Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ജി20 തൊഴില്‍, മന്ത്രിമാരുടെ യോഗത്തിലെ പ്രധാനമന്ത്രിയുടെ വീഡിയോ സന്ദേശം

ജി20 തൊഴില്‍, മന്ത്രിമാരുടെ യോഗത്തിലെ പ്രധാനമന്ത്രിയുടെ വീഡിയോ സന്ദേശം


ആദരണീയരെ, മഹതികളെ, മാന്യരെ നമസ്‌കാരം!

ചരിത്രപരവും ഊര്‍ജ്ജസ്വലവുമായ ഇന്‍ഡോര്‍ നഗരത്തിലേക്ക് നിങ്ങളെ ഏവരെയും ഞാന്‍ സ്വാഗതം ചെയ്യുന്നു. സമ്പന്നമായ പാചക പാരമ്പര്യങ്ങളില്‍ അഭിമാനംകൊള്ളുന്ന നഗരമാണിത്. അതിന്റെ എല്ലാ നിറങ്ങളിലും രുചികളിലും നിങ്ങള്‍ക്ക് നഗരം ആസ്വദിക്കാന്‍ കഴിയുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു.

സുഹൃത്തുക്കളെ,
ഏറ്റവും സുപ്രധാന സാമ്പത്തിക സാമൂഹിക ഘടകങ്ങളിലൊന്നായ- തൊഴിലിനെക്കുറിച്ചാണ് നിങ്ങളുടെ ഗ്രൂപ്പ് ചര്‍ച്ച ചെയ്യുന്നത്. തൊഴില്‍ മേഖലയില്‍ ഏറ്റവും മഹത്തരമായ ചില മാറ്റങ്ങളുടെ പടിവാതില്‍ക്കല്‍ നാം എത്തിനില്‍ക്കുകയാണ്. ദ്രുതഗതിയിലുള്ള ഈ മാറ്റങ്ങളെ അഭിസംബോധന ചെയ്യാന്‍ ഫലപ്രദവും കാര്യക്ഷമവുമായ തന്ത്രങ്ങള്‍ നമുക്ക് തയാറാക്കേണ്ടതുണ്ട്. നാലാം വ്യാവസായിക വിപ്ലവത്തിന്റെ ഈ കാലഘട്ടത്തില്‍, സാങ്കേതികവിദ്യ തൊഴിലിന്റെ മര്‍മ്മപ്രധാന ചാലകമായി മാറിയിരിക്കുന്നുവെന്ന് മാത്രമല്ല, അത് അങ്ങനെ തന്നെ തുടരുകയും ചെയ്യും. അത്തരത്തില്‍ സാങ്കേതിക വിദ്യയുടെ നേതൃത്വത്തിലെ കഴിഞ്ഞ പരിവര്‍ത്തനത്തിനിടയില്‍ സാങ്കേതികരംഗത്ത് വലിയതോതില്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചതിന്റെ അനുഭവസമ്പത്തുള്ള ഒരു രാജ്യത്താണ് ഈ കൂടിക്കാഴ്ച നടക്കുന്നത് എന്നത് ഭാഗ്യകരമാണ്. അത്തരം പരിവര്‍ത്തനങ്ങളുടെ പുതിയ തരംഗത്തിലേക്ക് നയിക്കുന്ന നിരവധി സ്റ്റാര്‍ട്ടപ്പുകളുടെ കേന്ദ്രവുമാണ് നിങ്ങളുടെ ആതിഥേയ നഗരമായ ഇന്‍ഡോര്‍.
സുഹൃത്തുക്കളെ,
നൂതന സാങ്കേതികവിദ്യകളുടെയും പ്രക്രിയകളുടെയും ഉപയോഗത്തിന് നമ്മുടെ തൊഴില്‍ ശക്തികളെ നാമെല്ലാവരും നൈപുണ്യവല്‍ക്കരിക്കേണ്ടതുണ്ട്. നൈപുണ്യവല്‍ക്കരണം, പുനര്‍നൈപുണ്യവല്‍ക്കരണം, നൈപുണ്യം വര്‍ദ്ധിപ്പിക്കല്‍ (സ്‌കില്ലിംഗ്, റീ-സ്‌കില്ലിംഗ്, അപ്പ് സ്‌കില്ലിംഗ് ) എന്നിവയാണ് ഭാവിയിലെ തൊഴില്‍ ശക്തിയുടെ മന്ത്രങ്ങള്‍. ഈ യാഥാര്‍ത്ഥ്യവുമായി ബന്ധിപ്പിക്കുന്നതിനുള്ള ഇന്ത്യയിലെ ഒരു സംഘടിതപ്രവര്‍ത്തനമാണ് ഞങ്ങളുടെ ”സ്‌കില്‍ ഇന്ത്യ മിഷന്‍”. ഞങ്ങളുടെ ‘പ്രധാനമന്ത്രി കൗശല്‍ വികാസ് യോജനയുടെ’ കീഴില്‍, നമ്മുടെ 12.5 ദശലക്ഷത്തിലധികം യുവജനങ്ങള്‍ ഇതുവരെ പരിശീലനം നേടിയിട്ടുണ്ട്. നാലാം തലമുറ വ്യവസായങ്ങളായ  നിര്‍മ്മിത ബുദ്ധി, റോബോട്ടിക്‌സ്, ഇന്റര്‍നെറ്റ് ഓഫ് തിംഗ്‌സ്, ഡ്രോണുകള്‍ തുടങ്ങിയവയില്‍ പ്രത്യേക ശ്രദ്ധയും കേന്ദ്രീകരിക്കുന്നു.

സുഹൃത്തുക്കളെ,
കോവിഡ് കാലത്ത് ഇന്ത്യയിലെ മുന്‍നിര ആരോഗ്യപ്രവര്‍ത്തകരും മറ്റ് തൊഴിലാളികളും നടത്തിയ അത്ഭുതകരമായ പ്രവര്‍ത്തനങ്ങള്‍ അവരുടെ കഴിവുകളും അര്‍പ്പണബോധവും പ്രകടമാക്കി. അത് നമ്മുടെ സേവനത്തിന്റെയും അനുകമ്പയുടെയും സംസ്‌കാരത്തെയും പ്രതിഫലിപ്പിച്ചു. ലോകത്തിന് വലിയ വൈദഗ്ധ്യമുള്ള തൊഴില്‍ ശക്തി വളരെയധികം നല്‍കുന്ന രാജ്യങ്ങളിലൊന്നായി മാറാനുള്ള ശേഷി തീര്‍ച്ചയായും ഇന്ത്യയ്ക്കുണ്ട്. ആഗോളതലത്തില്‍ ചലനാത്മകമായ ഒരു തൊഴില്‍ ശക്തി എന്നത് ഭാവിയില്‍ യാഥാര്‍ത്ഥ്യമാകാന്‍ പോകുകയാണ്. അതുകൊണ്ട്, കഴിവുകളുടെ വികസനവും പങ്കിടലും യഥാര്‍ത്ഥ അര്‍ത്ഥത്തില്‍ ആഗോളവല്‍ക്കരിക്കാനുള്ള സമയമാണിത്. ഇതില്‍ ജി20 നേതൃപരമായ പങ്ക് വഹിക്കണം. നൈപുണ്യവും യോഗ്യതാ ആവശ്യകതകളും അനുസരിച്ച് അന്താരാഷ്ട്രതലത്തില്‍ തൊഴിലുകള്‍ പരിശോധിക്കുന്നതിനുള്ള നിങ്ങളുടെ പരിശ്രമത്തെ ഞാന്‍ അഭിനന്ദിക്കുന്നു. ഇതിന് അന്താരാഷ്ട്ര സഹകരണത്തിന്റെയും ഏകോപനത്തിന്റെയും കുടിയേറ്റത്തിന്റെയും ചലനാത്മക പങ്കാളിത്തത്തിന്റെയും പുതിയ മാതൃകകള്‍ അനിവാര്യമാണ്. ഈ തൊഴിലുടമകളെയും തൊഴിലാളികളെയും സംബന്ധിച്ച സ്ഥിതിവിവരക്കണക്കുകളും വിവരങ്ങളും ഡാറ്റകളും പങ്കിടുന്നത് തുടക്കത്തിനുള്ള മികച്ച മാര്‍ഗ്ഗമാണ്. മികച്ച വൈദഗ്ധ്യം, തൊഴില്‍ ശക്തി ആസൂത്രണം, നേട്ടമുള്ള തൊഴില്‍ എന്നിവയ്ക്കായി തെളിവുകള്‍ അടിസ്ഥാനമാക്കിയുള്ള നയങ്ങള്‍ രൂപീകരിക്കാന്‍ ഇത് ലോകമെമ്പാടുമുള്ള രാജ്യങ്ങളെ ശാക്തീകരിക്കും.
സുഹൃത്തുക്കളെ,
ഗിഗ്, പ്ലാറ്റ്‌ഫോം സമ്പദ്‌വ്യവസ്ഥയില്‍ തൊഴിലാളികളുടെ പുതിയ വിഭാഗങ്ങളുടെ പരിണാമമാണ് മറ്റൊരു പരിവര്‍ത്തനപരമായ മാറ്റം. മഹാമാരി സമയത്ത് പ്രതിരോധത്തിന്റെ സ്തംഭമായി ഇത് ഉയര്‍ന്നുവന്നു. ഇത് വഴക്കമുള്ള പ്രവര്‍ത്തന ക്രമീകരണങ്ങള്‍ വാഗ്ദാനം ചെയ്യുക മാത്രമല്ല, വരുമാന സ്രോതസ്സുകള്‍ പരിപൂരകമാക്കുകയും ചെയ്യുന്നു. നേട്ടങ്ങളുള്ള തൊഴില്‍ പ്രത്യേകിച്ച് യുവാജനങ്ങള്‍ക്കായി സൃഷ്ടിക്കുന്നതിന് ഇതിന് അപാരമായ സാദ്ധ്യതകളുണ്ട്. സ്ത്രീകളുടെ സാമൂഹിക-സാമ്പത്തിക ശാക്തീകരണത്തിനുള്ള ഒരു പരിവര്‍ത്തന ഉപകരണം കൂടിയാണിത്. അതിന്റെ സാദ്ധ്യതകള്‍ തിരിച്ചറിയുന്നതിന്, ഈ നവയുഗ തൊഴിലാളികള്‍ക്കായി നാം പുതിയ കാലത്തെ നയങ്ങളും ഇടപെടലുകളും രൂപപ്പെടുത്തേണ്ടതുമുണ്ട്. സ്ഥിരവും മതിയായതുമായ ജോലിക്കുള്ള അവസരങ്ങള്‍ സൃഷ്ടിക്കുന്നതിന് സുസ്ഥിരമായ പരിഹാരങ്ങള്‍ നാം കണ്ടെത്തേണ്ടതുണ്ട്. അവര്‍ക്ക് സാമൂഹിക സുരക്ഷ പ്രാപ്യമാക്കുന്നതിനും അവരുടെ സുരക്ഷയ്ക്കും ആരോഗ്യത്തിനും വേണ്ടിയുള്ള പുതിയ മാതൃകകളും നമുക്ക് ആവശ്യമാണ്. ഇന്ത്യയില്‍, ഈ തൊഴിലാളികള്‍ക്കായി ലക്ഷ്യമാക്കിയിട്ടുള്ള ഇടപെടലുകള്‍ക്കായി ഞങ്ങള്‍ ഒരു ‘ഇശ്രമം’ പോര്‍ട്ടല്‍ സൃഷ്ടിച്ചു. ഒരു വര്‍ഷത്തിനുള്ളില്‍ ഏകദേശം 280 ദശലക്ഷം തൊഴിലാളികള്‍ സ്വയം ഈ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തു. ഇപ്പോള്‍, ജോലികള്‍ക്ക് ഇതരദേശവ്യാപക സ്വഭാവമുള്ളതിനാല്‍, ഓരോ രാജ്യവും സമാനമായ പരിഹാരങ്ങള്‍ സ്വീകരിക്കേണ്ടത് പ്രധാനമാണ്. ഞങ്ങളുടെ അനുഭവം പങ്കുവെക്കുന്നതില്‍ ഞങ്ങള്‍ സന്തുഷ്ടരാണ്.
സുഹൃത്തുക്കളെ,
ജനങ്ങള്‍ക്ക് സാമൂഹിക സുരക്ഷ ലഭ്യമാക്കുകയെന്നതാണ് 2030 ലെ അജണ്ടയുടെ പ്രധാന വശം. എന്നാല്‍, അന്തര്‍ദ്ദേശീയ സംഘടനകള്‍ സ്വീകരിച്ചിട്ടുള്ള നിലവിലെ ചട്ടക്കൂട് ചില ഇടുങ്ങിയ വഴികളിലൂടെയുള്ള ഘടനാപരമായ ആനുകൂല്യങ്ങള്‍ മാത്രമാണ് കണക്കാക്കിയിട്ടുള്ളത്. മറ്റ് രൂപങ്ങളില്‍ ലഭ്യമാക്കുന്ന നിരവധി ആനുകൂല്യങ്ങള്‍ ഈ ചട്ടക്കൂടിനുള്ളില്‍ ഉള്‍പ്പെടുന്നില്ല. നമുക്കുള്ള സാര്‍വത്രിക പൊതുജനാരോഗ്യം, ഭക്ഷ്യസുരക്ഷ, ഇന്‍ഷുറന്‍സ്, പെന്‍ഷന്‍ പരിപാടികള്‍ എന്നിവ കണക്കിലെടുക്കുന്നില്ല. ഈ ആനുകൂല്യങ്ങള്‍ നാം പുനര്‍വിചിന്തനം ചെയ്യണം, അതുവഴി സാമൂഹിക പരിരക്ഷാ പരിധിയുടെ ശരിയായ ചിത്രം പിടിച്ചെടുക്കാനാകും. ഓരോ രാജ്യത്തിന്റെയും സവിശേഷമായ സാമ്പത്തിക ശേഷികളും കരുത്തുകളും വെല്ലുവിളികളും നാം പരിഗണിക്കണം. സാമൂഹിക സുരക്ഷയ്ക്കുള്ള സുസ്ഥിരമായ ധനസഹായത്തിന് എല്ലാവര്‍ക്കും ഒരേ അളവുകോല്‍ സമീപനം സ്വീകരിക്കുന്നത് അനുയോജ്യമല്ല. വിവിധ രാജ്യങ്ങള്‍ നടത്തുന്ന അത്തരം പരിശ്രമങ്ങളെ കൃത്യമായി പ്രതിഫലിപ്പിക്കുന്ന ഒരു സംവിധാനത്തെക്കുറിച്ച് ചിന്തിക്കുന്നതിന് നിങ്ങളുടെ വൈദഗ്ദ്ധ്യം നിങ്ങള്‍ പ്രയോഗിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു.

ആദരണീയരെ,
ഈ മേഖലയിലെ ഏറ്റവും അടിയന്തിരമായ ചില പ്രശ്‌നങ്ങള്‍ അഭിസംബോധന ചെയ്യുന്നതില്‍ നിങ്ങള്‍ എല്ലാവരും നടത്തുന്ന ശ്രമങ്ങളെ ഞാന്‍ അഭിനന്ദിക്കുന്നു. ലോകമെമ്പാടുമുള്ള എല്ലാ തൊഴിലാളികളുടെയും ക്ഷേമത്തിനായി ഒരു ശക്തമായ സന്ദേശം നിങ്ങള്‍ ഇന്ന് നല്‍കുമെന്ന് എനിക്ക് ഉറപ്പുണ്ട്. ഫലപ്രദവും വിജയകരവുമായ ഒരു യോഗം ഞാന്‍ നിങ്ങള്‍ക്കെല്ലാവര്‍ക്കും ആശംസിക്കുന്നു.

വളരെയധികം നന്ദി!

 

ND