Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ചൈനയിലെ ക്വിങ്ദാവോയിലേക്കു പുറപ്പെടുംമുമ്പ് പ്രധാനമന്ത്രി പുറപ്പെടുവിച്ച പ്രസ്താവന


ചൈനയിലെ ക്വിങ്ദാവോയിലേക്കു പുറപ്പെടുംമുമ്പ് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി പുറപ്പെടുവിച്ച പ്രസ്താവന:
‘ഷാങ്ഹായ് കോ-ഓപ്പറേഷന്‍ ഓര്‍ഗനൈസേഷ(എസ്.സി.ഒ.)ന്റെ അംഗങ്ങളായ രാഷ്ട്രങ്ങളുടെ തലവന്‍മാരുടെ വാര്‍ഷികയോഗത്തില്‍ പങ്കെടുക്കാനായി ചൈനയിലെ ക്വിങ്ദാവോ സന്ദര്‍ശിക്കുകയാണ്.
കൗണ്‍സിലില്‍ ഇന്ത്യക്കു സമ്പൂര്‍ണ അംഗത്വം ലഭിച്ചശേഷം നടക്കുന്ന ആദ്യ കൗണ്‍സിലില്‍ പങ്കെടുക്കുന്ന ഇന്ത്യന്‍ സംഘത്തെ നയിക്കാന്‍ സാധിച്ചതില്‍ ആഹ്ലാദിക്കുന്നു. തീവ്രവാദത്തെയും വിഘടനവാദത്തെയും ഭീകരവാദത്തെയും നേരിടുന്നതു മുതല്‍ കണക്റ്റിവിറ്റി, വാണിജ്യം, തീരുവ, നിയമം, ആരോഗ്യം, കൃഷി എന്നീ മേഖലകളിലുള്ള സഹകരണം വരെയും ഒപ്പം പരിസ്ഥിതിയെ സംരക്ഷിക്കുന്നതിലും ദുരന്തസാധ്യതകളെ ഇല്ലാതാക്കുന്നതിലും ജനങ്ങള്‍ തമ്മിലുള്ള ബന്ധം പോല്‍സാഹിപ്പിക്കുന്നതിലും വരെയും സഹകരിക്കുന്നതിന് ആവശ്യമായ വിപുലമായ കാര്യപരിപാടിയാണ് എസ്.സി.ഒയ്ക്ക് ഉള്ളത്. കഴിഞ്ഞ വര്‍ഷം എസ്.സി.ഒയില്‍ സമ്പൂര്‍ണ അംഗത്വം ലഭിച്ചതോടെ സംഘടനയുമായും അംഗരാഷ്ട്രങ്ങളുമായും ഉള്ള ഇന്ത്യയുടെ ബന്ധം ഏറെ മെച്ചപ്പെട്ടിട്ടുണ്ട്. ക്വിങ്ദാവോ ഉച്ചകോടി എസ്.സി.ഒ. കാര്യപരിപാടികളെ കൂടുതല്‍ സമ്പന്നമാക്കുമെന്നതോടൊപ്പം എസ്.സി.ഒയുമായുള്ള ഇന്ത്യയുടെ ബന്ധത്തില്‍ പുതിയ തുടക്കത്തിലേക്കു നയിക്കുമെന്നും ഞാന്‍ വിശ്വസിക്കുന്നു.
എസ്.സി.ഒ. അംഗരാഷ്ട്രങ്ങളുമായി ഇന്ത്യ നിലനിര്‍ത്തിവരുന്നത് ആഴമേറിയ സൗഹൃദവും ബഹുകോണകളോടുകൂടിയ ബന്ധവുമാണ്. എസ്.സി.ഒ. ഉച്ചകോടിക്കിടെ അംഗരാഷ്ട്രത്തലവന്‍മാര്‍ ഉള്‍പ്പടെ പല നേതാക്കളുമായും കൂടിക്കാഴ്ച നടത്താനും നിലപാടുകള്‍ പങ്കുവെക്കാനും അവസരം കിട്ടുമെന്നാണു പ്രതീക്ഷിക്കുന്നത്.’