Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ജി20 നേതാക്കളുടെ വെർച്വൽ ഉച്ചകോടിയിൽ (നവംബർ 22, 2023) പ്രധാനമന്ത്രി നടത്തിയ പ്രാരംഭ പ്രസ്താവനയുടെ പൂർണരൂപം

ജി20 നേതാക്കളുടെ വെർച്വൽ ഉച്ചകോടിയിൽ (നവംബർ 22, 2023) പ്രധാനമന്ത്രി നടത്തിയ പ്രാരംഭ പ്രസ്താവനയുടെ പൂർണരൂപം


ബഹുമാന്യരേ,

ശ്രേഷ്ഠരേ,

നമസ്കാരം!

എന്റെ ക്ഷണം സ്വീകരിച്ച് ഇന്ന് ഈ ഉച്ചകോടിയിൽ പങ്കെടുത്തതിനു നിങ്ങൾക്കേവർക്കും ഞാൻ നന്ദി പറയുന്നു. 140 കോടി ഇന്ത്യക്കാരുടെ പേരിൽ നിങ്ങൾക്കേവർക്കും ഹൃദ്യമായ സ്വാഗതം.

സുഹൃത്തുക്കളേ,

കഴിഞ്ഞ വർഷം നവംബർ 16ന് എന്റെ സുഹൃത്തും ഇന്തോനേഷ്യൻ പ്രസിഡന്റുമായ ജോക്കോ വിഡോഡോ ആചാരപരമായ ലഘുദണ്ഡു കൈമാറിയ നിമിഷം ഞാൻ ഓർക്കുകയാണ്. നാമൊരുമിച്ചു ജി20യെ ഉൾക്കൊള്ളുന്നതും അർഥപൂർണവും പ്രവർത്തനപരവും നിർണായകവുമാക്കുമെന്ന് അന്നു ഞാൻ പറഞ്ഞിരുന്നു. കഴിഞ്ഞ ഒരു വർഷമായി, നാമൊന്നിച്ച് ആ കാഴ്ചപ്പാടു സാക്ഷാത്കരിച്ചു. നാമൊരുമിച്ചു ജി-20നെ പുതിയ ഉയരങ്ങളിൽ എത്തിച്ചു.

വിശ്വാസരാഹിത്യവും വെല്ലുവിളികളും നിറഞ്ഞ ലോകത്തിനിടയിൽ, പരസ്പരവിശ്വാസമാണു നമ്മെ കൂട്ടിയിണക്കുന്നതും പരസ്പരം ബന്ധിപ്പിക്കുന്നതും.

ഈ ഒരു വർഷത്തിൽ, “ഒരു ഭൂമി, ഒരു കുടുംബം, ഒരു ഭാവി” എന്നതിൽ നാം വിശ്വസിച്ചു. ഒപ്പം, വിവാദങ്ങൾക്കതീതമായി നാം ഐക്യവും സഹകരണവും പ്രകടിപ്പിച്ചു.

ജി-20ലേക്ക് ആഫ്രിക്കൻ യൂണിയനെ ഡൽഹിയിൽ നാമേവരും ഏകകണ്ഠമായി സ്വാഗതംചെയ്ത ആ നിമിഷം എനിക്കൊരിക്കലും മറക്കാനാകില്ല.

ലോകത്തിനാകെ ജി-20 നൽകിയ ഉൾച്ചേർക്കലിന്റെ സന്ദേശം അഭൂതപൂർവമാണ്. അധ്യക്ഷപദവിയിലിരിക്കെ ആഫ്രിക്കയ്ക്കു ശബ്ദം ലഭിച്ചുവെന്നത് ഇന്ത്യയെ സംബന്ധിച്ചിടത്തോളം അഭിമാനകരമാണ്.

ഈ ഒരു വർഷത്തിനുള്ളിൽ, ജി-20ലെ ഗ്ലോബൽ സൗത്തിന്റെ പ്രതിധ്വനി ലോകം മുഴുവൻ കേട്ടു.

കഴിഞ്ഞയാഴ്ച ‘വോയ്‌സ് ഓഫ് ഗ്ലോബൽ സൗത്ത്’ ഉച്ചകോടിയിൽ 130ഓളം രാജ്യങ്ങൾ ന്യൂഡൽഹി ജി-20 ഉച്ചകോടിയിൽ എടുത്ത തീരുമാനങ്ങളെ പൂർണമനസോടെ അഭിനന്ദിച്ചു.

നൂതനാശയങ്ങളെയും ഡിജിറ്റൽ സാങ്കേതികവിദ്യയെയും പിന്തുണയ്‌ക്കുന്നതിനൊപ്പം, മാനവകേന്ദ്രീകൃത സമീപനം സ്വീകരിക്കുന്നതിനും ജി-20 ഊന്നൽ നൽകി. ബഹുസ്വരതയിലുള്ള വിശ്വാസം ജി-20 പുതുക്കുകയും ചെയ്തു.

ബഹുമുഖ വികസന ബാങ്കുകൾക്കും ആഗോള ഭരണപരിഷ്കാരങ്ങൾക്കും നാമൊന്നിച്ചു ദിശാബോധം നൽകി.

ഇവയ്‌ക്കൊപ്പം, ഇന്ത്യയുടെ അധ്യക്ഷകാലയളവിൽ ജി-20നു ജനങ്ങളുടെ ജി20 എന്ന അംഗീകാരവും ലഭിച്ചു.

ഇന്ത്യയിലെ കോടിക്കണക്കിനു സാധാരണക്കാർ ജി-20ന്റെ ഭാഗമാകുകയും അത് ഉത്സവമായി ആഘോഷിക്കുകയും ചെയ്തു.

 

ബഹുമാനപ്പെട്ട അങ്ങുന്നേ, മറ്റു വിശിഷ്ട വ്യക്തികളെ,

ഞാന്‍ ഈ വെര്‍ച്വല്‍ ഉച്ചകോടി നിര്‍ദേശിച്ച സമയത്ത്, ഇന്നത്തെ ആഗോള സാഹചര്യം എന്തായിരിക്കുമെന്നതു സംബന്ധിച്ച് ഒരു പ്രവചനവും ലഭ്യമായിരുന്നില്ല. എന്നാല്‍ ഈയടുത്ത മാസങ്ങളില്‍ പുതിയ വെല്ലുവിളികള്‍ ഉയര്‍ന്നുവന്നു. പശ്ചിമേഷ്യയിലെ അരക്ഷിതാവസ്ഥയും അസ്ഥിരതയും നമ്മെയെല്ലാം ആശങ്കപ്പെടുത്തുന്നു. ഇന്നത്തെ നമ്മുടെ ഒത്തുചേരല്‍ ഈ പ്രശ്നങ്ങളിലെല്ലാം സംവേദനക്ഷമതയുള്ളവരാണ് എന്നതിന്റെയും അവ പരിഹരിക്കാന്‍ ഒരുമിച്ച് നില്‍ക്കുന്നു എന്നതിന്റെയും സൂചനയാണ്.
ആര്‍ക്കുംതന്നെ തീവ്രവാദം സ്വീകാര്യമല്ലെന്ന് നാം വിശ്വസിക്കുന്നു.
സാധാരണക്കാരുടെ മരണം, അവര്‍ എവിടെ ഉള്ളവരായിരുന്നാലും, അപലപനീയമാണ്.
ഇന്നു ബന്ദികളെ വിട്ടയച്ച വാര്‍ത്ത നാം സ്വാഗതം ചെയ്യുന്നു, എല്ലാ ബന്ദികളെയും വേഗത്തില്‍ മോചിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. മാനുഷിക സഹായം സമയബന്ധിതമായും തുടര്‍ച്ചയായും ലഭിക്കുന്നു എന്ന് ഉറപ്പാക്കേണ്ടത് അത്യന്താപേക്ഷിതമാണ്. ഇസ്രായേലും ഹമാസും തമ്മിലുള്ള സംഘര്‍ഷം ഒരു തരത്തിലും മേഖലാതലത്തിലേക്കു വ്യാപിക്കുന്നില്ലെന്ന് ഉറപ്പാക്കേണ്ടതും പ്രധാനമാണ്.
ഇന്ന് നാം പ്രതിസന്ധികളുടെ കാര്‍മേഘങ്ങളെ അഭിമുഖീകരിക്കുന്നുണ്ടെങ്കിലും, ഒരു കുടുംബമെന്ന നിലയില്‍, സമാധാനത്തിനായി പ്രവര്‍ത്തിക്കാനുള്ള കരുത്ത് നമുക്കുണ്ട്.
മനുഷ്യ ക്ഷേമത്തിന്റെ വീക്ഷണകോണില്‍ നിന്ന്, ഭീകരതയ്ക്കെതിരെയും അക്രമത്തിനെതിരെയും മാനവികതയ്ക്ക് വേണ്ടിയും നമുക്കു കരുത്തുറ്റ ശബ്ദമുയര്‍ത്താം.
ലോകത്തിന്റെയും മാനവികതയുടെയും പ്രതീക്ഷകള്‍ നിറവേറ്റുന്നതിനായി തോളോട് തോള്‍ ചേര്‍ന്ന് നടക്കാന്‍ ഇന്ന് ഇന്ത്യ ഒരുക്കമണ്.

സുഹൃത്തുക്കളെ,
21-ാം നൂറ്റാണ്ടിലെ ലോകം ഗ്ലോബല്‍ സൗത്തിന്റെ ആശങ്കകള്‍ തുടരുന്ന സാഹചര്യത്തിനു മുന്‍തൂക്കം നല്‍കേണ്ടിവരും. തങ്ങളുടേതല്ലാത്ത കാരണങ്ങളാലുള്ള പല ബുദ്ധിമുട്ടുകളിലൂടെയും കടന്നുപോവുകയാണ് ഗ്ലോബല്‍ സൗത്തിലെ രാജ്യങ്ങള്‍. ഈ സാഹചര്യത്തില്‍ വികസന അജണ്ടയ്ക്ക് പൂര്‍ണ പിന്തുണ നല്‍കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്.

ആഗോള സാമ്പത്തിക, ഭരണ ചട്ടക്കൂടുകളെ വലുതും മികച്ചതും ഫലപ്രദവും പ്രാതിനിധ്യമുള്ളതും ഭാവിക്കായി സജ്ജീകരിക്കപ്പെട്ടതും ആക്കുന്നതിന് പരിഷ്‌കാരങ്ങള്‍ കൊണ്ടുവരേണ്ടത് പ്രധാനമാണ്.
ആവശ്യമുള്ള രാജ്യങ്ങള്‍ക്ക് സമയബന്ധിതവും താങ്ങാനാവുന്നതുമായ സഹായം ഉറപ്പാക്കണം. 2030 സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ ത്വരിതപ്പെടുത്തുന്നതിന് സ്വീകരിച്ച കര്‍മ്മ പദ്ധതി നടപ്പിലാക്കണം.

സുഹൃത്തുക്കളെ,
ഇന്ത്യയില്‍ പ്രാദേശിക തലത്തില്‍ എസ്.ഡി.ജികളിലെ പുരോഗതിയുടെ ശ്രദ്ധേയമായ ഉദാഹരണമാണ് നമ്മുടെ ‘വികസനം കാംക്ഷിക്കുന്ന ജില്ലകള്‍’ എന്ന പദ്ധതി.. ജി-20 രാജ്യങ്ങളെയും ഗ്ലോബല്‍ സൗത്ത് രാജ്യങ്ങളെയും ‘വികസനം കാംക്ഷിക്കുന്ന ജില്ലകള്‍’ എന്ന പദ്ധതിയെക്കുറിച്ചു പഠിക്കാന്‍ ഞാന്‍ ക്ഷണിക്കുന്നു. കൂടാതെ ഇന്ത്യയിലെ 25 കോടി ജനങ്ങളുടെ ജീവിതത്തില്‍ അത് സൃഷ്ടിച്ച പരിവര്‍ത്തനപരമായ സ്വാധീനത്തിന് സാക്ഷ്യം വഹിക്കാനും ക്ഷണിക്കുന്നു.

സുഹൃത്തുക്കളെ,

ഒരു ഡിജിറ്റല്‍ പബ്ലിക് ഇന്‍ഫ്രാസ്ട്രക്ചര്‍ റിപ്പോസിറ്ററി സ്ഥാപിക്കാനുള്ള തീരുമാനം ന്യൂഡല്‍ഹി ഉച്ചകോടിയില്‍ എടുത്തിരുന്നു, അതിന്റെ പൂര്‍ത്തീകരണത്തെക്കുറിച്ച് അറിയിക്കുന്നതില്‍ എനിക്ക് സന്തോഷമുണ്ട്. 16 രാജ്യങ്ങളില്‍ നിന്നുള്ള 50-ലധികം ഡി.പി.ഐകളെ ഈ ശേഖരത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഗ്ലോബല്‍ സൗത്ത് രാജ്യങ്ങളില്‍ ഡി.പി.ഐകള്‍ നടപ്പിലാക്കുന്നതിനുള്ള സൗകര്യമൊരുക്കുന്നതിന് ഒരു സോഷ്യല്‍ ഇംപാക്ട് ഫണ്ട് സൃഷ്ടിക്കാന്‍ ഞാന്‍ നിര്‍ദ്ദേശിക്കുന്നു. ഇന്ത്യയെ പ്രതിനിധീകരിച്ച്, ഈ ഫണ്ടിലേക്ക് 25 ദശലക്ഷം ഡോളറിന്റെ പ്രാരംഭ സംഭാവന ഞാന്‍ പ്രഖ്യാപിക്കുകയും ഈ മുന്‍കൈയില്‍ നിങ്ങളുടെ പങ്കാളിത്തം പ്രതീക്ഷിക്കുകയും ചെയ്യുന്നു.

നിര്‍മ്മിത ബുദ്ധിയുടെ ഈ കാലഘട്ടത്തില്‍, സാങ്കേതികവിദ്യ ഉത്തരവാദിത്തത്തോടെ ഉപയോഗിക്കേണ്ടത് അനിവാര്യമാണ്. നിര്‍മ്മിത ബുദ്ധിയുടെ പ്രതികൂലമായ ഉപയോഗത്തെക്കുറിച്ച് ലോകമെമ്പാടും ആശങ്ക വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്.

നിര്‍മ്മിത ബുദ്ധിയുടെ ആഗോള നിയന്ത്രണത്തില്‍ നാം ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്ന് ഇന്ത്യ ഉറച്ചു വിശ്വസിക്കുന്നു.

ഡീപ്‌ഫേക്ക് സമൂഹത്തിനും, വ്യക്തിക്കും എത്രത്തോളം അപകടകരമാണ് എന്നതിന്റെ ഗൗരവം മനസ്സിലാക്കി നാം മുന്നോട്ട് പോകണം.

നിര്‍മ്മിത ബുദ്ധി ജനങ്ങളിലേക്ക് എത്തണം, അത് സമൂഹത്തിന് സുരക്ഷിതവുമായിരിക്കണം എന്നാണ് നാം ആഗ്രഹിക്കുന്നത്.

ഈ സമീപനത്തോടെയാണ് അടുത്തമാസം ഇന്ത്യ ആഗോള എ.ഐ. പങ്കാളിത്ത ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്നത്.

നിങ്ങള്‍ എല്ലാവരും ഇതിലും സഹകരിക്കുമെന്ന് ഞാന്‍ വിശ്വസിക്കുന്നു.

സുഹൃത്തുക്കളെ,

പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട ഗ്രീന്‍ ക്രെഡിറ്റിനെക്കുറിച്ച് ന്യൂഡല്‍ഹി ഉച്ചകോടിയില്‍ ഞാന്‍ സംസാരിച്ചിരുന്നു.

ഇന്ത്യയില്‍ ഞങ്ങള്‍ ഇതിന് തുടക്കം കുറിച്ചുവെന്നത് നിങ്ങള്‍ക്കറിയാം. ന്യൂഡല്‍ഹിയില്‍ സമാരംഭം കുറിച്ച ഗ്ലോബല്‍ ബയോഫ്യൂവല്‍ അലയന്‍സ് (ആഗോള ജൈവ ഇന്ധന കൂട്ടായ്മ) വഴി, ഞങ്ങള്‍ കാർബണിന്റെ പുറന്തള്ളൽ കുറയ്ക്കുകയും അതോടൊപ്പം ബദല്‍ ഇന്ധനങ്ങളുടെ വികസനം പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.

ജി-20  മിഷൻ ലൈഫ്  അംഗീകരിച്ചിട്ടുണ്ട്, അതായത് പരിസ്ഥിതിക്ക് വേണ്ടിയുള്ള ജീവിതശൈലി, ഗ്രഹത്തിന് അനുകൂലമായ സമീപനത്തിനായി; 2030-ഓടെ പനരുപയോഗ ഊര്‍ജ്ജത്തിന്റെ ഉപഭോഗം മൂന്ന് ഇരട്ടിയാക്കാന്‍ ആഹ്വാനം ചെയ്യുന്നത്; ശുദ്ധമായ ഹൈഡ്രജനോടുള്ള പ്രതിബദ്ധത കാണിക്കുന്നത്; കാലാവസ്ഥാ ധനസഹായം ശതകോടികളില്‍ നിന്ന് ട്രില്യണുകളിലേക്ക് കൊണ്ടുപോകേണ്ടതിന്റെ ആവശ്യകത തിരിച്ചറിഞ്ഞത്.

ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍, യുഎഇ യില്‍ നടക്കുന്ന സി.ഒ.പി-28 ല്‍ ഈ സംരംഭങ്ങളിലെല്ലാം കൃത്യമായ നടപടികൾ സ്വീകരിക്കേണ്ടതുണ്ട്. 

സുഹൃത്തുക്കളെ,

സ്ത്രീ ശാക്തീകരണത്തിനായി പുതിയ വർക്കിംഗ് ഗ്രൂപ്പ് രൂപീകരിച്ചിട്ടുണ്ട്.

ഈ പശ്ചാത്തലത്തില്‍, പുതിയ പാര്‍ലമെന്റ് മന്ദിരത്തിലെ ആദ്യ സമ്മേളനത്തില്‍ തന്നെ ഇന്ത്യ ചരിത്രപരമായ ഒരു തീരുമാനമെടുത്തിട്ടുണ്ടെന്ന കാര്യം പങ്കുവെക്കുന്നതില്‍ എനിക്ക് അതിയായ സന്തോഷമുണ്ട്.

സ്ത്രീകള്‍ നയിക്കുന്ന വികസനം ശക്തിപ്പെടുത്തുന്നതിന്, പാര്‍ലമെന്റിലും സംസ്ഥാന നിയമസഭകളിലും സ്ത്രീകള്‍ക്ക് 33% സംവരണം നല്‍കാന്‍ ഞങ്ങള്‍ തീരുമാനിച്ചു.

സുഹൃത്തുക്കളെ,

ഞാന്‍ എന്റെ പ്രസ്താവന ഇവിടെ അവസാനിപ്പിക്കുന്നു, നന്ദി.

–NS–