2023 ജനുവരി 6നും 7നും ഡല്‍ഹിയില്‍ നടക്കുന്ന ചീഫ് സെക്രട്ടറിമാരുടെ രണ്ടാം ദേശീയ സമ്മേളനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അധ്യക്ഷനാകും. കേന്ദ്ര-സംസ്ഥാന ഗവണ്‍മെന്റുകള്‍ തമ്മിലുള്ള പങ്കാളിത്തം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനുള്ള മറ്റൊരു പ്രധാന ചുവടുവയ്പ്പാണിത്. ചീഫ് സെക്രട്ടറിമാരുടെ ആദ്യ സമ്മേളനം നടന്നത് 2022 ജൂണില്‍ ധര്‍മ്മശാലയിലാണ്.
ഈ വര്‍ഷം ചീഫ് സെക്രട്ടറിമാരുടെ ദേശീയ സമ്മേളനം 2023 ജനുവരി 5 മുതല്‍ 7 വരെ ഡല്‍ഹിയില്‍ നടക്കും. സംസ്ഥാനങ്ങളുടെ പങ്കാളിത്തത്തോടെ വേഗത്തിലുള്ളതും സുസ്ഥിരവുമായ സാമ്പത്തിക വളര്‍ച്ച കൈവരിക്കുന്നതിനാണ് മൂന്ന് ദിവസത്തെ സമ്മേളനം ഊന്നല്‍ നല്‍കുന്നത്. കേന്ദ്രഗവണ്‍മെന്റ് പ്രതിനിധികള്‍, ചീഫ് സെക്രട്ടറിമാര്‍, എല്ലാ സംസ്ഥാനങ്ങളിലെയും/കേന്ദ്രഭരണപ്രദേശങ്ങളിലെയും മുതിര്‍ന്ന ഉദ്യോഗസ്ഥർ എന്നിവർ ഉള്‍പ്പെടെ 200ലധികം പേർ സമ്മേളനത്തിൽ പങ്കെടുക്കും. വളര്‍ച്ചയ്ക്കും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും എല്ലാവരെയും ഉള്‍ക്കൊള്ളുന്ന മാനവവികസനത്തിനും ഊന്നല്‍ നല്‍കി ‘വികസിത് ഭാരത്’ കൈവരിക്കുന്നതിനുള്ള കൂട്ടായ പ്രവര്‍ത്തനങ്ങള്‍ക്ക് സമ്മേളനം അടിത്തറ പാകും.
ബന്ധപ്പെട്ട മന്ത്രാലയങ്ങള്‍, നിതി ആയോഗ്, സംസ്ഥാനങ്ങള്‍/കേന്ദ്രഭരണപ്രദേശങ്ങള്‍, ഡൊമെയ്ന്‍ വിദഗ്ധര്‍ എന്നിവര്‍ തമ്മില്‍ കഴിഞ്ഞ മൂന്ന് മാസങ്ങളിലായി നേരിട്ടും വെര്‍ച്വലായും നടത്തിയ 150ലധികം കൂടിയാലോചനാ യോഗങ്ങളിലെ വിപുലമായ ചര്‍ച്ചകള്‍ക്ക് ശേഷമാണ് സമ്മേളനത്തിന്റെ അജണ്ട തീരുമാനിച്ചത്. (i) എംഎസ്എംഇകള്‍ക്ക് ഊന്നല്‍; (ii) അടിസ്ഥാനസൗകര്യങ്ങളും നിക്ഷേപങ്ങളും; (iii) ചട്ടങ്ങള്‍ പാലിക്കല്‍ കുറയ്ക്കല്‍; (iv) സ്ത്രീശാക്തീകരണം; (v) ആരോഗ്യവും പോഷകാഹാരവും; (vi) നൈപുണ്യ വികസനം എന്നിങ്ങനെ പ്രധാനപ്പെട്ട ആറ് വിഷയങ്ങളില്‍ സമ്മേളനത്തില്‍ ചര്‍ച്ച നടക്കും.
(i) വികസിത് ഭാരത്: എല്ലാ കോണിലുമെത്തല്‍ (ii) അഞ്ച് വര്‍ഷത്തെ ചരക്ക് സേവന നികുതി (ജിഎസ്ടി) – പഠനങ്ങളും അനുഭവങ്ങളും; (iii) ആഗോള ഭൂരാഷ്ട്രതന്ത്ര വെല്ലുവിളികളും ഇന്ത്യയുടെ പ്രതികരണവും എന്നിങ്ങനെ മൂന്ന് പ്രത്യേക സെഷനുകള്‍ നടക്കും.
കൂടാതെ, (i) പ്രാദേശികതയ്ക്കായുള്ള ആഹ്വാനം; (ii) ചെറുധാന്യങ്ങളുടെ അന്താരാഷ്ട്ര വര്‍ഷം; (iii) ജി 20: സംസ്ഥാനങ്ങളുടെ പങ്ക്; (iv) ഉയര്‍ന്നുവരുന്ന സാങ്കേതികവിദ്യകള്‍ എന്നിങ്ങനെ നാല് വിഷയങ്ങളില്‍ കേന്ദ്രീകൃത ചര്‍ച്ചകള്‍ നടക്കും.
സംസ്ഥാനങ്ങള്‍ പരസ്പരം അറിവുകൾ പങ്കുവയ്ക്കുംവിധത്തിൽ ഓരോ പ്രമേയത്തിന് കീഴിലും സംസ്ഥാനങ്ങളിൽ/കേന്ദ്രഭരണപ്രദേശങ്ങളില്‍ നിന്നുള്ള മികച്ച രീതികളും സമ്മേളനത്തില്‍ അവതരിപ്പിക്കും.
പ്രധാനമന്ത്രിയുടെ നിർദേശപ്രകാരം, പ്രധാന സമ്മേളനത്തിന് മുമ്പ് സംസ്ഥാനങ്ങളുമായും കേന്ദ്രഭരണപ്രദേശങ്ങളുമായും (i) ജില്ലകള്‍ വികസനത്തിന്റെ ആധാരം (ii) ചാക്രിക സമ്പദ്വ്യവസ്ഥ (iii) മാതൃകാകേന്ദ്രഭരണപ്രദേശങ്ങൾ എന്നീ വിഷയങ്ങളില്‍ മൂന്ന് വെര്‍ച്വല്‍ സമ്മേളനങ്ങളും നടന്നിരുന്നു. ഈ വെര്‍ച്വല്‍ സമ്മേളനങ്ങളിൽ നിന്നുള്ള കണ്ടെത്തലുകളും ചീഫ് സെക്രട്ടറിമാരുടെ ദേശീയ സമ്മേളനത്തില്‍ അവതരിപ്പിക്കും.
—ND—