സുഹൃത്തുക്കളെ,
ജെയ്‌സാല്‍മര്‍ വ്യോമതാവളം സന്ദര്‍ശിക്കാന്‍ ഇതിനു മുമ്പ് നിരവധി തവണ എനിക്ക് അവസരം ലഭിച്ചിട്ടുണ്ട്. പക്ഷെ അന്നൊക്കെ പലവിധ പരിപാടികള്‍ മൂലം നിങ്ങളെ ആരെയും കാണുന്നതിനോ സംസാരിക്കുന്നതിനോ അനുകൂല സന്ദര്‍ഭം കിട്ടിയില്ല. എന്നാല്‍ ഇന്ന് നിങ്ങള്‍ക്കൊപ്പം മാത്രമായി ദീപാവലി ഉത്സവം ആഘോഷിക്കുന്നതിന് അവസരം ലഭിച്ചതില്‍ ഞാന്‍ ഭാഗ്യവാനാണ്.
സുഹൃത്തുക്കളെ,
ഭവനകവാടങ്ങളിലും വാതിലിനു മുന്നിലും നിറപ്പകിട്ടാര്‍ന്ന അലങ്കാര രൂപങ്ങള്‍ അഥവ രംഗോലി വരച്ചു വയ്ക്കുന്ന ഒരു പാരമ്പര്യം നമുക്കുണ്ട്. ഇതിനു പിന്നിലുള്ള ആശയം ദീപാവലിയില്‍ നമുക്ക് അഭിവൃദ്ധിയുണ്ട് എന്നതാണ്. വീടുകള്‍ക്ക് വാതിലുകള്‍ ഉള്ളതുപോലെ നമ്മുടെ രാജ്യത്തിനും വാതിലുകള്‍ ഉണ്ട്, അതാണ് നമ്മുടെ അതിര്‍ത്തികള്‍. അതുകൊണ്ട് നിങ്ങള്‍ കാരണം ആണ് രാജ്യത്തിന്റെ അഭിവൃദ്ധി ഉണ്ടാവുന്നത്. അതിനാലാണ് ഇന്ന് രാജ്യത്തെ മുഴുവന്‍ വീടുകളിലെയും ആളുകള്‍ നിങ്ങളുടെ മഹത്വത്തിനായി ദീപങ്ങള്‍ തെളിച്ച് അവരുടെ വികാരങ്ങള്‍ പ്രകടിപ്പിക്കുന്നത്. നിങ്ങളുടെ ദേശഭക്തി, അച്ചടക്കം, രാജ്യത്തിനു വേണ്ടി ജീവിതം സമര്‍പ്പിക്കാനുള്ള അഭിനിവേശം അതിന്റെയെല്ലാം പേരില്‍ നിങ്ങളെ ആദരിക്കാനാണ് ഞാന്‍ ഇവിടെ വന്നിരിക്കുന്നത്.
സുഹൃത്തുക്കളെ,
ഇന്ന് നിങ്ങള്‍ ഇന്ത്യയുടെ ആഗോള സ്വാധീനം നോക്കുമ്പോള്‍, സാമ്പത്തികം സാംസ്‌കാരികം സൈനികം തുടങ്ങി എല്ലാ മണ്ഡലങ്ങളിലും അത് വര്‍ദ്ധിച്ചു വരികയാണ്. ഇന്ന് ഇന്ത്യന്‍ വംശജരായ ജനങ്ങളുടെ ആധിപത്യം ലോകമെമ്പാടും ഏറിവരികയാണ്. ഇന്ത്യന്‍ യുവതയുടെ കഴിവുകളോടുള്ള ആദരവും ലോകത്തില്‍ കൂടിവരുന്നു. രാജ്യത്താണെങ്കില്‍ ഈ അതിര്‍ത്തി മേഖലയില്‍ അതു മൂന്നും പൂര്‍ണമായി ആര്‍ക്കും കാണാന്‍ സാധിക്കും. നിങ്ങളുടെ ശാക്തീകരണത്തിനായി സ്വീകരിച്ച തീരുമാനങ്ങളുടെ വേഗവും, അളവും നമ്മുടെ സാമ്പത്തിക ശക്തിയെ പ്രദര്‍ശിപ്പിക്കുന്നതാണ്. ആര്‍ക്കെങ്കിലും നമ്മുടെ മേല്‍ ഒരു ദുഷ്ടലാക്ക് ഉണ്ടായാല്‍ നമ്മുടെ സൈനികര്‍ അവര്‍ക്ക് ഉചിതമായ മറുപടി നല്കിയിരിക്കും, അതാണ് നമ്മുടെ സൈന്യത്തിന്റെ ശക്തി. നമ്മുടെ സൈനികര്‍ ഇന്ന് സൈനികാഭ്യാസങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നത് ലോകശക്തികളായ രാജ്യങ്ങള്‍ക്കൊപ്പമാണ്. ഭീകരവാദത്തിനെതിരെ പോരാടാന്‍ നാം നയതന്ത്ര പങ്കാളിത്തത്തില്‍ കരാര്‍ ചെയ്തിരിക്കുന്നു. ലോകത്തില്‍ എല്ലായിടങ്ങളിലും സമാധാന ദൗത്യങ്ങളെ നയിക്കുന്നത് ഇന്ത്യന്‍ സൈനികരാണ്.
സുഹൃത്തുക്കളെ,
കൊറോണ ബാധിതരായ നമ്മുടെ പൗരന്മാരെ വിദേശ രാജ്യങ്ങളില്‍ നിന്നു സുരക്ഷിതരായി തിരികെ കൊണ്ടുവരുന്നതിന് നമ്മുടെ വ്യോമ നാവിക സൈനികര്‍ അനുഷ്ഠിച്ച സേവനം വളരെ പ്രശംസനീയമാണ്. ചൈനയിലെ വുഹാനില്‍ പെട്ടുപോയ ഇന്ത്യന്‍ പൗരന്മാരെ കൊണ്ടുവരിക എന്ന വെല്ലുവിളി ഉയര്‍ന്നപ്പോള്‍ മുന്നോട്ടു വന്നതും ആ ദൗത്യം ഏറ്റെടുത്തതും ഇന്ത്യയുടെ വ്യോമ സൈന്യമാണ്. അന്ന് ഇന്ത്യക്കാരെ കൊണ്ടുവരിക മാത്രമല്ല, മറ്റ് പല രാജ്യക്കാരെയും ഇന്ത്യന്‍ വ്യോമ സൈന്യം സഹായിച്ചു. ഓപ്പറേഷന്‍ സമുദ്രസേതു എന്ന ദൗത്യം വഴി ഇന്ത്യന്‍ നാവിക സേനയും ആയിരക്കണക്കിന് ഇന്ത്യക്കാരെയാണ് വിദേശത്തു നിന്നു സുരക്ഷിതരായി ഇവിടെ തിരിച്ച് എത്തിച്ചത്. സ്വന്തം രാജ്യത്തെ സഹായിക്കുന്നതിന് മാത്രമല്ല ഇന്ത്യന്‍ വ്യോമ സേന മുന്നില്‍ നില്ക്കുന്നത്, അതിനുപരി മാലിദ്വീപ്, മൗറീഷ്യസ്, അഫ്ഗാനിസ്ഥാന്‍, കുവൈറ്റ്, കോംഗോ, ദക്ഷിണ സുഡാന്‍ തുടങ്ങി ഇന്ത്യയുടെ സുഹൃദ് രാജ്യങ്ങള്‍ക്കും വ്യോമ സേന സഹായം ലഭ്യമാക്കുന്നു. വ്യോമ സേനയുടെ സഹകരണം കൊണ്ട് നൂറു കണക്കിനു ടണ്‍ ദുരിതാശ്വാസ സാധാനങ്ങളാണ് പ്രശ്‌നബാധിത സമയത്ത് ആവശ്യക്കാര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ രാജ്യത്തിനു സാധിച്ചു.
സുഹൃത്തുക്കളെ,
നമ്മുടെ മൂന്നു സൈനിക വിഭാഗങ്ങളും അതിര്‍ത്തി സംരക്ഷണ സേനയും മറ്റ് അര്‍ദ്ധ സൈനിക വിഭാഗങ്ങളും ഉള്‍പ്പെടെയുള്ള പ്രതിരോധ ഗവേഷണ വികസന സമിതി, അഭൂതപൂര്‍വമായ രീതിയിലാണ് കോവിഡ് കാലത്ത് യുദ്ധകാലാടിസ്ഥാനത്തില്‍ ക്വാറന്റൈനിലുള്ളവര്‍ക്കും ചികിത്സയിലുള്ളവര്‍ക്കും ഉപകരണങ്ങളും മറ്റും എത്തിച്ചുകൊടുത്തത്. തുടക്കത്തില്‍ സാനിറ്റൈസര്‍, മാസ്‌ക്, പിപിഇ കിറ്റ് തുടങ്ങിയവയുടെ ദൗര്‍ലഭ്യമായിരുന്നു വലിയ വെല്ലുവിളി. എന്നാല്‍ നിങ്ങള്‍ അവസരത്തിനൊത്ത് ഉണര്‍ന്നു പ്രവര്‍ത്തിക്കുകയും രാജ്യത്തിന് ആവശ്യമായ ഈ സാമഗ്രികള്‍ എത്തിക്കുകയും ചെയ്തു. അതു മാത്രമല്ല, ശക്തമായ ചുഴലി കൊടുങ്കാറ്റ് രാജ്യത്തിന്റെ നിരവധി മേഖലകളില്‍ ആഞ്ഞടിച്ചപ്പോഴും നിങ്ങള്‍ അവിടെയെല്ലാം ഓടിയെത്തി പൗരന്മാരെ സുരക്ഷിതരായി സംരക്ഷിക്കുകയും സഹായിക്കുകയും ചെയ്തു. നിങ്ങളുടെ ത്യാഗത്തിലും തപസിലും നിന്നു പ്രചോദനം ഉള്‍ക്കൊണ്ട് ഇന്ന് ഓരോ ഇന്ത്യക്കാരനും നിങ്ങളെ ഓര്‍ത്ത് അഭിമാനിക്കുകയും ദീപാവലി വിളക്കുകള്‍ തെളിക്കുകയും ചെയ്യുന്നു.
സുഹൃത്തുക്കളെ,
എന്തു സാഹചര്യം ഉണ്ടായാലും കൊറോണയുടെ വ്യാപനം നമ്മുടെ അതിര്‍ത്തിയിലെ സൈനിക ക്യാമ്പുകളെ ബാധിക്കരുത് എന്ന് നിങ്ങള്‍ ഉറപ്പു വരുത്തണം. ജെയ്‌സാല്‍മറിലും നമ്മുടെ സമുദ്രങ്ങളിലും കൊറോണ കാലഘട്ടത്തില്‍ പോലും സൈനിക അഭ്യാസം തുടര്‍ന്നിരുന്നു. കൊറോണ സമയത്തും ആധുനിക യുദ്ധ ഉപകരണങ്ങളുടെയും വെടിക്കോപ്പുകളുടെയും വിതരണം അതിവേഗത്തില്‍ നടന്നു. ഇക്കാലയളവിലാണ് എട്ട് അത്യാധുനിക റഫാല്‍ യുദ്ധവിമാനങ്ങള്‍ നമ്മുടെ രാദ്യ സുരക്ഷാശൃംഖലയുടെ ഭാഗമായത്. കൊറോണ കാലത്താണ് തേജസ് സ്‌ക്വാഡ്രണ്‍ പ്രവര്‍ത്തനം തുടങ്ങിയത്. അതിശക്തമായ അപ്പാഷെ, ചിനൂക്ക് ഹെലിക്കോപ്റ്ററുകള്‍ നമുക്കു ലഭിച്ചതും ഇക്കാലത്തു തന്നെ. ഇന്ത്യയില്‍ നിര്‍മ്മിച്ച രണ്ട് അന്തര്‍വാഹിനികള്‍ നാവിക സേനയുടെ ഭാഗമായതും കൊറോണ കാലത്താണ്.
സുഹൃത്തുക്കളെ,
കൊറോണ കാലത്ത് നമ്മുടെ ശാസ്ത്രജ്ഞര്‍ പ്രതിരോധ വാക്‌സീന്‍ നിര്‍മ്മിക്കാന്‍ പരിശ്രമിച്ചതിനൊപ്പം മിസൈലുകളുടെ നിര്‍മ്മാണത്തിലും വ്യാപൃതരായിരുന്നു എന്ന വസ്തുത രാജ്യത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റുകയുണ്ടായി. മിസൈലുകളുടെ പരീക്ഷണം സംബന്ധിച്ചും പുതിയ മിസൈലിനു വേണ്ടി നൂതന സാങ്കേതിക വിദ്യ വികസിപ്പിച്ചതും സംബന്ധിച്ച് ഇക്കാലത്ത് തുടര്‍ച്ചയായ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.ഒരു സെക്കന്റിനുള്ളില്‍ രണ്ടു കിലോമീറ്റര്‍ താണ്ടുന്ന സുപ്പര്‍ സോണിക്ക് ഡെമോണ്‍സ്‌ട്രേറ്റര്‍ വാഹനത്തിന്റെ വിജയകരമായ പരീക്ഷണം ലോകത്തിലെ മൂന്നോ നാലോ പ്രധാന രാജ്യങ്ങളുടെ മുന്‍നിരയിലേയ്ക്ക് ഇന്ത്യയെയും എത്തിച്ചിരിക്കുന്നു. ഇക്കഴിഞ്ഞ ഏതാനും ദിവസങ്ങളില്‍, കടലിലും കരയിലും ആകാശത്തും നിന്നു വിക്ഷേപിക്കാവുന്ന കുറെയധികം ദീര്‍ഘ – ഹ്രസ്വ ദൂര മിസൈലുകള്‍ ഇന്ത്യയുടെ ആകാശങ്ങളില്‍ അലംഘനീയമായ സുരക്ഷാ മതിലുകള്‍ തീര്‍ത്തിരിക്കുന്നു.
സുഹൃത്തുക്കളെ,
ഇതിനിടെ ഇന്ത്യയുടെ അതിര്‍ത്തി പ്രദേശങ്ങളില്‍ ആധുനിക സമ്പര്‍ക്ക സംവിധാനങ്ങളും, യുദ്ധ ഉപകരണങ്ങളും മറ്റും ഉള്‍പ്പെടുന്ന മെഗാ ഇന്‍ഫ്ര ഊര്‍ജ്ജ പദ്ധതി പൂര്‍ത്തിയായി കഴിഞ്ഞു. ഇന്നു ലഡാക്കിലേയ്ക്കു നമ്മെ ബന്ധിപ്പിക്കുന്ന ഏറ്റവും വലിയ മാര്‍ഗ്ഗമായിരിക്കുന്നു അടല്‍ തുരങ്കം. വടക്കും പടിഞ്ഞാറുമുള്ള നമ്മുടെ അതിര്‍ത്തികളിലുടനീളം ഡസന്‍ കണക്കിനു പാലങ്ങളും നീണ്ട റോഡുകളും ഇക്കാലയളവില്‍ നാം നിര്‍മ്മിച്ചു.
സുഹൃത്തുക്കളെ,
ആധുനിക ആയുധങ്ങള്‍ക്കും സാങ്കേതിക വിദ്യകള്‍ക്കുമായി വിദേശരാജ്യങ്ങളോടുള്ള ആശ്രിതത്വം കുറയ്ക്കുക എന്നതാണ് പ്രതിരോധ മേഖലയിലെ സ്വയം പര്യാപ്തത എന്ന ലക്ഷ്യത്തിന്റെ പിന്നിലുള്ളത്. ഇതിന്റെ വെളിച്ചത്തില്‍ നമ്മുടെ മൂന്നു സായുധ സേനകളും വളരെ അഭിനന്ദനീയമായ തീരുമാനം സ്വീകരിച്ചിരിക്കുന്നു. കുറഞ്ഞത് 100 ലധികം സുരക്ഷാ ഉപകരണങ്ങള്‍ ഇന്ത്യയില്‍ തന്നെ നിര്‍മ്മിക്കുകയോ അഥവ ഇന്ത്യന്‍ നിര്‍മ്മിത ഉപകരണങ്ങള്‍ കൂടുതല്‍ ആധുനികവത്ക്കരിക്കുകയോ ചെയ്യും. മേലില്‍ അവ വിദേശത്തു നിന്നു വാങ്ങുകയില്ല എന്നതാണ് അവരുടെ തീരുമാനം. വിദേശത്തു നിന്ന് ഇറക്കുമതി ചെയ്തിരുന്ന യന്ത്ര ഭാഗങ്ങളും ഇനി രാജ്യത്തു തന്നെ നിര്‍മ്മിക്കുന്നതിന് ശ്രമങ്ങള്‍ നടക്കുന്നു.
സുഹൃത്തുക്കളെ,
പ്രതിരോധ മേഖലയിലെ വിദേശ നിക്ഷേപ പരിധി 74 ശതമാനമാക്കി വര്‍ധിപ്പിച്ചിരിക്കുന്നതിനാല്‍ കൂടുതല്‍ കമ്പനികള്‍ ഇന്ത്യയില്‍ ആയുധങ്ങള്‍ നിര്‍മ്മിക്കുന്നു. ഇന്ത്യയിലേയ്ക്കു വരാന്‍ ആഗ്രഹിക്കുന്ന കമ്പനികള്‍ക്ക് ആവശ്യമായ മികച്ച സൗകര്യങ്ങള്‍ ലഭ്യമാക്കുന്നതിന് ഉത്തര്‍ പ്രദേശിലെയും തമിഴ്‌നാട്ടിലെയും രണ്ടു പ്രധാന പ്രതിരോധ ഇടനാഴികളുടെ പ്രവര്‍ത്തനം പുരോഗമിക്കുകയാണ്.
സുഹൃത്തുക്കളെ,
അടുത്ത കാലത്ത് നിരവധി സുപ്രധാന പരിഷ്‌കാരങ്ങള്‍ നാം ഏറ്റെടുത്തു കഴിഞ്ഞു. മുമ്പൊക്കെ നടപടി ക്രമങ്ങളും പരിശോധനകളും വളരെ സങ്കീര്‍ണമായിരുന്നു. സമയം പാഴാക്കുന്നതുമായിരുന്നു. അതിനാല്‍ തന്നെ പ്രതിരോധ ഉപകരണങ്ങള്‍ സൈന്യത്തില്‍ എത്തിക്കാനും കാലതാമസം വന്നിരുന്നു. ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫിനെ നാം നിമിച്ചു കഴിഞ്ഞു. അതുകൊണ്ട് മൂന്നു സേനകളും തമ്മില്‍ വേഗത്തില്‍ ഏകോപനവും തീര്‍പ്പും നടക്കും. ഈ പുതിയ സംവിധാനം ഇത്ര വേഗത്തില്‍ ഊര്‍ജ്ജിതമായത് നമ്മുടെ കരസേന, വ്യോമസേന, നാവിക സേന എന്നിവയുടെ പ്രതിബദ്ധത കൊണ്ടു മാത്രമാണ്. നമ്മുടെ സൈന്യങ്ങളുടെ കൂട്ടായ തീരുമാനമാണ് സംയുക്ത സൈനിക സേവന വിജയം ഉറപ്പാക്കിയത്.
സുഹൃത്തുക്കളെ,
അതിര്‍ത്തി മേഖല വികസനത്തിനായി യുവാക്കള്‍ക്ക് പ്രത്യേക പരിശീലനം നല്കുന്നതും പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് തുല്യ പ്രാധാന്യം അര്‍ഹിക്കുന്നു. ഓഗസ്റ്റ് 15 നും ഞാന്‍ ഇക്കാര്യം ചെങ്കോട്ടയില്‍ പറയുകയുണ്ടായി. എന്‍സിസിയില്‍ ഇതുമായി ബന്ധപ്പെട്ട് രാജ്യത്തിന്റെ 100 അതിര്‍ത്തി ജില്ലകളില്‍ പ്രത്യേക പ്രചാരണവും ആരംഭിച്ചു. അതിര്‍ത്തിയിലും കടല്‍ പ്രദേശങ്ങളിലുമായി ഒരു ലക്ഷത്തോളം യുവാക്കള്‍ക്ക് ഇതിനോടകം പരിശീലനം നല്കിയിട്ടുമുണ്ട്.
സുഹൃത്തുക്കളെ,
വനിതാ കേഡറ്റുകളെ കൂടുതലായി പരിശീലിപ്പിക്കുക എന്നതാണ് ലക്ഷ്യം. നമ്മുടെ പ്രദേശങ്ങളില്‍ മുന്നേറാന്‍ വനിതകളെ പ്രോത്സാഹിപ്പിച്ചാല്‍ നമ്മുടെ സുരക്ഷാ സംവിധാനത്തില്‍ സ്ത്രീശക്തിയുടെ പങ്ക് കൂടുതല്‍ വിശാലമാകും. ഇന്ന് വനിതകള്‍ക്ക് വ്യോമസേനയിലും നാവിക സേനയിലും സായുധ പങ്കാളിത്തം നല്കി കഴിഞ്ഞു. മിലിറ്ററി പൊലീസിലും നമ്മുടെ പുത്രിമാര്‍ സേവനം അനുഷ്ഠിക്കുന്നു. വനിതകളുടെ അതിര്‍ത്തി സേവനം വ്യാപിപ്പിച്ചിരിക്കുന്ന മറ്റൊരു സുപ്രധാന സ്ഥാപനം അതിര്‍ത്തി സംരക്ഷണ സേനയാണ്.
സുഹൃത്തുക്കളെ,
ദീപാവലിയെ കുറിച്ച് ഒരു കാര്യം കൂടി ശ്രദ്ധിക്കുക. നാം ഒരു വിളക്കു തെളിക്കുമ്പോള്‍ അതുവഴി ബാക്കിയുള്ള വിളക്കുകള്‍ കൂടി നാം പ്രകാശമാനമാക്കുന്നു. ഒന്ന് മറ്റൊന്നിനെ അങ്ങിനെ ആയിരം വിളക്കുകളെ. അതുപോലെ നിങ്ങളും വിളക്കുപോലെ രാജ്യത്തെ മുഴുവന്‍ പ്രകാശമാനമാക്കുന്നു. ഊര്‍ജ്ജസ്വലമാക്കുന്നു. നിങ്ങളില്‍ നിന്നു പ്രചോദനം ഉള്‍ക്കൊണ്ട് ഓരോ പൗരനും അവന്റെതായ രീതിയില്‍ ദേശ താല്പര്യത്തിനായി മുന്നോട്ടു വരുന്നു. ചിലര്‍ ശുചിത്വ പ്രതിജ്ഞ സ്വീകരിക്കുന്നു, ചിലര്‍ അഴിമതിക്കെതിരെ പ്രവര്‍ത്തിക്കാന്‍ തീരുമാനിക്കുന്നു, വേറെ ചിലര്‍ എല്ലാ വീടുകളിലും ശുദ്ധജലം എത്തിക്കാന്‍ പ്രവര്‍ത്തിക്കുന്നു. മറ്റു ചിലര്‍ ഇന്ത്യയെ ക്ഷയരോഗ വിമുക്തമാക്കാന്‍, ഇനിയും ചിലര്‍ പോഷകാഹാരക്കുറവു പരിഹരിക്കാന്‍, ഇനിയും ചിലര്‍ മറ്റുള്ളവരെ ഡിജിറ്റല്‍ കൈമാറ്റ രീതി പഠിപ്പിച്ചുകൊടുക്കാന്‍ അങ്ങിനെ എല്ലാവരും ഓരോ ദൗത്യങ്ങളിലാണ്.
സുഹൃത്തുക്കളെ,
ഇന്ന് രാജ്യത്ത് എല്ലാവരും സ്വാശ്രയ ഇന്ത്യാ പ്രചാരണത്തെ പുണര്‍ന്നിരിക്കുകയാണ്. ദേശീയതയ്ക്കായി വാക്കുകള്‍ എന്നതാണ് ഓരോ ഇന്ത്യക്കാരന്റെയും ദൗത്യം. ആത്മവിശ്വാസത്തിന്റെയും ആത്മാഭിമാനത്തിന്റെയും ഈ സ്വാശ്രയ പ്രതിജ്ഞ യാഥാര്‍ത്ഥ്യമാക്കുന്നതിന് നമുക്കു മുന്നോട്ടു വരാം. ദീപാവലിയുടെ ഈ മംഗള വേളയില്‍ പുതിയ തീരുമാനങ്ങള്‍ക്കും പുതിയ ആവേശങ്ങല്‍ക്കുമായി രാജ്യത്തെ 130 കോടി ജനങ്ങളും ഒരു ജീവിതം ഒരു ദൗത്യം എന്ന സ്വപ്‌നം സാക്ഷാത്ക്കരിക്കുന്നതിന് ഒരുമിച്ച് അധ്വാനിക്കട്ടെ. അങ്ങനെ നാം കാണാന്‍ ആഗ്രഹിക്കുന്ന സമൃദ്ധിയുടെയും പുരോഗതിയുടെയും വഴിയില്‍ രാജ്യം മുന്നേറട്ടെ. ഈ ചൈതന്യത്തോടെ നിങ്ങള്‍ എന്നോടൊപ്പം പറയൂ, ഭാരത് മാതാ കീ ജെയ്, ഭാരത് മാതാ കീ ജെയ്, ഭാരത് മാതാ കീ ജെയ്. ഒരിക്കല്‍ കൂടി നിങ്ങള്‍ക്ക് എല്ലാവര്‍ക്കും ദീപാവലി ഉത്സവത്തിന്റെ ആശംസകള്‍.
നന്ദി.
***