Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ജപ്പാന്‍ സന്ദര്‍ശനത്തിനിടെ 2016 നവംബര്‍ 11നു പ്രധാനമന്ത്രി പുറത്തിറക്കിയ മാധ്യമപ്രസ്താവന

ജപ്പാന്‍ സന്ദര്‍ശനത്തിനിടെ 2016 നവംബര്‍ 11നു പ്രധാനമന്ത്രി പുറത്തിറക്കിയ മാധ്യമപ്രസ്താവന


ബഹുമാനപ്പെട്ട പ്രധാനമന്ത്രി ആബേ,

സുഹൃത്തുക്കളേ,

ജാപ്പനീസില്‍ ഒരു സെന്‍ ബുദ്ധിസ്റ്റ് ചൊല്ലുണ്ട് ‘ഇച്ചിഗോ ഇച്ചീ’ എന്ന്. നാം തമ്മിലുള്ള എല്ലാ കൂടിക്കാഴ്ചകളും സവിശേഷമാണൈന്നും അത്തരം ഓരോ നിമിഷവും നാം വിലമതിക്കണമെന്നുമാണ് ഈ ചൊല്ലിന്റെ അര്‍ഥം.

ഞാന്‍ പല തവണ ജപ്പാന്‍ സന്ദര്‍ശിച്ചിട്ടുണ്ട്. ഇതു പ്രധാനമന്ത്രിയെന്ന നിലയ്ക്കുള്ള രണ്ടാമത്തെ സന്ദര്‍ശനമാണ്. ഈ രാജ്യത്തേക്കുള്ള എന്റെ ഓരോ സന്ദര്‍ശനവും സവിശേഷവും വ്യത്യസ്തവും അറിവു പകരുന്നതും വളരെയധികം ഗുണകരവും ആയിരുന്നു.

ജപ്പാനിലും ഇന്ത്യയിലും ലോകത്തിന്റെ മറ്റു ഭാഗങ്ങളിലുംവെച്ച് ബഹുമാനപ്പെട്ട ആബെയെ ഞാന്‍ പലതവണ കണ്ടിട്ടുണ്ട്. കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ ജപ്പാനില്‍നിന്നുള്ള ഉന്നതതല രാഷ്ട്രീയ, ബിസിനസ് പ്രമുഖര്‍ക്ക് ഇന്ത്യയില്‍ ആതിഥ്യം നല്‍കാനുള്ള അവസരവും എനിക്കുണ്ടായിട്ടുണ്ട്.

നാം തമ്മിലുള്ള ബന്ധത്തിന്റെ ഊര്‍ജവും ആഴവും വെളിപ്പെടുത്തുന്നതു നമുക്കിടയില്‍ നല്ല ബന്ധമാണു നിലനില്‍ക്കുന്നതെന്നാണ്. സവിശേഷവും തന്ത്രപ്രധാനവുമായ ആഗോള പങ്കാളിത്തത്തിനായുള്ള നമ്മുടെ പ്രതിബദ്ധതയുടെ പ്രതിഫലനം കൂടിയാണിത്.
ഇന്നു നടത്തിയ ചര്‍ച്ചകളില്‍ പ്രധാനമന്ത്രി ആബെയും ഞാനും കഴിഞ്ഞ ഉച്ചകോടി നാളുകള്‍ മുതല്‍ നാം തമ്മിലുള്ള ബന്ധം എങ്ങനെ മുന്നോട്ടുപോയി എന്നു വിലയിരുത്തി. ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം വിവിധ മേഖലകളില്‍ മെച്ചപ്പെട്ടതായാണു ഞങ്ങള്‍ക്കു വ്യക്തമായത്.

സാമ്പത്തിക ഇടപാടുകളിലെ വ്യാപ്തി, വ്യാപാരത്തിലെ വളര്‍ച്ച, ഉല്‍പാദന-നിക്ഷേപ രംഗങ്ങളിലെ ബന്ധം, മാലിന്യമുക്ത ഊര്‍ജം ഉല്‍പാദിപ്പിക്കുന്നതിനു നല്‍കുന്ന ഊന്നല്‍, പൗരന്മാരെ സുരക്ഷിതരാക്കാനുള്ള പങ്കാളിത്തം, അടിസ്ഥാനസൗകര്യ വികസനത്തിനും നൈപുണ്യ വികസനത്തിനുമായുള്ള സഹകരണം തുടങ്ങിയ മേഖലകള്‍ക്കാണു നാം പ്രാധാന്യം കല്‍പിക്കുന്നത്.

മാലിന്യമുക്ത ഊര്‍ജമേഖലയിലെ പങ്കാളിത്തത്തിനായുള്ള ശ്രമങ്ങളില്‍ ചരിത്രപരമായ ചുവടാണ് ഇന്ന് ഒപ്പുവെക്കപ്പെട്ട ആണവോര്‍ജം സമാധാനപരമായ ആവശ്യങ്ങള്‍ക്കായി ഉപയോഗപ്പെടുത്താനുള്ള സഹകരണത്തിനായുള്ള കരാര്‍.
കാലാവസ്ഥാ വ്യതിയാനം ഉയര്‍ത്തുന്ന വെല്ലുവിളിയെ അതിജീവിക്കാന്‍ ഈ രംഗത്തുള്ള സഹകരണത്തിലൂടെ സാധിക്കും. അത്തരമൊരു കരാര്‍ ജപ്പാനെ സംബന്ധിച്ചിടത്തോളം പ്രാധാന്യമര്‍ഹിക്കുന്നതാണ് എന്നതും ഞാന്‍ അംഗീകരിക്കുന്നു.

ഈ കരാറിനായി നല്‍കിയ സഹകരണത്തിനു പ്രധാനമന്ത്രി ആബേക്കും ജപ്പാന്‍ ഗവണ്‍മെന്റിനും പാര്‍ലമെന്റിനുമുള്ള നന്ദി അറിയിക്കുന്നു.

സുഹൃത്തുക്കളേ,

ഇന്ത്യയും അതിന്റെ സമ്പദ്‌വ്യവസ്ഥയും മാറ്റങ്ങൡലൂടെ കടന്നുപോകുകയാണ്. ഉല്‍പാദനം, നിക്ഷേപം, 21ാം നൂറ്റാണ്ടിലെ വിജ്ഞാന വ്യവസായം എന്നീ രംഗങ്ങളില്‍ പ്രധാന കേന്ദ്രമായി മാറുക എന്നതാണു ഞങ്ങളുടെ ലക്ഷ്യം.

ഈ യാത്രയില്‍ ഒരു സ്വാഭാവിക പങ്കാളിയായാണു ജപ്പാനെ ഇന്ത്യ കാണുന്നത്. മൂലധനമായാലും സാങ്കേതികവിദ്യ ആയാലും മനുഷ്യ വിഭവശേഷി ആയാലും പരസ്പര നേട്ടത്തിനായി ഉപയോഗപ്പെടുത്താന്‍ ഇരു രാജ്യങ്ങള്‍ക്കുമുള്ള സാധ്യതകള്‍ ഏറെയാണെന്നു നാം തിരിച്ചറിയുന്നു.

പ്രത്യേക പദ്ധതികളെപ്പറ്റി പറയുകയാണെങ്കില്‍ മുംബൈ-അഹമ്മദാബാദ് അതിവേഗ റെയില്‍ പദ്ധതിയുടെ പുരോഗതിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാണു നാം. സാമ്പത്തിക രംഗത്തു സഹകരിക്കാനുള്ള തീരുമാനം അടിസ്ഥാനസൗകര്യ വികസനത്തിന് ആവശ്യമായ വിഭവങ്ങളുടെ ലഭ്യത വര്‍ധിപ്പിക്കും.

പരിശീലനം, നൈപുണ്യ വികസനം എന്നീ മേഖലകളെ സഹകരണം സംബന്ധിച്ച ചര്‍ച്ചകള്‍ ഏറെ മുന്നേറിയെന്നു മാത്രമല്ല ഇവ നാം തമ്മിലുള്ള സാമ്പത്തിക സഹകരണത്തിലെ ഏറ്റവും പ്രധാന ഘടകങ്ങളായി വികസിക്കുകയും ചെയ്തു. ബഹിരാകാശപഠനം, സമുദ്ര-ഭൗമശാസ്ത്രം, തുണിത്തരങ്ങള്‍, സ്‌പോര്‍ട്‌സ്, കൃഷി, തപാല്‍ ബാങ്കിങ് തുടങ്ങിയ മേഖലകളിലും പങ്കാളിത്തത്തിനുള്ള സാധ്യതകള്‍ നാം തേടുകയാണ്.

സുഹൃത്തുക്കളേ,

നാം തമ്മിലുള്ള തന്ത്രപ്രധാനമായ സഹകരണം നമ്മുടെ മാത്രം നന്മയെയും സുരക്ഷയെയും കരുതിയല്ല. ഈ മേഖലയിലാകെ സമാധാനവും സുസ്ഥിരതയും സന്തുലിതാവസ്ഥയും സാധ്യമാക്കാന്‍ അതു സഹായകമാകും. ഏഷ്യ-പസഫിക് മേഖലയിലെ പുതിയ സാധ്യതകളോടും വെല്ലുവിളികളോടും പ്രതികരിക്കാനുള്ള ശേഷി ഈ സൗഹൃദത്തിനുണ്ടാകും.

എല്ലാവരെയും ഉള്‍ച്ചേര്‍ത്തുള്ള വികസനത്തോട് ആഭിമുഖ്യമുള്ള രാഷ്ട്രങ്ങളെന്ന നിലയില്‍ ഇന്‍ഡോ-പസഫിക് മേഖലയിലെ പരസ്പരബന്ധിത ജലമേഖലയിലെ കണക്ടിവിറ്റി, അടിസ്ഥാന സൗകര്യം, ശേഷി എന്നിവ വര്‍ധിപ്പിക്കുന്നതിനായി സഹകരിക്കാന്‍ നാം തീരുമാനിച്ചിട്ടുണ്ട്.

ഇന്‍ഡോ-പസഫിക് മേഖലയിലെ ജലസംബന്ധമായ കാര്യങ്ങളില്‍ നമുക്കുള്ള തന്ത്രപരമായ താല്‍പര്യങ്ങള്‍ക്ക് അടിവരയിടുന്നതായിരുന്നു മലബാര്‍ നാവിക പ്രകടനത്തിന്റെ വിജയം.

ജനാധിപത്യ രാഷ്ട്രങ്ങളെന്ന നിലയില്‍ നാം സുതാര്യതയെയും നിയമസംവിധാനത്തെയും പിന്തുണയ്ക്കുന്നു. ഭീകരവാദത്തെ, വിശിഷ്യ അതിര്‍ത്തി കടന്നുള്ള ഭീകരവാദത്തെ നേരിടുന്നതിലുള്ള ദൃഢനിശ്ചയം നമുക്കു പൊതുവായുള്ളതാണ്.

സുഹൃത്തുക്കളേ,

ഈ രണ്ടു രാഷ്ട്രങ്ങള്‍ക്കിടയിലുള്ള ബന്ധം ജനങ്ങള്‍ക്കിടയിലുള്ള ആഴത്തിലുള്ള സാംസ്‌കാരിക ബന്ധത്തില്‍ അധിഷ്ഠിതമാണ്. ഈ ബന്ധം കൂടുതല്‍ ആഴത്തിലുള്ളതാക്കാന്‍ നടപടികള്‍ കൈക്കൊള്ളുമെന്നു കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ പ്രധാനമന്ത്രി ഇന്ത്യയിലെത്തിയപ്പോള്‍ ഞാന്‍ ഉറപ്പുനല്‍കിയിരുന്നു.

ഇതേത്തുടര്‍ന്ന് 2016 മാര്‍ച്ച് മുതല്‍ ജപ്പാന്‍ പൗരന്മാര്‍ക്ക് ഇന്ത്യയില്‍ ‘വിസ ഓണ്‍ അറൈവല്‍’ സൗകര്യം നടപ്പാക്കി. അര്‍ഹരായ ജാപ്പനീസ് വ്യാപാരികള്‍ക്ക് പത്തു വര്‍ഷത്തേക്കുള്ള വിസ ഏര്‍പ്പെടുത്താനും തയ്യാറായി.

സുഹൃത്തുക്കളേ,

മേഖലാതല, രാജ്യാന്തര വേദികളില്‍ ചര്‍ച്ചകള്‍ നടത്താനും വളരെയധികം സഹകരിക്കാനും ഇന്ത്യയും ജപ്പാനും തയ്യാറാകുന്നുണ്ട്. ഐക്യരാഷ്ട്രസഭയുടെ പ്രവര്‍ത്തനം പരിഷ്‌കരിക്കാനും ഐക്യരാഷ്ട്ര സഭ സുരക്ഷാ കൗണ്‍സിലില്‍ അര്‍ഹതപ്പെട്ട സ്ഥാനം നേടിയെടുക്കാനുമുള്ള ശ്രമം തുടരും.

ആണവ ഉല്‍പാദക സംഘത്തില്‍ ഇന്ത്യക്കു അംഗത്വം നേടിത്തരുന്നതിനായി പിന്തുണച്ചതിന് പ്രധാനമന്ത്രി ആബേയോടു നന്ദി അറിയിക്കുന്നു.

ബഹുമാനപ്പെട്ട ആബേ,

നാം തമ്മിലുള്ള ബന്ധത്തിന്റെ ഭാവി കരുത്തുറ്റതും വിലയേറിയതുമാണെന്നു നാം തിരിച്ചറിയുന്നു. നമുക്കായും ഈ മേഖലയ്ക്കുവേണ്ടിയും യോജിച്ചു ചെയ്യാവുന്ന കാര്യങ്ങള്‍ എത്രമാത്രമാണെന്നു നമുക്കു തന്നെ കണക്കാക്കാന്‍ സാധിക്കില്ല.
ഇതിനു പ്രധാന കാരണം താങ്കളുടെ കരുത്തുറ്റതും ഊര്‍ജ്വസ്വലവുമായ നേതൃത്വമാണ്. താങ്കളുടെ പങ്കാളിയും സുഹൃത്തുമാകാന്‍ കഴിയുന്നുവെന്നത് അഭിമാനാര്‍ഹമാണ്. ഈ ഉച്ചകോടിയില്‍ ഉണ്ടായ വിലയേറിയ തീരുമാനങ്ങള്‍ക്കും താങ്കളുടെ ഔദാര്യപൂര്‍ണമായ സ്വാഗതത്തിനും ആതിഥ്യമര്യാദയ്ക്കും നന്ദി പറയുകയാണ്.

ദയാപൂര്‍ണമായ താങ്കളുടെ ആതിഥ്യത്തിനു നന്ദി.

നന്ദി, വളരെയധികം നന്ദി.