Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

‘ജീത്തോ കണക്റ്റ് 2022’ന്റെ ഉദ്ഘാടനസമ്മേളനത്തെ പ്രധാനമന്ത്രി അഭിസംബോധനചെയ്തു

‘ജീത്തോ കണക്റ്റ് 2022’ന്റെ ഉദ്ഘാടനസമ്മേളനത്തെ പ്രധാനമന്ത്രി അഭിസംബോധനചെയ്തു


ജെയിന്‍ ഇന്റര്‍നാഷണല്‍ ട്രേഡ് ഓര്‍ഗനൈസേഷന്റെ ‘ജീത്തോ കണക്റ്റ് 2022’ന്റെ ഉദ്ഘാടനസമ്മേളനത്തെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു വിദൂരദൃശ്യസംവിധാനത്തിലൂടെ അഭിസംബോധനചെയ്തു.

ഇന്നത്തെ പരിപാടിയുടെ പ്രമേയത്തിലെ ‘കൂട്ടായ പരിശ്രമം’ എന്നതിന്റെ സത്തയെക്കുറിച്ചു സംസാരിച്ച പ്രധാനമന്ത്രി, ലോകം ഇന്ന് ഇന്ത്യയുടെ വികസനപ്രമേയങ്ങളെ അതിന്റെ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിനുള്ള മാര്‍ഗമായി കണക്കാക്കുകയാണെന്നു ചൂണ്ടിക്കാട്ടി. ആഗോളസമാധാനമാട്ടെ, ആഗോള അഭിവൃദ്ധിയാകട്ടെ, ആഗോള വെല്ലുവിളികളുമായി ബന്ധപ്പെട്ട പരിഹാരങ്ങളോ ആഗോളവിതരണശൃംഖലയുടെ കരുത്തോ ആകട്ടെ, അതിലെല്ലാം ലോകം ഇന്ത്യയെ വളരെ ആത്മവിശ്വാസത്തോടെയാണു നോക്കിക്കാണുന്നത്. ”’അമൃതകാല’ത്തിലേക്കുള്ള ഇന്ത്യയുടെ ദൃഢനിശ്ചയങ്ങളെക്കുറിച്ചു പല യൂറോപ്യന്‍ രാജ്യങ്ങളെയും അറിയിച്ചതിനുശേഷമാണു ഞാന്‍ മടങ്ങിയത്”- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വൈദഗ്ധ്യത്തിന്റെ മേഖലയോ പ്രത്യേക ശ്രദ്ധവേണ്ട മേഖലയോ എന്തുമാകട്ടെ, ജനങ്ങളുടെ അഭിപ്രായവ്യത്യാസങ്ങള്‍ എന്തുമാകട്ടെ, അവയെല്ലാം പുതിയ ഇന്ത്യയുടെ ആവിര്‍ഭാവത്തിലൂടെ കോര്‍ത്തിണക്കപ്പെട്ടിരിക്കുകയാണെന്നു പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യ ഇപ്പോള്‍ ‘അനുമാനങ്ങള്‍ക്കും സാധ്യതകള്‍ക്കു’മപ്പുറം സഞ്ചരിക്കുകയും ആഗോളക്ഷേമമെന്ന വലിയ ലക്ഷ്യം നിറവേറ്റുകയും ചെയ്യുന്നുവെന്ന് ഏവര്‍ക്കും അനുഭവപ്പെടുന്നു. കളങ്കമില്ലാത്ത ലക്ഷ്യങ്ങള്‍, വ്യക്തമായ ഉദ്ദേശ്യം, തൃപ്തികരമായ നയങ്ങള്‍ എന്നിവയെക്കുറിച്ചുള്ള തന്റെ മുന്‍കാല പ്രസ്താവന ആവര്‍ത്തിച്ചുകൊണ്ട്, ഇന്നു രാജ്യം കഴിവുകളെയും വ്യവസായങ്ങളെയും സാങ്കേതികവിദ്യയെയും പരമാവധി പ്രോത്സാഹിപ്പിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. രാജ്യമിന്നു ദിവസവും ഡസന്‍കണക്കിനു സ്റ്റാര്‍ട്ടപ്പുകള്‍ രജിസ്റ്റര്‍ചെയ്യുന്നു. ഓരോ ആഴ്ചയും ഒരു യൂണികോണ്‍ സൃഷ്ടിക്കുന്നു- അദ്ദേഹം പറഞ്ഞു.

ഗവണ്‍മെന്റ് ഇ-മാര്‍ക്കറ്റ്പ്ലേസ്, അതായത് ജിഇഎം പോര്‍ട്ടല്‍, നിലവില്‍വന്നതുമുതല്‍ സാധനങ്ങള്‍ വാങ്ങലുകളെല്ലാം ഏവര്‍ക്കും മുന്നിലുള്ള സംവിധാനത്തിലാണു നടക്കുന്നതെന്നു പ്രധാനമന്ത്രി പറഞ്ഞു. ഇപ്പോള്‍ വിദൂരഗ്രാമങ്ങളില്‍ നിന്നുള്ളവര്‍ക്കും ചെറുകിട കടയുടമകള്‍ക്കും സ്വയംസഹായസംഘങ്ങള്‍ക്കും അവരുടെ ഉല്‍പ്പന്നങ്ങള്‍ ഗവണ്‍മെന്റിനു നേരിട്ടു വില്‍ക്കാന്‍ കഴിയും. ഇന്ന് 40 ലക്ഷത്തിലധികം കച്ചവടക്കാര്‍ ജിഇഎം പോര്‍ട്ടലിന്റെ ഭാഗമായിട്ടുണ്ടെന്ന് അദ്ദേഹം അറിയിച്ചു. സുതാര്യമായ ‘ഫേസ്ലെസ്’ നികുതിനിര്‍ണയം, ഒരു രാജ്യം-ഒരു നികുതി, ഉല്‍പ്പാദനബന്ധിത ആനുകൂല്യപദ്ധതികള്‍ എന്നിവയെക്കുറിച്ചും അദ്ദേഹം സംസാരിച്ചു.

ഭാവിയിലേക്കുള്ള നമ്മുടെ പാതയും ലക്ഷ്യവും വ്യക്തമാണെന്നു പ്രധാനമന്ത്രി പറഞ്ഞു. ”സ്വയംപര്യാപ്ത ഇന്ത്യ എന്നതാണു നമ്മുടെ പാതയും ദൃഢനിശ്ചയവും. വര്‍ഷങ്ങളായി, ഇതിനാവശ്യമായ എല്ലാ സാഹചര്യങ്ങളും സൃഷ്ടിക്കാന്‍ ഞങ്ങള്‍ തുടര്‍ച്ചയായി പ്രവര്‍ത്തിക്കുകയാണ്”.

ഭൂമിക്കായി (EARTH) പ്രവര്‍ത്തിക്കാന്‍ പ്രധാനമന്ത്രി സമ്മേളനത്തോട് ആഹ്വാനംചെയ്തു. ‘E’ എന്നാല്‍ പരിസ്ഥിതി(Environment)യുടെ സമൃദ്ധി എന്നാണെന്ന് അദ്ദേഹം വിശദീകരിച്ചു. അടുത്ത ഓഗസ്റ്റ് 15നകം എല്ലാ ജില്ലകളിലും കുറഞ്ഞത് 75 അമൃത സരോവരങ്ങളെങ്കിലും നിര്‍മ്മിക്കാനുള്ള ശ്രമങ്ങളെ എങ്ങനെ പിന്തുണയ്ക്കാനാകുമെന്നു ചര്‍ച്ചചെയ്യണമെന്ന് അദ്ദേഹം അവരോട് അഭ്യര്‍ത്ഥിച്ചു. കൃഷി (Agriculture) കൂടുതല്‍ ലാഭകരമാക്കുകയും പ്രകൃതിദത്തകൃഷി, കാര്‍ഷിക സാങ്കേതികവിദ്യ, ഭക്ഷ്യസംസ്‌കരണമേഖല എന്നിവയില്‍ കൂടുതല്‍ നിക്ഷേപം നടത്തുകയും ചെയ്യുക എന്നതാണ് ‘A’ കൊണ്ട് അര്‍ത്ഥമാക്കുന്നത്. പുനഃചംക്രമണത്തിനും (Recyle) ചാക്രികസമ്പദ്വ്യവസ്ഥയ്ക്കും ഊന്നല്‍ നല്‍കല്‍, പുനരുപയോഗം, ഉപഭോഗം കുറയ്ക്കല്‍, പുനഃചംക്രമണം എന്നിവയ്ക്കായി പ്രവര്‍ത്തിക്കുക എന്നതാണ് ‘R’ അര്‍ത്ഥമാക്കുന്നത്. ‘T’  ലക്ഷ്യമിടുന്നതു സാങ്കേതികവിദ്യയെ കഴിയുന്നത്ര ആളുകളിലേക്ക് എത്തിക്കുക എന്നതാണ്. ഡ്രോണ്‍ സാങ്കേതികവിദ്യപോലുള്ള മറ്റു നൂതന സാങ്കേതികവിദ്യകള്‍ എങ്ങനെ കൂടുതല്‍ പ്രാപ്യമാക്കുമെന്നതു പരിഗണിക്കാന്‍ അദ്ദേഹം അഭ്യര്‍ത്ഥിച്ചു. ‘H’ എന്നാല്‍ ആരോഗ്യസംരക്ഷണം (Healthcare). ഇന്നു രാജ്യത്തെ എല്ലാ ജില്ലകളിലും ആരോഗ്യസംരക്ഷണത്തിനും മെഡിക്കല്‍ കോളേജുകള്‍ക്കുമൊക്കെയായി ഗവണ്‍മെന്റ് നിരവധി പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. തങ്ങളുടെ സംഘടനയ്ക്ക് ഇക്കാര്യങ്ങളെ ഏതുരീതിയില്‍ പ്രോത്സാഹിപ്പിക്കാനാകും എന്നതു ചിന്തിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

–ND–

 

 

***