Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ജര്‍മനി, സ്‌പെയിന്‍, റഷ്യ, ഫ്രാന്‍സ് എന്നീ രാഷ്ട്രങ്ങള്‍ സന്ദര്‍ശിക്കുന്നതിനായി പുറപ്പെടുംമുമ്പ് പ്രധാനമന്ത്രി പുറത്തിറക്കിയ പ്രസ്താവന


ജര്‍മനി, സ്‌പെയിന്‍, റഷ്യ, ഫ്രാന്‍സ് എന്നീ രാഷ്ട്രങ്ങള്‍ സന്ദര്‍ശിക്കുന്നതിനായി പുറപ്പെടുംമുമ്പ് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി പുറത്തിറക്കിയ പ്രസ്താവന:

‘ജര്‍മന്‍ ചാന്‍സലര്‍ ഏഞ്ചെല മെര്‍ക്കലിന്റെ ക്ഷണപ്രകാരം നാലാമത് ഇന്ത്യ-ജര്‍മനി ഗവണ്‍മെന്റ് തല ചര്‍ച്ചകള്‍(ഐ.ജി.സി.)ക്കായി 2017 മേയ് 29, 30 തീയതികളില്‍ ഞാന്‍ ജര്‍മനി സന്ദര്‍ശിക്കും.

ഇന്ത്യയും ജര്‍മനിയും വലിയ ജനാധിപത്യരാഷ്ട്രങ്ങളും സമ്പദ്‌വ്യവസ്ഥകളും മേഖലാതല, ആഗോള കാര്യങ്ങളില്‍ പ്രധാന സ്ഥാനം വഹിക്കുന്ന രാഷ്ട്രങ്ങളുമാണ്. സുതാര്യവും ഉള്‍ച്ചേര്‍ക്കപ്പെട്ടതും നിയമാധിഷ്ഠിതവുമായ ആഗോള ക്രമത്തിനായുള്ള പ്രതിജ്ഞാബദ്ധതയിലും ജനാധിപത്യ മൂല്യങ്ങളിലും അധിഷ്ഠിതമാണു നാം തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തം. നമ്മുടെ വികസന മുന്നേറ്റങ്ങളില്‍ വിലപ്പെട്ട പങ്കാളിയാണ് ജര്‍മനി. ഇന്ത്യയുടെ മാറ്റം സംബന്ധിച്ച് എനിക്കുള്ള കാഴ്ചപ്പാടും ജര്‍മനിയുടെ മത്സരക്ഷമതയും യോജിച്ചു പോകുന്ന കാര്യങ്ങളാണ്.

മേഖലാതല, ആഗോള പ്രാധാന്യമുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാനായി ചാന്‍സലര്‍ ക്ഷണിച്ചിരിക്കുന്ന ജര്‍മനിയിലെ ബെര്‍ലിനു സമീപമുള്ള മെസിബെര്‍ഗില്‍നിന്നാണ് എന്റെ സന്ദര്‍ശനം ആരംഭിക്കുക.

ഉഭയകക്ഷിബന്ധത്തെക്കുറിച്ചു വിലയിരുത്താനായി മേയ് 30ന് ചാന്‍സലര്‍ മെര്‍ക്കലും ഞാനും നാലാമത് ഐ.ജി.സി. പുനരവലോകനം നടത്തും. വ്യാപാരവും നിക്ഷേപവും, സുരക്ഷയും ഭീകരവാദത്തെ നേരിടലും, പുതുമയും ശാസ്ത്രസാങ്കേതികവിദ്യയും, നൈപുണ്യ വികസനം, നഗര അടിസ്ഥാന സൗകര്യം, റെയില്‍വേ, വ്യോമഗതാഗതം, മാലിന്യമുക്തമായ ഊര്‍ജം, വികസന സഹകരണം, ആരോഗ്യം, അലോപ്പതി ഇതര ചികില്‍സാ രീതികള്‍ എന്നീ മേഖലകള്‍ക്ക് ഊന്നല്‍ നല്‍കി, ഭാവിയില്‍ സഹകരിക്കുന്നതിനായുള്ള ഒരു പദ്ധതിക്കു ഞങ്ങള്‍ രൂപം നല്‍കും.
ജര്‍മന്‍ ഫെഡറല്‍ റിപ്പബ്ലിക് പ്രസിഡന്റ് ബഹുമാനപ്പെട്ട ഡോ. ഫ്രാങ്ക്-വാള്‍ട്ടര്‍ സ്റ്റെയ്ന്‍മീയറിനെയും ഞാന്‍ സന്ദര്‍ശിക്കും.

വ്യാപാരം, സാങ്കേതികവിദ്യ, നിക്ഷേപം എന്നീ മേഖലകളില്‍ നമ്മുടെ മുന്‍നിര പങ്കാളിയാണു ജര്‍മനി. വ്യാപാര, നിക്ഷേപ ബന്ധം മെച്ചപ്പെടുത്തുന്നതിനായി ബര്‍ലിനില്‍വെച്ച് ചാന്‍സലര്‍ മെര്‍ക്കലും ഞാനും ഇരു രാജ്യങ്ങളിലെയും വന്‍കിട ബിസിനസ് പ്രമുഖരുമായി ആശയവിമിനയം നടത്തും.

ഈ സന്ദര്‍ശനം ജര്‍മനിയുമായുള്ള ഉഭയകക്ഷിബന്ധത്തില്‍ പുതിയ അധ്യായം തുറക്കുമെന്നും നമുക്കിടയിലുള്ള തന്ത്രപരമായ പങ്കാളിത്തം മെച്ചമാര്‍ന്നതാക്കി മാറ്റുമെന്നും ഉള്ള ആത്മവിശ്വാസം എനിക്കുണ്ട്.
2017 മേയ് 30, 31 ദിവസങ്ങളില്‍ ഞാന്‍ സ്‌പെയിനില്‍ ഔദ്യോഗിക സന്ദര്‍ശനം നടത്തും. ഏതാണ്ട് മൂന്നു ദശാബ്ദത്തിനിടെ ഇന്ത്യന്‍ പ്രധാനമന്ത്രി നടത്തുന്ന ആദ്യ സ്‌പെയിന്‍ സന്ദര്‍ശനമായിരിക്കും ഇത്.
ബഹുമാനപ്പെട്ട രാജാവ് കിങ് ഫെലിപ് ആറാമനെ സന്ദര്‍ശിക്കാനുള്ള അവസരം എനിക്കു ലഭിക്കും.

മേയ് 31നു പ്രസിഡന്റ് മാരിയാനോ റജോയുമായി കൂടിക്കാഴ്ച നടത്താന്‍ കാത്തിരിക്കുകയാണ്. ഉഭയകക്ഷിബന്ധം ശക്തിപ്പെടുത്താനും അതില്‍ത്തന്നെ വിശേഷിച്ച് ധനകാര്യം, ഭീകവാദത്തെ അമര്‍ച്ച ചെയ്യുന്നത് ഉള്‍പ്പെടെയുള്ള പൊതു താല്‍പര്യമുള്ള രാജ്യാന്തര വിഷയങ്ങള്‍ എന്നീ മേഖലകള്‍ക്കു പ്രാധാന്യം കല്‍പിച്ചു സഹകരിച്ചു പ്രവര്‍ത്തിക്കാനുമുള്ള വഴികള്‍ ഞങ്ങള്‍ ചര്‍ച്ച ചെയ്യും.

ഉഭയകക്ഷി വ്യാപാര, നിക്ഷേപ ബന്ധങ്ങള്‍ മെച്ചപ്പെടുത്താനുള്ള സാധ്യതകള്‍ ഏറെയാണ്. അടിസ്ഥാന സൗകര്യം, സ്മാര്‍ട്ട് സിറ്റികള്‍, ഡിജിറ്റല്‍ സമ്പദ്‌വ്യവസ്ഥ, പുനരുപയോഗിക്കാവുന്ന ഊര്‍ജം, പ്രതിരോധം, വിനോദസഞ്ചാരം എന്നീ മേഖലകളിലേത് ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ പദ്ധതികളില്‍ സ്പാനിഷ് വ്യവസായ ലോകത്തിന്റെ സജീവ പങ്കാളിത്തം നാം പ്രതീക്ഷിക്കുന്നുണ്ട്.

സ്പാനിഷ് വ്യവസായലോകത്തിലെ പ്രമുഖ സി.ഇ.ഒമാരെ കണ്ട് നമ്മുടെ ‘മെയ്ക്ക് ഇന്‍ ഇന്ത്യ’ മുന്നേറ്റത്തില്‍ പങ്കാളികളാകാന്‍ പ്രോത്സാഹനം പകരും.

എന്റെ സന്ദര്‍ശനത്തിനിടെ തന്നെ ഇന്ത്യ-സ്‌പെയിന്‍ സി.ഇ.ഒമാരുടെ ഫോറത്തിന്റെ പ്രഥമ യോഗം സംഘടിപ്പിക്കും. ഇന്ത്യ-സ്‌പെയിന്‍ സാമ്പത്തിക പങ്കാളിത്തം മെച്ചപ്പെടുത്താനായുള്ള അവരുടെ വിലപ്പെട്ട ശുപാര്‍ശകള്‍ക്കായി ഞാന്‍ കാത്തിരിക്കുകയാണ്. 18-ാമത് ഇന്ത്യ-റഷ്യ വാര്‍ഷിക ഉച്ചകോടിയില്‍ സംബന്ധിക്കാനായി മെയ് 31 മുതല്‍ ജൂണ്‍ രണ്ടു വരെ ഞാന്‍ റഷ്യയിലെ സെന്റ് പീറ്റേഴ്‌സ്ബര്‍ഗ് സന്ദര്‍ശിക്കും.

ജൂണ്‍ ഒന്നിന്, 2016 ഒക്ടോബറില്‍ ഗോവയില്‍ നടന്ന മുന്‍ ഉച്ചകോടിക്കിടെ നടത്തിയ ചര്‍ച്ചകള്‍ മുന്നോട്ടുകൊണ്ടുപോകുന്നതിനായി പ്രസിഡന്റ് പുടിനുമായി വിശദമായ ചര്‍ച്ചകള്‍ നടത്തും. സാമ്പത്തിക ബന്ധം മെച്ചപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടെ പ്രസിഡന്റ് പുടിനും ഞാനും ഇരു രാജ്യങ്ങളിലെയും സി.ഇ.ഒമാരുമായി ചര്‍ച്ച നടത്തും.

അടുത്ത ദിവസം സെന്റ് പീറ്റേഴ്‌സ് ബര്‍ഗില്‍ നടക്കുന്ന രാജ്യാന്തര സാമ്പത്തിക ഫോറ(എസ്.പി.ഐ.ഇ.എഫ്.)ത്തെ പ്രസിഡന്റ് പുടിനൊപ്പം ഞാന്‍ അഭിസംബോധന ചെയ്യും. ഈ വര്‍ഷത്തെ ഫോറത്തിലെ വിശിഷ്ടാതിഥിയായി ക്ഷണിച്ചതിനെ ഞാന്‍ അഭിനന്ദിക്കുന്നു. ഈ വര്‍ഷത്തെ എസ്.പി.ഐ.ഇ.എഫിലെ അതിഥിരാഷ്ട്രം ഇന്ത്യയാണ്.
അടിസ്ഥാനപരമായ ഉഭയകക്ഷി സഹകരണം മെച്ചപ്പെടുത്തുന്നതിനൊപ്പം സംസ്ഥാനങ്ങളും മേഖലകളുമായും മറ്റു വിവിധ പങ്കാളികളുമായും കൂടുതല്‍ അടുപ്പം സ്ഥാപിക്കുന്നതിനു ലഭിക്കുന്ന ആദ്യ അവസരമാണ് വിവിധ റഷ്യന്‍ മേഖലാ ഗവര്‍ണര്‍മാരുമായുള്ള എന്റെ കൂടിക്കാഴ്ച.

ലെനിന്‍ഗ്രേഡ് ഉപരോധിച്ച വേളയില്‍ കൊല്ലപ്പെട്ടവര്‍ക്ക് പിസ്‌കരോവ്‌സ്‌കോയേ സെമിത്തേരിയിലെത്തി ആദരാഞ്ജലി അര്‍പ്പിച്ചുകൊണ്ടാണു ഞാന്‍ സന്ദര്‍ശനത്തിനു തുടക്കമിടുക. ലോകപ്രശസ്ത സ്റ്റേറ്റ് ഹെര്‍മിറ്റേജ് മ്യൂസിയവും ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓറിയന്റല്‍ മാനുസ്‌ക്രിപ്റ്റ്‌സും സന്ദര്‍ശിക്കാനും എനിക്ക് അവസരം ലഭിക്കും.
ഇരു രാഷ്ട്രങ്ങളും നയതന്ത്രബന്ധത്തിന്റെ എഴുപതാം വാര്‍ഷികം ആഘോഷിക്കാന്‍ ഒരുങ്ങുന്ന സമയമാണെന്നതിനാല്‍ എന്റെ സെന്റ് പീറ്റേഴ്‌സ്‌ബെര്‍ഗ് സന്ദര്‍ശനം ഉഭയകക്ഷിബന്ധത്തെ സംബന്ധിച്ചു സവിശേഷതയാര്‍ന്നതാണെന്നു കരുതുന്നു.

2017 ജൂണ്‍ രണ്ട്, മൂന്ന് തീയതികളിലാണു ഞാന്‍ ഫ്രാന്‍സ് സന്ദര്‍ശിക്കുക. പുതുതായി തെരഞ്ഞെടുക്കപ്പെട്ട ഫ്രഞ്ച് പ്രസിഡന്റ് ബഹുമാനപ്പെട്ട ശ്രീ. ഇമ്മാനുവല്‍ മാക്രണുമായി ജൂണ്‍ മൂന്നിന് ഔദ്യോഗിക കൂടിക്കാഴ്ച നടത്തും.
നമ്മോടു തന്ത്രപരമായ പങ്കാളിത്തമുള്ള രാഷ്ട്രങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടവയില്‍ ഒന്നാണു ഫ്രാന്‍സ്.
പ്രസിഡന്റ് മാക്രണുമായി പരസ്പര താല്‍പര്യമുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ സാധിക്കുമെന്ന പ്രതീക്ഷയുണ്ട്. യു.എന്‍. സുരക്ഷാ കൗണ്‍സില്‍ പരിഷ്‌കരിക്കല്‍, യു.എന്‍. സുരക്ഷാ കൗണ്‍സിലില്‍ ഇന്ത്യക്കു സ്ഥിരാംഗത്വം ലഭ്യമാക്കല്‍, വിവിധ കയറ്റുമതി നിയന്ത്രണ സഖ്യങ്ങളില്‍ ഇന്ത്യക്ക് അംഗത്വം അനുവദിക്കല്‍, ഭീകരവാദത്തെ പ്രതിരോധിക്കല്‍, കാലാവസ്ഥാ വ്യതിയാനവും രാജ്യാന്തര സൗരോര്‍ജ സഖ്യവും പോലുള്ള പദ്ധതികളില്‍ സഹകരിക്കല്‍ എന്നിവ ഉള്‍പ്പെടെയുള്ള ആഗോള വിഷയങ്ങള്‍ സംബന്ധിച്ച കാഴചപ്പാടുകള്‍ ഫ്രഞ്ച് പ്രസിഡന്റിന്റെ ശ്രദ്ധയില്‍ പെടുത്തും.

പ്രതിരോധം, ബഹിരാകാശം, ആണവോര്‍ജം, പുനരുപയോഗിക്കാവുന്ന ഊര്‍ജം, നഗരവികസനം, റെയില്‍വെ തുടങ്ങിയ മേഖലകളിലുള്ള നമ്മുടെ വികസന മുന്നേറ്റങ്ങളില്‍ ഏറ്റവും വലിയ ഒന്‍പതാമത്തെ നിക്ഷേപക രാഷ്ട്രവും പ്രധാന പങ്കാളിയുമാണ് ഫ്രാന്‍സ്. ഫ്രാന്‍സുമായുള്ള ബഹുമുഖ പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനും മുന്നോട്ടു കൊണ്ടുപോകുന്നതിനും ഞാന്‍ പ്രതിജ്ഞാബദ്ധനാണ്.’