ജപ്പാൻ വിദേശകാര്യമന്ത്രി യോക്കോ കാമികാവയും പ്രതിരോധമന്ത്രി മിനോരു കിഹാരയും 2024 ഓഗസ്റ്റ് 19നു പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയെ സന്ദർശിച്ചു. ഇന്ത്യ-ജപ്പാൻ 2+2 വിദേശകാര്യ-പ്രതിരോധ മന്ത്രിതല യോഗത്തിന്റെ മൂന്നാംഘട്ടത്തിനായാണു ജപ്പാൻ വിദേശകാര്യമന്ത്രി കാമികാവയും പ്രതിരോധമന്ത്രി കിഹാരയും ഇന്ത്യയിലെത്തിയത്.
ജപ്പാൻ മന്ത്രിമാരെ സ്വാഗതംചെയ്ത പ്രധാനമന്ത്രി, വർധിച്ചുവരുന്ന സങ്കീർണമായ പ്രാദേശിക-ആഗോള ക്രമത്തിന്റെ പശ്ചാത്തലത്തിൽ 2+2 യോഗം നടത്തേണ്ടതിന്റെയും ഇന്ത്യയും ജപ്പാനും തമ്മിലുള്ള ബന്ധം ആഴത്തിലാക്കേണ്ടതിന്റെയും പ്രാധാന്യം അടിവരയിട്ടു.
ഇന്ത്യയും ജപ്പാനും പോലുള്ള വിശ്വസ്തരായ സുഹൃത്തുക്കൾ തമ്മിലുള്ള, വിശേഷിച്ചും നിർണായകമായ ധാതുക്കൾ, സെമികണ്ടക്ടറുകൾ, പ്രതിരോധ ഉൽപ്പാദനം തുടങ്ങിയ മേഖലകളിൽ, അടുത്ത സഹകരണത്തെക്കുറിച്ചുള്ള ചിന്തകളും ആശയങ്ങളും പ്രധാനമന്ത്രി പങ്കുവച്ചു.
മുംബൈ-അഹമ്മദാബാദ് അതിവേഗ റെയിൽ പദ്ധതി ഉൾപ്പെടെ ഉഭയകക്ഷി സഹകരണത്തിന്റെ വിവിധ മേഖലകളിൽ കൈവരിച്ച പുരോഗതി അവർ വിലയിരുത്തി. പരസ്പരതാൽപ്പര്യമുള്ള പ്രാദേശിക-ആഗോള വിഷയങ്ങളെക്കുറിച്ചും നേതാക്കൾ കാഴ്ചപ്പാടുകൾ കൈമാറി.
ഇന്തോ-പസഫിക് മേഖലയിലും അതിനപ്പുറവും സമാധാനം, സ്ഥിരത, സമൃദ്ധി എന്നിവ പ്രോത്സാഹിപ്പിക്കുന്നതിൽ ഇന്ത്യ-ജപ്പാൻ പങ്കാളിത്തം വഹിക്കുന്ന നിർണായക പങ്ക് പ്രധാനമന്ത്രി എടുത്തുകാട്ടി.
ഇന്ത്യയും ജപ്പാനും തമ്മിലുള്ള സാമ്പത്തിക സഹകരണം ശക്തിപ്പെടുത്തേണ്ടതിന്റെയും ജനങ്ങൾ തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തേണ്ടതിന്റെയും പ്രാധാന്യത്തിനും പ്രധാനമന്ത്രി ഊന്നൽ നൽകി. ഇരുപ്രധാനമന്ത്രിമാരുടെയും അടുത്ത ഉച്ചകോടിക്കായി ജപ്പാനിലേക്കുള്ള സമ്പന്നവും പ്രയോജനപ്രദവുമായ സന്ദർശനത്തിനായി കാത്തിരിക്കുന്നതായും അദ്ദേഹം പറഞ്ഞു.
-NS-
Delighted to meet Japanese Foreign Minister @Kamikawa_Yoko and Defense Minister @kihara_minoru ahead of the 3rd India-Japan 2+2 Foreign and Defense Ministerial Meeting. Took stock of the progress made in India-Japan defense and security ties. Reaffirmed the role India-Japan… pic.twitter.com/QE4euOoy0d
— Narendra Modi (@narendramodi) August 19, 2024