കൊൽക്കത്തയിൽ നടന്ന ജി-20 അഴിമതിവിരുദ്ധ മന്ത്രിതല യോഗത്തെ പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി വിദൂരദൃശ്യസംവിധാനത്തിലൂടെ അഭിസംബോധന ചെയ്തു.
നൊബേൽ ജേതാവ് ഗുരുദേവ് രബീന്ദ്രനാഥ ടാഗോറിന്റെ നഗരമായ കൊൽക്കത്തയിലേക്ക് വിശിഷ്ടാതിഥികളെ സ്വാഗതം ചെയ്ത പ്രധാനമന്ത്രി, ഇതാദ്യമായാണ് ജി-20 അഴിമതിവിരുദ്ധ മന്ത്രിതല യോഗം വിളിച്ചുചേർക്കുന്നതെന്ന് എടുത്തുപറഞ്ഞു. വസ്തുതകൾ മനസ്സിലാക്കുന്നതിൽ നിന്ന് ദുരാഗ്രഹം നമ്മെ തടസ്സപ്പെടുത്തുന്നു എന്ന് ടാഗോറിന്റെ വരികൾ ഉദ്ധരിച്ചു പ്രധാനമന്ത്രി പറഞ്ഞു. ‘ദുരാഗ്രഹം ഇല്ലാതിരിക്കട്ടെ’ എന്ന അർഥത്തിലുള്ള ‘മാ ഗൃധ’യ്ക്കായി നിലകൊള്ളുന്ന പുരാതന ഇന്ത്യൻ ഉപനിഷത്തുകളെയും അദ്ദേഹം ചൂണ്ടിക്കാട്ടി.
അഴിമതിയുടെ ഏറ്റവും വലിയ ആഘാതം അനുഭവിക്കുന്നതു ദരിദ്രരും പാർശ്വവൽക്കരിക്കപ്പെട്ടവരുമാണെന്നു പ്രധാനമന്ത്രി പറഞ്ഞു. ഇത് വിഭവ വിനിയോഗത്തെ ബാധിക്കുകയും വിപണികളെ ദുഷിപ്പിക്കുകയും സേവന വിതരണത്തെ ബാധിക്കുകയും ആത്യന്തികമായി ജനങ്ങളുടെ ജീവിതനിലവാരം കുറയ്ക്കുകയും ചെയ്യുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജനങ്ങളുടെ ക്ഷേമത്തിനായി രാജ്യത്തെ വിഭവങ്ങൾ ഉപയോഗപ്പെടുത്തുന്നത് പ്രോത്സാഹിപ്പിക്കേണ്ടത് ഗവണ്മെന്റിന്റെ കടമയാണെന്ന് അർഥശാസ്ത്രത്തിലെ കൗടില്യന്റെ വരികൾ ഉദ്ധരിച്ചു പ്രധാനമന്ത്രി പറഞ്ഞു. ഈ ലക്ഷ്യം കൈവരിക്കുന്നതിനായി അഴിമതിയെ നേരിടേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും അത് ജനങ്ങളോടുള്ള ഗവണ്മെന്റിൻറെ മഹത്തായ കടമയാണെന്നും അദ്ദേഹം വ്യക്തമാക്കി.
“അഴിമതിക്കെതിരെ സഹിഷ്ണുതാരഹിതമായ കരുത്തുറ്റ നയമാണ് ഇന്ത്യ പിന്തുടരുന്നത്”- സുതാര്യവും ഉത്തരവാദിത്വമുള്ളതുമായ ആവാസവ്യവസ്ഥ സൃഷ്ടിക്കുന്നതിന് ഇന്ത്യ സാങ്കേതികവിദ്യയും ഇ-ഗവേണൻസും പ്രയോജനപ്പെടുത്തുന്നുവെന്ന് അടിവരയിട്ട് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. ക്ഷേമപദ്ധതികളിലെയും ഗവണ്മെന്റ് പദ്ധതികളിലെയും ചോർച്ചകളും വിടവുകളും നികത്തപ്പെടുകയാണെന്ന് അദ്ദേഹം പരാമർശിച്ചു. തൽഫലമായി, ഇന്ത്യയിലെ കോടിക്കണക്കിനുപേർക്ക് അവരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് 360 ബില്യൺ ഡോളറിലധികം തുക നേരിട്ടുള്ള ആനുകൂല്യങ്ങൾ വഴി കൈമാറ്റം ചെയ്യപ്പെട്ടു. 33 ബില്യൺ ഡോളർ നിക്ഷേപമായി സംരക്ഷിക്കാൻ കഴിഞ്ഞതായും പ്രധാനമന്ത്രി പറഞ്ഞു. വ്യവസായങ്ങൾക്കായുള്ള വിവിധ നടപടിക്രമങ്ങൾ ഗവണ്മെന്റ് ലഘൂകരിച്ചിട്ടുണ്ടെന്നും ഗവണ്മെന്റ് സേവനങ്ങളുടെ അതിയന്ത്രവൽക്കരണവും ഡിജിറ്റൽ രൂപത്തിലാക്കലും വഴി കൈക്കൂലിക്കുള്ള അവസരങ്ങൾ ഒഴിവാക്കപ്പെട്ടതായും ഉദാഹരണമായി പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. “ഞങ്ങളുടെ ഗവണ്മെന്റ് ഇ-മാർക്കറ്റ്പ്ലേസ് അഥവാ ജിഇഎം പോർട്ടൽ ഗവണ്മെന്റ് സംഭരണത്തിൽ കൂടുതൽ സുതാര്യത കൊണ്ടുവന്നിട്ടുണ്ട്”- അദ്ദേഹം കൂട്ടിച്ചേർത്തു. സാമ്പത്തിക കുറ്റവാളികളെ ഗവണ്മെന്റ് ശക്തമായി പിന്തുടരുകയാണെന്നും, 1.8 ബില്യൺ ഡോളർ മൂല്യമുള്ള സ്വത്തുക്കൾ സാമ്പത്തിക കുറ്റവാളികളിൽ നിന്നും പിടികിട്ടാപ്പുള്ളികളിൽ നിന്നും വീണ്ടെടുത്തതായും 2018-ലെ സാമ്പത്തിക കുറ്റവാളികൾക്കെതിരെയുള്ള നിയമനിർമ്മാണത്തെ കുറിച്ച് സംസാരിക്കവെ പ്രധാനമന്ത്രി പറഞ്ഞു. 2014ന് ശേഷം കുറ്റവാളികളുടെ 12 ബില്യൺ ഡോളറിലധികം മൂല്യമുള്ള സ്വത്ത് കണ്ടുകെട്ടാൻ സഹായിച്ച കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമത്തെക്കുറിച്ചും അദ്ദേഹം പരാമർശിച്ചു.
പിടികിട്ടാപ്പുള്ളികളായ സാമ്പത്തിക കുറ്റവാളികൾ ജി-20 രാജ്യങ്ങളിലും ഗ്ലോബൽ സൗത്ത് രാജ്യങ്ങളിലും ഉയർത്തുന്ന വെല്ലുവിളികളെക്കുറിച്ച് 2014ലെ അദ്ദേഹത്തിൻറെ ആദ്യ ജി-20 ഉച്ചകോടിയിൽ സംസാരിച്ചത് പ്രധാനമന്ത്രി സൂചിപ്പിച്ചു. 2018ലെ ജി-20 ഉച്ചകോടിയിൽ പിടികിട്ടാപ്പുള്ളികളായ സാമ്പത്തിക കുറ്റവാളികൾക്കെതിരെയും, ആസ്തി തിരിച്ചുപിടിക്കാനുമുള്ള ഒമ്പതിന പ്രവർത്തന കാര്യപരിപാടി അവതരിപ്പിച്ചത് പരാമർശിച്ച പ്രധാനമന്ത്രി, വിഷയത്തിൽ നിർണായകമായ നടപടികൾ പ്രവർത്തകസമിതി കൈക്കൊണ്ടതിൽ സന്തോഷം പ്രകടിപ്പിച്ചു. വിവരങ്ങൾ പങ്കുവയ്ക്കുന്നതിലൂടെയുള്ള നിയമപാലകരുടെ സഹകരണം, ആസ്തി വീണ്ടെടുക്കൽ സംവിധാനങ്ങൾ ശക്തിപ്പെടുത്തൽ, അഴിമതിവിരുദ്ധ ഉദ്യോഗസ്ഥരുടെ ആത്മാർഥതയും പ്രവർത്തനക്ഷമതയും വർധിപ്പിക്കൽ എന്നിങ്ങനെയുള്ള മൂന്നു മുൻഗണനാ മേഖലകളിലെ പ്രവർത്തനാധിഷ്ഠിത ഉന്നതതല തത്വങ്ങളെ പ്രധാനമന്ത്രി സ്വാഗതം ചെയ്തു. അതിർത്തി കടക്കുന്നതിലൂടെ ലഭിക്കുന്ന നിയമപരമായ പഴുതുകൾ മുതലെടുക്കുന്നതിൽ നിന്ന് കുറ്റവാളികളെ തടയാൻ നിയമനിർവഹണ ഏജൻസികൾ തമ്മിലുള്ള അനൗപചാരിക സഹകരണം സംബന്ധിച്ച് ധാരണയിലെത്തിയതിൽ അദ്ദേഹം സന്തോഷം പ്രകടിപ്പിച്ചു. സമയോചിതമായ ആസ്തി വീണ്ടെടുക്കലും കുറ്റകൃത്യ നടപടികളുടെ തിരിച്ചറിയലും ഒരുപോലെ പ്രധാനമാണ് എന്ന് എടുത്തുപറഞ്ഞ പ്രധാനമന്ത്രി, ആസ്തി വീണ്ടെടുക്കൽ സംവിധാനങ്ങൾ മെച്ചപ്പെടുത്തുന്നതിന് രാജ്യങ്ങളെ പ്രോത്സാഹിപ്പിക്കേണ്ടതിന്റെ ആവശ്യകതയ്ക്കും ഊന്നൽ നൽകി. വിദേശ സ്വത്തുക്കൾ വീണ്ടെടുക്കുന്നത് ത്വരിതപ്പെടുത്തുന്നതിന് ശിക്ഷാവിധേയമല്ലാത്ത കണ്ടുകെട്ടൽ മാർഗ്ഗങ്ങളിലൂടെ ജി-20 രാജ്യങ്ങൾക്ക് മാതൃക കാണിക്കാൻ കഴിയുമെന്ന് ശ്രീ മോദി നിർദ്ദേശിച്ചു. അത് കുറ്റവാളികളെ വേഗത്തിൽ തിരികെ കൊണ്ടുവരുന്നതും കൈമാറ്റവും ഉറപ്പാക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. “അഴിമതിക്കെതിരെയുള്ള നമ്മുടെ സംയുക്ത പോരാട്ടത്തെക്കുറിച്ച് അത് ശക്തമായ സൂചന നൽകും”- അദ്ദേഹം വ്യക്തമാക്കി.
ജി 20 രാജ്യങ്ങളുടെ കൂട്ടായ ശ്രമങ്ങൾക്ക് അഴിമതിക്കെതിരായ പോരാട്ടത്തെ ഗണ്യമായി പിന്തുണയ്ക്കാൻ കഴിയുമെന്നും അന്താരാഷ്ട്ര സഹകരണം വർധിപ്പിക്കുന്നതിലൂടെ വലിയ മാറ്റമുണ്ടാക്കാനും, അഴിമതിയുടെ മൂലകാരണങ്ങൾ പരിഹരിക്കുന്ന ശക്തമായ നടപടികൾ നടപ്പിലാക്കാനും കഴിയുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. അഴിമതിക്കെതിരായ പോരാട്ടത്തിൽ ഓഡിറ്റ് സ്ഥാപനങ്ങളുടെ പങ്കും ശ്രീ മോദി എടുത്തുപറഞ്ഞു. നമ്മുടെ ഭരണപരവും നിയമപരവുമായ സംവിധാനങ്ങളെ ശക്തിപ്പെടുത്തുന്നതിനൊപ്പം, മൂല്യവ്യവസ്ഥകളിൽ ധാർമികതയുടെയും സമഗ്രതയുടെയും സംസ്കാരം വളർത്തിയെടുക്കണമെന്നും പ്രഭാഷണം ഉപസംഹരിക്കവേ പ്രധാനമന്ത്രി വിശിഷ്ട വ്യക്തികളോട് അഭ്യർഥിച്ചു. “അങ്ങനെ ചെയ്യുന്നതിലൂടെ മാത്രമേ നമുക്ക് നീതിയും സുസ്ഥിരവുമായ സമൂഹത്തിന് അടിത്തറ പാകാൻ കഴിയൂ. നിങ്ങൾ ഏവർക്കും ഫലപ്രദവും വിജയകരവുമായ കൂടിക്കാഴ്ച ആശംസിക്കുന്നു”- പ്രധാനമന്ത്രി ഉപസംഹരിച്ചു.
My remarks at the G20 Anti-Corruption Ministerial Meeting in Kolkata. @g20org https://t.co/dmaS4NwLcM
— Narendra Modi (@narendramodi) August 12, 2023
ND
My remarks at the G20 Anti-Corruption Ministerial Meeting in Kolkata. @g20org https://t.co/dmaS4NwLcM
— Narendra Modi (@narendramodi) August 12, 2023