Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ജപ്പാന്‍ പ്രധാനമന്ത്രിയോടൊപ്പം പ്രധാനമന്ത്രി പുറപ്പെടുവിച്ച മാധ്യമപ്രസ്താവന

ജപ്പാന്‍ പ്രധാനമന്ത്രിയോടൊപ്പം പ്രധാനമന്ത്രി പുറപ്പെടുവിച്ച മാധ്യമപ്രസ്താവന

ജപ്പാന്‍ പ്രധാനമന്ത്രിയോടൊപ്പം പ്രധാനമന്ത്രി പുറപ്പെടുവിച്ച മാധ്യമപ്രസ്താവന

ജപ്പാന്‍ പ്രധാനമന്ത്രിയോടൊപ്പം പ്രധാനമന്ത്രി പുറപ്പെടുവിച്ച മാധ്യമപ്രസ്താവന

ജപ്പാന്‍ പ്രധാനമന്ത്രിയോടൊപ്പം പ്രധാനമന്ത്രി പുറപ്പെടുവിച്ച മാധ്യമപ്രസ്താവന


എത്രയും ബഹുമാനപ്പെട്ട പ്രധാനമന്ത്രി ശ്രീ. ആബേ, മാധ്യമപ്രവര്‍ത്തകരേ,

പ്രധാനമന്ത്രി ശ്രീ. ആബെയെ ഇന്ത്യയിലേക്കു സ്വാഗതം ചെയ്യുന്നതില്‍ എനിക്ക് അതിയായ സന്തോഷമുണ്ട്.

ഇന്ത്യ-ജപ്പാന്‍ സൗഹൃദത്തിന്റെ മുന്‍നിരക്കാരനും വ്യക്തിപരമായി എന്റെ സുഹൃത്തുമായ ഒരാള്‍ക്ക് ആതിഥ്യമരുളുകയെന്നത് ആഹ്ലാദം പകരുന്ന ഒന്നാണെന്നതില്‍ തര്‍ക്കമില്ല.

ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയ്ക്ക് ജപ്പാനോളം നിര്‍ണായക പങ്ക് നിര്‍വഹിച്ച മറ്റാരുമില്ല.

ഇന്ത്യയുടെ സാമ്പത്തികസ്വപ്‌നങ്ങള്‍ യാഥാര്‍ഥ്യമാക്കാനുള്ള ശ്രമത്തില്‍ നാം ജപ്പാനോളം കടപ്പെട്ടിരിക്കുന്ന മറ്റൊരു സുഹൃത്തില്ലതാനും.

ഏഷ്യയുടെ ഭാവി നിര്‍ണയിക്കുന്നതിലും പരസ്പരബന്ധിതമായിക്കിടക്കുന്ന ഇന്ത്യയുടെയും ജപ്പാന്റെയും സമുദ്രമേഖലകളുടെ വികാസത്തിലും ഇരു രാജ്യങ്ങളും തമ്മിലുള്ള ആരോഗ്യകരമായ ബന്ധത്തെക്കാള്‍ മെച്ചപ്പെട്ട ഒരു ബന്ധത്തെക്കുറിച്ച് എനിക്ക് ആലോചിക്കാന്‍ പോലും സാധിക്കുന്നില്ല.

അതുകൊണ്ടാണ് ജപ്പാനുമായുള്ള സവിശേഷവും തന്ത്രപരവുമായ ആഗോളസൗഹൃദത്തെ നാം വളരെയധികം വിലമതിക്കുന്നത്.

അളവില്ലാത്ത പൊതുജനപിന്തുണയും രാഷ്ട്രീയസമവായവും ഈ ബന്ധത്തിനു ലഭിക്കുന്നുമുണ്ട്.

പൊതുജനങ്ങള്‍ ഈ ബന്ധത്തെക്കുറിച്ചു വലിയ പ്രതീക്ഷകള്‍ വച്ചുപുലര്‍ത്തുന്നു എന്നതിനാല്‍ത്തന്നെ നമ്മുടെ ഉത്തരവാദിത്തങ്ങള്‍ ഏറെയാണെന്നും വ്യക്തമാണ്.

കഴിഞ്ഞ വര്‍ഷം ഇതുമായി ബന്ധപ്പെട്ട് ഏറെ കാര്യങ്ങള്‍ ചെയ്യാന്‍ നമുക്കു സാധിച്ചിട്ടുണ്ട്.

സുരക്ഷാസഹകരണത്തിലും പ്രാദേശികപങ്കാളിത്തത്തിലും സാമ്പത്തിക സഹകരണത്തിലും ഏറെ പുരോഗതി കൈവരിച്ചു.

ഇന്ത്യക്കു മാത്രമായി ഇപ്പോഴുള്ളതുള്‍പ്പെടെ, നാം മുന്നോട്ടുവെച്ച സാമ്പത്തിക നിര്‍ദേശങ്ങളോടു പ്രധാനമന്ത്രി ശ്രീ. ആബേ അനുകൂലമായാണു പ്രതികരിച്ചത്.

ജപ്പാനില്‍നിന്ന് ഇന്തിയിലേക്കുള്ള സ്വകാര്യനിക്ഷേപം അതിവേഗം വളരുകയുമാണ്.

ഒത്തുചേര്‍ന്നുള്ള യാത്രകളില്‍ പുതിയ ഉയരങ്ങള്‍ താണ്ടാന്‍ നമുക്കു സാധിച്ചിട്ടുണ്ട്.

വാണിജ്യത്തിനും മലിനീകരണം സൃഷ്ടിക്കാത്ത ഊര്‍ജത്തിനുമുള്ള കേവല ഉടമ്പടി എന്നതിലും എത്രയോ പ്രസക്തമാണ് ഇരു രാജ്യങ്ങളും ഒപ്പിട്ട സിവില്‍ ന്യൂക്ലിയര്‍ കോ-ഓപ്പറേഷന്‍ ധാരണാപത്രം.

സുരക്ഷിതവും സമാധാനം നിറഞ്ഞതുമായ ലോകത്തിനായുള്ള പരസ്പരവിശ്വാസത്തിന്റെയും തന്ത്രപരമായ പങ്കാളിത്തത്തിന്റെയും തിളങ്ങുന്ന ഉദാഹരണമാണത്.

ഈ തീരുമാനം ജപ്പാനെ സംബന്ധിച്ചിടത്തോളം എത്രത്തോളം പ്രധാനമാണെന്നു ഞാന്‍ തിരിച്ചറിയുന്നു.

ഇക്കാര്യത്തില്‍ ജപ്പാന്‍ കൈക്കൊണ്ട തീരുമാനത്തെ ഇന്ത്യ അങ്ങേയറ്റം ആദരിക്കുന്നു എന്നു മാത്രമല്ല, ഉടമ്പടി പ്രകാരം ഇന്ത്യയുടെ ഭാഗത്തുനിന്നുണ്ടാകേണ്ട പ്രവര്‍ത്തനം വീഴ്ചകൂടാതെ നടക്കുമെന്ന ഉറപ്പ് ഞാന്‍ നല്‍കുകയും ചെയ്യുന്നു.

സുരക്ഷയ്ക്കും വിശ്വാസ്യതയ്ക്കും വേഗത്തിനും പേരുകേട്ട ജപ്പാനിലെ ഷിങ്കാന്‍സെന്‍ മാതൃകയില്‍ മുംബൈ- അഹമ്മദാബാദ് ഹൈസ്പീഡ് റെയില്‍ പദ്ധതി നടപ്പാക്കാനുള്ള തീരുമാനം ചരിത്രപരമായ പ്രാധാന്യമുള്ള ഒന്നാണ്.

ഈ പദ്ധതിക്കായി ലളിതമായ വ്യവസ്ഥകളോടെ 1200 കോടി യു.എസ്. ഡോളറോളം വരുന്ന സവിശേഷ പാക്കേജും സാങ്കേതികസഹായവും വാഗ്ദാനം ചെയ്ത പ്രധാനമന്ത്രി ശ്രീ. ആബേയെ ഞങ്ങള്‍ അഭിനന്ദിക്കുന്നു.

ഇന്ത്യന്‍ റെയില്‍വേയുടെ വിപ്ലവകരമായ മാറ്റത്തിന് ഇതു നാന്ദിയാകും.

ഇത് ഇന്ത്യയുടെ സാമ്പത്തികപരിവര്‍ത്തനത്തിന്റെ ചാലകശക്തിയായിത്തീരുകയും ചെയ്യും.

ഉഭയകക്ഷി സഹായപദ്ധതി ഗണ്യമായി ഉയര്‍ത്തിയതിനും മേക്ക് ഇന്‍ ഇന്ത്യ ദൗത്യത്തിനു പൊതുമേഖലയില്‍നിന്നും സ്വകാര്യമേഖലയില്‍നിന്നുമായി ജപ്പാനില്‍നിന്നു ലഭിക്കുന്ന പിന്തുണയ്ക്കും അഭിനന്ദനങ്ങള്‍ അറിയിക്കുന്നു.

2014 സെപ്റ്റംബറില്‍ ടോക്യോയില്‍വെച്ച് അടുത്ത അഞ്ചു വര്‍ഷത്തിനകം പണവും നിക്ഷേപവുമായി ഇന്ത്യക്ക് 3500 കോടി യു.എസ്. ഡോളര്‍ ലഭ്യമാക്കുമെന്നു പ്രധാനമന്ത്രി ശ്രീ. ആബേ ഉറപ്പു നല്‍കിയിരുന്നു.

അന്ന് അതു ശ്രമകരമെന്നു തോന്നിയിരുന്നെങ്കിലും ഇപ്പോള്‍ അത് അതിവേഗം യാഥാര്‍ഥ്യമായിക്കൊണ്ടിരിക്കുകയാണ്.

കാലാവസ്ഥാവ്യതിയാനത്തെ നേരിടാന്‍ ഇരുരാജ്യങ്ങളും ഒത്തുചേര്‍ന്നു ചെയ്യേണ്ട കാര്യങ്ങളും പ്രധാനമാണ്.

മലിനീകരണം സൃഷ്ടിക്കാത്ത ഊര്‍ജത്തിന്റെ കാര്യത്തിലും ഊര്‍ജോല്‍പാദന സാങ്കേതികവിദ്യയുടെ കാര്യത്തിലും മറ്റു രാഷ്ട്രങ്ങള്‍ക്കുകൂടി ഗുണകരമാകുന്ന പരിഹാരങ്ങള്‍ തേടുന്നതിനുള്ള ശ്രമത്തിലാണ് ഇന്ത്യയും ജപ്പാനും.

ഇരു രാജ്യങ്ങളും തമ്മിലുള്ള മറ്റു കരാറുകള്‍ പരസ്പരസഹകരണത്തിന്റെ ആഴവും വൈജാത്യവും വെളിപ്പെടുത്തുന്നു.

സുരക്ഷാസഹകരണത്തെ സംബന്ധിച്ചു രണ്ടു സുപ്രധാന തീരുമാനങ്ങള്‍ കൂടി ഇപ്പോള്‍ കൈക്കൊണ്ടിട്ടുണ്ട്.

പ്രതിരോധമേഖലയിലെ ബന്ധം മെച്ചപ്പെടുത്തുന്നതും ഇന്ത്യയില്‍ ആയുധങ്ങള്‍ നിര്‍മിക്കുന്നതിനു സഹായകമാകുന്നതുമായ രണ്ടു കരാറുകള്‍ യാഥാര്‍ഥ്യമായി.

ഇരു രാജ്യങ്ങളുടെയും സായുധസേനയുടെ മൂന്നു വിഭാഗങ്ങളുടെയും പ്രതിനിധികള്‍ തമ്മില്‍ ചര്‍ച്ചകള്‍ നടത്താനും മലബാര്‍ നാവികപ്രകടനത്തില്‍ ജപ്പാനെക്കൂടി പങ്കാളിയാക്കാനുമുള്ള തീരുമാനത്തെത്തുടര്‍ന്നാണു പ്രധാനപ്പെട്ട കരാറുകള്‍ യാഥാര്‍ഥ്യമായത്.

മേഖലാതല പരസ്പരപങ്കാളിത്തം വര്‍ധിപ്പിക്കാന്‍ ഈ വര്‍ഷം ശ്രമമാരംഭിച്ചിട്ടുണ്ട്. അമേരിക്കയുമായുള്ള ത്രികക്ഷിചര്‍ച്ചകള്‍ ഊര്‍ജിതമാക്കുകയും ഓസ്‌ട്രേലിയയുമായുള്ള ത്രികക്ഷിചര്‍ച്ചകള്‍ക്കു തുടക്കംകുറിക്കുകയും ചെയ്തു.

നാവികസുരക്ഷയ്ക്കും സമഗ്രവും സമതുലിതവുമായ മേഖലാതല രൂപരേഖ തയ്യാറാക്കുന്നതിനുമുള്ള പദ്ധതിക്കായി പൂര്‍വേഷ്യന്‍ ഉച്ചകോടിയില്‍ നാം കൈകോര്‍ത്തു ശ്രമിക്കും.

നിയന്ത്രണങ്ങളില്ലാതെയുള്ള കപ്പലോട്ടവും വിമാനയാത്രയും ജലമാര്‍ഗ വാണിജ്യവും നടക്കണമെന്നാണു നമ്മുടെ ശക്തമായ നിലപാട്.

തര്‍ക്കങ്ങള്‍ സമാധാനപരമായി പരിഹരിക്കപ്പെടണമെന്നും സമുദ്രവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ എല്ലാ രാജ്യങ്ങളും അന്തര്‍ദേശീയ നിയമങ്ങളും വ്യവസ്ഥകളും അനുസരിക്കാന്‍ തയ്യാറാകണമെന്നും നാം ആഗ്രഹിക്കുന്നു.

‘അപെക്കി’ല്‍ ഇന്ത്യക്ക് അംഗത്വം നേടിത്തരുന്നതിനായി നടത്തിയ ശ്രമങ്ങള്‍ക്കു പ്രധാനമന്ത്രി ശ്രീ. ആബേയോടു ഞാന്‍ നന്ദി പറയുന്നു.

പരിഷ്‌കരിച്ച യു.എന്‍. സുരക്ഷാ കൗണ്‍സില്‍ അംഗത്വം ലഭിക്കുന്നതിനായിക്കൂടി നാം പരിശ്രമിക്കും.

സംസ്‌കാരവും വ്യക്തികളുമാണ് ബന്ധങ്ങള്‍ക്കു ജീവന്‍ പകരുക.

നമ്മുടെ ശ്രദ്ധേയമായ ബന്ധത്തിന് അദ്ഭുതകരമായ ഒരു മാനവികസ്പര്‍ശമുണ്ട്.

ക്യോട്ടോ-വാരാണസി പങ്കാളിത്തം അതിന്റെ പ്രധാന അടയാളങ്ങളിലൊന്നാണ്.

കഴിഞ്ഞ വര്‍ഷം പ്രധാനമന്ത്രി ശ്രീ. ആബേ ക്യോട്ടോയില്‍ എനിക്ക് ആതിഥ്യമരുളി.

ഇന്ത്യയിലെത്തിയ അദ്ദേഹത്തെ പുരാതന പൈതൃകനഗരമായ വാരാണസിയിലേക്കു നാം ക്ഷണിച്ചു.

സവിശേഷമായ ബന്ധത്തിനുള്ള അംഗീകാരമെന്ന നിലയ്ക്ക് 2016 മാര്‍ച്ച് ഒന്നു മുതല്‍ വാണിജ്യ ആവശ്യങ്ങള്‍ക്ക് എത്തുന്നവര്‍ ഉള്‍പ്പെടെയുള്ള ജപ്പാന്‍ പൗരന്മാര്‍ക്ക് മുന്‍കൂട്ടി വിസ സമ്പാദിക്കേണ്ടതില്ലാത്ത ‘വിസ ഓണ്‍ അറൈവല്‍’ സൗകര്യം ഇന്ത്യ അനുവദിക്കുകയാണ്.

ആഗോളതലത്തില്‍ ഇപ്പോഴുള്ള ഇലക്ട്രോണിക് വിസ സംവിധാനത്തില്‍നിന്നു വ്യത്യസ്തമായിരിക്കും ഇത്.

ആദരണീയനായ പ്രധാനമന്ത്രി

അന്തര്‍ദേശീയവേദികള്‍ പങ്കിടുകയും കൂടിക്കാഴ്ചകളില്‍ സംബന്ധിക്കുകയും ചെയ്യുന്നതു പതിവായിത്തീര്‍ന്ന ഇന്നത്തെ സാഹചര്യത്തില്‍ ചുരുക്കം സന്ദര്‍ശനങ്ങള്‍ മാത്രമേ ചരിത്രപരമോ ബന്ധങ്ങളെ മാറ്റിമറിക്കുന്നതോ ആയിത്തീരൂ.

അത്തരത്തിലൊന്നാണ് അങ്ങയുടെ സന്ദര്‍ശനം.

ഇന്ത്യ-ജപ്പാന്‍ ബന്ധത്തിലെ വിഷന്‍- 2025 യാഥാര്‍ഥ്യമാക്കാനുള്ള പ്രയത്‌നത്തിലൂടെ, പൗരന്മാരുടെ അഭിവൃദ്ധി ഉറപ്പുവരുത്തുകയും അതുവഴി നമ്മുടെ മൂല്യങ്ങള്‍ക്കും കാഴ്ചപ്പാടിനും അനുസൃതമായ ഒരു ഏഷ്യന്‍ നൂറ്റാണ്ട് സൃഷ്ടിക്കുകയും ചെയ്യാന്‍ സാധിക്കും.

നന്ദി.