു. പക്ഷേ അത് സംവിധാനത്തിന്റെ ഭാഗമായി മാറിയില്ല. രാജ്യത്തെ ദരിദ്രരും അധഃസ്ഥിതരും ഇടത്തരക്കാരുമാണ് ഏറ്റവും കൂടുതല്‍ ദുരിതമനുഭവിച്ചത്. ആഗ്രഹങ്ങള്‍ ഉണ്ടായിരുന്നവര്‍ നിരാശയോടെ ജീവിക്കാന്‍ നിര്‍ബന്ധിതരായി.

സുഹൃത്തുക്കളെ,
പുതിയ സാങ്കേതികവിദ്യ തടസ്സം സൃഷ്ടിക്കുമെന്നത് നിഷേധിക്കാനാവില്ല. അത് പുതിയ മാധ്യമങ്ങള്‍ തേടുകയും പുതിയ അധ്യായങ്ങള്‍ രചിക്കുകയും പുതിയ പാതകളും പുതിയ സംവിധാനങ്ങളും സൃഷ്ടിക്കുകയും ചെയ്യുന്നു. നിസ്സാരമായ കാര്യങ്ങള്‍ എത്രമാത്രം ബുദ്ധിമുട്ടുള്ളതായി മാറിയെന്ന് നാമെല്ലാവരും കണ്ടതാണ്. കുട്ടിക്കാലത്ത് റേഷന്‍ കടയില്‍ ഭക്ഷ്യധാന്യത്തിനും മണ്ണെണ്ണയ്ക്കും പഞ്ചസാരയ്ക്കും വേണ്ടി നിങ്ങളില്‍ എത്രപേര്‍ ക്യൂ നിന്നിട്ടുണ്ടാകുമെന്ന് എനിക്കറിയില്ല. ഇതിനായി മണിക്കൂറുകളോളം ക്യൂവില്‍ നിന്നിരുന്ന കാലമുണ്ടായിരുന്നു. എന്റെ നമ്പര്‍ വരുമ്പോഴേക്കും ധാന്യങ്ങളുടെ ക്ഷാമം തീര്‍ന്നാലോ കട പൂട്ടിപ്പോയാലോ എന്ന ഭയം കുട്ടിക്കാലത്ത് ഉണ്ടായിരുന്നതായി ഓര്‍ക്കുന്നു. ഏഴ്-എട്ട് വര്‍ഷം മുമ്പ് പാവപ്പെട്ടവരില്‍ ഇതേ ഭയം ഉണ്ടായിരുന്നു. എന്നാല്‍ സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഇന്ന് ഈ ഭയം അവസാനിപ്പിച്ചതില്‍ ഞാന്‍ സംതൃപ്തനാണ്. അര്‍ഹതപ്പെട്ടത് കിട്ടുമെന്ന വിശ്വാസമാണ് ഇപ്പോള്‍ ജനങ്ങള്‍ക്കിടയില്‍. അവസാനഘട്ട വിതരണം ഉറപ്പാക്കുന്നതിലും പൂര്‍ണത എന്ന കാഴ്ചപ്പാട് മുന്നോട്ട് കൊണ്ടുപോകുന്നതിലും സാങ്കേതികവിദ്യ വലിയ പങ്കുവഹിച്ചിട്ടുണ്ട്. അതേ വേഗത്തില്‍ മുന്നോട്ട് പോകുന്നതിലൂടെ നമുക്ക് ‘അന്ത്യോദയ’ (എല്ലാവരുടെയും ക്ഷേമം) എന്ന ലക്ഷ്യം കൈവരിക്കാന്‍ കഴിയുമെന്ന് എനിക്കറിയാം. കഴിഞ്ഞ 7-8 വര്‍ഷത്തെ അനുഭവം എന്റെ വിശ്വാസത്തെ കൂടുതല്‍ ശക്തിപ്പെടുത്തുന്നു. എന്റെ ആത്മവിശ്വാസം വളരുകയാണ്. ജാം- ജന്‍ ധന്‍, ആധാര്‍, മൊബൈല്‍ എന്നീ ത്രിത്വം കാരണമാണ് ഇന്ന് രാജ്യത്തുടനീളം സുതാര്യതയോടെ പാവപ്പെട്ടവര്‍ക്ക് റേഷന്‍ എത്തിക്കാന്‍ നമുക്ക് കഴിയുന്നത്. ഈ മഹാമാരിയുടെ കാലത്തും 80 കോടി ദരിദ്രര്‍ക്ക് നാം സൗജന്യ റേഷന്‍ ഉറപ്പാക്കി.

സുഹൃത്തുക്കളെ,
സാങ്കേതിക പരിഹാരങ്ങള്‍ ശരിയായി രൂപകല്‍പ്പന ചെയ്യുകയും കാര്യക്ഷമമായി വികസിപ്പിക്കുകയും നടപ്പിലാക്കുകയും ചെയ്യുന്നത് നമ്മുടെ കരുത്തിനെ സൂചിപ്പിക്കുന്നു. ഇന്ന് ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ വാക്‌സിനേഷന്‍ പ്രചരണം വിജയകരമായി നടത്തുന്നു. രാജ്യം വികസിപ്പിച്ചെടുത്ത കരുത്തുറ്റ യുപിഐ ചട്ടക്കൂടിന്റെ സഹായത്തോടെ ലക്ഷക്കണക്കിന് കോടി രൂപയാണ് പാവപ്പെട്ടവരുടെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് എത്തുന്നത്. സ്ത്രീകള്‍ക്കും കര്‍ഷകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ഇപ്പോള്‍ ഗവണ്‍മെന്റില്‍ നിന്ന് നേരിട്ട് സഹായം ലഭിക്കുന്നു. 21-ാം നൂറ്റാണ്ടിലെ പുതിയ ഇന്ത്യയില്‍ രാജ്യത്തിന് പുതിയ ശക്തിയും വേഗതയും തോതും നല്‍കുന്നതിനുള്ള ഒരു പ്രധാന ഉപകരണമായി നാം സാങ്കേതികവിദ്യയെ മാറ്റിയിരിക്കുന്നു. ഇന്ന് നാം സാങ്കേതികവിദ്യയുമായി ബന്ധപ്പെട്ട ശരിയായ പരിഹാരങ്ങള്‍ വികസിപ്പിച്ചുകൊണ്ടിരിക്കുന്നു, കൂടാതെ അവയുടെ വ്യാപ്തി വര്‍ധിപ്പിക്കാനുള്ള കഴിവും നാം വികസിപ്പിച്ചെടുത്തിട്ടുണ്ട്. നല്ല ഭരണത്തിന്റെയും ജീവിത സൗകര്യത്തിന്റെയും ഈ പ്രതിബദ്ധത മുന്നോട്ട് കൊണ്ടുപോകുന്നതിനുള്ള മറ്റൊരു മാര്‍ഗമാണു രാജ്യത്ത് ഡ്രോണ്‍ സാങ്കേതികവിദ്യ പ്രോത്സാഹിപ്പിക്കുന്നത്. വളരെ പെട്ടെന്ന് തന്നെ സാധാരണ ഇന്ത്യക്കാരുടെ ജീവിതത്തിന്റെ ഭാഗമായി മാറാന്‍ പോകുന്ന അത്തരത്തിലുള്ള മറ്റൊരു സ്മാര്‍ട് ടൂള്‍ ഡ്രോണ്‍ രൂപത്തില്‍ നമുക്ക് ലഭിച്ചിരിക്കുന്നു. നമ്മുടെ നഗരങ്ങളോ വിദൂര ഗ്രാമങ്ങളോ ഗ്രാമപ്രദേശങ്ങളോ കൃഷിയിടങ്ങളോ കളിസ്ഥലങ്ങളോ പ്രതിരോധമോ ദുരന്തനിവാരണമോ ആകട്ടെ; എല്ലായിടത്തും ഡ്രോണുകളുടെ ഉപയോഗം വര്‍ധിക്കാന്‍ പോകുന്നു. അതുപോലെ, ടൂറിസം മേഖലയിലും മാധ്യമ മേഖലയിലും സിനിമാ വ്യവസായത്തിലും ഗുണനിലവാരവും ഉള്ളടക്കവും മെച്ചപ്പെടുത്താന്‍ ഡ്രോണുകള്‍ സഹായിക്കും. ഇപ്പോള്‍ ഉപയോഗിക്കുന്നതിനേക്കാള്‍ കൂടുതല്‍ ഡ്രോണുകളുടെ ഉപയോഗം വരും ദിവസങ്ങളില്‍ കാണാന്‍ പോകുകയാണ്. ഞാന്‍ എല്ലാ മാസവും പ്രഗതി മീറ്റിംഗ് നടത്താറുണ്ട്. എല്ലാ സംസ്ഥാനങ്ങളിലെയും ചീഫ് സെക്രട്ടറിമാര്‍ സ്‌ക്രീനിലുണ്ട്. നിരവധി വിഷയങ്ങളില്‍ ചര്‍ച്ചകള്‍ നടക്കുന്നു. ഡ്രോണ്‍ ഉപയോഗിച്ച് നടക്കുന്ന പദ്ധതിയുടെ തത്സമയ പ്രദര്‍ശനം നല്‍കണമെന്ന് ഞാന്‍ അവരോട് അഭ്യര്‍ത്ഥിക്കുന്നു. അതിനാല്‍, കാര്യങ്ങള്‍ ഏകോപിപ്പിക്കുന്നത് വളരെ എളുപ്പമായിത്തീരുന്നു. മാത്രമല്ല ഇത് തീരുമാനങ്ങള്‍ എടുക്കുന്നതിനും സഹായിക്കുന്നു. കേദാര്‍നാഥിന്റെ പുനര്‍നിര്‍മ്മാണം ആരംഭിച്ചപ്പോള്‍ ഓരോ തവണയും അങ്ങോട്ടു പോകാന്‍ എനിക്ക് ബുദ്ധിമുട്ടായിരുന്നു, പക്ഷേ എന്റെ ഓഫീസിലിരുന്നു നടത്തിയ അവലോകന യോഗങ്ങളില്‍ ഞാന്‍ ഡ്രോണുകള്‍ വഴി വികസന പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിച്ചു. ഇക്കാലത്ത്, ഗവണ്‍മെന്റ് ജോലികളുടെ ഗുണനിലവാരം പരിശോധിക്കേണ്ടതുണ്ടെങ്കില്‍, താന്‍ പരിശോധനയ്ക്ക് വരുന്നുണ്ടെന്ന് അവരെ മുന്‍കൂട്ടി അറിയിക്കേണ്ടതില്ല. അങ്ങനെ അറിയിച്ചാല്‍ എല്ലാം ശരിയാക്കിവെക്കും. അതേസമയം, ഞാന്‍ ഒരു ഡ്രോണ്‍ അയച്ചാല്‍, അവര്‍ അറിയാതെ എല്ലാ വിവരങ്ങളുമായാണ് അത് വരുന്നത്.

സുഹൃത്തുക്കളെ,
ഗ്രാമത്തിലെ കര്‍ഷകന്റെ ജീവിതം കൂടുതല്‍ സൗകര്യപ്രദവും സമൃദ്ധവുമാക്കുന്നതില്‍ ഡ്രോണ്‍ സാങ്കേതികവിദ്യയും പ്രധാന പങ്ക് വഹിക്കാന്‍ പോകുന്നു. ഇന്ന്, ഗ്രാമങ്ങളില്‍ നല്ല റോഡുകളും വൈദ്യുതിയും വെള്ളവുമുണ്ട്, ഒപ്റ്റിക്കല്‍ ഫൈബര്‍ എത്തുന്നു, ഡിജിറ്റല്‍ സാങ്കേതികവിദ്യ അഭൂതപൂര്‍വമായ വിധത്തില്‍ വികസിച്ചിരിക്കുന്നു. പക്ഷേ ഇപ്പോഴും ഗ്രാമങ്ങളില്‍ ഭൂമിയും കൃഷിയുമായി ബന്ധപ്പെട്ട മിക്ക ജോലികളും പഴയ രീതിയില്‍ തന്നെയാണ് നടക്കുന്നത്. ആ പഴയ സമ്പ്രദായത്തില്‍ എല്ലാത്തരം പാഴാക്കലുകളും ഉണ്ട്. നിരവധി പ്രശ്‌നങ്ങളുമുണ്ട്, ഉല്‍പ്പാദനക്ഷമത അറിയില്ല. നമ്മുടെ ഗ്രാമങ്ങളിലെ ജനങ്ങളും നമ്മുടെ ചെറുകിട കര്‍ഷകരുമാണ് ഏറ്റവും കൂടുതല്‍ ദുരിതമനുഭവിക്കുന്നത്. ചെറുകിട കര്‍ഷകരുടെ ഭൂമിയും വിഭവങ്ങളും തര്‍ക്കങ്ങളെ വെല്ലുവിളിക്കാന്‍ പര്യാപ്തമല്ല. ഭൂരേഖകള്‍ തയ്യാറാക്കുന്നതു മുതല്‍ വരള്‍ച്ചയിലോ വെള്ളപ്പൊക്കത്തിലോ ഉണ്ടായ കൃഷിനാശം കണക്കാക്കുന്നത് വരെയുള്ള കാര്യങ്ങള്‍ക്കു റവന്യൂ വകുപ്പിലെ ജീവനക്കാരെയാണ് ഭരണകൂടം ആശ്രയിക്കുന്നത്. മനുഷ്യ സമ്പര്‍ക്കം കൂടുന്തോറും വിശ്വാസമില്ലായ്മയും സംഘര്‍ഷവും വര്‍ദ്ധിക്കുന്നു. തര്‍ക്കങ്ങളുണ്ടായാല്‍ സമയവും പണവും പാഴായിപ്പോകും. ഒരു വ്യക്തി തനിച്ച് എസ്റ്റിമേറ്റ് ഉണ്ടാക്കിയാല്‍ കൃത്യമായ എസ്റ്റിമേറ്റ് സാധ്യമല്ല. ഈ പ്രശ്നങ്ങളെയെല്ലാം തരണം ചെയ്യാനുള്ള ശക്തവും ഫലപ്രദവുമായ മാര്‍ഗമായി ഡ്രോണ്‍ രൂപത്തിലുള്ള ഒരു പുതിയ ഉപകരണം വന്നിരിക്കുന്നു.

സുഹൃത്തുക്കളെ,
ഡ്രോണ്‍ സാങ്കേതികവിദ്യ ഒരു വലിയ വിപ്ലവത്തിന്റെ അടിത്തറയായി മാറുന്നതിന്റെ ഉദാഹരണം കൂടിയാണ് പ്രധാനമന്ത്രി സ്വമിത്വ യോജന. ഈ പദ്ധതി പ്രകാരം, രാജ്യത്തെ ഗ്രാമങ്ങളിലെ എല്ലാ വസ്തുവകകളുടെയും ഡിജിറ്റല്‍ മാപ്പിംഗ് നടത്തുകയും ഡിജിറ്റല്‍ പ്രോപ്പര്‍ട്ടി കാര്‍ഡുകള്‍ ആദ്യമായി ജനങ്ങള്‍ക്ക് നല്‍കുകയും ചെയ്യുന്നു. മനുഷ്യന്റെ ഇടപെടല്‍ കുറയുകയും അതിന്റെ ഫലമായി വിവേചനത്തിനുള്ള സാധ്യത അവസാനിക്കുകയും ചെയ്തു. ഡ്രോണുകള്‍ക്ക് ഇതില്‍ വലിയ പങ്കുണ്ട്. കുറച്ചുകാലം മുമ്പ് സ്വമിത്വ ഡ്രോണ്‍ പറത്തുന്നതിന്റെ സാങ്കേതികത മനസ്സിലാക്കാന്‍ എനിക്കും അവസരം ലഭിച്ചു. അതുകൊണ്ടുകൂടിയാണു ഞാന്‍ വൈകിയത്. രാജ്യത്ത് ഇതുവരെ 65 ലക്ഷം പ്രോപ്പര്‍ട്ടി കാര്‍ഡുകള്‍ ഡ്രോണുകളുടെ സഹായത്തോടെ സൃഷ്ടിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്. ഈ കാര്‍ഡ് ലഭിച്ചവര്‍ തങ്ങളുടെ ഭൂമിയുടെ കൃത്യമായ വിവരങ്ങള്‍ ലഭിച്ചതില്‍ സംതൃപ്തരാണ്. തികഞ്ഞ സംതൃപ്തിയോടെയാണ് അവര്‍ ഇത് പറഞ്ഞത്. അല്ലാത്തപക്ഷം, ഒരു ചെറിയ തുണ്ട് ഭൂമി അളക്കുന്നതിനുപോലും സമവായത്തിലെത്താന്‍ വര്‍ഷങ്ങളെടുക്കും.

സുഹൃത്തുക്കള്‍,
ഇന്ന് നമ്മുടെ കര്‍ഷകര്‍ ഡ്രോണ്‍ സാങ്കേതികവിദ്യയിലേക്ക് കൂടുതല്‍ ആകര്‍ഷിക്കപ്പെടുന്നത് നമുക്ക് കാണാന്‍ കഴിയും, ഒരു ആവേശമുണ്ട്; അവര്‍ അത് സ്വീകരിക്കാന്‍ തയ്യാറാണ്. ഇത് പെട്ടെന്ന് സംഭവിച്ചതല്ല. കാരണം, കഴിഞ്ഞ 7-8 വര്‍ഷമായി കാര്‍ഷിക മേഖലയില്‍ സാങ്കേതികവിദ്യയുടെ ഉപയോഗം വര്‍ദ്ധിച്ചു. ഇപ്പോള്‍ സാങ്കേതികവിദ്യ കര്‍ഷകര്‍ക്ക് അപരിചിതമല്ല. ഒരിക്കല്‍ അവര്‍ അത് കാണുകയും പരിശോധിക്കുകയും ചെയ്യുന്നു. അവര്‍ക്ക് വിശ്വാസമുണ്ടെങ്കില്‍ അത് സ്വീകരിക്കുന്നതില്‍ അവര്‍ കാലതാമസം വരുത്തരുത്. ഞാന്‍ കര്‍ഷകരോട് സംസാരിക്കവേ ആളുകള്‍ അദ്ദേഹത്തെ ഇപ്പോള്‍ ‘ഡ്രോണ്‍ വാല’ എന്നാണ് വിളിക്കുന്നത് എന്ന് മധ്യപ്രദേശില്‍ നിന്നുള്ള ഒരു എഞ്ചിനീയര്‍ എന്നോട് പറഞ്ഞു. അദ്ദേഹം ഒരു എഞ്ചിനീയറാണെങ്കിലും പ്രശസ്തി ഡ്രോണുകളുടെ പേരിലാണ്. ഡ്രോണ്‍ ഉണ്ടെങ്കില്‍ പയര്‍ കൃഷി വര്‍ധിപ്പിക്കാമെന്ന് ഒരിക്കല്‍ കര്‍ഷകര്‍ തന്നോട് പറഞ്ഞതായി അദ്ദേഹം പറഞ്ഞു. ഉയരം കൂടിയതിനാല്‍ പയര്‍ കൃഷിയിടത്തില്‍ കീടനാശിനി തളിക്കാന്‍ പ്രയാസമാണെന്ന് അവര്‍ പറഞ്ഞു. കീടനാശിനികളില്‍ പകുതിയും അവരുടെ ശരീരത്തില്‍ പതിയുന്നു. ഡ്രോണുകള്‍ കാരണം വിളകള്‍ പരിപാലിക്കുന്നതും മനുഷ്യന്റെ ഉയരത്തേക്കാള്‍ ഉയര്‍ന്ന വിളകളില്‍ കീടനാശിനി തളിക്കുന്നതും എളുപ്പമാകുമെന്ന് അദ്ദേഹം പറഞ്ഞു. ഇനി പയര്‍ കൃഷി എളുപ്പമാകും. ഒരു വ്യക്തി ഗ്രാമങ്ങളിലെ കര്‍ഷകര്‍ക്കൊപ്പം പ്രവര്‍ത്തിച്ചാല്‍ കാര്യങ്ങള്‍ എങ്ങനെ മാറുമെന്നു വ്യക്തം.

സുഹൃത്തുക്കളെ,
ഇന്ന്, കാര്‍ഷിക മേഖലയില്‍ സാങ്കേതികവിദ്യ കൊണ്ടുവരാനുള്ള ശ്രമങ്ങള്‍ ഞങ്ങള്‍ നടത്തി. സോയില്‍ ഹെല്‍ത്ത് കാര്‍ഡ് നമ്മുടെ കര്‍ഷകര്‍ക്ക് ഒരു വലിയ ശക്തിയായി മാറിയിരിക്കുന്നു. ഈ ഡ്രോണ്‍ സേവനങ്ങള്‍ക്ക് ഗ്രാമങ്ങളിലെ മണ്ണ് പരിശോധനാ ലാബുകളായി മാറാനും പുതിയ തൊഴിലവസരങ്ങള്‍ ഉണ്ടാക്കാനും കഴിയും. കര്‍ഷകര്‍ക്ക് അവരുടെ മണ്ണിന്റെ ആവശ്യകത അറിയാന്‍ ഓരോ തവണയും മണ്ണ് പരിശോധന നടത്താം. മൈക്രോ ഇറിഗേഷനും സ്പ്രിംഗ്‌ളറും ആധുനിക ജലസേചന സംവിധാനത്തിന്റെ ഭാഗമായി മാറുകയാണ്. വിള ഇന്‍ഷുറന്‍സ് പദ്ധതിയിലോ, ഇ-നാം പോലെയുള്ള ഡിജിറ്റല്‍ വിപണിയിലോ വേപ്പ് പൂശിയ യൂറിയയിലോ അല്ലെങ്കില്‍ സാങ്കേതിക വിദ്യയിലൂടെ കര്‍ഷകരുടെ അക്കൗണ്ടിലേക്ക് നേരിട്ടുള്ള പണം കൈമാറുന്നതിലോ ജിപിഎസ് സാങ്കേതികവിദ്യയുടെ ഉപയോഗം നോക്കൂ! കഴിഞ്ഞ എട്ട് വര്‍ഷമായി നടത്തിയ പ്രയത്നങ്ങള്‍ സാങ്കേതിക വിദ്യയിലുള്ള കര്‍ഷകരുടെ ആത്മവിശ്വാസം വര്‍ധിപ്പിച്ചു. ഇന്ന് രാജ്യത്തെ കര്‍ഷകര്‍ സാങ്കേതികവിദ്യ കൂടുതല്‍ സുഖകരമായി കാണുകയും അത് അനായാസമായി സ്വീകരിക്കുകയും ചെയ്യുന്നു. ഇപ്പോള്‍ ഡ്രോണ്‍ സാങ്കേതികവിദ്യ നമ്മുടെ കാര്‍ഷിക മേഖലയെ മറ്റൊരു തലത്തിലേക്ക് കൊണ്ടുപോകാന്‍ പോകുന്നു. ഇതുവരെ, മണ്ണില്‍ ഏതു വളം എത്ര ഇടണം, മണ്ണില്‍ എന്താണ് കുറവ്, ജലസേചനത്തിന്റെ അളവ് എന്നിവ ഏകദേശ കണക്കുകളുടെ അടിസ്ഥാനത്തിലാണ് നിര്‍ണയിച്ചിരുന്നത്. വിളവ് കുറയുന്നതിനും വിളനാശത്തിനും ഇതാണ് പ്രധാന കാരണം. എന്നാല്‍ സ്മാര്‍ട്ട് ടെക്നോളജി അടിസ്ഥാനമാക്കിയുള്ള ഡ്രോണുകള്‍ ഏറെ ഗുണം ചെയ്യും. ഏത് ചെടിയെയോ അഥവാ ചെടിയുടെ ഏത് ഭാഗത്തെയോ ആണു ബാധിച്ചതെന്നു ഡ്രോണുകള്‍ക്ക് തിരിച്ചറിയാന്‍ കഴിയും. അതുകൊണ്ടാണ് അത് വിവേചനരഹിതമായി തളിക്കാതെ സ്പ്രേ ചെയ്യുന്നത്. ഇതുവഴി വിലകൂടിയ കീടനാശിനികളുടെ വിലയും ലാഭിക്കുന്നു. ചുരുക്കത്തില്‍, ചെറുകിട കര്‍ഷകര്‍ക്കും കരുത്തും വേഗതയും ലഭിക്കും. കൂടാതെ ഡ്രോണ്‍ സാങ്കേതികവിദ്യയുടെ സഹായത്തോടെ അവരുടെ പുരോഗതിയും ഉറപ്പാക്കുകയും ചെയ്യാം. നമ്മള്‍ സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം ആഘോഷിക്കുമ്പോള്‍, ഇന്ത്യയിലെ എല്ലാവര്‍ക്കും സ്മാര്‍ട്ട്ഫോണും എല്ലാ മേഖലയിലും ഡ്രോണും എല്ലാ വീട്ടിലും ഐശ്വര്യവും ഉണ്ടായിരിക്കണം എന്നത് എന്റെ സ്വപ്നമാണ്.

സുഹൃത്തുക്കളെ,
രാജ്യത്തെ എല്ലാ ഗ്രാമങ്ങളിലും ഞങ്ങള്‍ ആരോഗ്യ-ക്ഷേമ കേന്ദ്രങ്ങളുടെ ശൃംഖല ശക്തിപ്പെടുത്തുകയും ടെലിമെഡിസിന്‍ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. ഗ്രാമങ്ങളില്‍ മരുന്നുകളും മറ്റ് സാധനങ്ങളും എത്തിക്കുന്നത് ഒരു വലിയ വെല്ലുവിളിയാണ്. എന്നാല്‍, വളരെ കുറഞ്ഞ സമയത്തിനുള്ളില്‍ വേഗത്തിലും വേഗത്തിലും ഡ്രോണ്‍ വഴി എത്തിക്കാനുള്ള സാധ്യതയുണ്ട്. കോവിഡ് വാക്‌സിനുകള്‍ ഡ്രോണ്‍ വഴി വിതരണം ചെയ്തതിന്റെ ഗുണവും നാം അനുഭവിച്ചിട്ടുണ്ട്. വിദൂര ആദിവാസി, മലയോര, അപ്രാപ്യ പ്രദേശങ്ങളില്‍ ഗുണനിലവാരമുള്ള ആരോഗ്യ സേവനങ്ങള്‍ നല്‍കുന്നതിന് ഇത് വളരെ സഹായകരമാണെന്ന് തെളിയുന്നു.

സുഹൃത്തുക്കളെ,
സാങ്കേതികവിദ്യയുടെ മറ്റൊരു വശമുണ്ട്. അതിലേക്കു നിങ്ങളുടെ ശ്രദ്ധ ആകര്‍ഷിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. മുന്‍കാലങ്ങളില്‍, സാങ്കേതികവിദ്യയും അതിന്റെ കണ്ടുപിടിത്തങ്ങളും സമ്പന്ന വിഭാഗത്തിന്റേതായി പരിഗണിച്ചിരുന്നു. ഇന്ന് നമ്മള്‍ സാങ്കേതികവിദ്യ ആദ്യം സാധാരണക്കാര്‍ക്ക് ലഭ്യമാക്കുകയാണ്. ഡ്രോണ്‍ സാങ്കേതികവിദ്യയും ഉദാഹരണമാണ്. കുറച്ച് മാസങ്ങള്‍ക്ക് മുമ്പ് വരെ ഡ്രോണുകള്‍ക്ക് ധാരാളം നിയന്ത്രണങ്ങള്‍ ഉണ്ടായിരുന്നു. വളരെ ചുരുങ്ങിയ സമയത്തിനുള്ളില്‍ മിക്ക നിയന്ത്രണങ്ങളും ഞങ്ങള്‍ നീക്കം ചെയ്തു. പി.എല്‍.ഐ. പോലുള്ള പദ്ധതികളിലൂടെ ഇന്ത്യയില്‍ ശക്തമായ ഒരു ഡ്രോണ്‍ നിര്‍മ്മാണ ആവാസവ്യവസ്ഥ സൃഷ്ടിക്കുന്നതിലേക്കും നാം നീങ്ങുകയാണ്. സാങ്കേതികവിദ്യ ജനങ്ങളിലേക്ക് എത്തുമ്പോള്‍, അതിന്റെ ഉപയോഗത്തിന്റെ സാധ്യതകളും വര്‍ദ്ധിക്കുന്നു. ഇന്ന് നമ്മുടെ കര്‍ഷകരും വിദ്യാര്‍ത്ഥികളും സ്റ്റാര്‍ട്ടപ്പുകളും ഡ്രോണ്‍ ഉപയോഗിച്ച് പുതിയ സാധ്യതകള്‍ തേടുകയാണ്. ഗ്രാമങ്ങളിലെ കര്‍ഷകര്‍ക്ക് ഡ്രോണ്‍ സാങ്കേതികവിദ്യ ലഭ്യമായതോടെ വിവിധ മേഖലകളില്‍ കൂടുതല്‍ ഉപയോഗിക്കാനുള്ള സാധ്യതയും വര്‍ധിച്ചിട്ടുണ്ട്. നഗരങ്ങളില്‍ മാത്രമല്ല, ഗ്രാമപ്രദേശങ്ങളിലും ഡ്രോണുകളുടെ വ്യത്യസ്ത  ഉപയോഗങ്ങള്‍ വര്‍ധിച്ചുവരുന്നത് നിങ്ങള്‍ കാണും. നമ്മുടെ നാട്ടുകാര്‍ ഇക്കാര്യത്തില്‍ കൂടുതല്‍ മുന്നോട്ടുപോവുകയും ചെയ്യും. ഡ്രോണ്‍ സാങ്കേതികവിദ്യയില്‍ കൂടുതല്‍ പരീക്ഷണങ്ങള്‍ ഉണ്ടാകുമെന്നും സമീപഭാവിയില്‍ ഇതിന് പുതിയ ഉപയോഗങ്ങളുണ്ടാകുമെന്നും ഞാന്‍ വിശ്വസിക്കുന്നു.

സുഹൃത്തുക്കളെ,
ഇന്ത്യയില്‍ സമാനമായ സാധ്യതകള്‍ പ്രയോജനപ്പെടുത്താന്‍ ഇന്ന് ഞാന്‍ രാജ്യത്തെയും ലോകത്തെയും എല്ലാ നിക്ഷേപകരെയും ക്ഷണിക്കുന്നു. ഇന്ത്യയ്ക്കും ലോകത്തിനും ഏറ്റവും മികച്ച ഡ്രോണ്‍ സാങ്കേതികവിദ്യ ഇവിടെ നിന്ന് വികസിപ്പിക്കാനുള്ള ശരിയായ സമയമാണിത്. ഡ്രോണ്‍ സാങ്കേതികവിദ്യ കഴിയുന്നത്ര വിപുലീകരിക്കാനും കഴിയുന്നത്ര ആളുകളിലേക്ക് എത്തിക്കാനും ഞാന്‍ വിദഗ്ധരോടും സാങ്കേതിക ലോകത്തെ ആളുകളോടും അഭ്യര്‍ത്ഥിക്കുന്നു. ഡ്രോണുകളുടെ മേഖലയില്‍ പുതിയ സ്റ്റാര്‍ട്ടപ്പുകളുമായി മുന്നോട്ട് വരാന്‍ രാജ്യത്തെ യുവാക്കളോടും ഞാന്‍ ആഹ്വാനം ചെയ്യുന്നു. ഡ്രോണ്‍ സാങ്കേതികവിദ്യ ഉപയോഗിച്ച് സാധാരണക്കാരെ ശാക്തീകരിക്കുന്നതില്‍ നാം ഒരുമിച്ച് നമ്മുടെ പങ്ക് വഹിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്. സുരക്ഷയുടെ കാര്യത്തിലും പോലീസിനെ സഹായിക്കാനാകും. കുംഭമേള പോലുള്ള അവസരങ്ങളിലും ഡ്രോണുകള്‍ ഉപയോഗപ്രദമാകും. ഗതാഗതക്കുരുക്കിന്റെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം നല്‍കാന്‍ ഡ്രോണുകള്‍ക്ക് കഴിയും. ഇത് പല തരത്തില്‍ ഉപയോഗിക്കാം. ഈ സാങ്കേതികവിദ്യകളുമായി നമ്മുടെ സംവിധാനങ്ങളെ സമന്വയിപ്പിക്കേണ്ടതുണ്ട്. ഇന്ന് ഞാന്‍ വനങ്ങളില്‍ ഡ്രോണുകള്‍ വെടിയുണ്ടകളിലൂടെ മരങ്ങളുടെ വിത്ത് വീഴ്ത്തുന്നതു കാണുകയായിരുന്നു. ഡ്രോണുകള്‍ ഇല്ലാതിരുന്നപ്പോള്‍ ഞാന്‍ ഒരു പരീക്ഷണം നടത്തി. ഞാന്‍ സാധാരണ പരീക്ഷണങ്ങള്‍ നടത്താറുണ്ട്. അന്ന് അങ്ങനെയൊരു സാങ്കേതികവിദ്യ ഇല്ലായിരുന്നു. ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ, മലകളില്‍ മരങ്ങള്‍ നട്ടുപിടിപ്പിക്കുന്നത് ബുദ്ധിമുട്ടാണെന്ന് ഞാന്‍ കണ്ടെത്തി. ഞാന്‍ എന്താണ് ചെയ്തത് എന്നറിയാമോ? ഗ്യാസ് ബലൂണ്‍ രംഗത്തുള്ളവരുടെ സഹായം സ്വീകരിച്ചു. ബലൂണുകളില്‍ വിത്തുകള്‍ ഇട്ട് മലകളില്‍ വിടാന്‍ ഞാന്‍ അവരോട് പറഞ്ഞു. ബലൂണുകള്‍ നിലത്ത് പതിക്കുമ്പോള്‍ വിത്തുകള്‍ ചിതറിക്കിടക്കും. മഴ പെയ്യുമ്പോള്‍ വിത്തുകള്‍ മരങ്ങളായി വളരുമെന്ന് പ്രതീക്ഷിക്കാം. ഇന്ന് ഡ്രോണുകള്‍ അനായാസമായി ഇക്കാര്യം ചെയ്യുന്നു. വിത്തുകള്‍ ജിയോ ട്രാക്ക് ചെയ്യാം. അല്ലെങ്കില്‍ അവ മരങ്ങളായി മാറുന്നുണ്ടോ ഇല്ലയോ എന്നു നിരീക്ഷിക്കാം. ഡ്രോണുകളുടെ ഉപയോഗത്തിലൂടെ നമുക്ക് കാട്ടുതീ നിരീക്ഷിക്കാനും കഴിയും. ഒരു ചെറിയ സംഭവമുണ്ടായാല്‍ പോലും നമുക്ക് ഉടനടി നടപടിയെടുക്കാം. അതായത് നമുക്ക് സാങ്കല്‍പ്പിക കാര്യങ്ങള്‍ക്കായും നമ്മുടെ സംവിധാനങ്ങള്‍ വികസിപ്പിക്കാനും ഡ്രോണുകള്‍ ഉപയോഗിക്കാന്‍ കഴിയും. ഈ ഡ്രോണ്‍ മഹോത്സവം കൗതുകമെന്ന നിലയില്‍ പലര്‍ക്കും ഉപകാരപ്രദമാകുമെന്ന് എനിക്ക് ഉറപ്പുണ്ട്. കൂടാതെ, പ്രദര്‍ശനം സന്ദര്‍ശിക്കുന്നവരെ പുതിയ എന്തെങ്കിലും ചെയ്യാന്‍ പ്രേരിപ്പിക്കുകയും മാറ്റങ്ങള്‍ കൊണ്ടുവരാന്‍ കാരണമായിത്തീരുകയും വിവിധ സംവിധാനങ്ങളിലേക്ക് അവരെ പരിചയപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്യും. അങ്ങനെ നമുക്ക് ആത്യന്തികമായി സാങ്കേതികവിദ്യാധിഷ്ഠിത പ്രദാനം സാധ്യമാകും. ഈ വിശ്വാസത്തോടെ ഒരിക്കല്‍ കൂടി നിങ്ങള്‍ക്ക് എല്ലാവിധ ആശംസകളും നേരുന്നു.

ഒത്തിരി നന്ദി!

–ND–

\