Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ജമ്മു കാഷ്മീര്‍ ഇന്ത്യയുടെ കിരീടം; പതിറ്റാണ്ടുകള്‍ ദീര്‍ഘിച്ച സംഘര്‍ഷങ്ങളില്‍ നിന്ന് അതിനെ മോചിപ്പിക്കുക നമ്മുടെ ഉത്തരവാദിത്തം – പ്രധാനമന്ത്രി


പ്രശ്‌നങ്ങള്‍ പരിഹരിക്കാതെ നീട്ടിക്കൊണ്ടു പോകുന്നതിന് ഇന്ത്യന്‍ യുവതയ്ക്കു താല്പര്യമില്ലെന്നും  എന്നാല്‍ ഭീകരവാദത്തെയും വിഘടനവാദത്തെയും നേരിടാന്‍ അവര്‍ എപ്പോഴും തയ്യാറാണെന്നും പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി വ്യക്തമാക്കി. ഡല്‍ഹിയില്‍ എന്‍സിസി റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
യുവത്വമുള്ള ഒരു മാനസികാവസ്ഥയും ആവേശവും വികസിപ്പിക്കുവാന്‍ രാജ്യത്തെ ആഹ്വാനം ചെയ്ത പ്രധാനമന്ത്രി                 ശ്രീ. നരേന്ദ്ര മോദി, ജമ്മു കാഷ്മീര്‍ പ്രശ്‌നം പതിറ്റാണ്ടുകളായി തുടരുകയായിരുന്നു എന്നും പറഞ്ഞു.
രാജ്യം സ്വാതന്ത്ര്യം പ്രാപിച്ചതു മുതല്‍ തന്നെ ജമ്മു കാഷ്മീര്‍ പ്രശ്‌നം നിലനില്‍ക്കുകയായിരുന്നു. അതു പരിഹരിക്കാന്‍ എന്താണ് ചെയ്തത്?  അദ്ദേഹം ചോദിച്ചു. 
മൂന്നോ നാലോ കുടുംബങ്ങളും രാഷ്ട്രിയ പാര്‍ട്ടികളും, അവര്‍ക്ക് കാഷ്മീര്‍ പ്രശ്‌നത്തിന് പരിഹാരം കണ്ടെത്തുന്നതിലും  താല്‍പര്യമുണ്ടായിരുന്നില്ല.   മാത്രമല്ല അത് പരിഹരിക്കാതെ മുന്നോട്ടു പോകവാനായിരുന്നു താല്‍പര്യവും -  അദ്ദേഹം വ്യക്തമാക്കി.  ഫലമോ, തുടര്‍ച്ചയായ ഭീകര പ്രവര്‍ത്തനങ്ങള്‍ മൂലം  കാശ്മീരില്‍ ആയിരക്കണക്കിന് നിരപരാധികള്‍ കൊല്ലപ്പെടുകയും ചെയ്തു.
സംസ്ഥാനത്തെ ലക്ഷക്കണക്കിനു പൗരന്മാര്‍ സ്വന്തം വീടുകളില്‍ നിന്നു പുറത്താക്കപ്പെട്ടപ്പോള്‍ ഗവണ്‍മെന്റ് മൂകസാക്ഷിയായി നിന്നു - അദ്ദേഹം പറഞ്ഞു.
370ാം വകുപ്പ് ഒരു താല്‍ക്കാലിക സംവിധാനം മാത്രമായിരുന്നുവെന്ന് പറഞ്ഞ പ്രധാനമന്ത്രി, ചില രാഷ്ട്രിീയ പാര്‍ട്ടികളുടെ വോട്ടു ബാങ്ക് രാഷ്ട്രീയം മൂലം ഏഴു പതിറ്റാണ്ടുകള്‍ അത് തുടര്‍ന്നുവെന്നും വിശദീകരിച്ചു. 
കാഷ്മീര്‍ ഈ രാജ്യത്തിന്റെ കീരീടമാണ്. സംഘര്‍ഷങ്ങളില്‍ നിന്ന് അതിനെ മോചിപ്പിക്കുക നമ്മുടെ ഉത്തരവാദിത്തമാണ് - അദ്ദേഹം പറഞ്ഞു.
ജമ്മുകാഷ്മീരിലെ ദീര്‍ഘനാളായി നിലവിലുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കുക എന്ന ലക്ഷ്യത്തോടെയാണ് 370-ാം വകുപ്പ് റദ്ദാക്കിയതെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

ഭീകര പ്രവര്‍ത്തനങ്ങളെ നേരിടാന്‍ മിന്നലാക്രമണവും വ്യോമ ആക്രമണവും
'നമ്മുടെ അയല്‍ക്കാര്‍ നമ്മോട് മൂന്നു യുദ്ധങ്ങള്‍ നടത്തി, പക്ഷെ നമ്മുടെ സൈന്യം അതു മൂന്നും പരാജയപ്പെടുത്തി. ഇപ്പോള്‍ അവര്‍ നിഴല്‍ യുദ്ധം നടത്തുകയാണ്. നമ്മുടെ ആയിരക്കണക്കിനു പൗരന്മാരാണ് കൊല്ലപ്പെടുന്നത്.
ഈ വിഷയത്തില്‍ മുമ്പുള്ള ചിന്തയെന്തായിരുന്നു? വെറും  ക്രമസമാധാന പ്രശ്‌നമെന്ന മട്ടിലാണ് ഇതിനെ വീക്ഷിച്ചിരുന്നത്' അദ്ദേഹം ചൂണ്ടിക്കാട്ടി.
പ്രശ്‌നം വെറുതെ നീട്ടിക്കൊണ്ടു പോവുകയും സുരക്ഷാ സേനയ്ക്ക് പ്രവര്‍ത്തിക്കാന്‍ ഒരിക്കലും അവസരം നല്‍കാതിരിക്കുകയുമായിരുന്നു എന്ന് പ്രധാനമന്ത്രി വ്യക്തമാക്കി.
'ഇന്ന് ഇന്ത്യ യുവചിന്തയോടെയും മനോഭാവത്തോടെയും പുരോഗ മിക്കുന്നു,  അതിനാല്‍ മിന്നലാക്രമണവും വ്യോമാക്രമണവും ഭീകര താവളങ്ങളില്‍ നേരിട്ട് ആക്രമണവും നടത്താന്‍ ഇന്ത്യക്കു കഴിഞ്ഞു.'
ഈ പ്രവൃത്തികളുടെയെല്ലാം ഫലമായി ഇന്നു രാജ്യത്ത് മൊത്തത്തില്‍ സമാധാനം നിലനില്ക്കുന്നുണ്ടെന്നും, ഭീകര പ്രവര്‍ത്തനങ്ങള്‍ കുറഞ്ഞിട്ടുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.

ദേശീയ യുദ്ധ സ്മാരകം
രാജ്യത്തെ ചിലര്‍ക്ക്  രക്തസാക്ഷികള്‍ക്ക് സ്മാരകം വേണം എന്ന് ആഗ്രഹമില്ലായിരുന്നു എന്നു പ്രധാനമന്ത്രി പറഞ്ഞു. 
'സുരക്ഷാ സൈനികരുടെ ആത്മവീര്യം വര്‍ധിപ്പിക്കുന്നതിനു പകരം സൈന്യത്തിന്റെ അഭിമാനം വ്രണപ്പെടുത്താനായിരുന്നു ശ്രമം', അദ്ദേഹം പറഞ്ഞു. യുവ ഇന്ത്യയുടെ ആഗ്രഹങ്ങള്‍ പിന്‍തുടര്‍ന്നാണ്  ഇന്ന് ഡല്‍ഹിയില്‍ ദേശീയ യുദ്ധ സ്മാരകവും  ദേശീയ പൊലീസ് സ്മാരകവും നിര്‍മ്മിച്ചിരിക്കുന്നത്.

ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ്
ലോകമെമ്പാടും ഇന്ന് സായുധ സേന മാറ്റങ്ങള്‍ക്കു വിധേയമായിക്കൊണ്ടിരിക്കുകയാണ് എന്ന്  പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. അതിനാല്‍ കര, നാവിക, വ്യോമ സേനകളുടെ ഏകോപനത്തിന് വലിയ പ്രാധാന്യമുണ്ടായിരിക്കുന്നു. ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫിനെ നിയമിക്കണം എന്ന് ആവശ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ടെങ്കിലും,  അക്കാര്യത്തില്‍ അനിശ്ചിതത്വം നീണ്ടു പോയി.
യുവ ചിന്തയില്‍ നിന്നും മനോഭാവത്തില്‍നിന്നും പ്രചോദനമുള്‍ക്കൊണ്ട് ഗവണ്‍മെന്റ് ഒരു ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫിനെ നിയമിച്ചുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. 
'ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫിന്റെ തസ്തിക സൃഷ്ടിച്ചതും പുതിയ ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫിനെ നിയമിച്ചതും നമ്മുടെ ഗവണ്‍മെന്റാണ', അദ്ദേഹം പറഞ്ഞു.

പുതു തലമുറ യുദ്ധവിമാനം റഫേലിന്റെ വരവ്
സൈന്യം നവീകൃതവും ആധുനികവും ആകണമെന്നതാണ് രാജ്യത്തെ സ്‌നേഹിക്കുന്ന ആരും ആഗ്രഹിക്കുന്നതെന്ന് സായുധ സേനയുടെ ആധുനീകരണവും സാങ്കേതിക നവീകരണവും എന്ന വിഷയത്തെക്കുറിച്ച് പരാമര്‍ശിക്കവെ പ്രധാനമന്ത്രി പറഞ്ഞു. എന്നാല്‍ കഴിഞ്ഞ മുപ്പതു വര്‍ഷത്തിനിടയില്‍ ഒരൊറ്റ ആധുനിക യുദ്ധവിമാനം പോലും വാങ്ങുവാന്‍ ഇന്ത്യന്‍ വ്യോമ സേനയ്ക്കു കഴിഞ്ഞില്ല എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
നമ്മുടെ വിമാനങ്ങള്‍ പഴയതും കാലഹരണപ്പെട്ടവയും പോരാളികളായ പൈലറ്റുമാരെ രക്തസാക്ഷികളാക്കുന്നവയുമായിരുന്നു വെന്ന് അദ്ദേഹം പറഞ്ഞു.
'കഴിഞ്ഞ മൂന്നു പതിറ്റാണ്ടു കാലത്തെ ഈ അനിശ്ചിതാവസ്ഥ മാറ്റാന്‍ നമുക്കു സാധിക്കണം.  മൂന്നു പതിറ്റാണ്ടിന്റെ കാത്തിരിപ്പിനു ശേഷം ഇന്ത്യന്‍ വ്യോമ സേന പുത്തന്‍ തലമുറ യുദ്ധ വിമാനമായ റഫേല്‍  കരസ്ഥമാക്കിയിരിക്കുന്നു എന്നതില്‍ ഇന്ന് ഞാന്‍ സന്തുഷ്ടനാണ്', അദ്ദേഹം പറഞ്ഞു.