Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ജല്‍ ജീവന്‍ ദൗത്യവുമായി ബന്ധപ്പെട്ട് ഗ്രാമപഞ്ചായത്തുകളുമായും ജലസമിതികളുമായും സംവദിച്ച് പ്രധാനമന്ത്രി മോദി

ജല്‍ ജീവന്‍ ദൗത്യവുമായി ബന്ധപ്പെട്ട് ഗ്രാമപഞ്ചായത്തുകളുമായും ജലസമിതികളുമായും സംവദിച്ച് പ്രധാനമന്ത്രി മോദി


ജല്‍ ജീവന്‍ ദൗത്യവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് വീഡിയോ കോണ്‍ഫറന്‍സിലൂടെ ഗ്രാമപഞ്ചായത്തുകളുമായും ജലസമിതികളുമായും / ഗ്രാമ ജല, ശുചിത്വ സമിതികളുമായും (വി ഡബ്ല്യു എസ് സി) സംവദിച്ചു. പദ്ധതിയുടെ പങ്കാളികളില്‍ അവബോധം മെച്ചപ്പെടുത്തുന്നതിനും ദൗത്യത്തിനുകീഴിലുള്ള പദ്ധതികളുടെ സുതാര്യതയും ഉത്തരവാദിത്വവും വര്‍ധിപ്പിക്കുന്നതിനുമായുള്ള ജല്‍ ജീവന്‍ ദൗത്യ ആപ്ലിക്കേഷനും അദ്ദേഹം തുടക്കം കുറിച്ചു. രാഷ്ട്രീയ ജല്‍ ജീവന്‍ കോശും അദ്ദേഹം ആരംഭിച്ചു. ഇന്ത്യയിലോ വിദേശത്തോ ഉള്ള ഏതൊരു വ്യക്തിക്കും സ്ഥാപനങ്ങള്‍ക്കും കോര്‍പ്പറേഷനുകള്‍ക്കും ജീവകാരുണ്യപ്രവര്‍ത്തകര്‍ക്കും, ഗ്രാമീണ വീടുകള്‍, സ്‌കൂള്‍, അങ്കണവാടി കേന്ദ്രം, ആശ്രമശാല, മറ്റ് പൊതുസ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ പൈപ്പ് വെള്ള കണക്ഷന്‍ നല്‍കുന്നതിന് സഹായിക്കാന്‍ ഇതിലൂടെ സാധിക്കും. ഗ്രാമപഞ്ചായത്തുകളുടെയും ജലസമിതികളുടെയും അംഗങ്ങള്‍ക്കു പുറമെ കേന്ദ്ര മന്ത്രിമാരായ ശ്രീ ഗജേന്ദ്ര സിംഗ് ഷെഖാവത്ത്, ശ്രീ പ്രഹ്ളാദ്  സിംഗ് പട്ടേല്‍, ശ്രീ ബിശ്വേശ്വര്‍ ടുഡു, സംസ്ഥാനങ്ങളില്‍ നിന്നുള്ള മുഖ്യമന്ത്രിമാര്‍, മന്ത്രിമാര്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.

സമിതികളുമായി സംവദിക്കവെ, ഉത്തര്‍പ്രദേശിലെ ബന്ദ ജില്ലയിലെ ഉമരി ഗ്രാമത്തിലെ ശ്രീ ഗിരിജകാന്ത് തിവാരിയോട് അദ്ദേഹത്തിന്റെ ഗ്രാമത്തില്‍ ജല്‍ ജീവന്‍ ദൗത്യത്തിന്റെ സ്വാധീനത്തെക്കുറിച്ച് പ്രധാനമന്ത്രി ആരാഞ്ഞു. ഇപ്പോള്‍ സുരക്ഷിതവും ശുദ്ധവുമായ വെള്ളം ലഭ്യമാണെന്നും ഗ്രാമത്തിലെ സ്ത്രീകളുടെ ജീവിതം മെച്ചപ്പെട്ടുവെന്നും ശ്രീ തിവാരി പറഞ്ഞു. ഗ്രാമവാസികള്‍ക്ക് പൈപ്പ് വെള്ള കണക്ഷന്‍ ലഭിക്കുമെന്ന് കരുതിയിരുന്നോ എന്നും ഇപ്പോള്‍ അവര്‍ക്ക് എന്താണു തോന്നുന്നതെന്നും പ്രധാനമന്ത്രി ശ്രീ തിവാരിയോട് ചോദിച്ചു. ദൗത്യത്തിനായി ഗ്രാമത്തില്‍ നടക്കുന്ന കൂട്ടായ പരിശ്രമങ്ങളെക്കുറിച്ച് ശ്രീ തിവാരി സംസാരിച്ചു. ഗ്രാമത്തില്‍ എല്ലാ വീടുകളിലും ശുചിമുറികള്‍ ഉണ്ടെന്നും എല്ലാവരും അവ ഉപയോഗിക്കുന്നുണ്ടെന്നും ശ്രീ തിവാരി അറിയിച്ചു. പ്രധാനമന്ത്രി ബുന്ദേല്‍ഖണ്ഡിലെ ഗ്രാമീണരുടെ അര്‍പ്പണബോധത്തെ പ്രശംസിക്കുകയും പിഎം ആവാസ്, ഉജ്ജ്വല, ജല്‍ ജീവന്‍ ദൗത്യം തുടങ്ങിയ പദ്ധതികളിലൂടെ സ്ത്രീകള്‍ ശാക്തീകരിക്കപ്പെടുകയും അര്‍ഹിക്കുന്ന ആദരം നേടുകയും ചെയ്യുന്നുവെന്നും പറഞ്ഞു.

ഗുജറാത്തിലെ പിപ്ലിയിലെ ശ്രീ രമേശ്ഭായ് പട്ടേലിനോട് അദ്ദേഹത്തിന്റെ ഗ്രാമത്തിലെ ജലലഭ്യതയെക്കുറിച്ച്  പ്രധാനമന്ത്രി ചോദിച്ചു. വെള്ളത്തിന്റെ ഗുണനിലവാരം പതിവായി പരിശോധിക്കുന്നുണ്ടോ എന്നും അദ്ദേഹം ആരാഞ്ഞു. മികച്ച ഗുണമേന്മയുണ്ടെന്നും ഗുണനിലവാരം പരിശോധിക്കാന്‍ ഗ്രാമത്തിലെ സ്ത്രീകളെ പരിശീലിപ്പിച്ചിട്ടുണ്ടെന്നും ശ്രീ രമേശ്ഭായ് അറിയിച്ചു. കുടിവെള്ളത്തിന് ആളുകള്‍ പണം നല്‍കുന്നുണ്ടോ എന്ന് പ്രധാനമന്ത്രി ചോദിച്ചു. ജലത്തിന്റെ മൂല്യം ഗ്രാമങ്ങള്‍ക്ക് വ്യക്തമായി അറിയാമെന്നും അതിന് പണം നല്‍കാന്‍ സന്നദ്ധരാണെന്നും ശ്രീ രമേശ്ഭായ് അറിയിച്ചു. ജലസംരക്ഷണത്തിനായി സ്പ്രിംഗളറുകളും തുള്ളിനന സംവിധാനവും ഉപയോഗിക്കുന്നതിനെക്കുറിച്ച് പ്രധാനമന്ത്രി ആരാഞ്ഞു.  ഗ്രാമത്തില്‍ നൂതന ജലസേചന വിദ്യകള്‍ ഉപയോഗിക്കുന്നുണ്ടെന്ന് അദ്ദേഹം പ്രധാനമന്ത്രിയെ അറിയിച്ചു. സ്വച്ഛ് ഭാരത് മിഷന്‍ 2.0 പരാമര്‍ശിച്ചുകൊണ്ട്, ശുചിത്വദൗത്യത്തിന് ജനങ്ങള്‍ വലിയ പിന്തുണ നല്‍കിയിട്ടുണ്ടെന്നും ജല്‍ ജീവന്‍ ദൗത്യത്തിനും അതേ വിജയം പ്രതീക്ഷിക്കുന്നുവെന്നും  പ്രധാനമന്ത്രി പറഞ്ഞു.

ജല്‍ ജീവന്‍ ദൗത്യത്തിന് മുമ്പും ശേഷവുമുള്ള ജലലഭ്യതയെക്കുറിച്ച് പ്രധാനമന്ത്രി ഉത്തരാഖണ്ഡിലെ ശ്രീമതി കൗശല്യ റാവത്തിനോട് ചോദിച്ചു. ജല്‍ ജീവന്‍ ദൗത്യത്തിലൂടെ ജലം ലഭ്യമായശേഷം വിനോദസഞ്ചാരികള്‍ അവരുടെ ഗ്രാമത്തിലേക്ക് വരാനും ഹോംസ്റ്റേയില്‍ താമസിക്കാനും തുടങ്ങിയതായി അവര്‍ അറിയിച്ചു. തന്റെ ഗ്രാമം പൂര്‍ണമായും പ്രതിരോധ കുത്തിവയ്പ് എടുത്തിട്ടുണ്ടെന്നും ശ്രീമതി റാവത്ത് അറിയിച്ചു. വനവല്‍ക്കരണം, വിനോദസഞ്ചാരവികസനം, ഹോംസ്റ്റേ തുടങ്ങിയ സുസ്ഥിരമായ രീതികള്‍ സ്വീകരിച്ചതിന് അവരെയും ഗ്രാമങ്ങളെയും പ്രധാനമന്ത്രി പ്രശംസിച്ചു.

ജല്‍ ജീവന്‍ ദൗത്യത്തിന്റെ അനന്തരഫലത്തെക്കുറിച്ച് പ്രധാനമന്ത്രി തമിഴ്‌നാട്ടിലെ വെല്ലേരിയിലെ ശ്രീമതി സുധയോട് ആരാഞ്ഞു. ദൗത്യത്തിനുശേഷം എല്ലാ വീടുകളിലും കുടിവെള്ള പൈപ്പ് കണക്ഷന്‍ ലഭിച്ചതായി അവര്‍ അറിയിച്ചു. അവരുടെ ഗ്രാമത്തിലെ ലോകപ്രശസ്തമായ ആര്‍ണി സില്‍ക്ക് സാരി ഉല്‍പാദനത്തെക്കുറിച്ചും പ്രധാനമന്ത്രി ആരാഞ്ഞു. കുടിവെള്ള പൈപ്പ് കണക്ഷന്‍ മറ്റ് ഗാര്‍ഹിക പ്രവൃത്തികള്‍ക്കുള്ള സമയം ലാഭിച്ചോ എന്നും പ്രധാനമന്ത്രി ചോദിച്ചു. വെള്ളത്തിന്റെ ലഭ്യത അവരുടെ ജീവിതം മെച്ചപ്പെടുത്തിയെന്നും ഗുണപരമായ മറ്റു കാര്യങ്ങള്‍ക്ക് ധാരാളം സമയം ലഭിക്കുന്നുണ്ടെന്നും ശ്രീമതി സുധ അറിയിച്ചു. തടയണകള്‍, കുളങ്ങള്‍ തുടങ്ങിയവയുടെ നിര്‍മാണത്തിലൂടെ മഴവെള്ളം സംരക്ഷിക്കുന്നതിനായി തന്റെ ഗ്രാമം നടത്തിയ പ്രവര്‍ത്തനങ്ങളെക്കുറിച്ചും അവര്‍ പറഞ്ഞു. സ്ത്രീശാക്തീകരണ ത്തിലേക്കുള്ള ഒരു പ്രധാന ചുവടുവയ്പായാണ് ജനങ്ങള്‍ ജല ദൗത്യം സ്വീകരിക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു.

വളരെ ദൂരെ നിന്നും നീണ്ടവരിയില്‍ കാത്തുനിന്നും മാത്രമാണ് മുമ്പു കുടിവെള്ളം ലഭിച്ചിരുന്നതെന്ന് മണിപ്പൂരിലെ ശ്രീമതി ലൈതാന്തം സരോജിനി ദേവിജി പ്രധാനമന്ത്രിയോടു പറഞ്ഞു. ഇപ്പോള്‍ എല്ലാ വീടുകളിലും പൈപ്പ് വെള്ളം എത്തുന്നതിനാല്‍ സ്ഥിതി മെച്ചപ്പെട്ടു. പൊതുസ്ഥലങ്ങളിലെ മലമൂത്രവിസര്‍ജനം പൂര്‍ണമായും ഒഴിവാക്കിയതിലൂടെ ഗ്രാമം ആരോഗ്യകാര്യങ്ങളിലും മെച്ചപ്പെട്ടുവെന്ന് അവര്‍ പറഞ്ഞു. തന്റെ ഗ്രാമത്തില്‍ ജലത്തിന്റെ ഗുണനിലവാരം പതിവായി പരിശോധിക്കാറുണ്ടെന്നും അഞ്ച് സ്ത്രീകളെ അതിനായി പരിശീലിപ്പിച്ചിട്ടുണ്ടെന്നും അവര്‍ അറിയിച്ചു. ജനജീവിതം സുഗമമാക്കുന്നതിന് നിരന്തരപ്രയത്‌നമാണ് ഗവണ്‍മെന്റ് നടത്തുന്നതെന്നു പ്രധാനമന്ത്രി പറഞ്ഞു. വടക്കുകിഴക്കന്‍ മേഖലയില്‍ ശരിയായ മാറ്റമുണ്ടാകുന്നതില്‍ അദ്ദേഹം സംതൃപ്തി പ്രകടിപ്പിച്ചു.

ബാപ്പുവിന്റെയും ബഹദൂര്‍ ശാസ്ത്രിജിയുടെയും ഹൃദയത്തിന്റെ ഭാഗമാണ് ഗ്രാമങ്ങളെന്ന് പരിപാടിയെ അഭിസംബോധന ചെയ്തു പ്രധാനമന്ത്രി പറഞ്ഞു. ഈ ദിവസത്തില്‍,  രാജ്യത്തുടനീളമുള്ള ലക്ഷക്കണക്കിന് ഗ്രാമങ്ങളില്‍ നിന്നുള്ള ജനങ്ങള്‍ ‘ഗ്രാമസഭകള്‍’ എന്ന പേരില്‍ ‘ജല്‍ ജീവന്‍ സംവാദം’ സംഘടിപ്പിക്കുന്നതില്‍ അദ്ദേഹം സന്തോഷം പ്രകടിപ്പിച്ചു.

ജല്‍ ജീവന്‍ ദൗത്യമെന്ന ആശയം ജനങ്ങള്‍ക്ക് വെള്ളം ലഭ്യമാക്കുക മാത്രമല്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു. വികേന്ദ്രീകരണത്തിന്റെ വലിയൊരു മുന്നേറ്റം കൂടിയാണിത്. ”ഇതൊരു ഗ്രാമീണ-വനിതാ മുന്നേറ്റ പ്രസ്ഥാനമാണിത്. ബഹുജനമുന്നേറ്റവും പൊതു പങ്കാളിത്തവുമാണ് അതിന്റെ പ്രധാന അടിത്തറ”- അദ്ദേഹം പറഞ്ഞു. ‘ഗ്രാമ സ്വരാജ്’ എന്നതിന്റെ യഥാര്‍ത്ഥ അര്‍ത്ഥം ആത്മവിശ്വാസം നിറഞ്ഞതാണെന്ന് ഗാന്ധിജി പറയുമായിരുന്നുവെന്ന് പ്രധാനമന്ത്രി അനുസ്മരിച്ചു. ‘അതുകൊണ്ടാണ് ഗ്രാമ സ്വരാജിന്റെ ഈ ചിന്ത നേട്ടങ്ങളിലേക്ക് മുന്നേറണം എന്നത് എന്റെ നിരന്തരമായ പരിശ്രമമായി മാറിയത്’- പ്രധാനമന്ത്രി പറഞ്ഞു. ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ ഗ്രാമസ്വരാജിനായി നടത്തിയ പരിശ്രമങ്ങള്‍ അദ്ദേഹം പരാമര്‍ശിച്ചു. ഒഡിഎഫ് ഗ്രാമങ്ങള്‍ക്കായി നിര്‍മ്മല്‍ ഗാവ്, ഗ്രാമങ്ങളിലെ പഴയ ബാവ്‌റികളും കിണറുകളും പുനരുജ്ജീവിപ്പിക്കാന്‍ ജല്‍ മന്ദിര്‍ അഭിയാന്‍, ഗ്രാമങ്ങളില്‍ 24 മണിക്കൂര്‍ വൈദ്യുതിക്കായി ജ്യോതിര്‍ഗ്രാം, ഗ്രാമസൗഹാര്‍ദത്തിനായി തീര്‍ത്ഥ ഗ്രാമം, ഗ്രാമങ്ങളില്‍ ബ്രോഡ്ബാന്‍ഡ് കൊണ്ടുവരാന്‍ ഇ-ഗ്രാം തുടങ്ങിയ പദ്ധതികള്‍ ശ്രീ മോദി അനുസ്മരിച്ചു. പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നതിലും കൈകാര്യം ചെയ്യുന്നതിലും പ്രാദേശിക സമൂഹങ്ങളെ ഉള്‍പ്പെടുത്താന്‍ പ്രധാനമന്ത്രി എന്ന നിലയിലും താന്‍ പ്രവര്‍ത്തിച്ചതായി അദ്ദേഹം പറഞ്ഞു. ഇതിനായി, പ്രത്യേകിച്ച് വെള്ളത്തിനും ശുചിത്വത്തിനുമായി, 2.5 ലക്ഷം കോടിയിലധികം രൂപ ഗ്രാമപഞ്ചായത്തുകള്‍ക്ക് നേരിട്ട് നല്‍കിയിട്ടുണ്ടെന്ന് അദ്ദേഹം അറിയിച്ചു. അധികാരങ്ങള്‍ക്കൊപ്പം, പഞ്ചായത്തുകളുടെ പ്രവര്‍ത്തനത്തിന്റെ സുതാര്യതയും സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഗ്രാമ സ്വരാജിനോടുള്ള കേന്ദ്ര ഗവണ്‍മെന്റിന്റെ പ്രതിബദ്ധതയുടെ പ്രധാന ഉദാഹരണമാണ് ജല്‍ ജീവന്‍ ദൗത്യവും ജലസമിതികളും- അദ്ദേഹം പറഞ്ഞു.

കുടിവെള്ളപ്രശ്നത്തെക്കുറിച്ചുള്ള ജനകീയ സങ്കല്‍പ്പങ്ങളെ പരാമര്‍ശിച്ചുകൊണ്ട്, സിനിമകള്‍, കഥകള്‍, കവിതകള്‍ എന്നിവയെക്കുറിച്ച് പ്രധാനമന്ത്രി സംസാരിച്ചു. ഗ്രാമത്തിലെ സ്ത്രീകളും കുട്ടികളും വെള്ളം കൊണ്ടുവരാന്‍ കിലോമീറ്ററുകളോളം നടന്നു. ചിലരുടെ മനസ്സില്‍, ഗ്രാമത്തിന്റെ പേര് കേള്‍ക്കുന്നയുടനെ ഈ ചിത്രം ഉയര്‍ന്നുവരുന്നു. എന്തുകൊണ്ടാണ് കുറച്ച് ആളുകള്‍ ഒരു ചോദ്യത്തെക്കുറിച്ച് ചിന്തിക്കുന്നതെന്ന് പ്രധാനമന്ത്രി ചോദിച്ചു: എന്തുകൊണ്ടാണ് ഈ ആളുകള്‍ എല്ലാ ദിവസവും ഏതെങ്കിലും നദിയിലേക്കോ കുളത്തിലേക്കോ പോകുന്നത്? എന്തുകൊണ്ടാണ് വെള്ളം ഈ ആളുകളിലേക്ക് എത്താത്തത്? ”ദീര്‍ഘകാലമായി നയരൂപീകരണത്തിന്റെ ഉത്തരവാദിത്തമുള്ളവര്‍ ഈ ചോദ്യം സ്വയം ചോദിക്കണമായിരുന്നു”- പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. ജലസമൃദ്ധമായ പ്രദേശങ്ങളില്‍ നിന്ന് വന്നതുകൊണ്ട്, ഒരുപക്ഷേ മുന്‍കാലങ്ങളിലെ നയരൂപകര്‍ത്താക്കള്‍ ജലത്തിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞില്ലായിരിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ”ഗുജറാത്ത് പോലെയുള്ള ഒരു സംസ്ഥാനത്ത് നിന്ന് വന്ന ഞാന്‍ വരള്‍ച്ച പോലുള്ള അവസ്ഥകള്‍ കാണുകയും ഓരോ തുള്ളി വെള്ളത്തിന്റെയും പ്രാധാന്യം മനസ്സിലാക്കുകയും ചെയ്തു. അതുകൊണ്ടാണ് ഗുജറാത്ത് മുഖ്യമന്ത്രിയെന്ന നിലയില്‍ ജലവും ജലസംരക്ഷണവും എന്റെ പ്രധാന മുന്‍ഗണനകളില്‍ ഉള്‍പ്പെടുത്തിയത്”- ശ്രീ മോദി പറഞ്ഞു.

സ്വാതന്ത്ര്യംകിട്ടിയതു മുതല്‍ 2019 വരെ നമ്മുടെ രാജ്യത്തെ 3 കോടി കുടുംബങ്ങള്‍ക്ക് മാത്രമാണ് പൈപ്പ് വെള്ളം ലഭ്യമായിരുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു. 2019ല്‍ ജല്‍ ജീവന്‍ ദൗത്യം ആരംഭിച്ചതിനുശേഷം, 5 കോടി കുടുംബങ്ങള്‍ക്കു കുടിവെള്ള കണക്ഷന്‍ ലഭിച്ചിട്ടുണ്ട്. ഇന്ന്, രാജ്യത്തെ 80 ജില്ലകളിലായി 1.25 ലക്ഷം ഗ്രാമങ്ങളിലെ ഓരോ വീട്ടിലും വെള്ളം എത്തുന്നുണ്ട്. വികസനം കാംക്ഷിക്കുന്ന ജില്ലകളില്‍ പൈപ്പ് കണക്ഷനുകളുടെ എണ്ണം 31 ലക്ഷത്തില്‍ നിന്ന് 1.16 കോടിയായി ഉയര്‍ന്നു.

കഴിഞ്ഞ ഏഴ് പതിറ്റാണ്ടില്‍ ചെയ്തതിനേക്കാള്‍ കൂടുതല്‍ പ്രവര്‍ത്തനങ്ങള്‍, ജനങ്ങള്‍ക്ക് പൈപ്പ് വെള്ളം എത്തിക്കുന്നതിന്, രണ്ടുവര്‍ഷത്തിനുള്ളില്‍ നടത്തിയെന്ന് അദ്ദേഹം പറഞ്ഞു. ജലസമൃദ്ധിയില്‍ ജീവിക്കുന്ന രാജ്യത്തെ എല്ലാ പൗരന്മാരോടും ജലം സംരക്ഷിക്കാന്‍ കൂടുതല്‍ ശ്രമങ്ങള്‍ നടത്തണമെന്ന് അദ്ദേഹം അഭ്യര്‍ത്ഥിച്ചു. അവരുടെ ശീലങ്ങള്‍ മാറ്റാനും അവരോട് ആഹ്വാനം ചെയ്തു.

രാജ്യത്തെ പെണ്‍കുട്ടികളുടെ ആരോഗ്യവും സുരക്ഷയും മെച്ചപ്പെടുത്തുന്നതിനുള്ള നടപടികള്‍ പ്രധാനമന്ത്രി എണ്ണിപ്പറഞ്ഞു. എല്ലാ വീട്ടിലും സ്‌കൂളിലുമുള്ള ശുചിമുറികള്‍, കുറഞ്ഞ വിലയ്ക്കുള്ള സാനിറ്ററി പാഡുകള്‍, ഗര്‍ഭകാലത്ത് പോഷകാഹാര പിന്തുണ, പ്രതിരോധ കുത്തിവയ്പ്പ് തുടങ്ങിയ നടപടികള്‍ ‘മാതൃശക്തി’യെ ശക്തിപ്പെടുത്തിയെന്ന് അദ്ദേഹം അറിയിച്ചു. ഗ്രാമങ്ങളില്‍ നിര്‍മ്മിച്ച 2.5 കോടി വീടുകളില്‍ ഭൂരിഭാഗവും സ്ത്രീകളുടെ പേരിലാണെന്നും അദ്ദേഹം പറഞ്ഞു. പുകനിറഞ്ഞ ജീവിതസാഹചര്യങ്ങളില്‍ നിന്ന് ഉജ്ജ്വല, സ്ത്രീകളെ മോചിപ്പിച്ചു. സ്വയം സഹായ സംഘങ്ങളിലൂടെ സ്ത്രീകളെ ആത്മനിര്‍ഭരതാ ദൗത്യവുമായി കൂട്ടിയോജിപ്പിക്കുന്നു. ഈ സംഘങ്ങള്‍ കഴിഞ്ഞ ഏഴ് വര്‍ഷത്തിനിടെ മൂന്ന് മടങ്ങ് വര്‍ദ്ധിച്ചു. 2014നു മുന്‍പുള്ള അഞ്ചുവര്‍ഷത്തെ അപേക്ഷിച്ച്, കഴിഞ്ഞ ഏഴ് വര്‍ഷത്തിനിടെ ദേശീയ ഉപജീവന ദൗത്യത്തിനു കീഴില്‍ സ്ത്രീകള്‍ക്കുള്ള പിന്തുണയില്‍ 13 മടങ്ങ് വര്‍ദ്ധന ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

****