Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ചെസ് ചാമ്പ്യൻ ഡി ഗുകേഷ് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി


ചെസ് ചാമ്പ്യൻ ഡി ഗുകേഷ് ഇന്നു പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. അദ്ദേഹത്തിന്റെ നിശ്ചയദാർഢ്യത്തെയും അർപ്പണബോധത്തെയും പ്രശംസിച്ച ശ്രീ മോദി, ഗുകേഷിന്റെ ആത്മവിശ്വാസം ഏവർക്കും പ്രചോദനകരമാണെന്നും ചൂണ്ടിക്കാട്ടി. യോഗയുടെയും ധ്യാനത്തിന്റെയും പരിവർത്തനസാധ്യതകളെക്കുറിച്ചാണ് ഇന്നു സംസാരിച്ചതെന്നും അദ്ദേഹം പറഞ്ഞു.

എക്സിലെ ത്രെഡ് പോസ്റ്റിൽ ശ്രീ മോദി കുറിച്ചതിങ്ങനെ:

“ചെസ്സ് ചാമ്പ്യനും ഇന്ത്യയുടെ അഭിമാനവുമായ ഡി ഗുകേഷുമായി @DGukesh ഫലപ്രദമായ ആശയവിനിമയം നടത്തി!

കുറച്ചു വർഷങ്ങളായി ഞാൻ അദ്ദേഹവുമായി അടുത്തിടപഴകുന്നു. അദ്ദേഹത്തിന്റെ നിശ്ചയദാർഢ്യവും അർപ്പണബോധവുമാണ് എന്നെ ഏറ്റവും കൂടുതൽ ആകർഷിച്ചത്. അദ്ദേഹത്തിന്റെ ആത്മവിശ്വാസം ശരിക്കും പ്രചോദനമാണ്. വാസ്തവത്തിൽ, താൻ ഏറ്റവും പ്രായം കുറഞ്ഞ ലോകചാമ്പ്യനാകുമെന്ന് അദ്ദേഹം പറഞ്ഞതായി കുറച്ചു വർഷങ്ങൾക്കുമുമ്പുള്ള അദ്ദേഹത്തിന്റെ വീഡിയോ കണ്ടത് ഞാൻ ഓർക്കുന്നു. അദ്ദേഹത്തിന്റെ പരിശ്രമങ്ങളിലൂടെ ഈ പ്രവചനം ഇപ്പോൾ യാഥാർഥ്യമായിരിക്കുന്നു.”

“ആത്മവിശ്വാസത്തോടൊപ്പം, ശാന്തതയും വിനയവും ഉൾക്കൊള്ളുന്ന വ്യക്തിയാണു ഗുകേഷ്. വിജയിച്ചുകഴിഞ്ഞപ്പോൾ, കഠിനാധ്വാനം ചെയ്തു നേടി‌യ ഈ വിജയത്തെ ഏതുരീതിയിൽ സ്വീകരിക്കണമെന്നു പൂർണമായി മനസ്സിലാക്കി, അദ്ദേഹം സമചിത്തതയോടെ നിലകൊണ്ടു. ഇന്നത്തെ ഞങ്ങളുടെ സംഭാഷണം യോഗയുടെയും ധ്യാനത്തിന്റെയും പരിവർത്തനസാധ്യതകളെ ചുറ്റിപ്പറ്റിയായിരുന്നു.”

“ഓരോ കായികതാരത്തിന്റെയും വിജയത്തിൽ അവരുടെ മാതാപിതാക്കൾ നിർണായക പങ്കു വഹിക്കുന്നു. വിജയപരാജയങ്ങളിൽ ഒപ്പംനിന്ന ഗുകേഷിന്റെ മാതാപിതാക്കളെ ഞാൻ അഭിനന്ദിച്ചു. അവരുടെ സമർപ്പണം, ജീവിതോപാധിയായി കായികമേഖല സ്വീകരിക്കാൻ ആഗ്രഹിക്കുന്ന യുവാക്കളുടെ അസംഖ്യം മാതാപിതാക്കൾക്കു പ്രചോദനമാകും.”

“വി‌ജയം സമ്മാനിച്ച ഗെയിമിൽ ഉപയോഗിച്ച ചെസ് ബോർഡ് ഗുകേഷിൽനിന്നു സ്വീകരിക്കാനായതിൽ ഞാൻ സന്തുഷ്ടനാണ്. അദ്ദേഹവും ഡിങ് ലിറനും കൈയൊപ്പിട്ട ചെസ്സ് ബോർഡ് വിലപ്പെട്ട സ്മരണികയാണ്.”

***

-NK-