ജമ്മുവിലെ പഴയ ഗവണ്‍മെന്റ് കോളജ് ഓഫ് എന്‍ജിനീയറിംഗ് ആന്റ് ടെക്‌നോളജി താല്‍ക്കാലിക കാമ്പസില്‍ 2016- 17 അധ്യയന വര്‍ഷം മുതല്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് (ഐഐഎം) സ്ഥാപിച്ച് പ്രവര്‍ത്തനം തുടങ്ങിയത് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗം അംഗീകരിച്ചു. 2016 മുല്‍ 2020 വരെയുള്ള നാല് വര്‍ഷം താല്‍ക്കാലിക കാമ്പസിന്റെ പ്രവര്‍ത്തനത്തിന് 61.90 കോടി രൂപയുടേതാണ് പദ്ധതി. ഈ വര്‍ഷം മാനേജ്‌മെന്റിലെ ബിരുദാനന്തര ബിരുദ ഡിപ്ലോമ പ്രോഗ്രാമില്‍ ( പിജിഡിപി) 54 വിദ്യാര്‍ത്ഥികള്‍ക്കാണ് പ്രവേശനം നല്‍കിയത്. നാലാം വര്‍ഷമാകുമ്പോള്‍ ഇത് 120ല്‍ എത്തും. ജമ്മുവിലും കശ്മീര്‍ മേഖലയിലും കാമ്പസ് ആരംഭിക്കാനുള്ള നടപടികള്‍ ഇതിനിടെ സ്വീകരിക്കുകയും ചെയ്യും. സ്ഥിരം കാമ്പസുകള്‍ക്കുള്ള വിശദമായ പദ്ധതി രേഖ തയ്യാറാക്കിക്കൊണ്ടിരിക്കുകയാണ്. അതുപ്രകാരം കാമ്പസുകള്‍ സ്ഥാപിക്കാനുള്ള നടപടികള്‍ ആരംഭിക്കും.
1860ലെ സൊസൈറ്റീസ് രജിസ്‌ട്രേഷന്‍ ആക്റ്റിനു കീഴില്‍ ഐഐഎം ജമ്മു സൊസൈറ്റി രൂപീകരിച്ചതും മന്ത്രിസഭ അംഗീകരിച്ചു. ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഭരണച്ചുമതല ഈ സൊസൈറ്റിക്കും കേന്ദ്ര ഗവണ്‍മെന്റ് രൂപീകരിക്കുന്ന ബോര്‍ഡ് ഓഫ് ഡയറക്‌ടേഴ്‌സിനുമായിരിക്കും.
ജമ്മു- കശ്മീരിനു വേണ്ടിയുള്ള പ്രധാനമന്ത്രിയുടെ വികസന പാക്കേജിന്റെ ഭാഗമാണ് ഇത്. ജമ്മുവില്‍ ഐഐടി, ശ്രീനഗറിലെ എന്‍ഐടിയുടെ ആധുനീകരണം, ജമ്മു മേഖലയിലും കശ്മീര്‍ മേഖലയിലും ഓരോ ഓള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് (എയിംസ്) എന്നിവയും പിന്നാലെ നടപ്പാക്കും. ജമ്മു കശ്മീരില്‍ ഉയര്‍ന്ന ജീവിത, വിദ്യാഭ്യാസ നിലവാരം കൈവരിക്കാനുള്ള വിപുലമായ പദ്ധതികളുടെ ഭാഗം കൂടിയാണിത്.