Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ജൈനാചാര്യ ശ്രീ വിജയ് വല്ലഭ സുരീശ്വര്‍ ജി മഹാരാജിന്റെ 151-ാമത് ജന്മവാര്‍ഷിക ആഘോഷങ്ങള്‍ അടയാളപ്പെടുത്തികൊണ്ട് ‘ സ്റ്റാച്യൂ ഓഫ് പീസ് (ശാന്തിയുടെ പ്രതിമ) അനാച്ഛാദനം ചെയ്തുകൊണ്ട് പ്രധാനമന്ത്രി നടത്തിയ അഭിസംബോധനയുടെ മലയാളം പരിഭാഷ

ജൈനാചാര്യ ശ്രീ വിജയ് വല്ലഭ സുരീശ്വര്‍ ജി മഹാരാജിന്റെ 151-ാമത് ജന്മവാര്‍ഷിക ആഘോഷങ്ങള്‍ അടയാളപ്പെടുത്തികൊണ്ട് ‘ സ്റ്റാച്യൂ ഓഫ് പീസ് (ശാന്തിയുടെ പ്രതിമ) അനാച്ഛാദനം ചെയ്തുകൊണ്ട് പ്രധാനമന്ത്രി നടത്തിയ അഭിസംബോധനയുടെ മലയാളം പരിഭാഷ


നമസ്ക്കാരം!

എന്നോടൊപ്പം ഈ പരിപാടിയില്‍ സന്നിഹിതരായിരിക്കുന്ന ഗജാധിപതി ജൈനാചാര്യ ശ്രീ വിജയ് നിത്യാനന്ദ് സുരീഷ്വര്‍ജി, ആചാര്യ വിജയ് ചിദാനന്ദ സുരി ജി, ആചാര്യ ശ്രീ ജയാന്ദ സുരി ജി, മഹാത്തയ മുനി ആഘോഷത്തിന്റെ നായകശക്തിയായ ശ്രീ മോക്ഷാനന്ദ വിജയ് ജി, ശ്രീ അശോക് ജെയിന്‍ ജി, ശ്രീ സുധീര്‍ മെഹ്ത്താജി, ശ്രീ രാജ്കുമാരിജി, ശ്രീ ഗീസുലാല്‍ ജി ആചാര്യ വിജയ് വല്ലഭ സുരി ജിയുടെ എല്ലാ പിന്തുടര്‍ച്ചക്കാരും, ദാര്‍ശനികനും തന്മയീഭാവനുമായിരുന്ന പഞ്ചാബ് കേസരി ആചാര്യ ശ്രീ വിജയ് വല്ലഭ സുരിജിയുടെ 150-ാം ജന്മവാര്‍ഷികത്തോടനുബന്ധിച്ചുള്ള ഈ പ്രൗഢമായ ആഘോഷത്തിന്റെ ഈ അവസരത്തില്‍ ഞാന്‍ എന്റെ ശുഭാംശസകള്‍ നേരുന്നു.

ഈ പരിപാടിയില്‍ സംബന്ധിക്കാന്‍ കഴിഞ്ഞതും നിങ്ങളുടെ അനുഗ്രഹം നേടാന്‍ കഴിഞ്ഞതും എനിക്ക് ലഭിച്ച വിശേഷഭാഗ്യമാണ്.ഭഗവാന്‍ മഹാവീര സ്വാമീയുടെ അഹിംസ, ബഹുത്വം, കൈവശം വയ്ക്കാത്തത് എന്നീ തത്വങ്ങള്‍ പ്രചരിപ്പിക്കുന്ന ഈ ജന്മവാര്‍ഷിക ആഘോഷത്തില്‍ അതേസമയം, ഗുരുവല്ലഭിന്റെ സന്ദേശവും ജനങ്ങളിലേക്ക് പരത്തുകയാണ്. ഇത്തരം മഹത്തരമായ പരിപാടികള്‍ സംഘടിപ്പിക്കുന്നതിന് പ്രത്യേകമായി ഗജാധിപതി ആചാര്യ ശ്രീമദ് വിജയ് നിത്യാനന്ദ സുരിഷേശ്വര്‍ മഹാരാജിനോട് ഞാന്‍ കൃതജ്ഞത രേഖപ്പെടുത്തുകയാണ്. ഗുജറാത്തിന്റെ ഭൂമി രണ്ട് വല്ലഭന്മാരെ നമുക്ക് നല്‍കിയിട്ടുണ്ടെന്നും ആചാര്യ മഹാരാജ് പറയാറുണ്ട്, ഇപ്പോള്‍ പരാമര്‍ശിച്ചതുപോലെ രാഷ്ട്രീയ മണ്ഡലത്തില്‍ സര്‍ദാര്‍ വല്ലഭായി പട്ടേലും ആത്മീയതലത്തില്‍ ജൈനാചാര്യന്‍ വല്ലഭ സുരീശ്വേര്‍ ജി മഹാരാജും. രണ്ടുപേരും തങ്ങളുടെ ജീവിതം ഇന്ത്യയുടെ ഐക്യത്തിനും സാഹോദര്യത്തിനും വേണ്ടി സമര്‍പ്പിക്കുകയായിരുന്നു. ലോകത്തെ ഏറ്റവും ഉയരം കൂടിയ സര്‍ദാര്‍ വല്ലഭായി പട്ടേലിന്റെ ” സ്റ്റാച്യൂ ഓഫ് യൂണിറ്റി” ഉദ്ഘാടനം ചെയ്യാനുള്ള ഭാഗ്യം രാജ്യം എനിക്ക് നല്‍കിയിരുന്നു ഇന്ന് ജൈനാചാര്യന്‍ വിജയ് വല്ലഭജിയുടെ ‘സ്റ്റാച്യൂ ഓഫ് പീസ് ഉദ്ഘാടനം ചെയ്യാനുള്ള വിശേഷഭാഗ്യവും എനിക്കുണ്ടായി.
 

സഹ സന്യാസിമാരെ,

ലോകത്തിനാകെ തന്നെ എപ്പോഴും ഇന്ത്യ മാനവികതയുടെയും സമാധാനത്തിന്റെയും അഹിംസയുടെയും സാഹോദര്യത്തിന്റെയും വഴി കാട്ടികൊടുത്തിട്ടുണ്ട്. ലോകത്തെ പ്രചോദിപ്പിച്ചിട്ടുള്ളതാണ് ഇന്ത്യയില്‍ നിന്നുള്ള ഈ സന്ദേശങ്ങള്‍. ഈ മാര്‍ഗ്ഗനിര്‍ദ്ദേശത്തിനായി ലോകം ഒരിക്കല്‍ കൂടി ഇന്ത്യയിലേക്ക് ഉറ്റുനോക്കുകയാണ്. ഈ ‘സ്റ്റാച്യു ഓഫ് പീസ്’ ശാന്തിയുടെയും അഹിംസയുടെയൂം ലോകത്തിനുള്ള സേവനത്തിനും പ്രചോദനത്തിന്റെ സ്രോതസായി മാറുമെന്ന് എനിക്ക് ഉറപ്പുണ്ട്.
 

സുഹൃത്തുക്കളെ,

ചിറകെട്ടിയിരിക്കുന്ന ഒരു ജലാശയമല്ല എല്ലാവര്‍ക്കും ഒരുപോലെ ലഭിക്കുന്ന ഒരു ഒഴുകുന്ന ഒരു ധാരയായിരിക്കണം മതമെന്ന് ആചാര്യ വിജയ് വല്ലഭജി പറയാറുണ്ടായിരുന്നു. ലോകത്തിനാകെ തന്നെ അദ്ദേഹത്തിന്റെ സന്ദേശം വളരെ പ്രസക്തമാണ്. അദ്ദേഹം ഒരു തത്വജ്ഞാനിയും ഒരു സാമൂഹിക പരിഷ്‌ക്കര്‍ത്താവുമായിരുന്നു. അദ്ദേഹം ഒരു ദാര്‍ശനികനും പൊതുസേവകനുമായിരുന്നു. അതുകൊണ്ട് അദ്ദേഹത്തിന്റെ സന്ദേശങ്ങള്‍, അദ്ദേഹത്തിന്റെ ഉപദേശങ്ങള്‍, അദ്ദേഹത്തിന്റെ സത്ത എന്നിവയെല്ലാം നമ്മുടെ പുതിയ തലമുറയില്‍ എത്തിച്ചേരണമെന്നതും വളരെ പ്രധാനമാണ്.
 

സുഹൃത്തുക്കളേ,

നിങ്ങള്‍ ഇന്ത്യയുടെ ചരിത്രത്തിലൂടെ കടന്നുപോകുകയാണെങ്കില്‍ എപ്പോഴൊക്കെ ഇന്ത്യയ്ക്ക് ഒരു ആന്തരികവെളിച്ചം അനിവാര്യമായിരുന്നോ, നമ്മുടെ സന്ന്യാസപാരമ്പര്യത്തില്‍ നിന്നും അവസരത്തിനൊത്ത് ആരെങ്കിലും ഉയര്‍ന്നു വന്നിട്ടുണ്ടെന്നത് നിങ്ങള്‍ക്ക് അനുഭവേദ്യമായിരിക്കും. കാലഘട്ടത്തിന്റെ വീക്ഷണത്തിനനുസരിച്ച് സമൂഹത്തിന് ദിശാബോധം നല്‍കുന്നതിന് എല്ലാ കാലഘട്ടത്തിലും നമ്മുടെ രാജ്യത്ത് ഒരു മഹാനായ സന്യാസിയുണ്ടായിരിക്കും. ആചാര്യ വിജയവല്ലഭജി അത്തരത്തിലൊരു സന്യാസിയായിരുന്നു. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന്റെ അടിസ്ഥാനപ്രവര്‍ത്തനം ആരംഭിച്ചത് ഭക്തിപ്രസ്ഥാനത്തിലൂടെയാണെന്നതും എപ്പോഴും ഓര്‍ക്കണം. ഇന്ത്യയുടെ ഓരോ മുക്കിലും മൂലയിലും ജനങ്ങളുടെ ബോധത്തെ ഭക്തിപ്രസ്ഥാനത്തിലൂടെ സന്യാസിമാരും ആചാര്യന്മാരും ഉണര്‍ത്തുകയായിരുന്നു. സ്വാതന്ത്ര്യസമരത്തിന്റെ ഈ അടിത്തറപ്രവര്‍ത്തനത്തിന് പിന്നില്‍ ഗുരു വല്ലഭിന്റെ വലിയ ഒരു സംഭാവനയുണ്ടായിരുന്നു. സ്വാതന്ത്ര്യസമരകാലത്തെ ഭക്തിപ്രസ്ഥാനത്തില്‍ നടന്നതുപോലെ ഇന്ന് സ്വാശ്രയ ഇന്ത്യയ്ക്ക് വേണ്ട അടിത്തറപ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് വേണ്ടി തങ്ങളുടെ കടമകള്‍ ആചാര്യന്മാരും, സന്യാസിമാരും കഥാകാരും നിര്‍വഹിക്കണമെന്നാണ് എനിക്ക് അഭ്യര്‍ത്ഥിക്കാനുള്ളത്. ഈ മഹാന്മാരായ മനുഷ്യരില്‍ നിന്ന് നിരവധി സ്വാതന്ത്ര്യസമരപോരാളികള്‍ പ്രചോദനം നേടിയിട്ടുണ്ട്. പണ്ഡിറ്റ് മദൻ മോഹൻ മാളവ്യ, മൊറാര്‍ജി ദേശായി എന്നിവരെപ്പോലെ നിരവധി പൊതുനേതാക്കള്‍ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ക്കായി അവരെ സമീപിക്കുമായിരുന്നു. അവര്‍ രാജ്യത്തിന്റെ സ്വാതന്ത്ര്യത്തെക്കുറിച്ച് സ്വപ്‌നം കാണുകയും ആ സ്വാതന്ത്ര്യം എങ്ങനെയായിരിക്കണമെന്ന് വിശദീകരിക്കുകയും ചെയ്യുമായിരുന്നു. അവര്‍ പ്രത്യേകിച്ചും സ്വദേശിക്കും ആത്മനിര്‍ഭര്‍ ഭാരതിനും വേണ്ടി അഭ്യര്‍ത്ഥിക്കുമായിരുന്നു. ജീവിതത്തിലുടനീളം അവര്‍ ഖാദി ധരിക്കുകയും സ്വദേശി സ്വീകരിക്കുകയൂം സ്വദേശി പ്രതിജ്ഞ നിര്‍വഹിക്കുകയും ചെയ്തിരുന്നു.

 

സുഹൃത്തുക്കളെ,

മഹാന്മാരുടെയും സന്യാസിമാരുടെയും വാക്കുകളും അനശ്വരമാണ്, എന്തെന്നാല്‍ പറയുന്നതാണ് അവര്‍ പ്രവര്‍ത്തിക്കുന്നതും. സ്വന്തം ആത്മാക്കളുടെ ക്ഷേമത്തില്‍ മാത്രം അവസാനിക്കുന്നതല്ല സന്യാസിമാരുടെ കടമകളെന്ന് ആചാര്യ വല്ലഭജി പറയാറുണ്ടായിരുന്നു. സമുഹത്തിലെ ആയിരക്കണക്കിന് ജനങ്ങള്‍ ബുദ്ധിമുട്ടുന്ന അജ്ഞത, കലഹം, തൊഴിലില്ലായ്മ, വിചിത്രപ്രതിഭാസം, അന്ധവിശ്വാസം, മടി, ആസക്തി, തെറ്റായ കീഴ്‌വഴക്കങ്ങള്‍യെ നശിപ്പിക്കുന്നതിനും വേണ്ടി പരിശ്രമിക്കുകയെന്നതും അവരുടെ കടമയാണ്. അദ്ദേഹത്തിന്റെ സാമൂഹിക തത്വശാസ്ത്രത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടുകൊണ്ട് നിരവധി യുവാക്കള്‍ ഇന്ന് സാമൂഹികസേവനത്തിന് ചേരുകയും സേവനത്തിന്റെ പ്രതിജ്ഞയെടുക്കുകയും ചെയ്യുന്നു.

എല്ലാ കുടുംബങ്ങളിലും വിദ്യാഭ്യാസത്തിന്റെ ദീപം തെളിയണമെന്ന് അദ്ദേഹം അഭ്യര്‍ത്ഥിച്ചിരുന്നു. അതേസമയം ഇംഗ്ലീഷില്‍ തയാറാക്കിയിരുന്ന വിദ്യാഭ്യാസ സംവിധാനം ഇന്ത്യയുടെ സ്വാതന്ത്ര്യ പുരോഗതിക്ക് സഹായകരമല്ലെന്നും അദ്ദേഹത്തിന് അറിയാമായിരുന്നു. അദ്ദേഹം സ്ഥാപിച്ച കോളജുകളിലും സര്‍വകലാശാലകളിലും ഇന്ത്യയുടെ ഭാവം നല്‍കുകയും ചെയ്തു. മഹാത്മാഗാന്ധി ഗുജറാത്ത് വിദ്യാപീഠത്തിനെക്കുറിച്ച് സ്വപ്നം കണ്ടതുപോലെ ഗുരുവല്ലഭും സ്വപ്നം കണ്ടു. ഒരു തരത്തില്‍ ഇന്ത്യയെ വിദ്യാഭ്യാസ മണ്ഡലത്തില്‍ സ്വയംപര്യാപ്തമാക്കുന്നതിന് ആചാര്യ വിജയ വല്ലഭജി ഒരു സംഘടിതപ്രവര്‍ത്തനത്തിനാണ് തുടക്കം കുറിച്ചത്. പഞ്ചാബ്, രാജസ്ഥാന്‍, ഗുജറാത്ത്, മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ് ഉള്‍പ്പെടെ നിരവധി സംസ്ഥാനങ്ങളില്‍ ഇന്ത്യന്‍ പാരമ്പര്യത്തോടെയുള്ള നിരവധി വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് അദ്ദേഹം അടിത്തറപാകി.

 

സുഹൃത്തുക്കളെ,

ഇന്ന് ഇന്ത്യന്‍ മൂല്യങ്ങളുടെ സ്‌കുളുകളായി മാറികൊണ്ട് ആചാര്യജിയുടെ ഈ സ്ഥാപനങ്ങള്‍ രാജ്യത്തെ സേവിക്കുകയാണ്. സ്ത്രി വിദ്യാഭ്യാസം എന്ന സുപ്രധാനമായ ഒരു ഘട്ടം കൂടി ഈ സ്ഥാപനങ്ങള്‍ക്കുണ്ട്. സ്ത്രി വീദ്യാഭ്യാസ മണ്ഡലത്തില്‍ നല്‍കിയ സംഭാവനകള്‍ക്ക് രാജ്യം ഈ സ്ഥാപനങ്ങളോട് കടപ്പെട്ടിരിക്കുകയാണ്. വനിതകള്‍ക്ക് വിദ്യാഭ്യാസത്തിലും സമൂഹത്തിലും തുല്യത വേണമെന്നതാണ് ഈ പരിശ്രമങ്ങള്‍ക്ക് പിന്നിലുള്ള സന്ദേശം. വിവേചനപരമായ പ്രവര്‍ത്തനങ്ങള്‍ക്ക് ഒരു അവസാനം കുറിക്കേണ്ടതുണ്ട്. ഈ ദിശയില്‍ എത്രത്തോളം മാറ്റങ്ങള്‍ രാജ്യത്ത് സംഭവിച്ചുവെന്ന് നിങ്ങള്‍ക്ക് കാണാം. മുത്തലാഖ് പോലുള്ള ദുരാചാരങ്ങള്‍ക്കെതിരെ രാജ്യം നിയമം പാസാക്കി. സ്ത്രീകള്‍ക്ക് പ്രവര്‍ത്തനത്തിന് വിലക്കപ്പെട്ട അത്തരത്തിലുള്ള നിരവധി മേഖലകള്‍ അവര്‍ക്ക് തുറന്നുകൊടുത്തു.

 

സുഹൃത്തുക്കളെ,

രാജ്യത്തിനോടുള്ള കടമകളെ ഒരിക്കലും അവഗണിക്കാന്‍ പാടില്ലെന്നും അവഗണിക്കപ്പെട്ടവരെ അംഗീകരിക്കണമെന്നും ആചാര്യ വല്ലഭജി പറയാറുണ്ടായിരുന്നു. ‘ ഏക ഭാരതം ശ്രേഷ്ഠ ഭാരതം’ എന്ന മന്ത്രം അദ്ദേഹം തന്റെ ജീവിതത്തില്‍ പകര്‍ത്തിയിരുന്നു. മാനവികതയുടെ അതേ സത്യം പിന്തുടര്‍ന്ന അദ്ദേഹം ജാതിക്കും വര്‍ഗ്ഗത്തിനും സമൂദായത്തിനും അപ്പുറം പോകുകയും എല്ലാവരുടെയും വികസനത്തിനായി പ്രവര്‍ത്തിക്കുകയും ചെയ്തു. മഹാന്മജി എന്തായിരുന്നുവോ ധര്‍മ്മോപദേശം നല്‍കിയിരുന്നത് ഗുരു വല്ലഭജി അത് നടപ്പാക്കി. പാവപ്പെട്ടവരില്‍ പാവപ്പെട്ടവര്‍ക്ക് അടിസ്ഥാനപരമായ ആവശ്യങ്ങള്‍ അദ്ദേഹം ഉറപ്പാക്കി. അദ്ദേഹത്തിന്റെ പ്രചോദനം കൊണ്ടാണ് നിരവധി നഗരങ്ങളില്‍ പാവപ്പെട്ടവര്‍ക്ക് വേണ്ടി വീടുകളും ആശുപത്രികളും നിര്‍മ്മിച്ചതും അവര്‍ക്ക് തൊഴില്‍ അവസരങ്ങള്‍ ലഭ്യമാക്കിയതും. ഇന്ന് നിരധി ആത്മവല്ലഭ ട്രസ്റ്റുകള്‍ പാവപ്പെട്ട കുട്ടികളുടെ ഭാവിയുടെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നു; നിരവധി അമ്മമാര്‍ക്കും സഹോദരിമാര്‍ക്കും നിലനില്‍പ്പിന് വേണ്ട സഹായം നല്‍കുന്നു രോഗ ബാധിതരായ പാവപ്പെട്ട കുടുംബങ്ങള്‍ക്ക് ചികിത്സയും നല്‍കുന്നു.

 

സുഹൃത്തുക്കളെ,

ആചാര്യ വിജയ് വല്ലഭജി സ്വയം സമര്‍പ്പിച്ച മാനുഷിക മൂല്യങ്ങള്‍ ഇന്ന് രാജ്യത്ത് വീണ്ടും ദൃഢീകരിക്കപ്പെടുകയാണ്. കൊറോണ പകര്‍ച്ചവ്യാധിയുടെ ഈ ബുദ്ധിമുട്ടേറിയ കാലം സേവനത്തിനുള്ള നമ്മുടെ ഉത്സാഹത്തിന്റെയും നമ്മുടെ ഐക്യത്തിന്റെയും ഉരകല്ലുപോലെയാണ്. എന്നാല്‍ പ്രതീക്ഷയ്‌ക്കൊപ്പം രാജ്യം എത്തുന്നുവെന്നതില്‍ ഞാന്‍ സംതൃപ്തനാണ്. പാവപ്പെട്ടവരുടെ ക്ഷേമത്തിനുള്ള ഉത്സാഹം രാജ്യം നിലനിര്‍ത്തുന്നുവെന്ന് മാത്രമല്ല, ലോകത്തിന് മുന്നില്‍ ഒരു ഉദാഹരണം സൃഷ്ടിക്കുകയുമാണ്.

 

സുഹൃത്തുക്കളെ,

”മാനവികതയെ സേവിക്കുന്നതായിരിക്കണം എല്ലാ ഇന്ത്യാക്കാരുടെയും മതം” എന്ന് ആചാര്യ വിജയ് വല്ലഭ് സുരി ജി പറയുമായിരുന്നു. അദ്ദേഹത്തിന്റെ വാക്കുകളെ ഒരു മന്ത്രം പോലെ സ്വീകരിച്ചുകൊണ്ട് നമുക്ക് മുന്നോട്ടുപോകാം. നമ്മുടെ ഓരോ പരിശ്രമത്തിലും രാജ്യത്തിന് എങ്ങനെ ഗുണമുണ്ടാകുന്നു, രാജ്യത്തെ പാവപ്പെട്ടവര്‍ക്ക് എങ്ങനെ ഗുണമുണ്ടാകുന്നുവെന്നതിനെക്കുറിച്ച് നാം ചിന്തിക്കണം. തുടക്കത്തില്‍ ഞാന്‍ പറഞ്ഞതുപോലെ ” പ്രാദേശികതയ്ക്ക് വേണ്ടിയുള്ള ശബ്ദം (വോക്കല്‍ ഫോര്‍ ലോക്കല്‍) ഇതിനുള്ള ഏറ്റവും വലിയ മാധ്യമമാണ്, സന്യാസിമാരാണ് ഇതിനെ നയിക്കേണ്ടത്. ശ്രദ്ധയോടെയും നമ്മുടെ എല്ലാ അര്‍പ്പണത്തോടെയും തന്റെ ജീവിതത്തില്‍ അദ്ദേഹം തുടക്കം കുറിച്ച പ്രവര്‍ത്തികളെല്ലാം നമ്മള്‍ പിന്തുടരുമെന്ന് ആചാര്യ വിജയ് വല്ലഭ്ജിയുടെ ഈ 150-ാം ജന്മവാര്‍ഷിക ദിനത്തിന്റെ ഈ അവസരത്തില്‍ നമുക്ക് പ്രതിജ്ഞയെടുക്കാം. ഇന്ത്യയെ നമുക്കൊന്നിച്ച് സാമ്പത്തികമായി മാത്രമല്ല, ആശയപരമായും സ്വാശ്രയമാക്കാം. ഈ പ്രതിജ്ഞയോടെ നിങ്ങള്‍ക്കെല്ലാം നിരവധി നിരവധി ശുഭാംശസകള്‍. എല്ലാ ആചാര്യന്മാര്‍ക്കും സന്യാസിമാര്‍ക്കും ഞാന്‍ എന്റെ നന്ദി രേഖപ്പെടുന്നു, ഈ പുണ്യ അവസരത്തില്‍ നിങ്ങള്‍ക്കൊപ്പം കൂടാന്‍ അവസരം ലഭിച്ചതില്‍ ഞാന്‍ അതീവ ഭാഗ്യവാനുമാണ്. എല്ലാ സന്യാസിമാരെയും മഹന്തുമാരെയും ആചാര്യന്മാരെയും അഭിവാദ്യം ചെയ്തുകൊണ്ട് ഞാന്‍ അവസാനിപ്പിക്കുന്നു.
 

അനവധി നിരവധി നന്ദി!
 

ബാദ്ധ്യതാ നിരാകരണം : ഇത് പ്രധാനമന്ത്രിയുടെ പ്രസംഗത്തിന്റെ ഏകദേശ തര്‍ജ്ജിമയാണ്; യഥാര്‍ത്ഥ പ്രസംഗം ഹിന്ദിയിലായിരുന്നു, 

 

***