ലോക് കല്യാൺ മാർഗിലെ 7-ാം നമ്പർ വസതിയിൽ ജമ്മു കശ്മീർ വിദ്യാർഥികളുടെ പ്രതിനിധിസംഘവുമായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ആശയവിനിമയം നടത്തി. ജമ്മു കശ്മീരിലെ എല്ലാ ജില്ലകളിൽ നിന്നുമായി 250 ഓളം വിദ്യാർഥികൾ അനൗപചാരിക ആശയവിനിമയത്തിൽ പങ്കെടുത്തു.
കേന്ദ്ര ഗവൺമെന്റിന്റെ ‘വതൻ കോ ജാനോ – യൂത്ത് എക്സ്ചേഞ്ച് പ്രോഗ്രാം 2023’ന്റെ ഭാഗമായി വിദ്യാർഥികൾ ജയ്പുർ, അജ്മീർ, ന്യൂഡൽഹി എന്നിവിടങ്ങൾ സന്ദർശിച്ചുവരികയാണ്. ‘ഏകഭാരതം ശ്രേഷ്ഠഭാരതം’ എന്ന മനോഭാവത്തിൽ, ഈ സന്ദർശനം രാജ്യത്തിന്റെ സാംസ്കാരികവും സാമൂഹികവുമായ വൈവിധ്യങ്ങൾ ജമ്മു കശ്മീരിലെ യുവാക്കൾക്ക് മുന്നിൽ പ്രദർശിപ്പിക്കാൻ ലക്ഷ്യമിടുന്നു.
സംഭാഷണമധ്യേ പ്രധാനമന്ത്രി വിദ്യാർഥികളോട് തങ്ങളുടെ യാത്രാനുഭവത്തെക്കുറിച്ചും അവർ സന്ദർശിച്ച സുപ്രധാന സ്ഥലങ്ങളെക്കുറിച്ചും ചോദിച്ചു. ജമ്മു കശ്മീരിലെ സമ്പന്നമായ കായിക സംസ്കാരത്തെക്കുറിച്ച് ചർച്ച ചെയ്ത പ്രധാനമന്ത്രി ക്രിക്കറ്റ്, ഫുട്ബോൾ തുടങ്ങിയ കായിക ഇനങ്ങളിലെ പങ്കാളിത്തത്തെക്കുറിച്ച് വിദ്യാർഥികളോട് ആരാഞ്ഞു. ഹാങ്ഷുവിൽ നടന്ന ഏഷ്യൻ പാരാ ഗെയിംസിൽ മൂന്ന് മെഡലുകൾ നേടിയ ജമ്മു കശ്മീരിൽ നിന്നുള്ള യുവ അമ്പെയ്ത്ത് താരം ശീതൾ ദേവിയെ പ്രധാനമന്ത്രി പരാമർശിച്ചു. ജമ്മു കശ്മീരിലെ യുവാക്കളുടെ കഴിവുകളെ അഭിനന്ദിച്ച പ്രധാനമന്ത്രി ഏത് മേഖലയിലും മികവ് പുലർത്താൻ അവർക്ക് ശേഷിയുണ്ടെന്നും കൂട്ടിച്ചേർത്തു.
രാജ്യത്തിന്റെ വികസനത്തിനായി പ്രവർത്തിക്കാനും സംഭാവന നൽകാനും 2047-ലെ വികസിത ഭാരതം എന്ന സ്വപ്നം സാക്ഷാത്കരിക്കാൻ സഹായിക്കാനും പ്രധാനമന്ത്രി വിദ്യാർഥികളോട് ആവശ്യപ്പെട്ടു.
ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെയിൽവേ പാലം ജമ്മു കശ്മീരിൽ നിർമ്മിക്കുന്നതിനെക്കുറിച്ച് പരാമർശിക്കവേ, ഈ മേഖലയിലെ സമ്പർക്കസൗകര്യം മെച്ചപ്പെടുത്താൻ ഇത് സഹായിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.
ചന്ദ്രയാൻ -3, ആദിത്യ-എൽ 1 ദൗത്യം എന്നിവയുടെ വിജയത്തെക്കുറിച്ച് പ്രധാനമന്ത്രി സംസാരിച്ചു. ഈ ശാസ്ത്രീയ നേട്ടങ്ങൾ ഓരോ ഇന്ത്യക്കാരനെയും അഭിമാനിപ്പിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഈ വർഷം ജമ്മു കശ്മീർ സന്ദർശിക്കുന്ന വിനോദസഞ്ചാരികളുടെ എണ്ണത്തിൽ റെക്കോർഡ് വർധന ഉണ്ടായതായി പറഞ്ഞ പ്രധാനമന്ത്രി, ജമ്മു കശ്മീരിലെ വിനോദസഞ്ചാര മേഖലയിൽ അനന്തമായ സാധ്യതകൾ ഉണ്ടെന്ന് വ്യക്തമാക്കി. യോഗയുടെ പ്രയോജനങ്ങളെക്കുറിച്ച് സംസാരിച്ച പ്രധാനമന്ത്രി, അത് ദിവസവും പരിശീലിക്കാൻ വിദ്യാർഥികളോട് ആഹ്വാനം ചെയ്തു. കശ്മീരിൽ ജി 20 ഉച്ചകോടി വിജയകരമായി സംഘടിപ്പിച്ചതിനെക്കുറിച്ചും രാജ്യത്തെ ശുചിത്വവൽക്കരിക്കുന്നതിനുള്ള ശ്രമങ്ങളെക്കുറിച്ചും അദ്ദേഹം ചർച്ച ചെയ്തു.
SK
Had a memorable interaction with students from Jammu and Kashmir. Their enthusiasm and energy is truly admirable. pic.twitter.com/aUsVaIXlJy
— Narendra Modi (@narendramodi) December 24, 2023