Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ജി 20 ഉച്ചകോടിയുടെ തയ്യാറെടുപ്പുകള്‍ അവലോകനം ചെയ്യുന്നതിനായി സെപ്തംബര്‍ 3 ന് പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും ഡല്‍ഹി ലെഫ്റ്റനന്റ് ഗവര്‍ണറും ചേര്‍ന്ന് വിപുലമായ സ്ഥലപരിശോധന നടത്തി


ന്യൂഡല്‍ഹി; 2023 സെപ്റ്റംബര്‍ 04

ആസന്നമായിരിക്കുന്ന ജി20 ഉച്ചകോടിക്കുള്ള തയാറെടുപ്പുകള്‍ അവലോകനം ചെയ്യുന്നതിനായി പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ.പി.കെ.മിശ്രയും ഡല്‍ഹി ലെഫ്റ്റനന്റ് ഗവര്‍ണര്‍ ശ്രീ വിനയ് കുമാര്‍ സക്‌സേനയും ചേര്‍ന്ന് ഡല്‍ഹിയിലുടനീളമുള്ള വിവിധ കേന്ദ്രങ്ങളില്‍ വിശദമായ സ്ഥല സന്ദര്‍ശനം നടത്തി.

ജി 20 ഉച്ചകോടിയുടെ തയാറെടുപ്പുമായി ബന്ധപ്പെട്ട ഏകോപന സമിതിയുടെ അദ്ധ്യക്ഷന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയാണ്. ഈ പദവിയുടെ അടിസ്ഥാനത്തില്‍ ആസൂത്രണം ചെയ്തതുപോലെ ഉച്ചകോടി അവിസ്മരണീയമാക്കുന്നതിന് വേണ്ട എല്ലാ കാര്യങ്ങളും പ്രായോഗികമായി നടക്കുന്നുണ്ടെന്ന് ഉറപ്പാക്കാനായിരുന്നു ഡോ. പി.കെ. മിശ്ര അവലോകനം നടത്തിയത്. ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ വരുന്ന എല്ലാ രാഷ്ട്രത്തലവന്മാര്‍ക്കും മറ്റ് അന്താരാഷ്ട്ര പ്രമുഖര്‍ക്കും അവരുടെ സന്ദര്‍ശന വേളയില്‍ ഇന്ത്യയുടെ സംസ്‌കാരത്തിന്റെ ഏകദേശരൂപവും ലോകോത്തര അനുഭവവും ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനുമായിരുന്നു സന്ദര്‍ശനം.

ഭാരത് മണ്ഡപത്തിനൊപ്പം, രാജ്ഘട്ട്, സി ഹെക്‌സഗണ്‍ – ഇന്ത്യാ ഗേറ്റ്, വിമാനത്താവളത്തിന്റെന്റെ ടെര്‍മിനല്‍ 3, അതിന്റെ വി.ഐ.പി ലോഞ്ച്, എയ്‌റോസിറ്റി മേഖല, പ്രധാന റോഡുകളുടെ സുപ്രധാന ഭാഗങ്ങള്‍ എന്നിവയുള്‍പ്പെടെ 20 ഓളം സ്ഥലങ്ങള്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി സന്ദര്‍ശിച്ച് അവലോകനം നടത്തി.

രാജ്ഘട്ടിന്റെ പുറംഭാഗങ്ങളും ഡല്‍ഹിയിലെ പ്രധാന സ്ഥലങ്ങളും ഏകദേശം ചുറ്റുപാടുകളും മനോഹരമാക്കിയിട്ടുണ്ട്. ഭാരതമണ്ഡപത്തില്‍ ‘ശിവ – നടരാജ’ പ്രതിമ സ്ഥാപിച്ചു നടത്തികഴിഞ്ഞു. അഷ്ടധാതുവില്‍ പരമ്പരാഗത രീതിയില്‍ മൂശയില്‍ വാര്‍ത്തെടുക്കുന്ന രീതിയിലാണ് ഏകദേശം 20 ടണ്‍ ഭാരമുള്ള 27 അടി വരുന്ന നടരാജരൂപം നിര്‍മ്മിച്ചിരിക്കുന്നത്. ജി 20 അദ്ധ്യക്ഷതയുടെ സമയത്ത് ഭാരത് മണ്ഡപത്തിന് മുന്നില്‍ സ്ഥാപിച്ചിട്ടുള്ള നൃത്തത്തിന്റെ ദേവനായ ശിവ നടരാജന്റെ ഈ ശില്‍പ്പമാണ് ഏറ്റവും ഉയരമുള്ള വെങ്കല നടരാജ പ്രതിമ.

ഗതാഗത ക്രമീകരണങ്ങള്‍ അവലോകനം ചെയ്ത പ്രിന്‍സിപ്പല്‍ സെക്രട്ടറി സാധാരണ ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാകാതിരിക്കാനായി ബദല്‍ സംവിധാനങ്ങളെക്കുറിച്ച് അവര്‍ക്ക് മതിയായ വിവരങ്ങള്‍ നല്‍കാനും ഭരണനിര്‍വഹകര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ഡല്‍ഹി വിമാനത്താവളത്തിലെ ക്രമീകരണങ്ങളും പ്രത്യേകിച്ച് അതിഥികളെ സ്വാഗതം ചെയ്യുന്നതിനുള്ള സൗകര്യങ്ങളുടെ കാര്യങ്ങളും അവലോകനം ചെയ്തു.

രാഷ്ട്രത്തലവന്മാരുടെ വിമാനങ്ങള്‍ എത്തിച്ചേരുന്ന പാലം വ്യോമസേന സ്‌റ്റേഷന്റെ സാങ്കേതിക മേഖലയും ഡോ.മിശ്ര സന്ദര്‍ശിച്ചു. വിമാനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിനുള്ള സൗകര്യങ്ങള്‍, രാഷ്ട്രത്തലവന്മാര്‍ക്കുള്ള സ്വീകരണം, വിശ്രമമുറികള്‍, മറ്റ് സൗകര്യങ്ങള്‍ എന്നിവയെക്കുറിച്ച് മുതിര്‍ന്ന വ്യോമസേന ഉദ്യോഗസ്ഥര്‍ ഡോ.മിശ്രയോട് വിശദീകരിച്ചു. ടെക്‌നിക്കല്‍ എയര്‍പോര്‍ട്ട് ഏരിയയില്‍ അടിയന്തിര മെഡിക്കല്‍ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.

വലിയതോതിലെ സൗന്ദര്യവല്‍ക്കരണത്തിനുള്ള നടപടികള്‍ ഡല്‍ഹി ലെഫ്റ്റനന്റ് ഗവര്‍ണര്‍ ഏറ്റെടുക്കുകയും അത് നഗരത്തെ കൂടുതല്‍ മികച്ച അന്തരീക്ഷത്തിലേക്ക് നയിക്കുകയും ചെയ്തിട്ടുണ്ട്. ഉപയോഗശൂന്യമായി കിടന്നിരുന്ന കെട്ടിടങ്ങള്‍ നവീകരിച്ചു. ശുചിത്വ പ്രവര്‍ത്തനങ്ങള്‍ക്ക് പുറമെ കണ്ണഞ്ചിപ്പിക്കുന്ന നിരവധി ജലധാരകളും സ്ഥാപിച്ചിട്ടുണ്ട്. രാജ്യത്തിന്റെ വൈവിദ്ധ്യം വെളിവാക്കുന്ന നിരവധി പ്രതിമകളും പോസ്റ്ററുകളും നഗരത്തിലുടനീളം സ്ഥാപിച്ചിട്ടുണ്ട്, ഇത് യാത്രികര്‍ക്കും സന്ദര്‍ശകര്‍ക്കും ആനന്ദകരമായ കാഴ്ചയായി ഉയര്‍ന്നുവന്നിട്ടുമുണ്ട്. പ്രധാനപ്പെട്ട സ്ഥലങ്ങളിലെല്ലാം ജി-20 രാജ്യങ്ങളുടെ ദേശീയ പതാകകള്‍ പ്രദര്‍ശിപ്പിക്കുകയും ജി-20 രാജ്യങ്ങളിലെ ദേശീയ മൃഗങ്ങളുടെ പ്രതിമകള്‍ പോലും പലേടങ്ങളിലും സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്. ഉദ്യോഗസ്ഥരുടെ സംഘത്തിന്റെ പ്രവര്‍ത്തനങ്ങളെ പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി അഭിനന്ദിച്ചു.

പൊതുജനങ്ങള്‍ക്കുള്ള അസൗകര്യം ഒഴിവാക്കുന്നതിനായി, എല്ലാ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കൊപ്പം പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും മിനിബസില്‍ യാത്ര നടത്തി. വൈകുന്നേരം 5 മണിക്കും 8.30 നും ഇടയിലായിരുന്നു സന്ദര്‍ശനം. അവലോകന പ്രവര്‍ത്തനങ്ങള്‍ക്കായി പ്രധാനമന്ത്രിയുടെ ഉപദേഷ്ടാക്കളായ ശ്രീ അമിത് ഖാരെ, ശ്രീ തരുണ്‍ കപൂര്‍, ചീഫ് സെക്രട്ടറി, പോലീസ് കമ്മീഷണര്‍, മറ്റ് നിരവധി ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.

PM India

 

PM India

 

PM India

***

–NS–