Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ജല്‍ ജീവന്‍ ദൗത്യവുമായി ബന്ധപ്പെട്ട് ഗ്രാമപഞ്ചായത്തുകളുമായും ജലസമിതികളുമായും പ്രധാനമന്ത്രി നടത്തിയ ആശയവിനിമയം

ജല്‍ ജീവന്‍ ദൗത്യവുമായി ബന്ധപ്പെട്ട് ഗ്രാമപഞ്ചായത്തുകളുമായും ജലസമിതികളുമായും പ്രധാനമന്ത്രി നടത്തിയ ആശയവിനിമയം


നമസ്‌കാരം,

 കേന്ദ്ര മന്ത്രിസഭയിലെ എന്റെ സഹപ്രവര്‍ത്തകര്‍ ശ്രീ ഗജേന്ദ്ര സിംഗ് ഷെഖാവത്ത് ജി, ശ്രീ പ്രഹ്ലാദ് സിംഗ് പട്ടേല്‍ ജി, ശ്രീ ബിശ്വേശ്വര്‍ ടുഡു ജി, സംസ്ഥാന മുഖ്യമന്ത്രിമാര്‍, മന്ത്രിമാര്‍, ഈ പരിപാടിയില്‍ ഓണ്‍ലൈനായി എനിക്കൊപ്പം ചേരുന്ന രാജ്യത്തുടനീളമുള്ള പഞ്ചായത്തുകളിലെയും ജലസമിതികളിലെയും അംഗങ്ങളേ,
 
ഒക്ടാബര്‍ 2 ന് രാജ്യത്തെ രണ്ട് മഹാന്മാരായ പുത്രന്മാരെക്കുറിച്ചു നമ്മള്‍ അഭിമാനിക്കുന്നു ; ഇന്ത്യയുടെ ഗ്രാമങ്ങള്‍ ബാപ്പുവിന്റെയും ലാല്‍ ബഹദൂര്‍ ശാസ്ത്രിജിയുടെയും ഹൃദയത്തിന്റെ ഭാഗമായിരുന്നു. ഈ ദിവസം രാജ്യമെമ്പാടുമുള്ള ലക്ഷക്കണക്കിന് ഗ്രാമങ്ങളില്‍ നിന്നുള്ള ആളുകള്‍ ഗ്രാമസഭകളുടെ പേരില്‍ ‘ജല്‍ ജീവന്‍ സംവാദം’സംഘടിപ്പിക്കുന്നതില്‍ എനിക്ക് സന്തോഷമുണ്ട്. മുമ്പ് ഉണ്ടാകാത്തതും രാജ്യവ്യാപകവുമായ ഈ ദൗത്യം ഈ ഉത്സാഹവും .ഊര്‍ജ്ജവും കൊണ്ട് മാത്രമേ വിജയിപ്പിക്കാനാകൂ. ജല്‍ ജീവന്‍ ദൗത്യത്തിന്റെ ദര്‍ശനം ജനങ്ങള്‍ക്ക് വെള്ളം ലഭ്യമാക്കുക മാത്രമല്ല, ഇതൊരു ജനകീയ അധികാര വികേന്ദ്രീകരണ പ്രസ്ഥാനം കൂടിയാണ്.  ഇത് ഗ്രാമങ്ങള്‍ നയിക്കുന്നതും സ്ത്രീകള്‍ നയിക്കുന്നതുമായ പ്രസ്ഥാനമാണ്.  ബഹുജന മുന്നേറ്റവും പൊതുജന പങ്കാളിത്തവുമാണ് ഇതിന്റെ പ്രധാന അടിസ്ഥാനം.  ഇന്ന് ഈ പരിപാടിയില്‍ ഇത് സംഭവിക്കുന്നത് നമ്മള്‍ കാണുന്നു.

 സഹോദരീ സഹോദരന്മാരെ,

 ജല്‍ ജീവന്‍ ദൗത്യത്തെ കൂടുതല്‍ ശാക്തീകരിക്കാനും സുതാര്യമാക്കാനും ഇന്ന് നിരവധി നടപടികള്‍ കൂടി സ്വീകരിച്ചിട്ടുണ്ട്. ഈ പ്രചാരണപരിാടിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ജല്‍ ജീവന്‍ മിഷന്‍ ആപ്പില്‍ ലഭ്യമാകും. എത്ര വീടുകളില്‍ വെള്ളം ലഭ്യമാണ്, ജലത്തിന്റെ ഗുണനിലവാരം, ജലവിതരണ പദ്ധതിയുടെ വിശദാംശങ്ങള്‍ തുടങ്ങിയവ. നിങ്ങളുടെ ഗ്രാമത്തിന്റെ വിവരങ്ങളും ഇതില്‍ ഉണ്ടാകും. ജലത്തിന്റെ ഗുണനിലവാരം നിരീക്ഷിക്കാന്‍ ജല ഗുണനിലവാര നിരീക്ഷണവും നിരീക്ഷണ ചട്ടക്കൂടും സഹായിക്കും.  ഈ ആപ്പിന്റെ സഹായത്തോടെ ഗ്രാമങ്ങളിലെ ജനങ്ങള്‍ക്ക് ജലത്തിന്റെ പരിശുദ്ധി സൂക്ഷ്മമായി നിരീക്ഷിക്കാനും കഴിയും.

 സുഹൃത്തുക്കളേ,

 ഈ വര്‍ഷം നമ്മള്‍ ആദരണീയനായ ബാപ്പുവിന്റെ ജന്മദിനത്തോടൊപ്പം സ്വാതന്ത്ര്യത്തിന്റെ ധര്‍മ യുഗവും ആഘോഷിക്കുന്നു. ബാപ്പുവിന്റെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാന്‍ ജനങ്ങള്‍ അക്ഷീണം പരിശ്രമിക്കുകയും അവരുടെ പിന്തുണ നല്‍കുകയും ചെയ്തു എന്നത് വളരെ സംതൃപ്തി നല്‍കുന്ന കാര്യമാണ്.  ഇന്ന് രാജ്യത്തെ നഗരങ്ങളും ഗ്രാമങ്ങളും വെളിയിട വിസര്‍ജ്ജന വിമുക്തമായി പ്രഖ്യാപിച്ചിരിക്കുന്നു. രണ്ട് ലക്ഷത്തോളം ഗ്രാമങ്ങള്‍ മാലിന്യ സംസ്‌കരണത്തില്‍ പങ്കാളികളാണ്. ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് നിര്‍ത്തലാക്കാന്‍ 40,000 ഗ്രാമപഞ്ചായത്തുകളും തീരുമാനിച്ചു.  വളരെക്കാലമായി അവഗണനയുടെ ഇരയായിരുന്ന ഖാദി ഇപ്പോള്‍ വളരെയധികം വില്‍ക്കപ്പെടുന്നു.  ഈ ശ്രമങ്ങളെല്ലാം കൊണ്ട്, ആത്മനിര്‍ഭര്‍ പ്രചാരണത്തിന്റെ നിശ്ചയദാര്‍ഢ്യത്തോടെയാണ് രാജ്യം മുന്നോട്ട് പോകുന്നത്.

 സുഹൃത്തുക്കളേ,

 ‘ഗ്രാമ സ്വരാജ്’ എന്നതിന്റെ യഥാര്‍ത്ഥ അര്‍ത്ഥം അത് ആത്മവിശ്വാസത്തിന്റെ പ്രവാഹമാകണം എന്നാണ് ഗാന്ധിജി പറഞ്ഞിരുന്നത്. അതിനാല്‍, ഗ്രാമ സ്വരാജിന്റെ ഈ തത്ത്വചിന്ത യാഥാര്‍ത്ഥ്യമാക്കണമെന്നത് എന്റെ നിരന്തര പരിശ്രമമാണ്. ഗുജറാത്തിലെ എന്റെ നീണ്ട കാലയളവില്‍, ഗ്രാമസ്വരാജിന്റെ ദര്‍ശനം സാക്ഷാത്കരിക്കാനുള്ള പദവി എനിക്കു ലഭിച്ചു. നിര്‍മ്മല്‍ ഗാവോണിന്റെ കീഴില്‍ വെളിയിട വിസര്‍ജ്ജനം, ജല്‍ മന്ദിര്‍ പ്രചാരണ പരിപാടിക്കു കീഴില്‍ പഴയ പടി കിണറുകള്‍ പുനരുജ്ജീവിപ്പിക്കല്‍, ജ്യോതിഗ്രാം പദ്ധതിയില്‍ ഗ്രാമങ്ങള്‍ക്ക് 24 മണിക്കൂര്‍ വൈദ്യുതി വിതരണം, തീര്‍ത്ഥഗ്രാമം പദ്ധതി പ്രകാരം ഗ്രാമങ്ങളില്‍ ഐക്യം പ്രോത്സാഹിപ്പിക്കല്‍,  ഇ-ഗ്രാം വഴി എല്ലാ ഗ്രാമപഞ്ചായത്തുകളിലേക്കും ബ്രോഡ്ബാന്‍ഡ് കണക്ഷന്‍ തുടങ്ങി നിരവധി ശ്രമങ്ങളിലൂടെ സംസ്ഥാനത്തെ വികസനത്തിന്റെ മുഖ്യധാരയില്‍ എത്തിച്ചു. കഴിഞ്ഞ രണ്ട് ദശകങ്ങളില്‍, ഗുജറാത്തിന് ദേശീയ, അന്തര്‍ദേശീയ സ്ഥാപനങ്ങളില്‍ നിന്ന് നിരവധി അംഗീകാരങ്ങള്‍ ലഭിച്ചിട്ടുണ്ട്, പ്രത്യേകിച്ച് ജലമേഖലയിലെ മികച്ച പ്രവര്‍ത്തനത്തിന്.

 സുഹൃത്തുക്കളേ,

 2014 ല്‍ രാജ്യം എനിക്ക് ഒരു പുതിയ ഉത്തരവാദിത്തം നല്‍കിയപ്പോള്‍, ഗുജറാത്തിലെ ഗ്രാമസ്വരാജിന്റെ അനുഭവം ദേശീയ തലത്തില്‍ വിപുലീകരിക്കാന്‍ എനിക്ക് അവസരം ലഭിച്ചു. ഗ്രാമസ്വരാജ് എന്നാല്‍ പഞ്ചായത്തുകളില്‍ തിരഞ്ഞെടുപ്പ് നടത്തുക, അല്ലെങ്കില്‍ ഗ്രാമമുഖ്യരെ തെരഞ്ഞെടുക്കുക എന്നതു മാത്രമല്ല അര്‍ത്ഥമാക്കുന്നത്. ഗ്രാമങ്ങളുടെ വികസന പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട ആസൂത്രണത്തിലും മാനേജ്‌മെന്റിലും ഗ്രാമങ്ങളിലെ ആളുകള്‍ സജീവമായി പങ്കെടുക്കുമ്പോള്‍ മാത്രമേ ഗ്രാമസ്വരാജ് ഫലപ്രദമാകൂ.  ഈ ലക്ഷ്യം മുന്‍നിര്‍ത്തി, ഗ്രാമപഞ്ചായത്തുകള്‍ക്ക്, പ്രത്യേകിച്ച് വെള്ളത്തിനും ശുചിത്വത്തിനുമായി സര്‍ക്കാര്‍ 2.25 ലക്ഷം കോടിയിലധികം രൂപ നേരിട്ട് നല്‍കി.  ഇപ്പോള്‍ ഗ്രാമപഞ്ചായത്തുകള്‍ക്ക് കൂടുതല്‍ കൂടുതല്‍ അധികാരങ്ങള്‍ നല്‍കുമ്പോള്‍, മറുവശത്ത്, സുതാര്യതയും പരിപാലിക്കപ്പെടുന്നു. ജല്‍ ജീവന്‍ മിഷന്‍, പാനി സമിതികള്‍ (ജല സമിതികള്‍) എന്നിവയും ഗ്രാമ സ്വരാജിനോടുള്ള കേന്ദ്ര ഗവണ്‍മെന്റിന്റെ പ്രതിബദ്ധതയുടെ വലിയ തെളിവാണ്.

 സുഹൃത്തുക്കളേ,

 ഗ്രാമങ്ങളിലെ സ്ത്രീകളും കുട്ടികളും വെള്ളം കൊണ്ടുവരാന്‍ മൈലുകളോളം നടക്കുന്നതെങ്ങനെയെന്ന് വിശദമായി പറഞ്ഞിട്ടുള്ള, അത്തരം നിരവധി സിനിമകള്‍ നമ്മള്‍ കണ്ടിട്ടുണ്ട്, കഥകളും കവിതകളും വായിച്ചിട്ടുണ്ട്.  ഒരു ഗ്രാമം എന്ന ചിന്ത മനസ്സില്‍ വരുമ്പോള്‍ ആളുകള്‍ക്ക് അത്തരം പോരാട്ടങ്ങളുടെ ചിത്രങ്ങള്‍ ഉണ്ട്. എന്നാല്‍ ഈ ആളുകള്‍ക്ക് എന്തുകൊണ്ടാണ് എല്ലാ ദിവസവും ഒരു നദിയിലോ കുളത്തിലോ പോകേണ്ടതെന്നും എന്തുകൊണ്ടാണ് അവര്‍ക്ക് വെള്ളം ലഭ്യമല്ലാത്തതെന്നും വളരെ കുറച്ച് ആളുകള്‍ക്കാണു മനസ്സില്‍ ചോദ്യങ്ങളുള്ളത്. തീരുമാനമെടുക്കാനുള്ള ഉത്തരവാദിത്തം  വളരെക്കാലം വഹിച്ചിരുന്നവര്‍ ഇത് സ്വയം ചോദിക്കണമായിരുന്നു. പക്ഷേ അവര്‍ ചെയ്തില്ല.  കാരണം ഈ ആളുകള്‍ താമസിച്ചിരുന്നിടത്ത്, അവര്‍ ഒരിക്കലും ജലത്തിന്റെ പ്രശ്‌നം കണ്ടിരുന്നില്ല.  വെള്ളമില്ലാത്ത ജീവിതത്തിന്റെ വേദന പോലും അവര്‍ക്കറിയില്ല.  അവരുടെ വീടുകളില്‍ ധാരാളം വെള്ളമുണ്ട്, നീന്തല്‍ക്കുളങ്ങളില്‍ വെള്ളമുണ്ട്, അവര്‍ക്ക് എല്ലായിടത്തും വെള്ളമുണ്ട്.  അത്തരം ആളുകള്‍ ഒരിക്കലും ദാരിദ്ര്യം കണ്ടിട്ടില്ല. അതിനാല്‍ ദാരിദ്ര്യം അവര്‍ക്ക് ഒരു ആകര്‍ഷകമായ കാര്യമായി തുടര്‍ന്നു. സാഹിത്യത്തിലും ബൗദ്ധിക വിജ്ഞാനത്തിലും പ്രകടമാക്കാനുള്ള വിഷയം. ഈ ആളുകള്‍ക്ക് ഒരു ആദര്‍ശ ഗ്രാമത്തോട് സ്‌നേഹം ഉണ്ടായിരിക്കണം, പക്ഷേ അവര്‍ ഗ്രാമങ്ങളിലെ ദാരിദ്ര്യം ഇഷ്ടപ്പെട്ടു.

 ഗുജറാത്ത് പോലെ വരള്‍ച്ച ഏറ്റവും കൂടുതല്‍ കണ്ട ഒരു സംസ്ഥാനത്തു നിന്നാണു ഞാന്‍ വരുന്നത്. ഓരോ തുള്ളി വെള്ളത്തിന്റെയും പ്രാധാന്യവും എനിക്കറിയാം. ഗുജറാത്ത് മുഖ്യമന്ത്രിയായപ്പോള്‍ ജനങ്ങള്‍ക്ക് വെള്ളം ലഭ്യമാക്കുക, ജലസംരക്ഷണം എന്നിവയായിരുന്നു എന്റെ മുന്‍ഗണനകള്‍.  ഞങ്ങള്‍ ആളുകള്‍ക്കും കര്‍ഷകര്‍ക്കും വെള്ളം ലഭ്യമാക്കുക മാത്രമല്ല, ഭൂഗര്‍ഭ ജലനിരപ്പില്‍ വര്‍ദ്ധനവുണ്ടെന്ന് ഉറപ്പാക്കുകയും ചെയ്തു.  പ്രധാനമന്ത്രിയായ ശേഷം ജല വെല്ലുവിളികളില്‍ ഞാന്‍ നിരന്തരം പ്രവര്‍ത്തിക്കാന്‍ ഇത് ഒരു വലിയ കാരണമായിരുന്നു.  ഇന്ന് നമുക്ക് ലഭിക്കുന്ന ഫലങ്ങള്‍ ഓരോ ഇന്ത്യക്കാരനും അഭിമാനിക്കാന്‍ പോന്നവയാണ്.

 സ്വാതന്ത്ര്യത്തിന് ശേഷവും 2019 വരെ നമ്മുടെ രാജ്യത്തെ മൂന്ന് കോടി കുടുംബങ്ങള്‍ക്ക് മാത്രമേ പൈപ്പ് വെള്ളം ലഭിച്ചിട്ടുള്ളൂ.  2019 ല്‍ ജല്‍ ജീവന്‍ മിഷന്‍ ആരംഭിച്ചതിനുശേഷം അഞ്ച് കോടി കുടുംബങ്ങള്‍ക്ക് ഇപ്പോള്‍ വാട്ടര്‍  കണക്ഷന്‍ ഉണ്ട്. ഇന്ന്, രാജ്യത്തെ 80 ജില്ലകളിലെ 1.25 ലക്ഷം ഗ്രാമങ്ങളിലെ എല്ലാ വീടുകളിലും വെള്ളം എത്തുന്നുണ്ട്.  മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍, കഴിഞ്ഞ ഏഴ് പതിറ്റാണ്ടുകളില്‍ നടത്തിയ പ്രവര്‍ത്തനങ്ങളേക്കാള്‍ കൂടുതല്‍ ഇന്നത്തെ ഇന്ത്യ വെറും രണ്ട് വര്‍ഷത്തിനുള്ളില്‍ ചെയ്തു.  രാജ്യത്തെ ഒരു സഹോദരിയോ മകളോ വെള്ളം കൊണ്ടുവരാന്‍ ദിവസവും ഏറെ നേരം നടക്കേണ്ടിവന്നിരുന്ന ദിവസം വിദൂരമായ ഓര്‍മയാണ് ഇന്ന്. അവര്‍ക്കിന്ന് സ്വന്തം പുരോഗതി ലക്ഷ്യമാക്കി വിദ്യാഭ്യാസത്തിനു വേണ്ടി സമയം ശരിയായി വിനിയോഗിക്കാന്‍ കഴിയും. അല്ലെങ്കില്‍ സ്വന്തമായി ഒരു സംരംഭം തുടങ്ങാന്‍ അവര്‍ക്ക് അവരുടെ സമയം പ്രയോജനപ്പെടുത്താനാകും.

 സഹോദരീ സഹോദരന്മാരെ,

 ഇന്ത്യയുടെ വികസനത്തിന് ജലക്ഷാമം ഒരു തടസ്സമാകാതിരിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണ്.  ഇതില്‍ എല്ലാവരുടെയും പരിശ്രമം വളരെ ആവശ്യമാണ്. നമ്മുടെ ഭാവി തലമുറയോടും നമ്മള്‍ ഉത്തരവാദിത്തമുള്ളവരാണ്. നമ്മുടെ കുട്ടികളെ അവരുടെ ജീവിതകാലം മുഴുവന്‍ ജലക്ഷാമം നേരിടാനും അവരുടെ ഊര്‍ജ്ജം രാഷ്ട്രനിര്‍മ്മാണത്തില്‍ നിന്നു മാറ്റാനും അനുവദിക്കാനാകില്ല.  ഇത് ഉറപ്പുവരുത്തുന്നതിന്, നാം യുദ്ധകാലാടിസ്ഥാനത്തില്‍ നമ്മുടെ ശ്രമങ്ങള്‍ തുടരേണ്ടതുണ്ട്.  സ്വാതന്ത്ര്യത്തിന്റെ 75 വര്‍ഷം വരെ വളരെക്കാലം കടന്നുപോയി. ഇപ്പോള്‍ നമുക്ക് വളരെ വേഗത്തില്‍ നീങ്ങേണ്ടതുണ്ട്.  രാജ്യത്തിന്റെ ഒരു ഭാഗത്തേക്കും ‘ടാങ്കറുകളിലോ’ ‘ട്രെയിനുകളിലോ’ വെള്ളം കൊണ്ടുപോകാന്‍ നാം നിര്‍ബന്ധിതരല്ലെന്ന് ഉറപ്പാക്കണം.

 സുഹൃത്തുക്കളേ,

 വെള്ളം ഒരു അനുഗ്രഹമായി ഉപയോഗിക്കണമെന്ന് ഞാന്‍ നേരത്തെ പറഞ്ഞിട്ടുണ്ട്. എന്നാല്‍ ചില ആളുകള്‍ക്ക് അതിന്റെ പ്രാധാന്യവും മലിനജലം ഉപയോഗിക്കേണ്ടി വരുന്ന സാഹചര്യവും എളുപ്പത്തില്‍ മനസ്സിലാകാത്തതിനാല്‍ അത് മനസ്സിലാകുന്നില്ല. അവര്‍ക്ക് വെള്ളത്തിന്റെ മൂല്യം മനസ്സിലാകുന്നില്ല.  ജലക്ഷാമം നേരിടുന്നവര്‍ക്ക് ജലത്തിന്റെ മൂല്യം മനസ്സിലാകും. ഓരോ തുള്ളി വെള്ളവും ശേഖരിക്കാന്‍ എത്രമാത്രം പരിശ്രമിക്കണമെന്ന് അവര്‍ക്കറിയാം. ആവശ്യത്തിന് വെള്ളമുള്ള എല്ലാ പൗരന്മാരോടും വെള്ളം സംരക്ഷിക്കുന്നതിനു കൂടുതല്‍ ശ്രമങ്ങള്‍ നടത്താന്‍ ഞാന്‍ ആവശ്യപ്പെടുന്നു. കൂടാതെ, ആളുകള്‍ക്ക് അവരുടെ ശീലങ്ങളും മാറ്റേണ്ടി വരുമെന്നു മനസ്സിലാക്കാവുന്നതേയുള്ളൂ. പലയിടത്തും ടാപ്പില്‍ നിന്ന് വെള്ളം കവിഞ്ഞൊഴുകുന്നത് നമ്മള്‍ കണ്ടിട്ടുണ്ട്, പക്ഷേ ആളുകള്‍ അതിനേക്കുറിച്ച് വേവലാതിപ്പെടുന്നില്ല. രാത്രിയില്‍ ടാപ്പ് തുറന്ന് ബക്കറ്റ് തലകീഴായി അടിയില്‍ വയ്ക്കുന്ന പലരെയും ഞാന്‍ കണ്ടിട്ടുണ്ട്. രാവിലെ വെള്ളം വന്ന് ബക്കറ്റില്‍ വീഴുമ്പോള്‍, അതിന്റെ ശബ്ദം അവര്‍ക്ക് പ്രഭാത അലാറമായി പ്രവര്‍ത്തിക്കുന്നു.  ലോകമെമ്പാടുമുള്ള ഭീതിജനകമായ ജലസാഹചര്യം അവര്‍ തിരിച്ചറിയുന്നില്ല.

 ജലസംരക്ഷണമോ ജലസംഭരണമോ തങ്ങളുടെ ജീവിതത്തിലെ ഏറ്റവും വലിയ ദൗത്യമായി മാറ്റിയ മഹത് വ്യക്തികളെ  മന്‍ കി ബാത്തില്‍ ഞാന്‍ പലപ്പോഴും പരാമര്‍ശിക്കാറുണ്ട്. അത്തരം ആളുകളില്‍ നിന്ന് പഠിക്കുകയും പ്രചോദനം ഉള്‍ക്കൊള്ളുകയും വേണം. രാജ്യത്തിന്റെ വിവിധ കോണുകളില്‍ വ്യത്യസ്ത പരിപാടികള്‍ നടക്കുന്നു, ആ വിവരങ്ങള്‍ നമ്മുടെ ഗ്രാമങ്ങള്‍ക്ക് ഉപയോഗപ്രദമാകും. ഗ്രാമത്തിലെ ജലസ്രോതസ്സുകളുടെ സംരക്ഷണത്തിനും ശുചിത്വത്തിനുമായി ഈ പരിപാടിയുമായി ബന്ധപ്പെട്ട രാജ്യത്തുടനീളമുള്ള ഗ്രാമപഞ്ചായത്തുകളും ഇന്ന് പൂര്‍ണ്ണഹൃദയത്തോടെ പ്രവര്‍ത്തിക്കണമെന്ന് ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു. മഴവെള്ളം സംരക്ഷിക്കുന്നതിലൂടെയും ഗാര്‍ഹിക ജലം കൃഷിക്കായി ഉപയോഗിക്കുന്നതിലൂടെയും കുറച്ച് വെള്ളം ഉപയോഗിക്കുന്ന വിളകളെ പ്രോത്സാഹിപ്പിക്കുന്നതിലൂടെയും നമുക്ക് നമ്മുടെ ലക്ഷ്യങ്ങള്‍ നേടാനാകും.

 സുഹൃത്തുക്കളേ,

 രാജ്യത്ത് മലിന ജലത്തിന്റെ പ്രശ്‌നമുള്ള ചില പ്രദേശങ്ങളുണ്ട്, ചില പ്രദേശങ്ങളില്‍ വെള്ളത്തില്‍ രോഗാണുക്കളുടെ തോതു കൂടുതലാണ്.  അത്തരം പ്രദേശങ്ങളില്‍, എല്ലാ വീടുകളിലും പൈപ്പുകളിലൂടെ ശുദ്ധജലം ലഭിക്കുന്നത് അവിടത്തെ ജനങ്ങള്‍ക്ക് ജീവിതത്തിലെ ഏറ്റവും വലിയ അനുഗ്രഹം പോലെയാണ്.  ഒരു കാലത്ത്, എന്‍സെഫലൈറ്റിസ്, അതായത് മസ്തിഷ്‌ക ജ്വരം ബാധിച്ച, രാജ്യത്തെ 61 ജില്ലകളില്‍ എട്ട് ലക്ഷം ടാപ്പ് കണക്ഷനുകള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇന്ന് ഈ സംഖ്യ 1.11 കോടിയിലധികം വര്‍ദ്ധിച്ചു. വികസന ഓട്ടത്തില്‍ പിന്നാക്കം നില്‍ക്കുകയും വികസനത്തിനുവേണ്ടിയുള്ള അഭൂതപൂര്‍വമായ അഭിലാഷം നിലനില്‍ക്കുകയും ചെയ്യുന്ന ജില്ലകളില്‍ മുന്‍ഗണനാടിസ്ഥാനത്തില്‍ എല്ലാ വീടുകളിലും വെള്ളം വിതരണം ചെയ്യുന്നു.  ഇപ്പോള്‍ വികസന ആഗ്രഹമുള്ള ജില്ലകളിലെ ടാപ്പ് കണക്ഷനുകളുടെ എണ്ണം 31 ലക്ഷത്തില്‍ നിന്ന് 1.16 കോടിയിലധികം ആയി.

 സുഹൃത്തുക്കളേ,

 രാജ്യത്ത് കുടിവെള്ള വിതരണം ഉറപ്പുവരുത്തുന്നതിനു പുറമേ, വെള്ളം കൈകാര്യം ചെയ്യുന്നതിനും ജലസേചനത്തിനായി സമഗ്രമായ അടിസ്ഥാന സൗകര്യങ്ങള്‍ സൃഷ്ടിക്കുന്നതിനുമുള്ള പ്രവര്‍ത്തനങ്ങള്‍ വലിയ തോതില്‍ നടക്കുന്നു. ജലത്തിന്റെ കാര്യക്ഷമമായ നടത്തിപ്പിനായി ജലവുമായി ബന്ധപ്പെട്ട മിക്ക വിഷയങ്ങളും ആദ്യമായാണ് ജലശക്തി മന്ത്രാലയത്തിന് കീഴില്‍ കൊണ്ടുവരുന്നത്. ഗംഗാ ജലത്തെയും മറ്റ് നദികളെയും മലിനരഹിതമാക്കുന്നതിനുള്ള വ്യക്തമായ തന്ത്രത്തോടെയാണ് പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നത്. അടല്‍ ഭുജല്‍ യോജന പ്രകാരം രാജ്യത്തെ ഏഴ് സംസ്ഥാനങ്ങളിലെ ഭൂഗര്‍ഭ ജലനിരപ്പ് ഉയര്‍ത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കുന്നു.  കഴിഞ്ഞ ഏഴ് വര്‍ഷങ്ങളില്‍, പ്രധാനമന്ത്രി കൃഷി സിഞ്ചായ് യോജന പ്രകാരം പൈപ്പ് ജലസേചനത്തിനും സൂക്ഷ്മ ജലസേചനത്തിനും വളരെയധികം ഊന്നല്‍ നല്‍കിയിട്ടുണ്ട്. ഇതുവരെ 13 ലക്ഷം ഹെക്ടറിലധികം ഭൂമി മൈക്രോ ജലസേചനന്റെ കീഴില്‍ കൊണ്ടുവന്നിട്ടുണ്ട്. ഓരോ തുള്ളി ജലത്തില്‍ നിന്നും പരമാവധി വിളവുണ്ടാക്കുക എന്ന ലക്ഷ്യത്തോടെയുള്ള അത്തരം നിരവധി ശ്രമങ്ങള്‍ നടക്കുന്നു.  ദീര്‍ഘകാലമായി നിലനില്‍ക്കുന്ന 99 ജലസേചന പദ്ധതികളില്‍ പകുതിയോളം പൂര്‍ത്തിയായി. ബാക്കിയുള്ളവയുടെ ജോലികള്‍ ദ്രുതഗതിയിലാണ്. രാജ്യമെമ്പാടുമുള്ള അണക്കെട്ടുകളുടെ മികച്ച പരിപാലനത്തിനും അറ്റകുറ്റപ്പണികള്‍ക്കുമായി ആയിരക്കണക്കിന് കോടി രൂപ ഉപയോഗിച്ച് ഒരു പ്രത്യേക പ്രചാരണപരിപാടി നടത്തുന്നു. ഇതിന് കീഴില്‍ 200 ലധികം ഡാമുകള്‍ മെച്ചപ്പെടുത്തി.

 സുഹൃത്തുക്കളേ,

 പോഷകാഹാരക്കുറവിനെതിരായ പോരാട്ടത്തില്‍ ജലത്തിനും വലിയ പങ്കുണ്ട്.  എല്ലാ വീടുകളിലും വെള്ളം എത്തിയാല്‍ കുട്ടികളുടെ ആരോഗ്യവും മെച്ചപ്പെടും. അടുത്തിടെ, പ്രധാനമന്ത്രി പോഷണ്‍ ശക്തി നിര്‍മാണ പദ്ധതിയും സര്‍ക്കാര്‍ അംഗീകരിച്ചു.  ഈ പദ്ധതി പ്രകാരം രാജ്യത്തൊട്ടാകെയുള്ള സ്‌കൂളുകളില്‍ കുട്ടികളെ പഠിപ്പിക്കുക മാത്രമല്ല അവരുടെ പോഷകാഹാരം  ഉറപ്പാക്കുകയും ചെയ്യും. ഈ പദ്ധതിക്കായി കേന്ദ്ര സര്‍ക്കാര്‍ 54,000 കോടിയിലധികം ചെലവഴിക്കാന്‍ പോകുന്നു.  രാജ്യത്തെ 12 കോടി കുട്ടികള്‍ക്ക് ഇത് പ്രയോജനം ചെയ്യും.

 സുഹൃത്തുക്കളേ,

 ഒരു ചൊല്ലുണ്ട്: ഒരു ചെറിയ കിണറിന് ആളുകളുടെ ദാഹം ശമിപ്പിക്കാന്‍ കഴിയും, അതേസമയം മഹാസമുദ്രത്തിന് അതിന് കഴിയില്ല. ഇത് എത്ര സത്യമാണ്! ചില വലിയ തീരുമാനങ്ങളേക്കാള്‍ വലുതാണ് ഒരാളുടെ ചെറിയ ശ്രമം എന്ന് ചിലപ്പോള്‍ നമ്മള്‍ കാണുന്നു.  ഇന്നത്തെ ജലസമിതികള്‍ക്കും ഇത് ബാധകമാണ്.  വെള്ളവും അതിന്റെ സംരക്ഷണവുമായി ബന്ധപ്പെട്ടു ഗ്രാമീണ തലത്തില്‍ പ്രവര്‍ത്തിക്കുന്ന ജലസമിതികളുടെ വ്യാപ്തി വളരെ വലുതാണ്. ഈ ജലസമിതികള്‍ പാവപ്പെട്ട-ദലിതരുടെ-അവഗണിക്കപ്പെട്ട-ആദിവാസികളുടെ ജീവിതത്തില്‍ വലിയ മാറ്റം കൊണ്ടുവരുന്നു.

 സ്വാതന്ത്ര്യത്തിന് ശേഷം ഏഴ് പതിറ്റാണ്ടുകളായി ടാപ്പ് വെള്ളം ലഭിക്കാത്ത ആളുകളുടെ ലോകത്തെ ഒരു ചെറിയ ടാപ്പ് മാറ്റിമറിച്ചു. ജല്‍ ജീവന്‍ ദൗത്യത്തിനു കീഴില്‍ രൂപീകരിച്ച ജലസമിതിയിലെ അംഗങ്ങളില്‍ 50 ശതമാനം സ്ത്രീകളാണെന്നതും അഭിമാനകരമാണ്.  ചുരുങ്ങിയ സമയത്തിനുള്ളില്‍ ഏകദേശം 3.5 ലക്ഷം ഗ്രാമങ്ങളില്‍ ജലസമിതികള്‍ രൂപീകരിച്ചത് രാജ്യത്തിന്റെ നേട്ടമാണ്.  ഈ ജലസമിതികളില്‍ ഗ്രാമീണ സ്ത്രീകള്‍ എത്രത്തോളം കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നുവെന്ന് ജല്‍ ജീവന്‍ സംവാദത്തിനിടയിലും ഞങ്ങള്‍ കണ്ടിരുന്നു. ഗ്രാമങ്ങളിലെ സ്ത്രീകള്‍ക്ക് അവരുടെ ഗ്രാമങ്ങളിലെ വെള്ളം പരിശോധിക്കാന്‍ പ്രത്യേക പരിശീലനം നല്‍കുന്നതില്‍ ഞാന്‍ സന്തുഷ്ടനാണ്.

 സുഹൃത്തുക്കളേ,

 ഗ്രാമീണ സ്ത്രീകളുടെ ശാക്തീകരണം നമ്മുടെ ഗവണ്‍മെന്റിന്റെ മുന്‍ഗണനകളില്‍ ഒന്നാണ്. വര്‍ഷങ്ങളായി, പെണ്‍മക്കളുടെ ആരോഗ്യത്തിലും സുരക്ഷയിലും പ്രത്യേക ശ്രദ്ധ നല്‍കിയിട്ടുണ്ട്. വീടുകളിലും സ്‌കൂളുകളിലും ടോയ്ലറ്റുകള്‍, വിലകുറഞ്ഞ സാനിറ്ററി പാഡുകള്‍, ഗര്‍ഭകാലത്ത് പോഷകാഹാരത്തിനായി ആയിരക്കണക്കിന് രൂപ, പ്രതിരോധ കുത്തിവയ്പ്പുകള്‍ എന്നിവയിലൂടെ സ്ത്രീകള്‍ ശാക്തീകരിക്കപ്പെട്ടു.  പ്രധാനമന്ത്രി മാതൃ വന്ദന യോജന പ്രകാരം രണ്ട് കോടിയിലധികം ഗര്‍ഭിണികള്‍ക്ക് ഏകദേശം 8,000 കോടി രൂപയുടെ നേരിട്ടുള്ള സഹായം നല്‍കിയിട്ടുണ്ട്. ഗ്രാമങ്ങളില്‍ നിര്‍മ്മിച്ചിട്ടുള്ള 2.5 കോടി വരുന്ന ഉറപ്പുള്ള വീടുകളും സ്ത്രീകളുടെ ഉടമസ്ഥതയിലുള്ളതാണ്.  ഉജ്ജ്വല യോജന കോടിക്കണക്കിന് ഗ്രാമീണ സ്ത്രീകളെ വിറകിന്റെ പുകയില്‍ നിന്ന് മോചിപ്പിച്ചു.

 മുദ്ര യോജന പ്രകാരം 70 ശതമാനം വായ്പകളും വനിതാ സംരംഭകര്‍ക്കാണു ലഭിച്ചിട്ടുള്ളത്. സ്വാശ്രയ സംഘങ്ങളിലൂടെ ഗ്രാമീണ സ്ത്രീകളെയും സ്വാശ്രയ ദൗത്യവുമായി ബന്ധിപ്പിക്കുന്നു. കഴിഞ്ഞ ഏഴ് വര്‍ഷത്തിനിടെ സ്വയം സഹായ സംഘങ്ങളുടെ മൂന്ന് ഇരട്ടിയില്‍ കൂടുതല്‍ വളര്‍ച്ച ഉണ്ടായിട്ടുണ്ട്, സഹോദരിമാരുടെ പങ്കാളിത്തം മൂന്ന് തവണ ഉറപ്പാക്കിയിട്ടുണ്ട്.  ദേശീയ ഉപജീവന ദൗത്യത്തിന് കീഴില്‍, 2014 ന് മുമ്പുള്ള ആദ്യ അഞ്ച് വര്‍ഷങ്ങളില്‍ സഹോദരിമാര്‍ക്കായി ഗവണ്‍മെന്റ് നല്‍കിയ സഹായ തുക കഴിഞ്ഞ ഏഴ് വര്‍ഷത്തിനിടെ ഏകദേശം 13 മടങ്ങ് വര്‍ദ്ധിച്ചു. മാത്രമല്ല, സ്വയംസഹായ സംഘങ്ങള്‍ വഴി ഏകദേശം 4 ലക്ഷം കോടി രൂപ ഈ അമ്മമാര്‍ക്കും സഹോദരിമാര്‍ക്കും ലഭ്യമാക്കിയിട്ടുണ്ട്. ഗവണ്‍മെന്റ് ഗ്യാരണ്ടി ഇല്ലാതെ സ്വയം സഹായ സംഘങ്ങള്‍ക്കുള്ള വായ്പകളും ഗണ്യമായി വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.

 സഹോദരീ സഹോദരന്മാരെ,

 ഇന്ത്യയുടെ വികസനം ഗ്രാമങ്ങളുടെ വികസനത്തെ ആശ്രയിച്ചിരിക്കുന്നു.  ഗ്രാമങ്ങളില്‍ താമസിക്കുന്ന ആളുകള്‍, യുവാക്കള്‍, കര്‍ഷകര്‍ എന്നിവര്‍ക്കൊപ്പം, ഇന്ത്യയിലെ ഗ്രാമങ്ങളെ കൂടുതല്‍ കാര്യക്ഷമമാക്കുന്ന പദ്ധതികള്‍ക്ക് സര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്നു.  ഗ്രാമങ്ങളിലെ മൃഗങ്ങളില്‍ നിന്നും വീടുകളില്‍ നിന്നും ഉണ്ടാകുന്ന ജൈവമാലിന്യങ്ങള്‍ ഉപയോഗിക്കാനാണ് ഗോബര്‍ധന്‍ പദ്ധതി നടപ്പാക്കുന്നത്. ഈ പദ്ധതി പ്രകാരം 150 ലധികം ജില്ലകളില്‍ 300 ലധികം ബയോ ഗ്യാസ് പ്ലാന്റുകള്‍ സ്ഥാപിച്ചിട്ടുണ്ട്.  ഒന്നരലക്ഷത്തിലധികം ആരോഗ്യ, ചികില്‍സാ കേന്ദ്രങ്ങള്‍ വികസിപ്പിച്ചെടുക്കുന്നതിനാല്‍ ഗ്രാമീണ ജനങ്ങള്‍ക്ക് മികച്ച പ്രഥമശുശ്രൂഷയും ആവശ്യമായ പരിശോധനകളും ഗ്രാമങ്ങളില്‍ തന്നെ നടത്താനാകും.  ഇവയില്‍ ഏകദേശം 80,000 ആരോഗ്യ, ചികില്‍സാ കേന്ദ്രങ്ങള്‍ ഇതിനകം സ്ഥാപിച്ചിട്ടുണ്ട്. ഗ്രാമത്തിലെ അംഗന്‍വാടികളില്‍ ജോലി ചെയ്യുന്ന നമ്മുടെ സഹോദരിമാര്‍ക്കുള്ള സാമ്പത്തിക സഹായവും വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.  ഗ്രാമങ്ങളിലേക്ക് സൗകര്യങ്ങളും മറ്റ് സര്‍ക്കാര്‍ സേവനങ്ങളും ലഭ്യമാക്കുന്നതിന് സാങ്കേതികവിദ്യ വ്യാപകമായി ഉപയോഗിക്കുന്നു.

 പ്രധാനമന്ത്രി സ്വാമിത്വ യോജനയ്ക്ക് കീഴില്‍, ഗ്രാമ ഭൂമികളുടെയും വീടുകളുടെയും ഡിജിറ്റല്‍ ഭൂരേഖാ കാര്‍ഡുകള്‍ ഡ്രോണുകളുടെ സഹായത്തോടെ മാപ്പ് ചെയ്ത് തയ്യാറാക്കുന്നു. ഏഴ് വര്‍ഷങ്ങള്‍ക്ക് മുമ്പ് വരെ രാജ്യത്തെ നൂറില്‍ താഴെ പഞ്ചായത്തുകളാണ് ബ്രോഡ്ബാന്‍ഡ് കണക്റ്റിവിറ്റിയുമായി ബന്ധിപ്പിച്ചിരുന്നത്. ഇന്ന് സ്വാമിത്വ പദ്ധതി പ്രകാരം 1.5 ലക്ഷം പഞ്ചായത്തുകളില്‍ ഒപ്റ്റിക്കല്‍ ഫൈബര്‍ എത്തിയിട്ടുണ്ട്. വിലകുറഞ്ഞ മൊബൈല്‍ ഫോണുകളും വിലകുറഞ്ഞ ഇന്റര്‍നെറ്റ് സേവനങ്ങളും കാരണം, ഇന്ന് നഗരങ്ങളേക്കാള്‍ കൂടുതല്‍ ആളുകള്‍ ഗ്രാമങ്ങളില്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നു. ഇന്ന് മൂന്ന് ലക്ഷത്തിലധികം പൊതു സേവന കേന്ദ്രങ്ങള്‍ ഗ്രാമങ്ങളില്‍ തന്നെ ഡസന്‍ കണക്കിന് സര്‍ക്കാര്‍ പദ്ധതികള്‍ നല്‍കുകയും ആയിരക്കണക്കിന് യുവാക്കള്‍ക്ക് തൊഴില്‍ നല്‍കുകയും ചെയ്യുന്നു.

 ഇന്ന് എല്ലാത്തരം ഗ്രാമീണ അടിസ്ഥാന സൗകര്യങ്ങള്‍ക്കുമായി റെക്കോര്‍ഡ് നിക്ഷേപമാണു നടത്തുന്നത്. പ്രധാനമന്ത്രി ഗ്രാമീണ്‍ സഡക് യോജന, ഒരു ലക്ഷം കോടി രൂപയുടെ അഗ്രി ഫണ്ട്, ഗ്രാമങ്ങള്‍ക്ക് സമീപം കോള്‍ഡ് സ്റ്റോറേജുകളുടെ നിര്‍മ്മാണം, വ്യാവസായിക ക്ലസ്റ്ററുകളുടെ നിര്‍മ്മാണം അല്ലെങ്കില്‍ കാര്‍ഷിക വിപണികളുടെ നവീകരണം തുടങ്ങി എല്ലാ മേഖലകളിലും ദ്രുതഗതിയിലുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കുന്നു.  ജല്‍ ജീവന്‍ ദൗത്യത്തിനായി നീക്കിവച്ചിരിക്കുന്ന 3.60 ലക്ഷം കോടി രൂപ ഗ്രാമങ്ങളില്‍ മാത്രം ചെലവഴിക്കും. ഈ ദൗത്യം ഗ്രാമീണ സമ്പദ്വ്യവസ്ഥയെ ഉത്തേജിപ്പിക്കുക മാത്രമല്ല, ഗ്രാമങ്ങളില്‍ നിരവധി പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യും.

 സുഹൃത്തുക്കളേ,

 നിശ്ചയദാര്‍ഢ്യവും കൂട്ടായ പരിശ്രമവും കൊണ്ട് ഇന്ത്യയിലെ ജനങ്ങള്‍ക്ക് ഏറ്റവും കഠിനമായ ലക്ഷ്യങ്ങള്‍ പോലും നേടാനാകുമെന്ന് ഞങ്ങള്‍ നമ്മള്‍ ലോകത്തിന് തെളിയിച്ചുകൊടുത്തു. ഈ പ്രചാരണപരിപാടി വിജയിപ്പിക്കാന്‍ നമ്മള്‍ ഒരുമിക്കണം.  ജല്‍ ജീവന്‍ ദൗത്യം എത്രയും വേഗം അതിന്റെ ലക്ഷ്യം കൈവരിക്കണമെന്ന ആഗ്രഹത്തോടെ ഞാന്‍ താല്‍ക്കാലികമായി നിര്‍ത്തുന്നു.

 നിങ്ങള്‍ക്കെല്ലാവര്‍ക്കും ആശംസകള്‍!

 വളരെ നന്ദി