രാജസ്ഥാനിലെ ആദ്യ വന്ദേ ഭാരത് എക്സ്‌പ്രസ് ട്രെയിൻ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു വിദൂരദൃശ്യസംവിധാനത്തിലൂടെ ഫ്ലാഗ് ഓഫ് ചെയ്തു.
സമ്മേളനത്തെ അഭിസംബോധന ചെയ്യവേ, ജയ്പുരിനും ഡൽഹിയ്ക്കുമിടയിലുള്ള യാത്ര സുഗമമാക്കുക മാത്രമല്ല, രാജസ്ഥാനിലെ വിനോദസഞ്ചാരവ്യവസായത്തിന് ഉത്തേജനം നൽകുകയും ചെയ്യുന്ന ആദ്യത്തെ വന്ദേ ഭാരത് ട്രെയിൻ ലഭിച്ചതിനു രാജസ്ഥാനെ പ്രധാനമന്ത്രി അഭിനന്ദിച്ചു. തീർഥരാജ് പുഷ്കർ, അജ്മീർ ഷെരീഫ് തുടങ്ങിയ വിശ്വാസകേന്ദ്രങ്ങളിലേക്കുള്ള പ്രവേശനത്തിനും ഇതു സഹായിക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
കഴിഞ്ഞ രണ്ടുമാസത്തിനിടെ, ഡൽഹി-ജയ്പൂർ വന്ദേ ഭാരത് എക്സ്‌പ്രസ് ഉൾപ്പെടെ രാജ്യത്തെ ആറു വന്ദേ ഭാരത് ട്രെയിനുകൾ ഫ്ലാഗ് ഓഫ് ചെയ്യാൻ അവസരം ലഭിച്ചത് അനുസ്മരിച്ച പ്രധാനമന്ത്രി, മുംബൈ-സോലാപൂർ, മുംബൈ-ഷിർദി, റാണി കമലാപതി-ഹസ്രത്ത് നിസാമുദീൻ, സെക്കന്ദരാബാദ്-തിരുപ്പതി, ചെന്നൈ – കോയമ്പത്തൂർ എന്നീ വന്ദേ ഭാരത് എക്സ്‌പ്രസുകളുടെ ഉദാഹരണം നൽകുകയും ചെയ്തു. വന്ദേ ഭാരത് എക്സ്‌പ്രസ് ആരംഭിച്ചതു മുതൽ ഏകദേശം 60 ലക്ഷം പൗരന്മാർ അതിൽ യാത്ര ചെയ്തിട്ടുണ്ടെന്നു പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. “വന്ദേ ഭാരതിന്റെ വേഗതയാണ് അതിന്റെ പ്രത്യേകത. അതു ജനങ്ങളുടെ സമയം ലാഭിക്കുന്നു” – പ്രധാനമന്ത്രി പറഞ്ഞു. വന്ദേ ഭാരത് എക്സ്‌പ്രസിൽ യാത്ര ചെയ്യുന്നവർ ഓരോ യാത്രയിലും 2500 മണിക്കൂർ ലാഭിക്കുന്നുവെന്ന് ഒരു പഠനം വ്യക്തമാക്കുന്നതായി പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. നിർമാണ വൈദഗ്ധ്യം, സുരക്ഷ, വേഗത, മനോഹരമായ രൂപകൽപ്പന എന്നിവ കണക്കിലെടുത്താണു വന്ദേ ഭാരത് എക്സ്‌പ്രസ് വികസിപ്പിച്ചതെന്ന് അദ്ദേഹം പറഞ്ഞു. വന്ദേ ഭാരത് എക്സ്‌പ്രസിനെ പൗരന്മാർ വളരെയധികം അഭിനന്ദിച്ചിട്ടുണ്ടെന്ന് ആവർത്തിച്ച പ്രധാനമന്ത്രി, എക്സ്‌പ്രസ് ട്രെയിൻ ഇന്ത്യയിൽ വികസിപ്പിച്ച ആദ്യത്തെ സെമി ഓട്ടോമാറ്റിക് ട്രെയിനാണെന്നും ലോകത്തിലെ ആദ്യത്തെ ഒതുക്കമുള്ളതും കാര്യക്ഷമവുമായ ട്രെയിനുകളിലൊന്നാണെന്നും പറഞ്ഞു. “തദ്ദേശീയ സുരക്ഷാസംവിധാനമായ ‘കവചു’മായി പൊരുത്തപ്പെടുന്ന ആദ്യത്തെ ട്രെയിനാണു വന്ദേ ഭാരത്” – ശ്രീ മോദി പറഞ്ഞു. അധിക എൻജിൻ ആവശ്യമില്ലാതെ സഹ്യാദ്രി നിരകളുടെ ഉയരം കീഴടക്കുന്ന ആദ്യ ട്രെയിനാണിതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. “‘ഇന്ത്യയാണ് എല്ലായ്പോഴും ആദ്യം’ എന്ന മനോഭാവം വന്ദേ ഭാരത് എക്സ്‌പ്രസ് സാക്ഷാത്കരിക്കുന്നു” – അദ്ദേഹം പറഞ്ഞു. വികസനം, ആധുനികത, സ്ഥിരത, സ്വയംപര്യാപ്തത എന്നിവയുടെ പര്യായമായി വന്ദേ ഭാരത് എക്സ്‌പ്രസ് മാറിയതിൽ പ്രധാനമന്ത്രി ആഹ്ലാദം പ്രകടിപ്പിച്ചു.
റെയിൽവേ പോലുള്ള, പൗരന്മാരുടെ പ്രധാനപ്പെട്ടതും അടിസ്ഥാനപരവുമായ, ആവശ്യം രാഷ്ട്രീയത്തിന്റെ വേദിയാക്കി മാറ്റിയതിൽ പ്രധാനമന്ത്രി ഖേദം പ്രകടിപ്പിച്ചു. സ്വാതന്ത്ര്യസമയത്ത് ഇന്ത്യക്കു വലിയൊരു റെയിൽവേ ശൃംഖല പാരമ്പര്യമായി ലഭിച്ചിരുന്നുവെങ്കിലും സ്വാതന്ത്ര്യത്തിനു ശേഷമുള്ള വർഷങ്ങളിൽ ആധുനികവൽക്കരണത്തിന്റെ ആവശ്യകതയിൽ രാഷ്ട്രീയ താൽപ്പര്യം ആധിപത്യം പുലർത്തി. റെയിൽവേ മന്ത്രിയെ തെരഞ്ഞെടുക്കുന്നതിലും ട്രെയിനുകളുടെ പ്രഖ്യാപനത്തിലും നിയമനത്തിലും പോലും രാഷ്ട്രീയം പ്രകടമായിരുന്നു. റെയിൽവേ ജോലിക്കായെന്ന വ്യാജേന ഭൂമി ഏറ്റെടുക്കൽ നടത്തി. ആളില്ലാ ക്രോസിങ്ങുകൾ വളരെക്കാലം തുടർന്നു. വൃത്തിയും സുരക്ഷയും പിന്നോട്ടുപോയി. 2014ൽ ജനങ്ങൾ പൂർണ ഭൂരിപക്ഷത്തോടെ സുസ്ഥിരമായ ഗവണ്മെന്റിനെ തെരഞ്ഞെടുത്തശേഷം സ്ഥിതിഗതികൾ മെച്ചപ്പെട്ടു. “രാഷ്ട്രീയ കൊടുക്കൽ വാങ്ങലുകളുടെ സമ്മർദം കുറഞ്ഞപ്പോൾ, റെയിൽവേ ആശ്വാസത്തിന്റെ നെടുവീർപ്പിട്ടു പുതിയ ഉയരങ്ങളിലേക്കു കുതിച്ചു” – അദ്ദേഹം പറഞ്ഞു.
കേന്ദ്രഗവണ്മെന്റ് രാജസ്ഥാനെ പുതിയ അവസരങ്ങളുടെ നാടാക്കി മാറ്റുകയാണെന്നു പ്രധാനമന്ത്രി പറഞ്ഞു. വിനോദസഞ്ചാരം സമ്പദ്‌വ്യവസ്ഥയുടെ പ്രധാന ഭാഗമായ രാജസ്ഥാൻ പോലുള്ള സംസ്ഥാനത്തിനു വളരെ പ്രധാനപ്പെട്ട സമ്പർക്കസൗകര്യങ്ങൾക്കായി കേന്ദ്ര ഗവണ്മെന്റ് അഭൂതപൂർവമായ പ്രവർത്തനമാണു നടത്തിയതെന്ന് അദ്ദേഹം പറഞ്ഞു. ഫെബ്രുവരിയിൽ ഡൽഹി – മുംബൈ അതിവേഗപാതയുടെ ഡൽഹി – ദൗസ – ലാൽസോട്ട് ഭാഗം സമർപ്പിച്ചതിനെക്കുറിച്ചു ശ്രീ മോദി പരാമർശിച്ചു. ദൗസ, അൽവാർ, ഭരത്പുർ, സവായ് മധോപുർ, ടോങ്ക്, ബുന്ദി, കോട്ട ജില്ലകൾക്ക് ഈ ഭാഗം പ്രയോജനപ്പെടും. രാജസ്ഥാനിലെ അതിർത്തി പ്രദേശങ്ങളിൽ ഏകദേശം 1400 കിലോമീറ്റർ നീളമുള്ള റോഡുകൾക്കായി കേന്ദ്ര ഗവണ്മെന്റ് പ്രവർത്തിക്കുകയാണെന്നും സംസ്ഥാനത്ത് 1000 കിലോമീറ്ററിലധികം നീളമുള്ള റോഡുകൾ നിർദേശിച്ചിട്ടുണ്ടെന്നും പ്രധാനമന്ത്രി അറിയിച്ചു.
രാജസ്ഥാനിലെ സമ്പർക്കസൗകര്യങ്ങൾക്കു മുൻഗണന നൽകിക്കൊണ്ട്, തരംഗ ഹിൽ മുതൽ അംബാജി വരെയുള്ള റെയിൽ പാതയുടെ പ്രവൃത്തി ആരംഭിക്കുന്ന കാര്യം പ്രധാനമന്ത്രി പരാമർശിച്ചു. ഈ പാത ഒരു നൂറ്റാണ്ടു പഴക്കമുള്ള, തീർപ്പുകൽപ്പിക്കാത്ത ആവശ്യമായിരുന്നു. അതാണ് ഇപ്പോൾ നിറവേറ്റപ്പെടുന്നത്. ഉദയ്പുർ-അഹമ്മദാബാദ് പാത ബ്രോഡ്ഗേജാക്കുന്നത് ഇതിനകം പൂർത്തിയായതായും 75 ശതമാനത്തിലധികം റെയിൽവേ ശൃംഖല വൈദ്യുതവൽക്കരിച്ചതായും അദ്ദേഹം പറഞ്ഞു. രാജസ്ഥാന്റെ റെയിൽവേ ബജറ്റ് 2014നുശേഷം 14 മടങ്ങു വർധിപ്പിച്ചിട്ടുണ്ടെന്നും 2014ലെ 700 കോടി രൂപയിൽ നിന്ന് ഈ വർഷം 9500 കോടി രൂപയിലേറെയായി വർധിപ്പിച്ചിട്ടുണ്ടെന്നും ശ്രീ മോദി പറഞ്ഞു. റെയിൽവേ പാത ഇരട്ടിപ്പിക്കലിന്റെ വേഗതയും ഇരട്ടിയായി. ഗേജ് മാറ്റവും ഇരട്ടിപ്പിക്കലും ദുംഗാർപുർ, ഉദയ്പുർ, ചിത്തോർഗഢ്, പാലി, സിരോഹി തുടങ്ങിയ ഗോത്രവർഗ മേഖലകളെ സഹായിച്ചു. അമൃത് ഭാരത് റെയിൽവേ യോജനയ്ക്കു കീഴിൽ ഡസൻ കണക്കിനു സ്റ്റേഷനുകൾ നവീകരിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വിനോദസഞ്ചാരികളുടെ സൗകര്യം കണക്കിലെടുത്ത്, ഗവണ്മെന്റ് വിവിധ തരത്തിലുള്ള സർക്യൂട്ട് ട്രെയിനുകളും ഓടിക്കുന്നുണ്ടെന്ന് അറിയിച്ച പ്രധാനമന്ത്രി, ഇതുവരെ 15,000-ത്തിലധികം യാത്രക്കാരുമായി 70-ലധികം യാത്രകൾ നടത്തിയ ഭാരത് ഗൗരവ് സർക്യൂട്ട് ട്രെയിനുകൾ ഉദാഹരണമാക്കി. “അയോധ്യ-കാശി, ദക്ഷിണ ദർശൻ, ദ്വാരക ദർശൻ, സിഖ് തീർഥാടന കേന്ദ്രങ്ങൾ എന്നിങ്ങനെ ഭാരത് ഗൗരവ് സർക്യൂട്ട് ട്രെയിനുകൾ നിരവധി സ്ഥലങ്ങളിലേക്കു സർവീസ് നടത്തിയിട്ടുണ്ട്” – പ്രധാനമന്ത്രി പറഞ്ഞു. യാത്ര ചെയ്യുന്നവരിൽ നിന്ന് സോഷ്യൽ മീഡിയയിൽ വന്ന മികച്ച പ്രതികരണം ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി, ഈ ട്രെയിനുകൾ തുടർച്ചയായി ഏക ഭാരതം – ശ്രേഷ്ഠ ഭാരതം എന്ന മനോഭാവത്തിനു കരുത്തേകുന്നുവെന്നു വ്യക്തമാക്കി.
ഒരു സ്റ്റേഷൻ ഒരുൽപ്പന്നം യജ്ഞത്തെക്കുറിച്ചു പറഞ്ഞ പ്രധാനമന്ത്രി, രാജസ്ഥാനിലെ പ്രാദേശിക ഉൽപ്പന്നങ്ങൾ രാജ്യത്തുടനീളം എത്തിക്കുന്നതിൽ ഇന്ത്യൻ റെയിൽവേ വർഷങ്ങളായി മറ്റൊരു ശ്രമം നടത്തിവരികയാണെന്നും പറഞ്ഞു. രാജസ്ഥാൻ ജയ്പുരി പുതപ്പുകൾ, സംഗനേരി ബ്ലോക്ക് പ്രിന്റ് ബെഡ് ഷീറ്റുകൾ, റോസ് ഉൽപ്പന്നങ്ങൾ, മറ്റ് കരകൗശല വസ്തുക്കൾ എന്നിവയുൾപ്പെടെയുള്ള ഉൽപ്പന്നങ്ങൾ 70 ഓളം വരുന്ന ഒരുസ്റ്റേഷൻ ഒരുൽപ്പന്നം സ്റ്റാളുകളിലൂടെ ഇന്ത്യൻ റെയിൽവെ വിറ്റഴിക്കുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. രാജസ്ഥാനിലെ ചെറുകിട കർഷകർ, കൈപ്പണിക്കാർ, കരകൗശല തൊഴിലാളികൾ എന്നിവർക്കു വിപണി കണ്ടെത്താൻ ഈ പുതിയ മാധ്യമം സഹായിച്ചതായി അദ്ദേഹം ചൂണ്ടിക്കാട്ടി. വികസനത്തിൽ കൂട്ടായ പങ്കാളിത്തത്തിന്റെ ഉദാഹരണമാണിതെന്നു പ്രസംഗം ഉപസംഹരിക്കവേ പ്രധാനമന്ത്രി പറഞ്ഞു. “റെയിൽവേ പോലെയുള്ള ഗതാഗത അടിസ്ഥാന സൗകര്യങ്ങൾ ശക്തമാകുമ്പോൾ രാജ്യം ശക്തമാകും. ഇതു രാജ്യത്തെ സാധാരണ പൗരന്മാർക്കു ഗുണം ചെയ്യും. രാജ്യത്തെ പാവപ്പെട്ടവർക്കും ഇടത്തരക്കാർക്കും പ്രയോജനം ചെയ്യും” – രാജസ്ഥാന്റെ വികസനം ത്വരിതപ്പെടുത്തുന്നതിൽ ആധുനിക വന്ദേ ഭാരത് ട്രെയിൻ പ്രധാന പങ്കു വഹിക്കുമെന്നു പ്രത്യാശ പ്രകടിപ്പിച്ചു പ്രധാനമന്ത്രി ഉപസംഹരിച്ചു.
പശ്ചാത്തലം :
ജയ്പുരിനും ഡൽഹി കന്റോൺമെന്റ് റെയിൽവേ സ്റ്റേഷനുമിടയിലാണ് ഇന്നുദ്ഘാടനം ചെയ്ത ട്രെയിൻ സർവീസ് നടത്തുന്നത്. ഈ വന്ദേ ഭാരത് എക്സ്‌പ്രസിന്റെ പതിവ് സർവീസ് 2023 ഏപ്രിൽ 13ന് ആരംഭിക്കും. ജയ്പുർ, അൽവാർ, ഗുഡ്ഗാവ് എന്നിവിടങ്ങളിൽ സ്റ്റോപ്പുകളോടെ അജ്മീറിനും ഡൽഹി കന്റോൺമെന്റിനുമിടയിൽ ഇടയിൽ സർവീസ് നടത്തും.
പുതിയ വന്ദേ ഭാരത് എക്സ്‌പ്രസ് അജ്‌മീറിനും ഡൽഹി കന്റോൺമെന്റിനുമിടയിലുള്ള ദൂരം 5 മണിക്കൂർ 15 മിനിറ്റ് കൊണ്ട് ഓടിയെത്തും. അതേ പാതയിലെ നിലവിലെ ഏറ്റവും വേഗതയേറിയ ട്രെയിനായ ശതാബ്ദി എക്സ്‌പ്രസ്, ഡൽഹി കന്റോൺമെന്റിൽ നിന്ന് അജ്മീറിലെത്താൻ 6 മണിക്കൂർ 15 മിനിറ്റാണെടുക്കുന്നത്. അതിനാൽ, അതേ പാതയിൽ ഓടുന്ന നിലവിലെ ഏറ്റവും വേഗതയേറിയ ട്രെയിനുമായി താരതമ്യപ്പെടുത്തുമ്പോൾ പുതിയ വന്ദേ ഭാരത് എക്സ്‌പ്രസിന് 60 മിനിറ്റ് വേഗത കൂടുതലായിരിക്കും.
അജ്മീർ-ഡൽഹി കന്റോൺമെന്റ് ഹൈ റൈസ് ഓവർഹെഡ് ഇലക്ട്രിക് (ഒഎച്ച്ഇ ) മേഖലയിൽ ലോകത്തിലെ ആദ്യത്തെ അർധ അതിവേഗ യാത്രാട്രെയിനായിരിക്കും വന്ദേ ഭാരത് എക്സ്‌പ്രസ്. പുഷ്കർ, അജ്മീർ ഷരീഫ് ദർഗ തുടങ്ങി രാജസ്ഥാനിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളെ ഈ ട്രെയിൻ കൂട്ടിയിണക്കും. മെച്ചപ്പെട്ട സമ്പർക്കസൗകര്യങ്ങൾ മേഖലയിലെ സാമൂഹ്യ-സാമ്പത്തിക വികസനത്തിന് ഉത്തേജനമേകും.
Rajasthan gets its first Vande Bharat Express today. This will significantly enhance connectivity and boost tourism. https://t.co/TqiCCHWeV9
— Narendra Modi (@narendramodi) April 12, 2023
मां भारती की वंदना करने वाली राजस्थान की धरती को आज पहली वंदे भारत ट्रेन मिल रही है। pic.twitter.com/9q7wyQQMHQ
— PMO India (@PMOIndia) April 12, 2023
वंदे भारत ने कई नई शुरुआत की है। pic.twitter.com/B7TjvKuM1p
— PMO India (@PMOIndia) April 12, 2023
वंदे भारत ट्रेन आज विकास, आधुनिकता, स्थिरता और आत्म-निर्भरता का पर्याय बन चुकी है। pic.twitter.com/zS5DBVPkKM
— PMO India (@PMOIndia) April 12, 2023
***
ND
Rajasthan gets its first Vande Bharat Express today. This will significantly enhance connectivity and boost tourism. https://t.co/TqiCCHWeV9
— Narendra Modi (@narendramodi) April 12, 2023
मां भारती की वंदना करने वाली राजस्थान की धरती को आज पहली वंदे भारत ट्रेन मिल रही है। pic.twitter.com/9q7wyQQMHQ
— PMO India (@PMOIndia) April 12, 2023
वंदे भारत ने कई नई शुरुआत की है। pic.twitter.com/B7TjvKuM1p
— PMO India (@PMOIndia) April 12, 2023
वंदे भारत ट्रेन आज विकास, आधुनिकता, स्थिरता और आत्म-निर्भरता का पर्याय बन चुकी है। pic.twitter.com/zS5DBVPkKM
— PMO India (@PMOIndia) April 12, 2023