2021 – 2024 കാലഘട്ടത്തില്‍ അഞ്ച് വിക്ഷേപണ ദൗത്യങ്ങളടങ്ങുന്ന നിലവിലെ ജി.എസ്.എല്‍.വി തുടര്‍ പരിപാടിയുടെ നാലാം ഘട്ടത്തിന് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗം അനുമതി നല്‍കി.
ഭൂമിയുടെ ചിത്രങ്ങളെടുക്കല്‍, ഗതി നിര്‍ണ്ണയം, ബഹിരാകാശ ശാസ്ത്ര ഗവേഷണം, ഡാറ്റ റിലേ വാര്‍ത്താ വിനിമയം എന്നിവയ്ക്കായി രണ്ട് ടണ്‍ വരെ ഭാരമുള്ള ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കാന്‍ ലക്ഷ്യമിടുന്നതാണ് ജി.എസ്.എല്‍.വി പരിപാടിയുടെ നാലാം ഘട്ടം.
സാമ്പത്തിക ബാധ്യത :
നിലവിലുള്ള ജി.എസ്.എല്‍.വി തുടര്‍ പരിപാടിക്ക് വേണ്ടി വരുന്ന മൊത്തം ചെലവ് 2729.13 കോടി രൂപയാണ്. ഇതില്‍ അഞ്ച് ജി.എസ്.എല്‍.വി വാഹനങ്ങളുടെ ചെലവ്, സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കല്‍, പ്രോഗ്രാം മാനേജ്‌മെന്റ്, വിക്ഷേപണ പ്രചാരണ പരിപാടി മുതലായവ ഉള്‍പ്പെടും.
പ്രയോജനങ്ങള്‍ :
നിര്‍ണ്ണായകമായ ഉപഗ്രഹ ഗതി നിര്‍ണ്ണയ സേവനങ്ങള്‍, മനുഷ്യനെയും വഹിച്ചു കൊണ്ടുള്ള ഇന്ത്യയുടെ വിക്ഷേപണ പരിപാടിയ്ക്ക് പിന്തുണ നല്‍കാനുള്ള ഡാറ്റാ റിലേ വാര്‍ത്താ വിനിമയം എന്നിവയ്ക്ക് പുറമെ ചൊവ്വ ഗ്രഹത്തിലേക്കുള്ള ഗോളാന്തര പര്യവേക്ഷണം എന്നിവ ലക്ഷ്യമിടുന്നതാണ് ജി.എസ്.എല്‍.വി തുടര്‍ പരിപാടിയുടെ നാലാം ഘട്ടം. ഇന്ത്യന്‍ വ്യവസായത്തിന്റെ നിര്‍മ്മാണ തുടര്‍ച്ചയും ഇത് ഉറപ്പ് വരുത്തുന്നു.
നടത്തിപ്പ് തന്ത്രങ്ങളും ലക്ഷ്യങ്ങളും :
ഇന്ത്യന്‍ വ്യവസായങ്ങളുടെ പരമാവധി പങ്കാളിത്തം ഉറപ്പാക്കിക്കൊണ്ട് പ്രതിവര്‍ഷം രണ്ട് വിക്ഷേപണം വരെ സാധ്യമാക്കാന്‍ പരിപാടി ലക്ഷ്യമിടുന്നു. പദ്ധതിയുടെ എല്ലാ വിക്ഷേപണ ദൗത്യങ്ങളും 2021 – 2024 കാലഘട്ടത്തില്‍ തന്നെ പൂര്‍ത്തിയാക്കും.
സുപ്രധാന നേട്ടം :
ജി.എസ്.എല്‍.വി ദൗത്യം വഴി രണ്ട് ടണ്‍ വരെ ഭാരമുള്ള വാര്‍ത്താ വിനിമയ കാലാവസ്ഥാ ഉപഗ്രഹങ്ങളുടെ വിക്ഷേപണത്തിന് രാജ്യം സ്വയംപര്യാപ്തത കൈവരിച്ചു. അടുത്ത തലമുറയിലെ ഗതിനിര്‍ണ്ണയ ഉപഗ്രഹങ്ങള്‍, ഡാറ്റാ റിലേ വാര്‍ത്താ വിനിമയ ഉപഗ്രഹങ്ങള്‍, ഗോളാന്തര ദൗത്യങ്ങള്‍ എന്നിവ ഉള്‍പ്പെടെയുള്ള ദേശീയ ആവശ്യങ്ങള്‍ക്ക് ഇത്തരം ഉപഗ്രഹങ്ങളുടെ വിക്ഷേപണത്തില്‍ സ്വാശ്രയത്വം നിലനിര്‍ത്താനും ശക്തിപ്പെടുത്താനും ജി.എസ്.എല്‍.വി തുടര്‍ പരിപാടി ഉപകരിക്കും. ജിയോ സിങ്ക്രണസ് ട്രാന്‍സ്ഫര്‍ ഓര്‍ബിറ്റ് (ജി.ടി.ഒ) യില്‍ രണ്ട് ടണ്‍ വരെ ഭാരമുള്ള ഉപഗ്രഹങ്ങള്‍ എത്തിക്കാന്‍ ജി.എസ്.എല്‍.വി ക്ക് കഴിഞ്ഞു. ഈ ഭ്രമണപഥത്തില്‍ വാര്‍ത്താ വിനിമയ ഉപഗ്രഹങ്ങള്‍ എത്തിക്കുന്നതിന് അതീവ സങ്കീര്‍ണ്ണ ചലന സാങ്കേതിക വിദ്യയായ ക്രയോജനിക് സാങ്കേതിക വിദ്യയില്‍ പ്രാമാണികത്വം കൈവരിക്കാന്‍ കഴിഞ്ഞു എന്നതാണ് ജി.എസ്.എല്‍.വി തുടര്‍ പരിപാടിയുടെ പ്രധാന നേട്ടങ്ങളിലൊന്ന്. അടുത്ത തലമുറയിലെ വിക്ഷേപണ വാഹനമായ ജി.എസ്.എല്‍.വി മാര്‍ക്ക് ത്രീയ്ക്കും ഹൈ ത്രസ്റ്റ് ക്രയോജനിക് എഞ്ചിന്റെ വികസനത്തിന് ഇത് വഴിയൊരുക്കി.
2018 ഡിസംബര്‍ 19 ന് ജി.എസ്.എല്‍.വി – എഫ് 11 ന്റെ വിജയകരമായ വിക്ഷേപണത്തിലൂടെ ജി.എസ്.എല്‍.വി പത്ത് ദേശീയ ഉപഗ്രഹങ്ങളെ വിജയകരമായി ഭ്രമണപഥത്തിലെത്തിച്ചു.
തദ്ദേശീയ ക്രയോജനിക് അപ്പര്‍ സ്റ്റേജോടു കൂടിയ ജി.എസ്.എല്‍.വി ഇതിനകം വാര്‍ത്താവിനിമയ, ഗതിനിര്‍ണ്ണയ, കാലാവസ്ഥാ ഉപഗ്രഹങ്ങള്‍ക്കും, ഭാവിയിലെ ഗോളാന്തര ദൗത്യങ്ങള്‍ക്കും വിശ്വസനീയ വിക്ഷേപണ വാഹനമായി മാറിക്കഴിഞ്ഞു.
ജി.എസ്.എല്‍.വി തുടര്‍ പരിപാടി 2003 ലാണ് ആദ്യം അനുവദിച്ചത്. രണ്ട് ഘട്ടങ്ങള്‍ ഇതിനകം പൂര്‍ത്തിയാക്കി കഴിഞ്ഞു. ഇപ്പോള്‍ പുരോഗമിക്കുന്ന മൂന്നാം ഘട്ടം 2020- 2021 അവസാന പാദത്തോടെ പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.